നിറമുള്ള വെയിലുകൾ

“ചേട്ടായി….”

അവള്‍ വിളിച്ചു.

“മോളേ…”

അയാള്‍ ശാന്തനായി അവളെ വിളിച്ചു.

“എന്‍റെ ചാച്ചന്‍ എട്ടു വയസ്സുള്ളപ്പോഴാണ് മോള്‍ടെ വല്ല്യപ്പച്ചന്റെ കൂടെ കിഴക്കന്‍ മലേലേക്ക് കാട് കയറിയത്…കിഴക്കന്‍ മല അന്ന് ഏതോ തമിഴ് ഗൌണ്ടരുടെയാരുന്നു…അയാടെ കയ്യീന്ന് മോള്‍ടെ വല്യപ്പച്ചന്‍ ആ മല മുഴുവന്‍ വാങ്ങി…അതുവരെ അവിടെ പലേടത്തും ഞങ്ങടെ ആള്‍ക്കാരുടെ ..എന്നുവെച്ചാല്‍ പുലയരുടെ ശവങ്ങള്‍ കിടക്കുമായിരുന്നു…ചിലത് മരത്തില്‍ തൂങ്ങിയാടി….ചിലത് പാതി മാംസമഴുകി, പാതി അസ്ഥികൂടമായി….നിലത്ത് ….”

ഏതാനും നിമിഷങ്ങള്‍ വിന്‍സെന്റ് പുരാവൃതത്തില്‍ നഷ്ട്ടപ്പെട്ട് മലമുകളിലേക്ക് നോക്കി.

“മോള്‍ടെ വല്യപ്പച്ചന്‍ ആ മലയുടെ ഉടമസ്ഥനായതിന് ശേഷം അവിടെ ശവങ്ങള്‍ വീണിട്ടില്ല… എന്‍റെ ചാച്ചന്റെ വീട്ടില്‍ അതില്‍പ്പിന്നെ ആരും പട്ടിണി
കിടന്നിട്ടില്ല…ഒരു ദിവസം ചാച്ചനോട് മോള്‍ടെ വല്യപ്പച്ചന്‍ ചോദിച്ചു, എടാ പൌലോസേ, നെനക്ക് പള്ളിക്കൂടത്തി പോണോടാ, എന്‍റെ ആന്‍റണീടെ കൂടെ നിനക്കും പഠിക്കണം എന്ന് തോന്നുന്നുണ്ടോ? ചാച്ചന്‍ തൊഴുകൈകളോടെ മോള്‍ടെ വല്ല്യപ്പച്ചനോട് പറഞ്ഞു …വേണ്ട ..എനിക്ക് പഠിക്കേണ്ട …ഞാന്‍ ഒരിക്കല്‍ കല്യാണം കഴിക്കുമ്പോള്‍ എനിക്ക് മക്കള്‍ ഉണ്ടാകുമ്പോള്‍ എന്‍റെ മക്കള്‍ നന്നായി പഠിക്കാന്‍ മാത്രം അത്രയേറെ എനിക്ക് ഇവിടെ പണിയെടുക്കാനുള്ള അനുവാദം തന്നാ മതി…. അന്ന് ജാതി ചിന്തയൊക്കെ എന്തോരം ഹാര്‍ഷ് ആരുന്നെന്ന് മോള്‍ക്കറിയാമോ? എന്നിട്ടും എന്‍റെ ചാച്ചന്‍ അന്ന് മോള്‍ടെ വല്ല്യപ്പച്ചനോട് അങ്ങനെ പറഞ്ഞപ്പം അദ്ദേഹം എന്താ ചെയ്തെ എന്നറിയോ? എന്‍റെ ചാച്ചനെ മുറുക്കെ കെട്ടിപ്പിടിച്ചു …. അത്രേയുള്ലോടാ നിന്‍റെ ആഗ്രഹം? വല്യപ്പച്ചന്‍ ചോദിച്ചു. അത്രയും ഉണ്ട് എന്‍റെ ആഗ്രഹം എന്ന് ചാച്ചന്‍ പറഞ്ഞു….”

വിന്‍സെന്റ് ഒന്ന് നിര്‍ത്തി അവളെ നോക്കി.
അവളുടെ മുഖത്ത് പക്ഷെ ആ കഥ കേള്‍ക്കാനുള്ള താല്‍പ്പര്യമില്ലായിരുന്നു.

“ചാച്ചാന് അമ്മയെ കാണിച്ചു കൊടുത്ത്, ചാച്ചനെ അമ്മയെക്കൊണ്ട് കല്യാണം കഴിപ്പിച്ച്, എന്നെയും ജയ് മോളെയും സ്കൂളില്‍ ചേര്‍ത്ത് അതും മോള്‍ടെയും മാത്യൂസ് അച്ചായന്‍റെയുമൊപ്പം…സ്വന്തം മക്കളെപ്പോലെയാ ഞങ്ങളെ വല്യപ്പച്ചന്‍ കണ്ടേ. വല്ല്യപ്പച്ചന്റെ കാലം കഴിഞ്ഞ്, മോള്‍ടെ അപ്പാ വന്നിട്ടും അതിന് ഒരു മാറ്റോം ഉണ്ടായില്ല….”

അവനൊന്നു നിര്‍ത്തി.

“ആ ഞാന്‍ മോള്‍ടെ ആഗ്രഹം മാനിച്ച്, മോള്‍ടെ ആഗ്രഹത്തിന് വഴങ്ങി, മോള്‍ടെ കയ്യും പിടിച്ച് ആ വീട്ടിലേക്ക് ചെന്നാല്‍? ക്യാന്‍ യൂ ഇമാജിന്‍ ദ പാരമൌണ്ട് ഹെവിനെസ്സ് ഓഫ് ദ ഇന്‍ഗ്രാറ്റിറ്റ്യൂഡ് ഐ ഷോ? ഇന്‍ റിട്ടേണ്‍ ഫോര്‍ ആള്‍ ദ ബ്ലെസ്സിംഗ് ഐ ഹാഡ് ബീന്‍ ഫ്രീലി റിസീവിംഗ്?”

സാന്ദ്രയ്ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.

“അത്കൊണ്ട് മോള്‍ വീട്ടിലേക്ക് പോ. മോളും ജയ് മോളും എനിക്ക് ഒരുപോലെയാണ്… അങ്ങനെയേ പാടുള്ളൂ… മോള്ക്കത് മനസ്സിലാകും…മോള്‍ക്ക് സംസ്ക്കാരവും വിദ്യാഭ്യാസവുമുണ്ട് അതൊക്കെ മനസ്സിലാക്കാന്‍…”

വിന്‍സെന്റിന്റെ സ്വരമല്‍പ്പം കാര്‍ക്കശ്യമായത് സാന്ദ്ര തിരിച്ചറിഞ്ഞിരുന്നു.
അവള്‍ എഴുന്നേറ്റു.
മള്‍ബറിച്ചില്ലകള്‍ കാറ്റിലുലഞ്ഞു.

“ചേട്ടായി ….”

സൈക്കിള്‍ പുറത്തേക്ക് നീക്കവേ സാന്ദ്ര ചോദിച്ചു.
വിന്‍സെന്റ് അവളെ നോക്കി.

“ഒരുകാര്യം ചോദിച്ചാല്‍ ചേട്ടായി എന്നോട് നേര് പറയുമോ?”

അവന്‍ അവളുടെ ചോദ്യത്തിന് കാത്തു.

“ചേട്ടായി എന്നെ എപ്പോഴെങ്കിലും ഇഷ്ട്ടപ്പെട്ടിരുന്നോ?”

അവളുടെ ആചോദ്യം തികച്ചും അപ്രതീക്ഷിതമായിരുന്നതിനാല്‍ വിന്‍സെന്റിന് പെട്ടെന്ന് ഒന്നും പറയുവാന്‍ കഴിഞ്ഞില്ല.
താന്‍ ഒളിപ്പിച്ചിരുന്ന അവളോടുള്ള തീവ്രമായ ഇഷ്ടം എത്ര ശ്രമിച്ചിട്ടും അവന്‍റെ മുഖത്ത് പ്രതിഫലിക്കാതിരുന്നുമില്ല.
“എനിക്ക് ഇത് മതി…”

അവള്‍ പുഞ്ചിരിച്ചു.

“ഇത് മാത്രം മതി…കാരണം എന്‍റെ സ്വപ്നങ്ങളില്‍ ചേട്ടായി മാത്രമേ കടന്നുവന്നിട്ടുള്ളൂ ഇതുവരെ…എനിക്ക് ഇങ്ങനത്തെ ഫീലിങ്ങ്സ്‌ ഒക്കെ ഉണ്ടായ നാള്‍ മുതല്‍ക്കേ…എന്താ അതിന് കാരണം? കാരണം ചേട്ടായിയും എന്നെ ആഗ്രഹിക്കുന്നുണ്ട് …അല്ലാതെ ഞാന്‍ ഇത്രേം എക്സ്പ്ലോസീവ് ആയി ചേട്ടനെ ഇഷ്ട്ടപ്പെടില്ലല്ലോ….”

അപ്പോഴും വിന്‍സെന്റ് ഒന്നും പറഞ്ഞില്ല.

“ഞാന്‍ കാത്തിരുന്നോളാം ചേട്ടായി…എനിക്കുറപ്പുണ്ട് ആ ദിവസം വരും…”

****************************************************************************

ഹെഡ് സൂപ്രണ്ട് അശോകന്‍ കൊണ്ടുവന്ന വാര്‍ത്തയ്ക്ക് മുമ്പില്‍ സ്തഭ്തരായി നില്‍ക്കുകയാണ് ആന്‍റണിയും സൂസനും മാത്യൂസും സാന്ദ്രയും.

“അശോകാ നീ ഒള്ളതാണോ ഈ പറയുന്നേ?”

ആന്‍റണി നെഞ്ചു തിരുമ്മി ചോദിച്ചു.

“അതെ സര്‍!”

നെറ്റിയില്‍ തലോടി അശോകന്‍ പറഞ്ഞു.

“ടെക്നോവിഷന്റെ എം ഡിയും വിന്‍സെന്‍റ്റും ഇന്ന് മീറ്റില്‍ സംസാരിക്കുന്നത് ഞാന്‍ കണ്ടതാ…അത് കണ്ടുകൊണ്ടാണ് ഞാന്‍ വിന്‍സെന്‍റ്റിന്റെ ഓഫീസിലേക്ക് കയറിയത്…എന്നെ കണ്ടയുടനെ വിന്‍സെന്റ്‌ മീറ്റ്‌ ലോഗ് ഔട്ട്‌ ചെയ്തു…”

“കഴിഞ്ഞ എപ്രിലില്‍ എല്ലാരുടെം മുമ്പി വെച്ചാ അവന്‍, ടെക്നോവിഷന്റെ എം ഡി, രമേശന്‍ നായര് എന്നെ വെല്ലുവിളിച്ചേ…മൂന്ന്‍ മാസത്തിനുള്ളില്‍ നമ്മടെ കമ്പനീന്ന് വിനൂനെ അവന്‍ പൊക്കൂന്ന്‍… ഇതിപ്പോ ജൂണ്‍ മാസം..മൂന്ന്‍ മാസം ആകാന്‍ പോകുന്നു..മൈരന്‍ വെള്ളത്തിന്റെ പൊറത്ത് പറഞ്ഞതാന്നാ നമ്പ്യാരെ ഞാന്‍ വിചാരിച്ചേ….പക്ഷെ …”

“ഇതിപ്പം വിനു അയാളോട് മീറ്റില്‍ സംസാരിച്ചു എന്നല്ലേയുള്ളൂ?”

സൂസന്‍ അശോകനോട് ചോദിച്ചു.

“അത് രമേശന്‍ നായരോട് കമ്പനി വിടുന്ന കാര്യം ആണ് സംസാരിച്ചത് എന്ന് നമ്പ്യാര്‍ക്ക് എങ്ങനെ മനസ്സിലായി?”

“മമ്മീ അതിനിപ്പം ആലോചിക്കാന്‍ ഒന്നും ഇല്ല…”

മാത്യൂസ് പറഞ്ഞു.

“ഇപ്പം രണ്ടാഴ്ച്ചയായില്ലേ വിനു നമ്മളോട് അകന്നു നിക്കുന്നെ? വീട്ടില്‍ വന്നിട്ട് എത്ര നാളായി? അല്ലേല്‍ എന്നും വരുന്നതല്ലാരുന്നോ? എന്തിനാ അധികം പറയുന്നേ നമ്മടെ സാന്ദ്രമോള്‍ടെ ബര്‍ത്ത്ഡേയ്ക്ക് പോലും വന്നോ അവന്‍? എല്ലാ കൊല്ലോം കൊച്ചിന്റെ ബര്‍ത്ത് ഡേയ്ക്ക് ഏറ്റവും മുമ്പില്‍ നിന്നു എല്ലാം പ്രിപ്പയര്‍ ചെയ്യുന്നത് അവനല്ലരുന്നോ? എന്നിട്ട്?”

മാത്യൂസ് സാന്ദ്രയെ നോക്കി.
“നമ്മടെ ഭാഗത്ത് നിന്നു എന്തേലും മോശം വാക്കോ വര്‍ത്താനമൊ ഉണ്ടായോ?”

സൂസന്‍ എല്ലാവരോടുമായി ചോദിച്ചു.

“അവന് ഫീലാകുന്ന വിധത്തില്‍?”

മാത്യൂസും ആന്‍റണിയും തോള്‍ കുലുക്കി കാണിച്ചു.

“എനിക്ക് നിങ്ങളെയാ സംശയം!”

സൂസന്‍ ആന്‍റണിയെ നോക്കി.

“വെള്ളം അകത്ത് ചെന്നു കഴിഞ്ഞാ നിങ്ങക്ക് ഭയങ്കര പാരമ്പര്യവാദം കൂടുതലാ…തോമാശ്ലീഹേടെ കൈയ്യീന്ന് വെള്ളം നേരിട്ട് തലേല്‍ വീണ ബ്രാഹ്മണ പാരമ്പര്യം ഒക്കെ അന്നേരം പൊറത്തേക്ക് വരും…അത്പോട്ടെന്നു വെക്കാം കൂട്ടത്തില്‍ വിനൂനോട് പെലയനാ, പുതുക്രിസ്ത്യാനിയാ എന്നൊക്കെ ..അങ്ങനെ വല്ലോം പറഞ്ഞു കാണും!”

Leave a Reply

Your email address will not be published. Required fields are marked *