സാന്ദ്രയുടെ ചോദ്യം കേട്ട് ജയ് മോള്‍ നെറ്റി ചുളിച്ച് അവളെ നോക്കി.
സാന്ദ്ര അത് കണ്ട് അവളെ നോക്കി പുഞ്ചിരിച്ചു.
“എന്താടി സാന്ദ്രെ?”
അവളുടെ മുഖഭാവം കണ്ട് ജയ് മോള്‍ ചോദിച്ചു.
“നീ എന്‍റെ ആരാ ജയ്?”
സാന്ദ്ര ചോദിച്ചു.
“നിന്‍റെ ഫ്രണ്ട്…അല്ലെ?”
“എങ്ങനത്തേ ഫ്രണ്ട്?”
“ഇതെന്നാ ചോദ്യമാ?”
ജയ് മോള്‍ ഒന്നും മനസ്സിലാകാതെ അവളെ നോക്കി.
“രാവിലെ കുറെ കടംകഥകളുമായാണല്ലോ പെണ്ണിന്‍റെ വരവ്! പൌലോസ് ചേട്ടന്‍ എന്ന് വിളിച്ചുകൊണ്ടിരുന്നയാളെ ചാച്ചനാക്കുന്നു, ഇപ്പം ഡ്രാമേലെ പോലെ ഡയലോഗ് ഒക്കെ പറയുന്നു…എന്നാ പറ്റീടീ നിനക്ക്?”
“ചോദിച്ചതിന് ഉത്തരം പറയെടീ, നീ എന്‍റെ എങ്ങനത്തെ ഫ്രണ്ടാ?”
“ബാഡ് ഫ്രണ്ട്!”
ജയ് മോള്‍ പൊട്ടിച്ചിരിച്ചു.
“വഴ്സ് ഫ്രണ്ട്…. വഴ്സ്റ്റ് ഫ്രണ്ട് …ഹഹഹ……”
സാന്ദ്ര മുഖം വീര്‍പ്പിച്ചു.
“;എന്‍റെ പൊന്നെ!!”
ജയ് മോള്‍ അവളുടെ മുഖം കൈയ്യിലെടുത്തു.
“നീയല്ലെടീ എന്‍റെ ബെസ്റ്റ് ഫ്രണ്ട് … വേറെ ആരാ എനിക്ക് ബെസ്റ്റ് എന്ന് വിളിക്കാന്‍? അറിയില്ലേ നിനക്കത്? പിന്നെയെന്തിനാ നീയത് ചോദിക്കുന്നെ?”
സാന്ദ്രയുടെ മിഴികള്‍ നിറയുന്നത് ജയ് മോള്‍ കണ്ടു.
“ഈശോയെ!”?
അത് കണ്ട് ജയ് മോള്‍ അമ്പരന്നു.
“സാന്ദ്രെ!! എന്നാടി ഇത്? നെനക്കെന്നാ പറ്റിയെ? നീയെന്തിനാ കരയുന്നെ…”
“നിന്‍റെ ബെസ്റ്റ് ഫ്രണ്ടായിട്ടും നിനക്ക് എന്‍റെ മനസ്സ് കാണാന്‍ കഴിഞ്ഞില്ലല്ലോ…”
ജയ് മോള്‍ തന്‍റെ കണ്ണുകള്‍ തുടയ്ക്കവേ സാന്ദ്ര പറഞ്ഞു.
“നിന്‍റെ മനസ്സ് കാണാനോ? എന്താ പെണ്ണേ നീയീ പറയുന്നേ?”
ജയ് മോള്‍ ചോദിച്ചു.
“ഞാന്‍ പൌലോസ് ചേട്ടനെ ചാച്ചന്‍ എന്ന് വിളിച്ചപ്പോളെങ്കിലും നിനക്കൊന്നു മനസ്സിലാക്കത്തില്ലേ എന്‍റെ ജയ്?”
“അത് എനിക്കും മനസ്സിലായില്ല …പിന്നെ ഓര്‍ത്തു നീയല്ലേ! നിനക്ക് ചാച്ചനെ അങ്ങനെ വിളിക്കാല്ലോ…”
പെട്ടെന്ന് ജയ് മോളുടെ കണ്ണുകള്‍ വിടര്‍ന്നു.
അവള്‍ അവിശ്വസനീയതയോടെ സാന്ദ്രയെ നോക്കി.
പിന്നെയും ചിലത് അവളാലോചിക്കുന്നത് പോലെ തോന്നി.
“എടീ…”
ജയ് മോള്‍ അവളുടെ തോളില്‍ പിടിച്ചു.
“നീ എന്താ ഉദ്ദേശിക്കുന്നെ? പറ പെണ്ണേ! ഞാന്‍ പേടിക്കുന്ന വല്ല കാര്യവുമാണോ?”
ജയ് മോള്‍ അവളുടെ കണ്ണുകളിലേക്ക് ചൂഴ്ന്ന് നോക്കി.
സാന്ദ്ര തല കുലുക്കി.
“നീ പേടിക്കുന്ന കാര്യം തന്നെയാണ്!”
“ഈശോയെ!”
ജയ് മോളുടെ കണ്ണുകള്‍ ഭയത്താലും അമ്പരപ്പിനാലും വിടര്‍ന്നു.
“നിനക്ക് ചേട്ടായിയോട്….”
അവള്‍ ഭയത്തോടെ മന്ത്രിച്ചു.
ജയ്മോള്‍ മുഴുമിക്കാത്ത ആ ചോദ്യത്തോട് സാന്ദ്ര പ്രതികരിച്ചത് അവളെ കെട്ടിപ്പിടിച്ചുകൊണ്ടായിരുന്നു.
“സന്ദ്രെ…!”
അവളെ ചേര്‍ത്ത് പിടിക്കവേ സാന്ത്വനിപ്പിക്കുന്ന സ്വരത്തില്‍ ജയ് മോള്‍ സ്നേഹത്തോടെ വിളിച്ചു.
“നിനക്ക് എന്നെ മനസ്സിലായല്ലോ…”
സാന്ദ്ര പറഞ്ഞു.
“ഹ്മം…”
ജയ് മോള്‍ പറഞ്ഞു.
“നീ ചേട്ടായിയെ നോക്കുമ്പം …നീ ചേട്ടായിയോട് വര്‍ത്താനം പറയുമ്പം നിന്‍റെ നോട്ടവും ഭാവവും ഒക്കെ കണ്ട് എനിക്ക് തോന്നിയിരുന്നു മോളെ…പക്ഷെ…”
അവളുടെ തലമുടിയില്‍ തലോടിക്കൊണ്ട് ജയ് മോള്‍ പറഞ്ഞു.
“പക്ഷെ എന്താ ജയ്? എന്താടി നീ പക്ഷെ എന്ന് പറഞ്ഞെ?”
അവളുടെ ആലിംഗനത്തില്‍ നിന്നുമകന്നുമകലവേ സാന്ദ്ര ചോദിച്ചു.
“നിന്‍റെ മനസ്സില്‍ അങ്ങനെ വല്ലതും ആണേല്‍ ..എങ്കില്‍ …നിനക്കറിയോ ഞാന്‍ ഒത്തിരി സന്തോഷിച്ചു…നിന്നെപ്പോലെ ഒരു സുന്ദരിപ്പെണ്ണിനേ എന്‍റെ ചേട്ടായിക്ക് കിട്ടുവാന്ന് പറഞ്ഞാല്‍ …അതില്‍പ്പരം ഭാഗ്യം വേറെ എന്താ ഉള്ളത്..പക്ഷെ…”
“നീയാ പക്ഷെ എന്ന് പറഞ്ഞത് എന്നതാ എന്ന് പറ ജയ്,”
സാന്ദ്ര അക്ഷമ കാണിച്ചു.
“എടീ നീയെന്നാ എം ബി എക്കാരിയാണേലും ചേട്ടായി നിങ്ങളെ കമ്പനീടെ മാനേജര്‍ ആയാലും … പാരമ്പര്യ ക്രിസ്ത്യാനീം പുതുക്രിസ്ത്യാനീം ഒക്കെയാണ് മോളെ ഫൈനല്‍ റിയാലിറ്റി….അത് കൊണ്ട് നിന്‍റെ ഇഷ്ടം നടക്കില്ല എന്ന് ഞാന്‍ പേടിച്ചു..നടക്കാനും പാടില്ല…”
“എന്‍റെ പെണ്ണേ…”
സാന്ദ്ര ജയ് മോളുടെ കവിളില്‍ തലോടി.
“നിന്‍റെ ചെട്ടായിയാ എന്‍റെ മനസ്സു നിറച്ച് …എനിക്ക് മറ്റൊന്നും അറിയില്ല…അതിനെടെല്‍ നീ പറഞ്ഞ പുതുക്രിസ്ത്യാനീടേം പഴേ ക്രിസ്ത്യാനീടേം മീനിംഗ് ഒന്നും നോക്കിപ്പോകാന്‍ എനിക്ക് സമയമില്ല ..അതിന്‍റെയൊക്കെ മീനിംഗ് എന്നതായാലും വിന്‍സെന്‍റ്റ് ചേട്ടായിയിയോടുള്ള ഇഷ്ടത്തിന് എനിക്ക് കൊറവ് ഒന്നും ഉണ്ടാകത്തില്ല…ഞാന്‍ സ്കൂള്‍ കുട്ടിയല്ല ജയ്…ലൈഫ് എന്നതാന്നും ഒക്കെ എനിക്ക് അറിയാം..നീ അത് വിട് …”
