സൂസന്‍ കസേര വലിച്ച് അതിലിരുന്നു.
“ഇനിയിപ്പം അത് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?”
ആന്‍റണി ആരെയും നോക്കാതെ പറഞ്ഞു.
“അടുത്ത വഴി നോക്കണം! നീ അവനെ വിളിക്ക്?”
ആന്‍റണി മകനെ നോക്കി.
“അവനെയാ ട്രൈ ചെയ്യുന്നേ അപ്പാ,”
നിരാശയോടെ ഫോണിലേക്ക് നോക്കി മാത്യൂസ് പറഞ്ഞു.
“അവന്‍ സ്വിച്ചോഫ!”
“സ്വിച്ചോഫോ? അതെന്നാ?”
സൂസന്‍ ചോദിച്ചു.
“അതിപ്പം എന്നോട് ചോദിച്ചാ ഞാനെങ്ങനെ അറിയാനാ? അവന്‍റെ ഫോണല്ലേ സ്വിച്ചോഫ്?”
സൂസന്‍ എന്തോ ഓര്‍ത്തു.
“എടാ ഇന്നവന്റെ അപ്പാപ്പന്‍റെ ആണ്ടാ! പള്ളീല്‍ ആരിക്കും!”
സൂസന്‍ പെട്ടെന്ന് പറഞ്ഞു.
“പള്ളീല്‍ എപ്പം തീരും?”
മാത്യൂസ് വാച്ച് നോക്കി.
“ഇപ്പം എട്ടര! എട്ടര ആയാ തീര്‍ന്നു കാണില്ലേ?”
ആന്‍റണി ചോദിച്ചു.
“എട്ടിന് കുര്‍ബാന തീരും. ഒപ്പീസോക്കെ എട്ടരയാകുമ്പം തീര്‍ന്നു കാണും…”
“എന്നാ ഒന്നുകൂടി ട്രൈ ചെയ്യ്,”
സൂസന്‍ മകനോട് പറഞ്ഞു.
മാത്യൂസ് ഡയല്‍ ചെയ്തു.
“ച്ചേ!!”
അവന്‍ നിരാശയോടെ കൈ കുടഞ്ഞു.
“എന്നാടാ?”
മാത്യൂസ് ചോദിച്ചു.
“അവന്‍റെ ഫോണ്‍ എന്‍ഗേജ്ഡാ അപ്പാ!”
“ഇന്ന് അപ്പാപ്പന്‍റെ ആണ്ടല്ലേ, കൊറേപ്പേര് വിളിക്കുന്നുണ്ടാവും!”
എല്ലാവരുടെയും മുഖങ്ങളില്‍ നിരാശ പ്രകടമായി.
“ഇതെന്നാന്നെ ആരും കഴിക്കാന്‍ തൊടങ്ങാത്തെന്നേ ?”
അങ്ങനെ ചോദിച്ചുകൊണ്ടാണ് സാന്ദ്ര അങ്ങോട്ട് വന്നത്.
നീല ടാങ്ക് ടോപ്പ്.
വെളുത്ത മിനി സ്ക്കര്‍ട്ട്.
ഇടതൂര്‍ന്ന, എന്നാല്‍ മൃദുവായ മുടിയിഴകള്‍ മനോഹരമായി അവളുടെ തോളിനിരുവശത്തും ഓളം വെട്ടി.
അവളുടെ രൂപഭംഗിയിലേക്ക് നോക്കി ശീതള്‍ തംസ് അപ്പ് മുദ്ര കാണിച്ചു.
“എന്നാ, ഞാന്‍ വരാത്തത് കൊണ്ടാണോ? എന്നാ മത്തച്ചായന്‍റെ മൊഖം ഇഞ്ചി കടിച്ച കൊരങ്ങന്‍റെ പോലെ ഇരിക്കുന്നെ?”
അവള്‍ മാത്യൂസിന്‍റെ സമീപത്ത് കസേര വലിച്ചിട്ടിരുന്നു.
പെട്ടെന്ന് മാത്യൂസിന്‍റെ ഫോണ്‍ ശബ്ദിച്ചു.
“കര്‍ത്താവേ!”
ഇഷ്ട്ടക്കേടോടെ അവന്‍ പറഞ്ഞു.
“അഗര്‍വാളാ!”
“ഇനി എന്നാ ഒണ്ടാക്കാന അവന്‍ പിന്നേം വിളിക്കുന്നെ?”
ആന്‍റണി സ്വയം പറഞ്ഞു.
“പത്തില്‍ കൂടുന്ന ഒരെടപാടും സമ്മതിച്ചേക്കരുത്!”
അവന്‍ പെട്ടെന്ന് ഫോണ്‍ കാതോടു ചേര്‍ത്തു.
“സ്പീക്കറില്‍ ഇടെടാ!”
സൂസന്‍ മകനോട് പറഞ്ഞു.
മാത്യൂസ് പെട്ടെന്ന് ഫോണ്‍ കാതില്‍ നിന്നുമെടുത്ത് സ്പീക്കര്‍ മോഡില്‍ വെച്ചു.
“ആഹ് മാത്യൂസ് സാര്‍!”
ഹിന്ദിച്ചുവയുള്ള ഉച്ചാരണം ഫോണിലൂടെ കേട്ടു.
“ബോലോ അഗര്‍വാള്‍!”
മാത്യൂസ് ഗൌരവത്തില്‍ പറഞ്ഞു.
“തുമാരാ വോ വിന്‍സെന്‍റ്റ് ഹേ ന? തുമാരാ മാനേജര്‍? ഉസ്നെ മുജേ ബുലായാ! ഹമനേ തോടാ ഡീറ്റയില്‍സ് ബാത്ത് കിയെ…ഔര്‍ യേ നതീജെ മേ പഹൂഞ്ച് ഗയെ കി മേ ആട്ട് പ്രതിശത് തക് കൊമ്പ്രോമൈസ് കര്‍നേ കി തയ്യാര്‍ ഹൂ…”
മാത്യൂസ് വിശ്വാസം വരാതെ എല്ലാവരെയും മാറി മാറി നോക്കി.
“ടീക് ഹേ!”
“എന്നാടാ അവന്‍ പറഞ്ഞെ?”
ആന്‍റ്ണി അക്ഷമയോടെ ചോദിച്ചു.
“എനിക്കീ ഹിന്ദീന്നു വെച്ചാ കലിയാ…”
“അപ്പാ അത്…”
മാത്യൂസ് വിശദീകരിച്ചു.
“അഗര്‍വാള്‍ എട്ട് പേര്‍സെന്‍റ്റിന് സമ്മതിച്ചു…”
“എന്‍റെ ഈശോയെ! നേരോ?”
സൂസന്‍ അത്യാഹ്ലാദത്തോടെ ചോദിച്ചു.
“നേരാണോടാ?”
ആന്‍റണിയും തന്‍റെ സന്തോഷമം മറച്ചുവെച്ചില്ല.
“അതെന്നാ പറ്റി മാര്‍വാഡിയ്ക്ക് ഇപ്പം ഇങ്ങനെയൊരു മാനസാന്തരം?”
“വിനു ചേട്ടായി വിളിച്ചിരുന്നെന്ന്!”
ഹോട്ട് ബോക്സ് തുറന്നുകൊണ്ട് എല്ലാവരുടേയും പാത്രങ്ങളില്‍ ദോശയെടുത്ത് വെച്ചുകൊണ്ട് സാന്ദ്ര പറഞ്ഞു.
“വിനു ചേട്ടായീം അഗര്‍വാളും കൊറച്ച് മുമ്പ് അഗര്‍വാളുമായി ചര്‍ച്ച നടത്തി …അതിന്‍റെ ഫലമായി എട്ട് ശതമാനമെന്ന റിട്ടേണ്‍ പോയിന്‍റില്‍ അഗര്‍വാള്‍ സമ്മതിച്ചു…”
“അത് കൊച്ചെങ്ങനെ അറിഞ്ഞു?”
ആന്‍റണി മകളോട് ചോദിച്ചു.
“എന്‍റെ അപ്പാ അഗര്‍വാള്‍ അതാ മാത്യുച്ചായനോട് ഫോണില്‍കൂടി ഇപ്പം പറഞ്ഞെ!”
“അന്നോടാ മത്താ?”
ആന്‍റണി മകനോട് ചോദിച്ചു.
മാത്യൂസ് സുന്ദരമായി പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
അവന്‍ പിന്നെ ഡയല്‍ ചെയ്തു.
“എടാ വിന്‍സെന്‍റ്റ്റെ!”
മാത്യൂസ് ആഹ്ലാദത്തോടെ വിളിച്ചു.
