പട പേടിച്ച് പന്തളത്ത് ചെന്നപ്പൊ പന്തം കൊളുത്തി പട എന്ന അവസ്ഥയാണ് എനിക്കിപ്പോൾ. എന്തെങ്കിലും ദുശീലമുണ്ടായിരുന്നെങ്കിലെന്ന് വല്ലാണ്ട് ആഗ്രഹിച്ച് പോകുന്നു. ഒരു കുപ്പി മദ്യത്തിൽ അല്ലേൽ ഒരു നീണ്ട പുകയിൽ ഈ വെപ്രാളമൊന്ന് ശമിപ്പിക്കാമായിരുന്നു. എല്ലാവരും സ്വന്തം മുറികളിലേയ്ക്ക് പോയിരുന്നു. ഇരുട്ടാണെങ്കിലും അവിടവിടെ ഉണ്ടായിരുന്ന ചെറുദീപം പോലുള്ള ബൾബുകൾ ഒരു തിരിവെട്ടം നൽകി.
ആ കഥകൾ ഒന്നും കേട്ടില്ലായിരുന്നെങ്കിൽ ഞാനിപ്പോൾ ഗീതൂനെം കൂട്ടി ഈ എട്ടുകെട്ടിന്റെ ഭംഗി ആസ്വതിച്ചേനെ .അല്ലേലും അവൾക്ക് രാത്രി സ്വയ്ര്യവിഹാരം നടത്താനാണല്ലോ ഇഷ്ടം. പക്ഷെ ഇപ്പൊ ഈ കാഴ്ചകൾ കാണുമ്പോൾ വല്ലാത്ത ഭയമാണ് തോന്നുന്നത് മനസ്സിൽ . നാലു പേർ മരിച്ച വീട്. തളരാതിരിക്കാൻ ഞാൻ കൈവരിയിൽ മുറുകെ പിടിച്ചു. അവിടെ നിന്നാൽ താഴത്തെ നടു മുറ്റം കാണാം. നാല് കൊണ്ട് തിരിച്ച് ചതുരാകൃതിയിൽ തീർത്ത വീട് നാലുകെട്ട്. നാലുകെട്ടിനും മുകളിൽ മറ്റൊരു നില കൂടി അതുപോലെ പണിതാൽ എട്ടുകെട്ടാവും. എന്തായിരിക്കും ഇതിന്റെയൊക്കെ ചരിത്രം . രാജകുടുംബമായിരുന്നോ നമ്മൾ . ഇത്രയും വല്യ ഒരു സൗദം നമ്മുടെ കുടുംബത്തിന് എങ്ങനെ ആകും ലഭിച്ചത്. നാട്ടു പ്രമാണികളായിരിക്കാം നമ്മുടെ പൂർവികർ. എന്നാലും ഈ നിർമ്മിതിയിൽ എന്തൊകെയോ നിഗൂഡതകൾ നിറഞ്ഞിരിപ്പുണ്ട്. ഇതിന്റെ പലയിടത്തും മറ്റൊരു സംസ്ക്കാരത്തിന്റെ അവശേഷിപ്പുകൾ കാണാം. പ്രത്യക്ഷത്തിൽ തിരിച്ചറിയാനാവില്ലെങ്കിലും എവിടെയോ എന്തൊക്കെയോ ഒളിപ്പിച്ചു വച്ച പോലെ . വല്ലാത്ത തലവേദന തോന്നി. തലയിൽ കയ്യമർത്തിയതും മിന്നാമിനുങ്ങുകൾ പോലെ ബൾബുകൾ മിന്നി അണയാൻ തുടങ്ങി. അത് കണ്ട് തലകറങ്ങിയതിനാൽ ഞാൻ വേഗം മുറിയിൽ കയറി കഥകടച്ചു.
കഥകിലെ മുട്ട് കേട്ടാണ് ഞാൻ ഉണർന്നത്. ഗീതുവും ഉണർന്നിരുന്നില്ല.
ഏട്ടാ …. ഏട്ടാ…..
കൊളുത്ത് മാറ്റി കതക് തുറന്നതും മുന്നിൽ ഭാമയായിരുന്നു. അവളുടെ മുഖത്തൊരു സങ്കോചം നിലനിന്നിരുന്നു…. പണ്ട് എന്റെ തോളിലിരുന്ന് കളിച്ച പെണ്ണാ .. കൊക്ക ണാവഞ്ചി കളിക്കാൻ അവൾക്ക് എന്നെ തന്നെ വേണമെന്നാണ്. ഇപ്പൊ ആളാകെ മാറി. ഇവൾക്കൊന്നും ഓർമ്മയുണ്ടാവില്ല. പണ്ടത്തെ കാലത്തിന് ശേഷം അധികം മിണ്ടിട്ടുമില്ല. അതിന്റെ ബുദ്ധിമുട്ട് അവൾക്കുണ്ട്.
“അവിടെ എല്ലാവരും തിരക്കുന്നുണ്ട് ….” അവൾ വിക്കി വിക്കി പറഞ്ഞു.
“എന്താ ഇന്നലത്തെ പോലെ വല്ല ഗൂണ്ടാലോചനയുമുണ്ടോ ….?”
“ഇല്ല… ഇത്ര നേരായിട്ടും ……..അല്ല എനിക്കറീല്ല…..എന്നെ വിളിക്കാൻ വേണ്ടി പറഞ്ഞ് വിട്ടു…..”
“മ്…….”
അപ്പോഴാണ് ഞാൻ സമയം ശ്രദ്ധിച്ചത് മണി 10 ആകാറായിരുന്നു…
ഗീതു അപ്പോഴും നല്ല മയക്കത്തിലാണ്. പുറത്ത് എല്ലാവരും അവരവരുടെ ജോലിയിൽ ഏർപ്പെട്ടിട്ടുണ്ട്. എല്ലാവരുടെ മുഖത്തും ഇന്നലത്തെ സംഭവങ്ങൾ നിഴലിക്കുന്നുണ്ടെങ്കിലും ആരും അതിനെപ്പറ്റി പറയുന്നില്ല. എങ്ങനെയെങ്കിലും ചടങ്ങ് തീർത്ത് വീട്ടിൽ പോകണമെന്നാവും അവരുടെ ഒക്കെ ചിന്ത. പക്ഷെ മുത്തശ്ശിയ്ക്ക് മറ്റു പദ്ധതികളായിരിക്കും മനസ്സിൽ . അത് ഉറപ്പാണ്. അല്ലെങ്കിൽ പിന്നെ ഇത്ര നാളും ഒളിപ്പിച്ച് വച്ച രഹസ്യം ഒരു കാര്യവുമില്ലാതെ ഇന്നലെ പറയില്ലായിരുന്നല്ലോ …….
ഇത്തവണ ആരും വിളിക്കാതെ തന്നെ അവിടുത്തെ ജോലികൾക്കായി ഞാനവരുടെ ഒപ്പം ചേർന്നു. ഇന്നലത്തോടെ എന്റെ ഉള്ളിൽ നിറഞ്ഞ് നിന്ന അപരിചത്വം പാടെ മാറിയിരുന്നു. എല്ലാവരോടും തുറന്ന് സംസാരിക്കാൻ മനസ്സ് തയ്യാറായി .അല്ലെങ്കിൽ തന്നെ ഇനി എന്ത് പേടിക്കാനാണ്. ഏറ്റവും പേടിച്ച കാര്യം നടന്നു കഴിഞ്ഞു. ഗീതു എല്ലാമറിഞ്ഞു.
തേങ്ങ പൊതിച്ചുണക്കുന്നതിലും മുളക് മല്ലി ഉണക്കാൻ വെയിലത്തിടുന്നതിലും ഞാൻ കൂടി. സദ്യയും മറ്റുമെല്ലാം നമ്മുടെ തറവാട്ടിൽ തന്നെയാണ് ചെയ്യുന്നത്. പിന്നെ അലങ്കാരത്തിന്റെയും മറ്റും ഭാഗമായി ചെറിയ മിനുക്ക് പണികളും അറ്റകുറ്റ പണികളുമുണ്ട്. അതുമായി ബന്ധപ്പെട്ട് പണിക്കാരെ വിളിച്ച് ആ വീട്ടിലെ ചെറിയ പണികൾ ചെയ്ത് തീർക്കാനുള്ള ചുമതല ഞാനേറ്റു . ചെറിയ പണിയല്ലേന്ന് പറഞ്ഞ് ഏറ്റതാണ്. ഇതിപ്പൊ ഈ വീടിന്റെ മുക്കും മൂലയും പരിശോധിക്കണം. ആളെ ഏർപ്പാടാക്കണം. വൈദ്യുതി എത്താത്തിടത്ത് വൈദ്യുതി. വെള്ളമെത്താത്തിടത്ത് വെള്ളം, പൂശാത്തിടത്ത് പൂശൽ പുട്ടിയിടാത്തിടത്ത് പുട്ടി. എനിക്ക് തൃപ്തിയായി. എന്നാലും വീട്ടിലൊരു ചടങ്ങ് നടക്കുമ്പോൾ അതിനുള്ള ഒരുക്കങ്ങളിൽ പങ്കെടുക്കുന്നത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം തന്നെയാണ്. കൂടാതെ ഇങ്ങനെ ഒരു കല്യാണം കൊച്ച് നാളിലെ കണ്ടിട്ടുള്ളു. രണ്ട് വണ്ടി പൂ പോലും മുത്തശ്ശി ഏർപ്പാടാക്കി എന്നാണ് മാമൻ പറഞ്ഞത്. മിക്കവാറും കല്യാണ ചിലവെല്ലാം മുത്തശ്ശി ഏറ്റെടുത്ത് കാണും അതാവണം മുത്തശ്ശിയെ എതിർക്കാതെ മാമാൻ ഇവിടെ വച്ച് നടത്താമെന്ന് സമ്മതിച്ചത്.
പണിയിൽ മുഴുകി നിക്കുമ്പോ എല്ലാം മറക്കും. വീടിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്ന് ജോലി ചെയ്യാനും ഏർപ്പാട് ചെയ്യാനുമൊക്കെ തുടങ്ങിയപ്പോഴേക്കും എല്ലാവരും എല്ലാം മറന്നിരുന്നു. ഇപ്പൊ എല്ലാവരും വന്ന് സംസാരിക്കുകയും തമാശ പറയുകയുമൊക്കെ ചെയ്യുന്നുണ്ട്. ചങ്കരൻ പോലും .
