നിറമുള്ള വെയിലുകൾ

ആന്‍റണി തുടര്‍ന്നു.

“അങ്ങനെയാന്നോ?”

പൌലോസ് ചോദിച്ചു.

“കൊള്ളാവുന്ന കൂട്ടരാന്നെ കൊഴപ്പവില്ല… പെണ്ണുകാണല്‍ ഒക്കെ നടന്നോ? ചെറുക്കനും പെണ്ണിനും ഇഷ്ടവായോ?”

“അതിപ്പം ….”

ആന്‍റണി ചിരിച്ചു.

“പെണ്ണ് കണ്ടു…നമ്മടെ സാന്ദ്ര മോള് കണ്ടു…പെണ്ണിന് ചെറുക്കനെ
ഇഷ്ടമായി….ചെറുക്കന് ഇഷ്ടമായോ എന്നറിയില്ല …ഇല്ലന്നു ഒരു ശ്രുതിയൊണ്ട്….”

ആ വാക്കുകള്‍ കേട്ട് ജയ് മോളുടെ ദേഹം തരിച്ചു കയറി.
അവള്‍ സാന്ദ്രയെ ചേര്‍ത്ത് പിടിച്ചു.

“മോളെ, ഞാന്‍ എന്നതാടി ഈ കേക്കുന്നെ?”

ജയ് മോള്‍ സാന്ദ്രയുടെ കാതില്‍ മന്ത്രിച്ചു.

തന്‍റെ വിരലുകളില്‍ അമര്‍ന്നിരിക്കുന്ന ജയ് മോളുടെ കയ്യില്‍ സാന്ദ്ര ഒന്നമര്‍ത്തി.

“ആന്‍റോച്ചന്‍ എന്നതാ ഈ പറയുന്നേ?”

പൌലോസ് ചോദിച്ചു.

“നമ്മടെ സാന്ദ്ര മോളെ ചെറുക്കന് ഇഷ്ട്ടപ്പെട്ടോന്നു സംശയമുണ്ടെന്നോ? അതെന്നാ അവന്‍ കണ്ണു പൊട്ടനാന്നോ? തങ്കം കൊണ്ടുണ്ടാക്കിയ ഈ മാലാഖ കുഞ്ഞിനെ ഇഷ്ട്ടപ്പെടാതിരിക്കാന്‍?”

സാന്ദ്രയുടെ കണ്ണുകളില്‍ നനവ് പടരുന്നത് ജയ് മോള്‍ കണ്ടു.
അവള്‍ കൂട്ടുകാരിയുടെ വിരലുകളില്‍ സ്നേഹപൂര്‍വ്വം അമര്‍ത്തി.

“പൌലോച്ചന്‍ തന്നെ ചോദിച്ചു നോക്ക്, അവന്‍ കണ്ണുപൊട്ടനാണോന്ന്‍!”

“ഇങ്ങ് വിളിച്ചോണ്ട് വാ! ചോദിച്ചിട്ട് തന്നെ കാര്യം! അല്ല പിന്നെ!”

“ചോദിക്കുന്നെ!”

ആന്‍റണി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“അതിന് ആളെവിടാ?”

പൌലോസ് ചോദിച്ചു.

“ആളല്ലേ കൃത്യം മുമ്പിത്തന്നെ നിക്കുന്നെ!”

അത് പറഞ്ഞ് ആന്‍റണി വിന്‍സെന്‍റ്റിനെ നോക്കി.
ഒരു നിമിഷം പൌലോസിന്‍റെയും ത്രേസ്സ്യാമ്മയുടേയും ശ്വാസം നിലച്ചു പോകുന്നത് പോലെ തോന്നി.
അവരുടെ കണ്ണുകള്‍ പുറത്തേക്ക് തള്ളി.വിശ്വാസം വരാത്തെ അവര്‍ ആന്‍റണിയേയും സൂസനേയും മാത്യൂസിനെയും നോക്കി.
സൂസന്‍ സമീപത്തിരുന്ന ത്രേസ്സ്യാമ്മയുടെ കൈയ്യില്‍ പിടിച്ചു.
ആന്‍റണി അവരെ പുഞ്ചിരിയോടെ നോക്കി.
നിശബ്ദമായ ആ അന്തരീക്ഷത്തിലേക്ക് സാന്ദ്രയുടെ വിതുമ്പുന്ന ശബ്ദം ചിതറി വീണു.
ജയ് മോളുടെ തോളില്‍ മുഖം ചേര്‍ത്ത് അവള്‍ വിതുമ്പുന്നു.

“കൊച്ചെ, ഇതെന്നാ മോളെ ഇത്?”

മാത്യൂസ് അനുജത്തിയെ ചേര്‍ത്ത് പിടിച്ചു.

“എല്ലാം ഹാപ്പിയായില്ലേ? പിന്നെ എന്തിനാ മോളെ നീ?”

അവള്‍ ജയ് മോളുടെ തോളില്‍ നിന്നും മുഖമെടുത്ത് ജ്യേഷ്ഠനെ നോക്കി
പുഞ്ചിരിച്ചു.
കണ്ണുനീരിനിടയിലൂടെ.

“ആന്‍റോച്ചാ…”

പൌലോസ് അവിശ്വസനീയത മാറാതെ ചോദിച്ചു.

“പൌലോച്ചാ….”

ആന്‍റണി ശാന്തനായി പറഞ്ഞു.

“നെനക്ക് ഓര്‍മ്മയുണ്ടോ എന്നറിയില്ല, ഈ പാട് എന്നേത്തിന്‍റെയാന്ന്…”

ആന്‍റണി ഷര്‍ട്ട് താഴെ നിന്നും ഉയര്‍ത്തി, ബനിയന്‍ നീക്കി വയറിന്‍റെ ഇടത് വശം കാണിച്ചുകൊണ്ട് ചോദിച്ചു.
അവിടെ ആഴത്തില്‍ കരിഞ്ഞുണങ്ങിയ ഒരു മുറിവിന്‍റെ പാട് എല്ലാവരും കണ്ടു.

പൌലോസ് അല്‍പ്പം ലജ്ജയോടെ എല്ലാവരെയും നോക്കി.

“നീ പറയില്ല…”;

ആന്‍റണി തുടര്‍ന്നു.

“അല്ലേലും മറ്റുള്ളോരേ സഹായിച്ച കാര്യം കൊട്ടിഘോഷിക്കുന്ന ഇടപാട് നിന്‍റെ വര്‍ഗ്ഗത്തിന് ഇല്ലല്ലോ…അതുകൊണ്ട് ഞാന്‍ തന്നെ പറയാം…”

ആന്‍റണി വിന്‍സെന്‍റ്റിനേ നോക്കി.

“കെഴക്കന്‍ മലേല്‍ പോയതാ അന്ന്… അപ്പന്‍ പന്നീനെ വെടിവെച്ച് പിടിക്കാന്‍ കെഴക്കന്‍ മലേല്‍ പോയപ്പം ഞാനും കൂടി. അപ്പന്‍ വേണ്ട വേണ്ട എന്ന് ആവുന്നത് പറഞ്ഞതാ…പക്ഷെ കാട്ടുപന്നീം കാടും വെടീം..മൊത്തം ഒരു അഡ്വെന്‍ച്ചര്‍ മൂഡല്ലേ! ഞാന്‍ പിന്മാറീല്ല… പൌലോച്ചന്റെ പൊറകെ അപ്പന്‍റെ കൂടെ ഞാനും കാട് കേറി… കാടിന്‍റെ നടുക്ക എത്തുന്നേന് മുമ്പ് ഒരുഗ്രന്‍ തേറ്റപ്പന്നീ….അപ്പന്‍ അതിന്‍റെ നേര്‍ക്ക് ഒന്ന്‍ പൊട്ടിച്ചു ..വെടി കൊണ്ടെങ്കിലും പന്നി ഓടി..അപ്പന്‍ പൊറകെ വെച്ചു പിടിച്ചു…പൌലോച്ചന്റെ കയ്യില്‍ അന്ന് അപ്പന്‍ കൊടുത്ത വേറെ ഒരു കൊഴല്‍ ഉണ്ട് …ഡബിള്‍ അല്ല, സിംഗിള്‍… അപ്പന്‍ പന്നീടെ പൊറകെ ഓടി ഒരു സെക്കന്‍ഡ് കഴിഞ്ഞുകാണും. എന്തോ ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കുമ്പം മലേടെ വലിപ്പത്തില്‍ വേറെ ഒരുഗ്രന്‍ പന്നി. തേറ്റകൊണ്ട് ഒറ്റക്കുത്തിനു എന്നെ നെലത്തിട്ടു. രണ്ടാമതും എന്നെ കുത്തി തേറ്റയില്‍ കോര്‍ത്തെടുക്കാന്‍ പന്നി തൊടങ്ങിയപ്പഴാ വിനു നിന്‍റെ ചാച്ചന്‍ കൊഴല്‍ പൊട്ടിച്ചത്. പന്നീടെ പള്ളയ്ക്ക് തന്നെ. അപ്പത്തന്നെ പന്നി മലച്ചു വീണു….”

ആന്‍റണി ഒന്ന് നിശ്വസിച്ചു.
എല്ലാവരും പൌലോസിനെ ആരാധന നിറഞ്ഞ കണ്ണുളോടെ നോക്കി.
ആന്‍റണി എല്ലാവരേയും ഒന്ന് നോക്കി.
അവസാനം ആ നോട്ടം വിന്‍സെന്‍റ്റില്‍ എത്തി.

“കെഴക്കന്‍ മലേല്‍ പന്നീടെ കുത്തേറ്റ് ചത്ത് മലച്ച് കെടക്കേണ്ടതാ ഞാന്‍…”

അവനില്‍ നിന്നും നോട്ടം മാറ്റാതെ ആന്‍റണി തുടര്‍ന്നു.

“നിന്‍റെ ചാച്ചന്‍ എന്നേം ചൊമന്നോണ്ട് മലയിറങ്ങി ഓടി ആശുപത്രീല്‍ എത്തിച്ചില്ലാരുന്നേല്‍….”

ആന്‍റണി പൌലോസിനെ നോക്കി.

“നന്മ ചെയ്യുക എന്നുള്ളത് എങ്ങനെയാടാ നിങ്ങക്കൊക്കെ ഇങ്ങനെ ബ്ലഡില്‍
കിട്ടുന്നെ?”

തിരികെ വിന്‍സെന്‍റ്റിനെ നോക്കി ആന്‍റണി തുടര്‍ന്നു.

“ആ അപ്പന്‍റെ മോനായ നീ പെഴ്സണല്‍ ഒരു ലാഭോം കിട്ടത്തില്ല എന്നറിഞ്ഞിട്ടും നീ നമ്മടെ കമ്പനിയ്ക്ക് ചെയ്യുന്ന ഉപകാരമൊന്നും എന്‍റെ വിനു എനിക്ക് പറഞ്ഞാല്‍ തീരത്തില്ല….അതുകൊണ്ട് ഒരു കാര്യം ഞാന്‍ നിന്നോട് ഞാന്‍ ചോദിക്കുവാ…”

പെട്ടെന്ന് അവര്‍ക്കിടയില്‍ ഒരു നിശബ്ദത വീണു.

“അത് …”

ആന്‍റണി ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു.
കൂടെ സൂസനും.
അവര്‍ വിന്‍സെന്‍റിനെ സമീപിച്ചു.

“നിനക്ക് ….”

ആന്‍റണി അവന്‍റെ തോളില്‍ പിടിച്ചു.

“നിനക്ക് എന്‍റെ മോളെ ഇഷ്ടമാണോ?”

വിന്‍സെന്‍റ്റിന്‍റെ ചുണ്ടുകള്‍ വിറയ്ക്കുന്നത് എല്ലാവരും കണ്ടു.
ജയ് മോള്‍ സാന്ദ്രയെ ചേര്‍ത്ത് പിടിച്ചു.
അവളുടെ ആശ്ലേഷത്തിന്റെ സുഖത്തില്‍ സാന്ദ്ര സ്വയം മറന്ന്നിന്നു.
ഗ്രീഷ്മഋതുവിന്റെ രഥത്തില്‍ പ്രണയത്തിന്‍റെ സുഗന്ധം അങ്ങനെ പറന്നിറങ്ങുകയാണ്…
കാമസുഗന്ധിയായി അവള്‍ വിന്‍സെന്‍റ്റിനെ നോക്കി.
ഇടനെഞ്ചിലെ പ്രണയ മോഹങ്ങളൊക്കെ പതഞ്ഞു കുത്തി ഒഴുകുകയാണ്….
അവന്‍ കൈകള്‍ കൂപ്പുന്നത് എല്ലാവരും കണ്ടു.

“എനിക്ക് … എനിക്ക്…”

അവന്‍റെ സ്വരം വിറപൂണ്ട് വിങ്ങുന്നത് എല്ലാവരും കേട്ടു.

“സാന്ദ്രയെപ്പോലെ ഒരു പെണ്ണിനെ കിട്ടാനുള്ള യോഗ്യത, അര്‍ഹത ..അതൊക്കെ ..എനിക്ക്…”

അവന് ബാക്കി പറയാന്‍ കഴിഞ്ഞില്ല.
സൂസന്‍ അവന്‍റെ തോളില്‍ പിടിച്ചു.

“മോനെപ്പോലെ ഒരാണിനെ ഞങ്ങളുടെ മോള്‍ക്ക് സ്വപ്നം കാണാനുള്ള അര്‍ഹതയില്‍ ഞങ്ങള്‍ സംശയിച്ചത് കൊണ്ടാണ് ഞങ്ങളുടെ മോളെ ഇഷ്ടമാണോ എന്ന് ഞങ്ങള്‍ ചോദിച്ചത്…”

സൂസന്‍ പറഞ്ഞു.
സന്തോഷത്തിന്‍റെ ചുടുകണ്ണീര്‍ തോളിലിരുന്ന സൂസന്റെ കൈത്തലത്തില്‍ വീണു.
അവര്‍ കൈ ഉയര്‍ത്തി അവന്‍റെ കവിളില്‍ നിന്നും കണ്ണുനീര്‍ തുടച്ചു.

Leave a Reply

Your email address will not be published. Required fields are marked *