“മോളെപ്പഴും വല്ലാത്ത ഒരു വിചാരത്തിലാ… എപ്പഴും എന്തോ സ്വപ്നം ഒക്കെ കണ്ട്…ഈ ഏജില്‍ അങ്ങനെ ഒക്കെ ഉണ്ടാവും..ഉണ്ടാവുകേം വേണം …അതിനൊന്നും മമ്മി എതിരല്ല …. പക്ഷേ ….”
സൂസന്‍ മകളെ നോക്കി.
സാന്ദ്രയുടെ മുഖത്തെ ഭാവം മാറി.
അവളില്‍ ലജ്ജയും കണ്ണുകളില്‍ വാക്കുകള്‍ക്ക് പിടികൊടുക്കാന്‍ വിസമ്മതിക്കുന്ന സ്വപ്നഭാഷയും വിടര്‍ന്നു.
“മോള്‍ടെ വിചാരത്തില്‍ . സ്വപ്നങ്ങളില്‍ …അതിന്‍റെ കേന്ദ്രസ്ഥാനത്ത് ആരാ മോളെ?”
അവര്‍ മകളുടെ കണ്ണുകളിലേക്ക് ചുഴിഞ്ഞു നോക്കി.
അമ്മയുടെ നോട്ടത്തിലെക്ക് അവള്‍ ലജ്ജയുടെ വസന്തമെറിഞ്ഞു.
“ആരാ അത്?”
സൂസന്‍ വീണ്ടും ചോദിച്ചു.
“വിന്‍സെന്‍റ്റ്….വിന്‍സെന്‍റ്റ് ചേട്ടായി….”
“ഈശോയെ…!”
താന്‍ ഭയപ്പെട്ടത് കേട്ടതിന്‍റെ പരിഭ്രമത്തില്‍ സൂസന്‍ കണ്ണുകള്‍ മിഴിച്ച് മകളെ നോക്കി.
“നീയിതെന്ത് ഭാവിച്ചാ മോളെ?”
അവര്‍ പെട്ടെന്ന് ചോദിച്ചു.
“വിനൂന് അറിയാമോ ഇത്?”
“ഇല്ല മമ്മി…എന്നെ ഇപ്പഴും ചേട്ടായി കാണുന്നെ ജയ്മോള്‍ടെ സ്ഥാനത്താ…”
വിന്‍സെന്‍റ്റിന്‍റെ ഇളയ സഹോദരിയാണ് ജയ് മോള്‍.
“പിന്നെ…? പിന്നെ എന്തിനാ നീ അവനെ ധ്യാനിച്ച് നടക്കുന്നെ? അപ്പനും ഇച്ചായനും ഒക്കെ അറിഞ്ഞാ എന്താ ഉണ്ടാകുവേന്ന് അറിയില്ലേ നിനക്ക്?”
“അറിയില്ല..”
സാന്ദ്ര പുഞ്ചിരിയോടെയാണ് പറയുന്നത്.
“നമ്മുടെ കുടുംബക്കാര്…ബന്ധുക്കാര് അവരൊക്കെ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലേ മോള്‍ക്ക്?”
“അറിയില്ല ….”
സാന്ദ്ര പുഞ്ചിരിച്ചുകൊണ്ട് അവരുടെ കണ്ണുകളിലേക്ക് നോക്കി.
“പിന്നെ?”
സൂസന്‍ ശബ്ദമല്‍പ്പം ഉയര്‍ത്തി.
“പിന്നെ എന്തറിയാം?”
“വിന്‍സെന്‍റ്റ് ചേട്ടായിയെ എനിക്ക് ഇഷ്ടമാണ് എന്നറിയാം. എന്‍റെ ജീവനേക്കാള്‍ ഇഷ്ടമാണ് എന്നറിയാം…എനിക്ക് ചേട്ടായി ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നും അറിയാം….”
സൂസന്‍ അദ്ഭുതത്തോടെ മകളെ നോക്കി.
“പിന്നെ ഒന്നുകൂടി അറിയാം മമ്മീ എനിക്ക്…”
അത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഈറന്‍ പടര്‍ന്നിരുന്നു.
സൂസന്‍ അവള്‍ എന്താണ് പറയാന്‍ പോകുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ അവളെ നോക്കി.
“വിന്‍സെന്റ് ചേട്ടായി ഒരിക്കലും എന്നെ ഒരു ലവര്‍ ആയോ ഭാര്യ ആയോ കാണില്ല എന്നും അറിയാം,”
ആ വാക്കുകള്‍ പറയുമ്പോള്‍ അതിസുന്ദരിയായ തന്‍റെ മകളുടെ മുഖം ഏറ്റവും അഭൌമമായ സൌന്ദര്യത്തിലേക്ക് പരിണമിക്കുന്നത് പോലെ സൂസന് തോന്നി.
“ഇത്രേം ഇമ്മച്ച്വര്‍ ആണോ മോളെ നീ?”
സൂസന്‍ പെട്ടെന്ന് ചോദിച്ചു.
“അഹമ്മദാബാദ് ഐ ഐം എമ്മില്‍ ഒക്കെ പഠിക്കുന്ന ആളാണ്. ലോകവിവരമുള്ള പെണ്ണാണ്…വലിയ ആളുകളുമായൊക്കെ വളരെ
ചെറുപ്പത്തില്‍ തന്നെ ഇടപഴകുന്ന ആളാണ് ..എന്നിട്ട് ..എന്നിട്ട് ഇങ്ങനെയൊക്കെയാണോ നീ പറയുന്നേ?”
“അതൊക്കെയാണ് മമ്മി…”
അവരുടെ തോളില്‍ മുഖമമര്‍ത്തി അവള്‍ തുടര്‍ന്നു.
“മമ്മീടെ മോളായ ഞാന്‍ രാജ്യത്തെ ഏറ്റവും ബെസ്റ്റ് ബിസിനസ്സ് സ്കൂളിലെ സ്റ്റുഡന്‍റ്റ് ആണ്… ക്രിസ് ഗോപാലകൃഷ്ണനെയും അസീം പ്രേംജിയും പോലെയുള്ള വലിയ ആളുകളുമായൊക്കെ മിണ്ടിയിട്ടുള്ള ആളാണ്…. രാജ്യത്തിന് അകത്തും പുറത്തും ഒക്കെ ഒരുപാട് കറങ്ങിയിട്ടുണ്ട് ..എല്ലാം ശരിയാണ് ….”
അവള്‍ അമ്മയുടെ മുഖത്തേക്ക് നോക്കി.
“പക്ഷെ വിന്‍സെന്‍റ്റ് ചേട്ടായിയുടെ മുമ്പില്‍ ..ഐം ജസ്റ്റെ …ജസ്റ്റെ ..ഗേള്‍ …ഹിസ് ഗേള്‍ …”
സൂസന്‍ നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നു!
“എന്നാ നീയീ കാണിക്കുന്നേ മോളെ?”
അവര്‍ പെട്ടെന്ന് മകളുടെ കണ്ണുകള്‍ തുടച്ചു.
“ശ്യെ!! ഇതുപോലത്തെ വട്ടുപണിയൊക്കെ കാണിക്കാതെ! നിന്‍റെ മമ്മി ഇതൊന്നും കണ്ടിട്ട് അത്ര എന്ജോയ് ഒന്നും ചെയ്യുന്നില്ല കേട്ടോ!”
അത് പറഞ്ഞ് അവര്‍ മകളെ മാറോട് ചേര്‍ത്തു.
“വിന്‍സെന്‍റ്റ് ചേട്ടായി എന്നെ ആ രീതീല്‍ കാണുന്നുണ്ടോ എന്നെനിക്കറിയില്ല മമ്മി…”
അവള്‍ തുടര്‍ന്നു.
“ഞാന്‍ മുതിര്‍ന്ന ഒരു പെണ്ണായി എന്നൊന്നും ചേട്ടായി കരുതുന്നില്ല…ഇപ്പോഴും എന്നെ ജയ്മോളെപ്പോലെ… പക്ഷെ എനിക്ക്…വയ്യ മമ്മി…എനിക്ക് മമ്മിയോടല്ലാതെ ഇതൊന്നും തുറന്നു പറയാന്‍ പറ്റില്ല… വിന്‍സെന്‍റ്റ് ചേട്ടായിയെ കിട്ടീല്ലെങ്കില്‍ ഞാന്‍ ഞാന്‍ ചത്ത് പോകും…അത്രയ്ക്ക് ഇഷ്ടമാണ് ..എനിക്ക് ….”
