നിറമുള്ള വെയിലുകൾ

ആന്‍റണി മകളോട് ചോദിച്ചു.

“എന്‍റെ അപ്പാ അഗര്‍വാള്‍ അതാ മാത്യുച്ചായനോട് ഫോണില്‍കൂടി ഇപ്പം പറഞ്ഞെ!”

“അന്നോടാ മത്താ?”

ആന്‍റണി മകനോട്‌ ചോദിച്ചു.

മാത്യൂസ് സുന്ദരമായി പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
അവന്‍ പിന്നെ ഡയല്‍ ചെയ്തു.

“എടാ വിന്‍സെന്‍റ്റ്റെ!”

മാത്യൂസ് ആഹ്ലാദത്തോടെ വിളിച്ചു.

“നിന്നോട് എപ്പഴും പറയണോ?”

സൂസന്‍ ശബ്ദമുയര്‍ത്തി.

“സ്പീക്കറില്‍ ഇടെടാ!”

മാത്യൂസ് ഫോണ്‍ സ്പീക്കര്‍ മോഡില്‍ വെച്ചു.

“ആ പറ അച്ചായാ!”

ഫോണില്‍ നിന്നു ഒരു ചെറുപ്പക്കാരന്റെ വശ്യമായ സ്വരം അവര്‍ കേട്ടു.
സാന്ദ്ര തിളങ്ങുന്ന കണ്ണുകളോടെ സ്വയം പുഞ്ചിരിച്ചു.

“നീയെന്നാടാ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നെ?”

മാത്യൂസ് ഫോണിലൂടെ ചോദിച്ചു.

“എടാ വിനു , നീ എന്നാ മാജിക്ക് കാണിച്ചിട്ടാടാ ആ കാട്ടുകള്ളന്‍ അഗര്‍വാളിനെ മെരുക്കീത്! എടാ നീ എവിടെയാ? നീ ഇങ്ങോട്ട് ഒന്ന് വന്നെ!”

ആവേശം കാരണം മാത്യൂസ് ഒന്നിന് പിറകെ ഒന്നായി ഓരോന്ന് ചോദിച്ചു.

“ഒന്നുമില്ല അച്ചായാ…”

എളിമയോടെ യുവത്വം തുളുമ്പുന്ന ശബ്ദം ഫോണിലൂടെ ഒഴുകി.

“അയാളോട് കാര്യം പറഞ്ഞു..പിന്നെ എഗ്രിമെന്റില്‍ ഞാന്‍ പ്രത്യേകം പറഞ്ഞ്

എഴുതിച്ച ആ എഫ് ക്ലോസില്ലേ? അത് അങ്ങ് എടുത്തിട്ടു….അത് മതിയാരുന്നു മാര്‍വാഡിയ്ക്ക്…ഒന്നും മിണ്ടിയില്ല…നമ്മുടെ വഴിയ്ക്ക് വന്നു…”

“എഫ് ക്ലോസ്…”

മാത്യൂസ് എന്തോ ആലോചിച്ചു.

“ഒഹ്! മനസ്സിലായി മനസ്സിലായി … അത് വെച്ച് നീയവനെ പൂട്ടിയല്ലേ ബുദ്ധിമാനെ! അത് പോട്ടെ, നീ എവിടാ? പെട്ടെന്ന് ഇങ്ങോട്ടോന്നുവാടാ…. വാടാ മോനെ!”

മാത്യൂസിന്റെ ആഹ്ലാദത്തിനു അതിരികളില്ലായിരുന്നു.

“ഞാന്‍ വരാം അച്ചായാ!”

വിന്‍സെന്‍റ്റിന്‍റെ ശബ്ദം അവര്‍ കേട്ടു.

“ഇന്ന് അപ്പാപ്പന്റെ ആണ്ടാ. ഞാന്‍ പള്ളീന്ന് റിട്ടേണടിക്കുന്നതേയുള്ളൂ…ഞാന്‍ വന്നേക്കാം!”

“എന്‍റെ അപ്പാ…”

ഫോണ്‍ വെച്ച് കഴിഞ്ഞ് മാത്യൂസ് എല്ലാവരെയും അതിരില്ലാത്ത ആഹ്ലാദത്തോടെ നോക്കി.

“എത്ര ഈസിയായിട്ടാ വിനു ഈ ഇഷ്യൂ സോള്‍വ് ചെയ്തെ! അവന് കാര്യമായിട്ടെന്തെങ്കിലും കൊടുക്കണം…ഒരു പിശുക്കും കാണിക്കരുത് കേട്ടോ!”

“അല്ലേലും വിനുന്‍റെ കാര്യത്തിന് നമ്മളെപ്പഴാടാ പിശുക്ക് കാണിച്ചിട്ടൊള്ളേ? അവന്‍ പുതുക്രിസ്ത്യാനി ആണെന്നും വെച്ച് നമ്മള്‍ എപ്പഴേലും അവനെ തിരിച്ചു വ്യത്യാസം കാണിച്ചിട്ടുണ്ടോ? സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെയല്ലേ അവനെ കണ്ടെക്കുന്നെ?”

ആന്‍റ്ണി ചോദിച്ചു.

“അപ്പാ!”

ആന്‍റണിയുടെ വാക്കുകളെ അനിഷ്ട്ടത്തോടെ നേരിട്ടുകൊണ്ട് സാന്ദ്ര പറഞ്ഞു.

“സ്വന്തം കുടുംബം ആണെന്നും പുതിക്രിസ്ത്യാനീന്നും രണ്ടും കൊടെ ഒരുമിച്ച് പറയണ്ട!”

“അതിനിപ്പം എന്നാ?”

ആന്‍റണി മകളെ നോക്കി.

“ഞാന്‍ അതൊരു ആക്ഷേപം ആയിട്ട് പറഞ്ഞത് ഒന്നുമല്ലല്ലോ…ഞാനവനെ സ്വന്തം മോനെപ്പോലെയാ കാണുന്നെ!”

ആന്‍റണിയുടെ വാക്കുകള്‍ കേട്ട് അവള്‍ പുഞ്ചിരിയോടെ അയാളെ നോക്കി.
അവളുടെ ഭംഗിയുള്ള നുണക്കുഴികള്‍ വിടരുന്നത് സൂസന്‍ കണ്ടു.
അമ്മ തന്നെ ശ്രദ്ധിക്കുന്നത് സാന്ദ്ര അറിഞ്ഞു.

സൂസന്‍ അവളെ ചോദ്യരൂപത്തില്‍, ശാസനയോടെ നോക്കി.
അവള്‍ മുഖം മാറ്റി ഭക്ഷണം കഴിക്കുന്നതില്‍ ശ്രദ്ധിച്ചു.
**************************************************************

ഡിപ്പാര്‍ട്ട്മേന്‍റ്റിലേക്ക് ഒരു മെയില്‍ അയച്ചുകൊണ്ടിരിക്കുമ്പോഴാണ് സൂസന്‍ വാതില്‍ക്കല്‍ നില്‍ക്കുന്നത് സാന്ദ്ര കാണുന്നത്.
അവള്‍ മുഖം തിരിച്ചു നോക്കി.

“എന്താ മമ്മി?”

മോണിട്ടറിലേക്ക് ശ്രദ്ധ മാറ്റി സാന്ദ്ര ചോദിച്ചു.

“ബിസിയാണോ മോളെ?”

സൂസന്‍ ചോദിച്ചു.

സാന്ദ്ര പെട്ടെന്ന് മുഖം തിരിച്ച് അമ്മയെ നോക്കി.

“ഇന്നെന്താ എന്‍റെ മമ്മി സുന്ദരിയ്ക്ക് ഒരു ഇന്‍ട്രോയൊക്കെ? അല്ലെങ്കില്‍ ഇടിച്ചു കേറിപ്പറയുന്നതാണല്ലോ…”

അവള്‍ അമ്മയുടെ കൈയ്യില്‍ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു.

സൂസന്‍ അകത്തേക്ക് കയറി മകളുടെ അടുത്ത് സോഫയില്‍ ഇരുന്നു.
അവളുടെ മുടിയിലൂടെ കയ്യോടിച്ചു.

“ഒരു ബിസീം ഇല്ല…”

സൂസന്റെ തഴുകലിന്റെ സുഖത്തില്‍ സാന്ദ്ര പറഞ്ഞു.

“എന്താ മമ്മി? എന്തോ കാര്യമായി ഉണ്ടല്ലോ..മമ്മീടെ മൊഖം കണ്ടാല്‍ അറിയാം…”

സൂസന്‍ മകളെ സൂക്ഷിച്ചു നോക്കി.

“കഴിഞ്ഞ ഒരു മാസമായി ഞാന്‍ നിന്നെ ശ്രദ്ധിക്കുന്നു…”

അവളുടെ കൈവിരലുകള്‍ തഴുകിക്കൊണ്ട് സൂസന്‍ പറഞ്ഞു.

“മോളെപ്പഴും വല്ലാത്ത ഒരു വിചാരത്തിലാ… എപ്പഴും എന്തോ സ്വപ്നം ഒക്കെ കണ്ട്…ഈ ഏജില്‍ അങ്ങനെ ഒക്കെ ഉണ്ടാവും..ഉണ്ടാവുകേം വേണം …അതിനൊന്നും മമ്മി എതിരല്ല …. പക്ഷേ ….”

സൂസന്‍ മകളെ നോക്കി.
സാന്ദ്രയുടെ മുഖത്തെ ഭാവം മാറി.
അവളില്‍ ലജ്ജയും കണ്ണുകളില്‍ വാക്കുകള്‍ക്ക് പിടികൊടുക്കാന്‍ വിസമ്മതിക്കുന്ന സ്വപ്നഭാഷയും വിടര്‍ന്നു.

“മോള്‍ടെ വിചാരത്തില്‍ . സ്വപ്നങ്ങളില്‍ …അതിന്‍റെ കേന്ദ്രസ്ഥാനത്ത് ആരാ മോളെ?”

അവര്‍ മകളുടെ കണ്ണുകളിലേക്ക് ചുഴിഞ്ഞു നോക്കി.
അമ്മയുടെ നോട്ടത്തിലെക്ക് അവള്‍ ലജ്ജയുടെ വസന്തമെറിഞ്ഞു.

“ആരാ അത്?”

സൂസന്‍ വീണ്ടും ചോദിച്ചു.

“വിന്‍സെന്‍റ്റ്….വിന്‍സെന്‍റ്റ് ചേട്ടായി….”

“ഈശോയെ…!”

താന്‍ ഭയപ്പെട്ടത് കേട്ടതിന്‍റെ പരിഭ്രമത്തില്‍ സൂസന്‍ കണ്ണുകള്‍ മിഴിച്ച് മകളെ നോക്കി.

“നീയിതെന്ത് ഭാവിച്ചാ മോളെ?”

അവര്‍ പെട്ടെന്ന് ചോദിച്ചു.

“വിനൂന് അറിയാമോ ഇത്?”

“ഇല്ല മമ്മി…എന്നെ ഇപ്പഴും ചേട്ടായി കാണുന്നെ ജയ്മോള്‍ടെ സ്ഥാനത്താ…”

വിന്‍സെന്‍റ്റിന്‍റെ ഇളയ സഹോദരിയാണ് ജയ് മോള്‍.

“പിന്നെ…? പിന്നെ എന്തിനാ നീ അവനെ ധ്യാനിച്ച്‌ നടക്കുന്നെ? അപ്പനും ഇച്ചായനും ഒക്കെ അറിഞ്ഞാ എന്താ ഉണ്ടാകുവേന്ന് അറിയില്ലേ നിനക്ക്?”

“അറിയില്ല..”

സാന്ദ്ര പുഞ്ചിരിയോടെയാണ് പറയുന്നത്.

“നമ്മുടെ കുടുംബക്കാര്…ബന്ധുക്കാര് അവരൊക്കെ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലേ മോള്‍ക്ക്?”

“അറിയില്ല ….”

സാന്ദ്ര പുഞ്ചിരിച്ചുകൊണ്ട് അവരുടെ കണ്ണുകളിലേക്ക് നോക്കി.

“പിന്നെ?”

സൂസന്‍ ശബ്ദമല്‍പ്പം ഉയര്‍ത്തി.

“പിന്നെ എന്തറിയാം?”

“വിന്‍സെന്‍റ്റ് ചേട്ടായിയെ എനിക്ക് ഇഷ്ടമാണ് എന്നറിയാം. എന്‍റെ ജീവനേക്കാള്‍ ഇഷ്ടമാണ് എന്നറിയാം…എനിക്ക് ചേട്ടായി ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നും അറിയാം….”

സൂസന്‍ അദ്ഭുതത്തോടെ മകളെ നോക്കി.

“പിന്നെ ഒന്നുകൂടി അറിയാം മമ്മീ എനിക്ക്…”

അത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഈറന്‍ പടര്‍ന്നിരുന്നു.
സൂസന്‍ അവള്‍ എന്താണ് പറയാന്‍ പോകുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ അവളെ നോക്കി.

“വിന്‍സെന്റ് ചേട്ടായി ഒരിക്കലും എന്നെ ഒരു ലവര്‍ ആയോ ഭാര്യ ആയോ കാണില്ല എന്നും അറിയാം,”

ആ വാക്കുകള്‍ പറയുമ്പോള്‍ അതിസുന്ദരിയായ തന്‍റെ മകളുടെ മുഖം ഏറ്റവും അഭൌമമായ സൌന്ദര്യത്തിലേക്ക് പരിണമിക്കുന്നത് പോലെ സൂസന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *