നിറമുള്ള വെയിലുകൾ

ഹൃദയത്തില്‍ അമര്‍ന്നു കിടത്തിയ പ്രണയ സംഗീതം മുഴുവന്‍ പീലിപ്പൂക്കള്‍ പോലെ ചിറകടിച്ചു വിടരുകയാണ്…
മരുഭൂമി പോലെ അനന്തതാപമേറ്റ് ദാഹിക്കുകയായിരുന്നു തന്‍റെ മനസ്സ്…
ഇപ്പോള്‍ അതിന്മേല്‍ നിറമുള്ള മഴത്തുള്ളികള്‍ പൂക്കളില്‍ നിന്നു ഒഴുകുന്ന തേന്‍ പോലെ പെയ്ത് പ്രവഹിക്കുന്നു….
പ്രണയത്തിന്‍റെ ഇളംചൂടില്‍ മനസ്സ് നനഞ്ഞ് കുതിരുന്നു….
കരളില്‍ പ്രണയഗീതങ്ങള്‍ നുരഞ്ഞു പൊന്തുന്നു….
പെണ്ണേ,
അവന്‍ സാന്ദ്രയുടെ കണ്ണുകളില്‍ നോക്കി…
എന്‍റെ പ്രണയവീണയില്‍ എപ്പോഴും നീയൊരു നവരാഗമായിരുന്നല്ലോ….
എന്‍റെ ഹൃദയസ്പ്പന്ദനം പോലും നീയായിരുന്നല്ലോ…
പ്രണയത്തിന്‍റെ ചക്രവാളത്തില്‍ ഞാനെപ്പോഴും കണ്ടിരുന്ന സൂര്യോദയത്തിന് നിന്‍റെ നിറമായിരുന്നല്ലോ….

“അപ്പാ…”

മാത്യൂസ് ആന്‍റണിയെ നോക്കി.

“ചെറുക്കനും പെണ്ണിനും എന്തേലും സംസാരിക്കാന്‍ ഒക്കെ കാണില്ലേ? ഇതിപ്പം പഴയ കാലമൊന്നുമല്ലല്ലോ. വീട്ടുകാര് മാത്രം ആലോചിച്ചാ മതിയോ?”

ആ വാക്കുകള്‍ എല്ലാവരും പൊട്ടിച്ചിരിയോടെ സ്വീകരിച്ചു.

“മോള് ചെല്ല്…”

മാത്യൂസ് സാന്ദ്രയെ വിന്‍സെന്‍റ്റിന്‍റെ നേരെ തള്ളിവിട്ടു.

അവള്‍ ലജ്ജയില്‍ കുതിര്‍ന്ന പുഞ്ചിരിയോടെ എല്ലാവരെയും നോക്കി.

“ഞങ്ങടെ വീടിന്‍റെ വിളക്കാണ് എന്‍റെ പൊന്നുമോള്….”

വികാരഭരിതനായി ആന്‍റണി പറഞ്ഞു.

“അവള്‍ടെ മൊഖത്ത്ന്ന് ഈ പുഞ്ചിരി മായ്ക്കുന്ന ഒരു കാര്യോം ഞങ്ങള് ചെയ്യില്ല… അതിനി ഏത് പുണ്യാളച്ചന്‍ വന്ന് പറഞ്ഞാലും…”

“നിങ്ങള് ഒരു ഡ്രൈവിന് പോയിട്ട് വാടാ…”

മാത്യൂസ് അവരോടു പറഞ്ഞു.

വിന്‍സെന്‍റ്റും സാന്ദ്രയും പുറത്തേക്ക് നടന്നു.

മള്‍ബറിയുടെ ചുവട്ടില്‍ വെച്ച് അവര്‍ അഭിമുഖം നിന്നു.

“ചേട്ടായി….”

അവള്‍ വിളിച്ചു.

“എന്താ മോളെ…?”

“എന്നെ ആഗ്രഹിച്ചിരുന്നില്ലേ ചേട്ടായി?”

“ഞാന്‍ ഒരാളെയേ ആഗ്രഹിച്ചിരുന്നുള്ളൂ മോളെ…”

അവന്‍ പറഞ്ഞു.

“എന്നെ ആഗ്രഹിച്ചിരുന്ന ഒരു പെണ്ണിനെ…അവളെയല്ലാതെ ആരെയും ഈ നെഞ്ചില്‍ ഞാന്‍ ചുമന്നിട്ടില്ല…”

ആ വാക്കുകള്‍ കേട്ട് പെട്ടെന്നവളില്‍ ഒരു വികാരത്തള്ളല്‍ ഉണ്ടായി.

അവള്‍ അവന്‍റെ കൈ പിടിച്ചു.

“എങ്ങോട്ടാ പോകണ്ടേ ഡ്രൈവിന്?”
തന്‍റെ മാരുതിയുടെ ഡോര്‍ തുറന്നുകൊണ്ട് വിന്‍സെന്‍റ്റ് ചോദിച്ചു.

“പള്ളിയിലേക്ക്…”

അവള്‍ പറഞ്ഞു.

അവന്‍ അദ്ഭുതത്തോടെ അവളെ നോക്കി.

“പോകുന്ന വഴിക്ക് ഏതേലും കടേന്ന്‍ രണ്ട് പായ്ക്കറ്റ് മെഴുക്തിരി മേടിക്കണം…”

അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു.

“മാതാവിനോട് ഞാന്‍ നേര്‍ന്നിരുന്നു…”

അവന്‍റെ അമ്പരപ്പ് നിറഞ്ഞ ഭാവത്തിലേക്ക് മയക്കുന്ന പുഞ്ചിരി സമ്മാനിച്ച് അവള്‍ പറഞ്ഞു.

“ചേട്ടായിയെ എനിക്ക് കിട്ടുന്ന ദിവസം …ചേട്ടായി എന്നെ സ്വീകരിക്കുന്ന ദിവസം ഞാന്‍ ആദ്യം പോകുന്നത് മാതാവിന്‍റെ അടുത്തേക്ക് ആരിക്കൂന്ന് ….”

അവളുടെ അധരം പ്രണയച്ചൂടില്‍ തപിക്കുന്നത് വിന്‍സെന്‍റ്റ് കണ്ടു.

“…ചേട്ടായി എന്‍റെ പ്രേമം അംഗീകരിക്കുന്ന ദിവസം … ഇന്നല്ലേ അത്?”

[അവസാനിച്ചു]

Leave a Reply

Your email address will not be published. Required fields are marked *