ഗീതാഗോവിന്ദം – 6 Likeഅടിപൊളി  

അങ്ങനെ ഒരുപാട് നേരം നമ്മൾ പണ്ടത്തെ കഥകൾ പരസ്പരം പറഞ്ഞ് ചിരിച്ചു. മറഞ്ഞ് കിടന്ന എന്റെ ഒരു കാലം പുറത്ത് വന്ന പോലെ എനിക്ക് തോന്നി.

ശർമി :അപ്പൊ എല്ലാർക്കും എല്ലാം ഓർമ്മയൊക്കെ ഉണ്ട്. എന്നിട്ടാണ് മസിലും പിടിച്ച് നടക്കുന്നത്. അല്ലേ?..

“എന്നാൽ ഇനി അങ്ങനെ വേണ്ടാട്ടോ…എന്റെ കല്യാണം അടിപൊളി ആവണം. പിന്നെ കൊറെ പരുപാടികൾ നമ്മൾ പ്ലാൻ ചെയ്തിട്ടൊണ്ട്. ”

“അപ്പൊ നമ്മളടിച്ച് പൊളിച്ചിട്ടേ ഇവിടുന്ന് പിരിയൂ……. ഓകെ……”
“ഓക്കെ …….”

എല്ലാവരും ഒരുമിച്ച് അതിന് പ്രതികരിച്ചു.

ഇതെല്ലാം തിളങ്ങുന്ന കണ്ണുകളോടെ മുത്തശ്ശി ഉമ്മറത്തിരുന്ന് കാണുന്നുണ്ടായിരുന്നു. പൊടുന്നനെ പടിഞ്ഞാറ് നിന്നും ഒരു കാറ്റ് വീശി. നിലത്തെ കരിയിലകൾക്കൊപ്പം കാറ്റ് പൊടിമണ്ണ് അടക്കം വീശി അടിച്ചപ്പോൾ എല്ലാരും ചാടി എണീറ്റു.

“ഇതെവിടുന്നാ ഇപ്പൊ പെട്ടെന്നൊരു കാറ്റ് . വാ അകത്ത് പോകാം ” ഞാൻ എല്ലാവരെയും വിളിച്ചു.

എല്ലാവരും ഉമ്മറത്ത് ഉള്ളിലേക്ക് കേറി നിന്നു .

“സമ്മതിക്കില്ല മക്കളെ ….” മുത്തശ്ശീടെ ചിലമ്പിച്ച സ്വരം

“എന്താ ….എന്താ മുത്തശ്ശീ……..”

“അവനത് ഇഷ്ടമില്ല…. ഒരുമ അവന് ഭയമാണ്. ഒരിക്കലവൻ കീഴടങ്ങിയത് അതിന് മുന്നിലാണ്…… മ് … ” ചുമച്ച് ചുമച്ച് കിഴവി അത് പറഞ്ഞൊപ്പിച്ചു.

“ആർക്ക് … ആരുടെ കാര്യമാണ് മുത്തശ്ശി ഈ പറയുന്നത്…” മിഴിച്ച് നിന്ന എല്ലാവർക്കും വേണ്ടി ശങ്കർ ആ ചോദ്യം ചോദിച്ചു.

“അവൻ. അവൻ വരും. നിങ്ങളുടെ ചോദ്യങ്ങൾക്ക് ശമനമുണ്ടാവും. ഇനി അധികം നാളില്ല മക്കളേ.. നിങ്ങളൊന്നിച്ച് നിക്കണം അതേ എനിക്കിപ്പോ പറയാനൊക്കൂ…. ബാക്കി എല്ലാം സർവേശ്വരന്റെ കയ്യിൽ. ”

കാറ്റ് ശമിച്ചു .ഭാരിച്ച മഴത്തുള്ളികൾ മണ്ണിലേയ്ക്ക് പതിക്കാൻ തുടങ്ങി. ചുട്ട് പഴുത്ത മണ്ണിൽ മഴ വെള്ളം വീണതും മണ്ണിന്റെ പച്ചമണം എങ്ങും വ്യാപിച്ചു.

***********

(രാത്രി )

അനു: നിങ്ങളുടെ മുത്തശ്ശിക്കെന്താ വട്ടാണോ മനുഷ്യാ …? അവരുടെ ചില നേരത്തെ സംസാരം കേട്ടാലെ ദേ ഉള്ളൻ കാലു തൊട്ടങ്ങ് പെരുത്ത് കേറുമെനിക്ക് ….

ശങ്കർ: എടീ അവർക്ക് വയസ്സൊരുപാടായില്ലേ.. ഈ പ്രായത്തിൽ ഇങ്ങനൊക്കെ തന്നാ…..നമ്മളങ്ങ് കണ്ടില്ലാന്ന് നടിച്ചാ മതി….

“ഹാ എനിക്ക് പ്രശ്നമില്ല. പക്ഷെ ആ ഇന്ദുന് വല്യ പേടിയാ ..അവളെന്നോട് കുറച്ച് കാര്യങ്ങള് പറഞ്ഞു…..അത് കേട്ടിട്ട് എനിക്കും ഇപ്പൊ എന്തൊക്കെയൊ വശപിശക് തോന്നുണ്ട്. ” .

“അവളെന്ത് പറഞ്ഞ് …..”

“മുത്തശ്ശി ഇങ്ങനെ ഒന്നും അല്ലായിരുന്നെന്നാ അവള് പറഞ്ഞത്. ഗീതൂന്റെ പ്രസവം അലസിയത് അറിഞ്ഞതിന് ശേഷമാണ് മുത്തശിടെ സ്വഭാവത്തിൽ മാറ്റങ്ങള് വന്നതെന്ന് . ശീലങ്ങളെല്ലാം മാറ്റിയത്രേ… ചില രാത്രികളിൽ മുറി പൂട്ടി നാമം ജപിക്കുന്നതൊക്കൊ അവൾ കേട്ടിട്ടുണ്ട്. അരവിന്ദിനോട് പറഞ്ഞപ്പൊ അവനും നിങ്ങള് പറഞ്ഞത് പോലാ അവളോട് പറഞ്ഞത് “
“എന്ത്…?”

“വയസ്സാവുമ്പൊ ഉള്ള ഇളക്കമാണെന്ന്. ”

“ആഹ്…..”

“പക്ഷെ ഇതതൊന്നുമല്ല ശങ്കരേട്ടാ ….എന്തോ അവരുടെ മനസ്സിലുണ്ട്. അത് നടത്താനാണ് മുത്തശി കല്യാണം ഇങ്ങോട്ട് മാറ്റാൻ നിർബന്ധം പിടിച്ചത്. എനിക്കെന്തോ നമ്മളെല്ലാം മുത്തശ്ശീടെ ബോർഡിലെ കരുക്കളായാണ് തോന്നുന്നത്. ”

“എന്ത് ന്ന് …..? ”

“കരുക്കൾ ”

“കരു അല്ല കുരു. പോടി എണീറ്റ് ……..”

“അല്ലാ.. നമ്മളെ എല്ലാം ഇവിടെ വിളിച്ച് വരുത്തിയത് എന്തിനോ ഉപയോഗിക്കാൻ വേണ്ടിയാണെന്നൊരു തോന്നൽ. മ്…. ? എന്താ ഇങ്ങനെ നോക്കുന്നത് ? ഇതെല്ലാം കേട്ട് മിഴിച്ച് ഇരിക്കുന്ന ശങ്കറിനോട് അവൾ ചോദിച്ചു…….”

“ഏയ് ഒന്നുമില്ല….. ”

“ഓ……. എങ്കിൽ പിന്നെലൈറ്റണക്ക് മനുഷ്യാ മിഴിച്ചിരിക്കാതെ …. ” അനു കുഞ്ഞിനെ മെല്ലെ നീക്കി കിടത്തി കൊണ്ട് പറഞ്ഞു.

“ഡീ നീ കുറച്ച് വെള്ളമെടുത്തിട്ട് വാ ദേ ഇതില് തീർന്നു.” മേശമേലിരുന്ന കൂജ പൊക്കി ശങ്കർ പറഞ്ഞ് .

“ഓഹോ അത് തീർത്തോ …… ഇനി ഞാൻ താഴെ പോണം …..”

“നീ ഒന്നെടുത്തിട്ട് വാ… ദാഹിച്ചിട്ടല്ലേ…. ”

അനു ശങ്കറിനെ ഒന്ന് തറപ്പിച്ച് നോക്കിയിട്ട് കൂജയും വാങ്ങി പുറത്തേക്കിറങ്ങി. കോണി പടികളിറങ്ങി അടുക്കളയിലെത്തി. കലത്തിൽ നിന്ന് വെള്ളം കൂജയിൽ നിറക്കവെ അവൾക്ക് മുമ്പിലുള്ള തന്റെ നിഴലിന് വലിപ്പം വയ്ക്കുന്ന പോലെ തോന്നി. ഒരു നിമിഷം അ നൂന്റെ ഹൃദയമിടിപ്പ് നിന്നു.ധൈര്യം സംഭരിച്ച് തിരഞ്ഞ് നോക്കിയതും തന്റെ തൊട്ടു മുന്നിലായി വെളിച്ചത്തെ മറച്ച് ഒരു രൂപം കണ്ട് അവൾ നിലവിളിച്ചെങ്കിലും ആ ഒച്ച മുഴുവൻ ആ രൂപത്തിന്റെ കയ്പത്തിക്കുള്ളിൽ അമർന്ന് ഇല്ലാതെയായി…

Leave a Reply

Your email address will not be published. Required fields are marked *