ഗീതാഗോവിന്ദം – 6അടിപൊളി  

“ആഹ് ഇങ്ങോട്ടി വാടീ പെണ്ണേ …..ഇനി നിനക്ക് ആനേം ആമ്പാരിനേ o കൊണ്ട് വരണോ. ” ആവണി ഭാമയെ ഒന്ന് വിരട്ടി.

“ഇങ്ങ് വാടി പെണ്ണെ നീ എന്റെ കുഞ്ഞനിയത്തില്ലേ….” ഒന്ന് ഞെട്ടിയ ഭാമയെ ആവണി പിടിച്ച് നടുക്ക് നിർത്തി.

“ഇതാണ് ഞങ്ങടെ എല്ലാം കൊച്ചനുജത്തി. അമേരിക്കേന്ന് കുറച്ച് ഇംഗ്ലീഷ് കിട്ടിയെന്നെ ഉള്ളു തലയൊക്കെ നമ്മളെ പോലെ തന്നാ… പൊട്ടയാ…. ” ശർമി ചിരിച്ച് കൊണ്ട് പറഞ്ഞു.
“അതേയ് ഇത്ര ഗമയൊന്നും വേണ്ടാട്ടൊ… പണ്ട് ഗോവിന്ദേട്ടൻ കുളിപ്പിച്ചാതീന്നും പറഞ്ഞ് ഉരിഞ്ഞിട്ടോടിയ പെണ്ണാ ….. ”

ഭാമ മൊത്തത്തിലൊന്ന് ചമ്മി. അവളുടെ ഭാവം കണ്ട് എനിക്കും ചിരി വന്നു. എന്റെ ചിരി കണ്ട് എല്ലാരും ചിരിക്കാൻ തുടങ്ങി.

“അത് ശരിയാ ഗോവീട്ടാ ഗോവീട്ടാന്നും വിളിച്ചിവൾ ഓടുന്നത് ഇപ്പഴും എനിക്കോർമ്മയുണ്ട്. ” ഇത്ര നേരം മിണ്ടാതിരുന്ന ദുർഗ്ഗചിരി അടക്കാൻ കഴിയാതെ പറഞ്ഞു.

“അത് കേട്ടതും ഭാമയും ചിരിച്ചു. ”

നമ്മുടെ ഇടയിലെ ആ ഒരു മറ ഇല്ലാതാകുന്നത് ഞാൻ തിരിച്ചറിഞ്ഞു. ഒരു കുടുംബമായി മാറുന്നത്. ശർമീം ആവണീം ചെയ്തത് വലിയൊരു കാര്യമായ് എനിക്ക് തോന്നി. എല്ലാവരേയും വിളിച്ച് കൂട്ടിയത്.

“അതവിടെ നിക്കട്ടെ ആവണി . നീയും ശങ്കരേട്ടനും തമ്മിലുള്ള കാര്യം പറ. ” അരവിന്ദ് ചാടി എണീറ്റ് അത് പറഞ്ഞതും ആവണീടെ മുഖം ഇഞ്ചി കടിച്ച മാതിരി ആയി .

“ആഹ് അയ്യോ അത് പറഞ്ഞ് ഞാനും അരവിന്ദേട്ടനും എന്നും അവിടെ ചിരിയാ…..” അരവിന്ദന്റെ ഭാര്യ ഇന്ദു ഇടപ്പെട്ടു….

“അതെന്താ ഇന്ദു ആ കാര്യം …. ? അനു ചോദിച്ചു.

“അത് അറിയില്ലേ അനൂന് ” ദുർഗ്ഗ സംസാരിച്ച് തുടങ്ങി.

“ഇല്ല… ”

“ശങ്കരേട്ടന്റെ ബാക്കിലെ പാട് കണ്ടിട്ടില്ലേ ….?”

“ഓ സൈക്കിളിന്ന് വീണത് …..”

“ഓഹോ അങ്ങനെയാണോ ശങ്കരേട്ടൻ പറഞ്ഞ് തന്നത് ….?” അത് കേട്ടതും എല്ലാവരും ചിരി തുടങ്ങി…..

“പിന്നെ….”

“അത് സൈക്കിളീന്ന് വീണതൊന്നുമല്ല. ദേ ഈ ആവണീടെ പണിയാ….. ശങ്കരേട്ടൻ ഉറങ്ങികിടന്നപ്പൊ ” ചങ്കരൻ ആകെ വിയർത്തു.

അങ്ങനെ ഒരുപാട് നേരം നമ്മൾ പണ്ടത്തെ കഥകൾ പരസ്പരം പറഞ്ഞ് ചിരിച്ചു. മറഞ്ഞ് കിടന്ന എന്റെ ഒരു കാലം പുറത്ത് വന്ന പോലെ എനിക്ക് തോന്നി.

ശർമി :അപ്പൊ എല്ലാർക്കും എല്ലാം ഓർമ്മയൊക്കെ ഉണ്ട്. എന്നിട്ടാണ് മസിലും പിടിച്ച് നടക്കുന്നത്. അല്ലേ?..

“എന്നാൽ ഇനി അങ്ങനെ വേണ്ടാട്ടോ…എന്റെ കല്യാണം അടിപൊളി ആവണം. പിന്നെ കൊറെ പരുപാടികൾ നമ്മൾ പ്ലാൻ ചെയ്തിട്ടൊണ്ട്. ”

“അപ്പൊ നമ്മളടിച്ച് പൊളിച്ചിട്ടേ ഇവിടുന്ന് പിരിയൂ……. ഓകെ……”
“ഓക്കെ …….”

എല്ലാവരും ഒരുമിച്ച് അതിന് പ്രതികരിച്ചു.

ഇതെല്ലാം തിളങ്ങുന്ന കണ്ണുകളോടെ മുത്തശ്ശി ഉമ്മറത്തിരുന്ന് കാണുന്നുണ്ടായിരുന്നു. പൊടുന്നനെ പടിഞ്ഞാറ് നിന്നും ഒരു കാറ്റ് വീശി. നിലത്തെ കരിയിലകൾക്കൊപ്പം കാറ്റ് പൊടിമണ്ണ് അടക്കം വീശി അടിച്ചപ്പോൾ എല്ലാരും ചാടി എണീറ്റു.

“ഇതെവിടുന്നാ ഇപ്പൊ പെട്ടെന്നൊരു കാറ്റ് . വാ അകത്ത് പോകാം ” ഞാൻ എല്ലാവരെയും വിളിച്ചു.

എല്ലാവരും ഉമ്മറത്ത് ഉള്ളിലേക്ക് കേറി നിന്നു .

“സമ്മതിക്കില്ല മക്കളെ ….” മുത്തശ്ശീടെ ചിലമ്പിച്ച സ്വരം

“എന്താ ….എന്താ മുത്തശ്ശീ……..”

“അവനത് ഇഷ്ടമില്ല…. ഒരുമ അവന് ഭയമാണ്. ഒരിക്കലവൻ കീഴടങ്ങിയത് അതിന് മുന്നിലാണ്…… മ് … ” ചുമച്ച് ചുമച്ച് കിഴവി അത് പറഞ്ഞൊപ്പിച്ചു.

“ആർക്ക് … ആരുടെ കാര്യമാണ് മുത്തശ്ശി ഈ പറയുന്നത്…” മിഴിച്ച് നിന്ന എല്ലാവർക്കും വേണ്ടി ശങ്കർ ആ ചോദ്യം ചോദിച്ചു.

“അവൻ. അവൻ വരും. നിങ്ങളുടെ ചോദ്യങ്ങൾക്ക് ശമനമുണ്ടാവും. ഇനി അധികം നാളില്ല മക്കളേ.. നിങ്ങളൊന്നിച്ച് നിക്കണം അതേ എനിക്കിപ്പോ പറയാനൊക്കൂ…. ബാക്കി എല്ലാം സർവേശ്വരന്റെ കയ്യിൽ. ”

കാറ്റ് ശമിച്ചു .ഭാരിച്ച മഴത്തുള്ളികൾ മണ്ണിലേയ്ക്ക് പതിക്കാൻ തുടങ്ങി. ചുട്ട് പഴുത്ത മണ്ണിൽ മഴ വെള്ളം വീണതും മണ്ണിന്റെ പച്ചമണം എങ്ങും വ്യാപിച്ചു.

***********

(രാത്രി )

അനു: നിങ്ങളുടെ മുത്തശ്ശിക്കെന്താ വട്ടാണോ മനുഷ്യാ …? അവരുടെ ചില നേരത്തെ സംസാരം കേട്ടാലെ ദേ ഉള്ളൻ കാലു തൊട്ടങ്ങ് പെരുത്ത് കേറുമെനിക്ക് ….

ശങ്കർ: എടീ അവർക്ക് വയസ്സൊരുപാടായില്ലേ.. ഈ പ്രായത്തിൽ ഇങ്ങനൊക്കെ തന്നാ…..നമ്മളങ്ങ് കണ്ടില്ലാന്ന് നടിച്ചാ മതി….

“ഹാ എനിക്ക് പ്രശ്നമില്ല. പക്ഷെ ആ ഇന്ദുന് വല്യ പേടിയാ ..അവളെന്നോട് കുറച്ച് കാര്യങ്ങള് പറഞ്ഞു…..അത് കേട്ടിട്ട് എനിക്കും ഇപ്പൊ എന്തൊക്കെയൊ വശപിശക് തോന്നുണ്ട്. ” .

“അവളെന്ത് പറഞ്ഞ് …..”

“മുത്തശ്ശി ഇങ്ങനെ ഒന്നും അല്ലായിരുന്നെന്നാ അവള് പറഞ്ഞത്. ഗീതൂന്റെ പ്രസവം അലസിയത് അറിഞ്ഞതിന് ശേഷമാണ് മുത്തശിടെ സ്വഭാവത്തിൽ മാറ്റങ്ങള് വന്നതെന്ന് . ശീലങ്ങളെല്ലാം മാറ്റിയത്രേ… ചില രാത്രികളിൽ മുറി പൂട്ടി നാമം ജപിക്കുന്നതൊക്കൊ അവൾ കേട്ടിട്ടുണ്ട്. അരവിന്ദിനോട് പറഞ്ഞപ്പൊ അവനും നിങ്ങള് പറഞ്ഞത് പോലാ അവളോട് പറഞ്ഞത് “
“എന്ത്…?”

“വയസ്സാവുമ്പൊ ഉള്ള ഇളക്കമാണെന്ന്. ”

“ആഹ്…..”

“പക്ഷെ ഇതതൊന്നുമല്ല ശങ്കരേട്ടാ ….എന്തോ അവരുടെ മനസ്സിലുണ്ട്. അത് നടത്താനാണ് മുത്തശി കല്യാണം ഇങ്ങോട്ട് മാറ്റാൻ നിർബന്ധം പിടിച്ചത്. എനിക്കെന്തോ നമ്മളെല്ലാം മുത്തശ്ശീടെ ബോർഡിലെ കരുക്കളായാണ് തോന്നുന്നത്. ”

“എന്ത് ന്ന് …..? ”

“കരുക്കൾ ”

“കരു അല്ല കുരു. പോടി എണീറ്റ് ……..”

“അല്ലാ.. നമ്മളെ എല്ലാം ഇവിടെ വിളിച്ച് വരുത്തിയത് എന്തിനോ ഉപയോഗിക്കാൻ വേണ്ടിയാണെന്നൊരു തോന്നൽ. മ്…. ? എന്താ ഇങ്ങനെ നോക്കുന്നത് ? ഇതെല്ലാം കേട്ട് മിഴിച്ച് ഇരിക്കുന്ന ശങ്കറിനോട് അവൾ ചോദിച്ചു…….”

“ഏയ് ഒന്നുമില്ല….. ”

“ഓ……. എങ്കിൽ പിന്നെലൈറ്റണക്ക് മനുഷ്യാ മിഴിച്ചിരിക്കാതെ …. ” അനു കുഞ്ഞിനെ മെല്ലെ നീക്കി കിടത്തി കൊണ്ട് പറഞ്ഞു.

“ഡീ നീ കുറച്ച് വെള്ളമെടുത്തിട്ട് വാ ദേ ഇതില് തീർന്നു.” മേശമേലിരുന്ന കൂജ പൊക്കി ശങ്കർ പറഞ്ഞ് .

“ഓഹോ അത് തീർത്തോ …… ഇനി ഞാൻ താഴെ പോണം …..”

“നീ ഒന്നെടുത്തിട്ട് വാ… ദാഹിച്ചിട്ടല്ലേ…. ”

അനു ശങ്കറിനെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് കൂജയും വാങ്ങി പുറത്തേക്കിറങ്ങി. കോണി പടികളിറങ്ങി അടുക്കളയിലെത്തി. കലത്തിൽ നിന്ന് വെള്ളം കൂജയിൽ നിറക്കവെ അവൾക്ക് മുമ്പിലുള്ള തന്റെ നിഴലിന് വലിപ്പം വയ്ക്കുന്ന പോലെ തോന്നി. ഒരു നിമിഷം അ നൂന്റെ ഹൃദയമിടിപ്പ് നിന്നു.ധൈര്യം സംഭരിച്ച് തിരഞ്ഞ് നോക്കിയതും തന്റെ തൊട്ടു മുന്നിലായി വെളിച്ചത്തെ മറച്ച് ഒരു രൂപം കണ്ട് അവൾ നിലവിളിച്ചെങ്കിലും ആ ഒച്ച മുഴുവൻ ആ രൂപത്തിന്റെ കയ്പത്തിക്കുള്ളിൽ അമർന്ന് ഇല്ലാതെയായി…

“എടീ ഇത് ഞാനാ …. നീ ഒച്ച വയ്ക്കാതെ ….. ”

“എന്റെ ജീവൻ പോയി. നിങ്ങൾക്കെന്തിന്റെ കേടാ മനുഷ്യാ…. ?”

Leave a Reply

Your email address will not be published. Required fields are marked *