“ഒരു അര മണിക്കൂർ ആയിക്കാണും മാഡം.”
“ആഹാ അത് ശരി…എന്തിനാ ഇത്രയും നേരത്തെ വന്നത്?”
“ആദ്യത്തെ ദിവസം അല്ലേ മാഡം അതുകൊണ്ട് ഇങ്ങു പോന്നതാ.”
“ഈ ആവേശം ഒക്കെ ആദ്യത്തെ ദിവസം മാത്രമേ കാണുകയുള്ളോ അതോ…”
“ഏയ് ഹഹ…”
താക്കോൽ എടുത്ത് പൂട്ട് തുറക്കാൻ വേണ്ടി പോയ അവരെ തടഞ്ഞുകൊണ്ട് ആര്യൻ അവരുടെ കൈയിൽ നിന്നും താക്കോൽ വാങ്ങി കുനിഞ്ഞിരുന്നുകൊണ്ട് രണ്ട് പൂട്ടുകളും അഴിച്ച ശേഷം ഷട്ടർ തുറന്നു.
അവർ അവനെ നോക്കി നന്ദി സൂചകമായി ഒരു ചിരി നൽകിയിട്ട് ഓഫീസിനുള്ളിൽ കയറി അവരുടെ കസേരയിൽ പോയി ഇരുന്ന ശേഷം ബാഗ് മേശപ്പുറത്ത് വെച്ചു.
ആര്യനും അവരുടെ പുറകെ തന്നെ അകത്തേക്ക് കയറുകയും താക്കോൽ അവരുടെ കൈയിൽ തന്നെ കൊടുത്ത ശേഷം ഓഫീസിന് അകം മുഴുവൻ ഒന്ന് പോയി നോക്കി.
പുറമെ നിന്നും കാണുന്നത് പോലെ തന്നെ ഉള്ളിലും അത്ര വിശാലം അല്ലാത്ത ചെറിയൊരു കെട്ടിടം. ഒരു ചെറിയ ഹാളും ഒരു മുറിയും ഒരു ചെറിയ ടോയ്‌ലറ്റും മാത്രം. ഫ്രണ്ട് ഓഫീസ് ആണ് ഹാൾ. അതിൻ്റെ വലത് ഭാഗത്ത് ഒരു വാതിൽ വഴി അകത്തേക്ക് ഒരു ചെറിയ മുറി. അവിടെയാണ് സ്റ്റാംപ് പതിപ്പിക്കൽ കത്തുകൾ അടുക്കുക മുതലായ തൻ്റെ പണികൾ ചെയ്യേണ്ടത് എന്ന് ആര്യൻ മനസ്സിലാക്കി. ആ മുറിയിൽ തന്നെ മറ്റൊരു ചെറിയ വാതിലിൽ കൂടി ടോയ്‌ലറ്റിൽ കയറാം. ഇത്രയും ആണ് ആ കെട്ടിടത്തിനുള്ളിലെ ഓഫീസ്.
എല്ലാം നോക്കി തിരിച്ചു വന്ന ആര്യനെ കണ്ട അവർ “ഇത്രയൊക്കെ സൗകര്യങ്ങളെ ഉള്ളൂ ഇവിടെ” എന്ന് പറഞ്ഞു.
“ഓ ഇതൊക്കെ തന്നെ ധാരാളം ഹഹ.”
“എന്താ പേര്?”
“ആര്യൻ…മാഡത്തിൻ്റെയോ?”
“ലിയ…എവിടെയാ ആര്യൻ്റെ സ്ഥലമൊക്കെ?”
“കോട്ടയം.”
“ആഹാ…അപ്പോ എവിടെയാ ഇപ്പൊ താമസിക്കുന്നത്.”
“ഇവിടെ അടുത്ത് തന്നെയാ. തോമസ് വില്ലയുടെ ഓപ്പൊസിറ്റ് ഉള്ള വീട്ടിൽ. അവരുടെ തന്നെ പഴയ വീടാ.”
“ഹാ അറിയാം. മുൻപുണ്ടായിരുന്ന ആളും അവിടെ തന്നെ ആയിരുന്നു.”
“അതേ.”
“എന്നിട്ടാണോ ഇത്രയും നേരത്തെ വന്നത്?”
“അത് പിന്നെ ഇങ്ങു പോന്നു…മാഡം എപ്പോഴാ വരുക എന്നറിയില്ലായിരുന്നല്ലോ.”
“അത് ശരി…ഞാൻ ബസ്സിനാ വരുന്നത് അത് ഇവിടെ എത്തുമ്പോൾ എട്ടര കഴിയും.”
“ആണല്ലേ…?”
“ആ സമയം ആകുമ്പോഴേക്കും ഇറങ്ങിയാൽ മതി. അത് തന്നെ നേരത്തെയാ…ഇതിന് മുന്നേ ഉണ്ടായിരുന്ന ആള് ഉച്ച ആകുമ്പോളാ വന്നിരുന്നത് തന്നെ.”
“ഹാ എന്നോട് തോമാച്ചൻ പറഞ്ഞിരുന്നു ഹഹ.”
“മ്മ്…സത്യം പറഞ്ഞാൽ അതിനുള്ള പണിയേ ഉള്ളൂ ഇവിടെ എന്നാലും ഒരു ഗവൺമെൻ്റ് ഓഫീസ് അല്ലേ നമ്മൾക്ക് ഒരു ഉത്തരവാദിത്വം വേണ്ടേ…?”
“അതേ മാഡം തീർച്ചയായും.”
“എന്തായാലും…സോറി പേരെന്താണെന്നാ പറഞ്ഞത്…?”
“ആര്യൻ…”
“ഹാ ആര്യൻ…എന്തായാലും ആര്യൻ അയാളെ പോലെ അല്ലെന്ന് ഞാൻ വിശ്വസിക്കുന്നു…അതുകൊണ്ട് താക്കോൽ ഞാൻ ആര്യനെ ഏൽപ്പിക്കാം. അഥവാ നേരത്തെ വന്നാലും ഓഫീസ് തുറന്ന് അകത്തിരിക്കാമല്ലോ.”
“അതിനെന്താ മാഡം ഞാൻ നേരത്തെ തന്നെ എത്തിക്കോളാം അതോർത്ത് മാഡം പേടിക്കണ്ട.”
“ഹാ പക്ഷേ ആര്യൻ്റെ ഡ്യൂട്ടി ടൈം രണ്ട് മണി വരെ അല്ലേ ഉള്ളൂ അതുകൊണ്ട് ആര്യൻ നാല് മണി ആകുമ്പോഴേക്കും വന്ന് താക്കോൽ വാങ്ങിക്കേണ്ടി വരും. അല്ലെങ്കിൽ ഞാൻ പോകുന്ന വഴി തരാം എന്താ?”
“അത് സാരമില്ല മാഡം എനിക്ക് രണ്ട് മണിക്ക് തന്നെ പോകണം എന്നൊന്നും നിർബന്ധമില്ല. മറ്റ് അത്യാവശ്യങ്ങൾ ഒന്നും ഇല്ലാത്ത ദിവസങ്ങളിൽ എല്ലാം ഞാനും ഇരിക്കാം നാല് മണി വരെ.”
“അയ്യോ അത് ആര്യന് ബുദ്ധിമുട്ടാവില്ലേ. മാത്രവും അല്ല ഇവിടെ അങ്ങനെ കാര്യമായി പണി ഒന്നും ഇല്ലാത്തോണ്ട് നല്ല മുഷിപ്പും ആയിരിക്കും.”
“അതിപ്പോ മാഡത്തിനും അങ്ങനെ തന്നെയല്ലേ മാഡം. എനിക്കൊരു കുഴപ്പവും ഇല്ല. പിന്നെ മാഡം ചെയ്യുന്ന പണി എനിക്കൂടെ പഠിക്കാമല്ലോ ഭാവിയിൽ അത് എനിക്ക് ഗുണവും ചെയ്യും.”
