നിറമുള്ള വെയിലുകൾ

“ചാച്ചാ പതുക്കെ ഓട്!”

കാറിന്‍റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ജയ് മോള്‍ ഗേറ്റിലേക്ക് ഓടുന്ന പൌലോസിനോട് പറഞ്ഞു.
അവളും ഗേറ്റിലേക്ക് ചെന്നു.
ശബ്ദം കൊണ്ട് തിരിച്ചറിയാം അത് ആരുടെ കാറാണ് എന്ന്.
സാന്ദ്രയേയാണ് ജയ് മോള്‍ പ്രതീക്ഷിച്ചത്.
പക്ഷെ കാറില്‍ നിന്നുമിരങ്ങിയവരെക്കണ്ട് അവളമ്പരന്നു.
ആന്‍റണി, സൂസന്‍, മാത്യൂസ്…

“ആഹാ! എല്ലാരും ഉണ്ടല്ലോ!”

ആന്‍റണി ഭവ്യതയോടെ ഗേറ്റ് തുറന്നു.

“വന്നാട്ടെ, വന്നാട്ടെ!!”

“നീയെന്നാ കൊച്ചെ വായങ്ങനെ തൊറന്നു പിടിച്ച് ഒള്ള കൊതുകിനേം പ്രിക്കിനേം ഒക്കെ വയറ്റി കേറ്റുന്നെ?”

ജയ് മോളുടെ മുഖത്തെ അദ്ഭുത ഭാവം കണ്ട് ആന്‍റണി ചോദിച്ചു.

“അല്ല ആന്‍റിയും അങ്കിളും ഇച്ചായനും ഒക്കെ പെട്ടെന്ന് പതിവില്ലാതെ …ഞാന്‍ …”

അവള്‍ ഭവ്യതയോടെ, അദ്ഭുതാതിരേകത്തോടെ പറഞ്ഞു.

“എന്ത്യേ കൊച്ചെ അമ്മേം ചേട്ടായീം?”

“ഞാനിവിടെയുണ്ടേ!”

അടുക്കളയില്‍ നിന്നും ത്രേസ്സ്യാമ്മ ഇറങ്ങി വന്നു.

“അയ്യോ! ഇതാരോക്കെയാ!”

അദ്ഭുതവും ആദരവും നിറഞ്ഞ സ്വരത്തില്‍ അവര്‍ പറഞ്ഞു.

“ഇരുന്നാട്ടെ!”

പൌലോസ് മുമ്പോട്ട് വന്ന് ഹാളിലേക്ക് അവരെ ആനയിച്ചു.
വീടും പരിസരവുമൊക്കെ അവര്‍ വീക്ഷിച്ച് മുഖത്ത് സംതൃപ്തി വരുത്തി.
അതിനിടെ ‘എന്താ കാര്യം?’ എന്ന അര്‍ത്ഥത്തില്‍ ജയ് മോള്‍ സാന്ദ്രയുടെ നേരെ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.
അതിന് മറുപടിയായി സാന്ദ്ര അവള്‍ക്ക് നേര്‍ത്ത ലജ്ജയില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.

“എന്ത്യേ വിനു?”

സൂസന്‍ ചോദിച്ചു.

“ചേട്ടായി കുളിക്കുവാ..ഓഫീസില്‍ പോകാന്‍ ആകുന്നല്ലോ….”

“ഈ ഞായറാഴ്ച ഓഫീസോ?”

സൂസന്‍ ചോദിച്ചു.

“ഓ! അവന് ഞായറെന്നോ തിങ്കളെന്നോ ഒന്നും ഇല്ല…”

ത്രേസ്സ്യാമ്മ ചിരിച്ചു.
അത് കേട്ട് സൂസനും ആന്‍റണിയും മാത്യൂസും അല്‍പ്പം വികാരം നിറഞ്ഞ കണ്ണുകളോടെ നോക്കി.

“മേരെ സപ്പ്നോം കി റാണി കബ് ആയേഗി തൂ….”

അപ്പോഴാന്നു ഉച്ചത്തില്‍ പാട്ടും പാടി വിന്‍സെന്റ് കുളിമുറിയില്‍ നിന്നും അങ്ങോട്ട്‌ വന്നത്.
ഹാളില്‍ അപ്രതീക്ഷിതമായി ആളുകളെ കണ്ടപ്പോള്‍ അവനാദ്യമൊന്നു വിരണ്ടു.
പിന്നെ കയ്യിലിരുന്ന ബാതിംഗ്ടവ്വല്‍ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു മറച്ചു.

“ആശ്യോ!!”

അവന്‍ ലജ്ജ കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു.

“ജസ്റ്റ് അഞ്ച് മിനിറ്റേ..ദാ ഇപ്പം വരാം!!”

അവന്‍റെ പരിഭ്രമവും ചമ്മലും കണ്ട് അവര്‍ ചിരിച്ചു.

“അയ്യോ എന്നാന്നേ നിക്കുന്നെ! ഇരിക്ക് സാറേ…”

ത്രേസ്സ്യാമ്മ പറഞ്ഞു.

“ത്രേസ്സ്യാമ്മ ചേട്ടത്തി സാറെന്നു വിളിച്ച് കഷ്ട്ടപ്പെടുവാ സൂസനെ!”

ആന്‍റണി പറഞ്ഞു.

“അതുകൊണ്ട് ഇരുന്നേക്കാം…അല്ലേല്‍ ചേട്ടത്തി എന്നെ ഇനീം സാറേ എന്ന് വിളിക്കും…”

ആന്‍റണിയും മാത്യൂസും ഇരുന്നു.
സൂസനും സാന്ദ്രയും ത്രേസ്സ്യാമ്മയോടൊപ്പം നിന്നു.
അവര്‍ക്ക് മുമ്പില്‍ പൌലോസും.
ജയ് മോള്‍ സാന്ദ്രയെ കൈ കാണിച്ച് വിളിച്ചു.
സാന്ദ്ര അവളുടെ അടുത്തേക്ക് ചെന്നു.

“എന്താടി ഒരു അപ്രതീക്ഷിത സന്ദര്‍ശനം? അതും ഫുള്‍ ഫാമിലി?”

അവളെ മാറ്റി നിര്‍ത്തി ജയ് മോള്‍ ചോദിച്ചു.

“ഒന്നുമില്ലെടീ…”
സാന്ദ്ര വീണ്ടും ലജ്ജയോടെ പറഞ്ഞു.

“വീട്ടിലേക്ക് വരാത്തെ മുങ്ങി നടക്കുവല്ലേ നിന്‍റെ പുന്നാര ചേട്ടായി? ആളെ കയ്യോടെ പൊക്കാന്‍ വന്നതാ!”

“അയ്യോ! ഞാനക്കാര്യം മറന്ന് പോയി!”

ത്രേസ്സ്യാമ്മ പെട്ടെന്ന് പറഞ്ഞു.
എന്നിട്ട് അവര്‍ അകത്തേക്ക് പോകാന്‍ തുടങ്ങി.

“ചേട്ടത്തി…”

ത്രെസ്സ്യാമ്മയെ വിലക്കിക്കൊണ്ട് ആന്‍റണി പറഞ്ഞു.

“ചായയോ കാപ്പിയോ എന്തേലും എടുക്കാന്‍ ആണേല്‍ ഇപ്പം വേണ്ട! അതൊക്കെ നമുക്ക് അല്‍പ്പം കഴിഞ്ഞ് മതി..ഇപ്പം നിങ്ങള് ഇവിടെ നിന്നെ…ചായ കുടിച്ചിട്ടേ പോകത്തുള്ളൂ…അത് ഉറപ്പ്…അല്ലേലും ഇഞ്ചിയും ഏലവും ശര്‍ക്കരയും ഒക്കെ ഇട്ട് ചേട്ടത്തി ഉണ്ടാക്കുന്ന ആ കാപ്പി … അത് കുടിച്ചിട്ടേ ഇന്ന് ഇവിടുന്ന് പോകുന്നുള്ളൂ….”

അപ്പോഴേക്കും വിന്‍സെന്റ് അകത്ത് നിന്നും വസ്ത്രം മാറി വന്നു.

“ഇതെന്നാ വിനു?”

സൂസന്‍ അവനോട് ചോദിച്ചു.

“ഈ ഞായറാഴ്ച്ചയും നിനക്ക് വിശ്രമമില്ലേ?”

“ആന്‍റി ആ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മേന്‍റ്റിലെ ഡിജിറ്റല്‍ ഫയല്‍സ് ഒക്കെ ഒന്ന് ഓര്‍ഡര്‍ ആക്കണം എന്ന് കുറെ നാളായി വിചാരിക്കുന്നു ….അത്കൊണ്ട് …”

“അതിന് മേഘേം സുരേഷും ഒക്കെയില്ലേ…റാങ്ക് ആന്‍ഡ് ഫയല്‍ ഒന്നും വിനൂന്റെ ഡിപ്പാര്‍ട്ട്മെന്റ് അല്ലല്ലോ ….”

“അല്ല, എന്നാലും കമ്പനി മാനേജര്‍ എന്ന നിലയ്ക്ക് ഒരു നോട്ടം അവിടെയും …. “

അവന്‍റെ മുഖത്ത് നേരിയ ഒരു ലജ്ജ വിടര്‍ന്നു.
അതിഥികളുടെ മുഖങ്ങളില്‍ തന്‍റെ നേര്‍ക്ക് നിസ്സീമമായ കൃതജ്ഞതയുടെ സ്വര്‍ണ്ണവെളിച്ചം വീഴുന്നത് അവന്‍ കണ്ടു.

“ആട്ടെ, വിനു…”

ആന്‍റണി ചോദിച്ചു.

“നീയെന്നാ ഇപ്പം വീട്ടിലേക്ക് ഒന്നും വരാത്തെ?”

ആ ചോദ്യം തികച്ചും അപ്രതീക്ഷിതമായതിനാല്‍ വിന്‍സെന്റ് ഒന്ന് വിരണ്ടു.

“അയ്യോ ചെറുക്കന്‍ ഇപ്പം അങ്ങോട്ടൊന്നും വരുന്നില്ലേ?”

പൌലോസ് ചോദിച്ചു.

“അതെന്നാ മോനെ?”

“അത് ചാച്ചാ ഇപ്പം ഓഫീസില്‍ കൊറച്ച് തെരക്കുള്ള ടൈമാ…അതുകൊണ്ടാ…”

അത് പറഞ്ഞ് വിന്‍സെന്റ് കാണുന്നത് തന്നെ തറച്ച് നോക്കി നില്‍ക്കുന്ന സാന്ദ്രയെ ആണ്.
അവളെ നോക്കി അവനൊന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
അവളാകട്ടെ ഗൌരവത്തില്‍ തന്നെ അവനെ നോക്കി.

“അതെ എന്തേലും ആകട്ടെ!”

ആന്‍റണി പറഞ്ഞു.

“പൌലോച്ചാ ചേട്ടത്തി നിങ്ങള് ഒന്നിരുന്നെ…”

ആന്‍റണി തനിക്കെതിരെയുള്ള ഇരിപ്പിടങ്ങളിലേക്ക് കൈ കാണിച്ചു.
പൌലോസും ത്രെസ്സ്യാമ്മയും പരസ്പ്പരം നോക്കി.
അല്‍പ്പം മടിച്ചാണെങ്കിലും അവര്‍ സൂസനും ആന്‍റണിയ്ക്കുമെതിരെ കസേരകളില്‍ ഇരുന്നു.

“ഞങ്ങള് ഒരു കല്യാണക്കാര്യം പറയാനാ വന്നെ,”

ആന്‍റണി പറഞ്ഞു.
പൌലോസും ത്രേസ്യാമ്മയും പരസ്പ്പരം നോക്കി.
അവരുടെ മുഖങ്ങളില്‍ സന്തോഷം വിടര്‍ന്നു.
ജയ് മോളും വിന്സെന്റും പരസ്പ്പരം നോക്കി.

“മാത്തൂച്ചന്‍ അങ്ങനെ കെട്ടാന്‍ തീരുമാനിച്ചു അല്ലെ?”

മാത്യൂസിന്‍റെ മുഖത്തേക്ക് നോക്കി പൌലോസ് ചോദിച്ചു.

“നല്ല കാര്യവാ..കാണുമ്പം ഞാനും അതൊന്നു പറയാന്‍ വേണ്ടി ഇരുന്നതാ…”

“മത്തനല്ല പൌലോച്ചാ…”

ആന്‍റണി ചിരിച്ചു.

“അയ്യോ മാത്തൂച്ചനല്ലേ പിന്നെ ആര്‍ക്കാ?”

അയാള്‍ സാന്ദ്രയുടെ മുഖത്തേക്ക് നോക്കി.

“കൊച്ചിനെ കെട്ടിക്കാന്‍ ആണോ? അയ്യോ അതിനിനീം ടൈം ഇല്ലേ? പടുത്തോം ഒക്കെ കഴിഞ്ഞിട്ട് പോരെ? എടിപിടീന്നു ഇപ്പം എന്നെത്തിനാ?”

അപ്പോഴൊക്കെ സാന്ദ്രയുടെ കണ്ണുകള്‍ വിന്സെന്റിന്‍റെ മുഖത്തായിരുന്നു.
അവന്‍ പുഞ്ചിരികാനുള്ള ശ്രമത്തിലാണ് ഇപ്പോഴും.

“അത് മതിയാരുന്നു പൌലോച്ചാ..പക്ഷെ ഇപ്പം കൊള്ളാവുന്ന ഒരു ആലോചന വന്നിട്ടുണ്ട്. അതുകൊണ്ടാ,”

Leave a Reply

Your email address will not be published. Required fields are marked *