“ഇനി അങ്ങനെ ഒരു മോഹം തോന്നുമ്പോഴൊക്കെ ചേച്ചി ഇവിടെ നിന്നോ…” ആര്യൻ പറഞ്ഞു.
ലിയ അത് കേട്ട് ഉള്ളാൾ പുഞ്ചിരിച്ചുകൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു.
കുറച്ച് നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആര്യൻ തല ഉയർത്തി ലിയയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കുന്നത് കണ്ട ലിയ “എന്താടാ…?” എന്ന് അവനോട് ചോദിച്ചു.
“ഏയ് ഒന്നും മിണ്ടാതായപ്പോൾ ഇനി കരയുവാണോ എന്ന് നോക്കിയതാ…” ആര്യൻ പറഞ്ഞിട്ട് വീണ്ടും മുഖം താഴ്ത്തി കിടന്നു.
“ഇനി ഇതും പറഞ്ഞോണ്ടിരുന്നാൽ ഞാൻ ചിലപ്പോ കരയും…അതുകൊണ്ട് നീ എന്തെങ്കിലും പറ ഇനി…” ലിയ അവനോട് പറഞ്ഞു.
“എനിക്ക് പറയാനല്ല, ഒരു സംശയം ചോദിക്കാനാ ഉള്ളത്…”
“എന്താ ചോദിക്ക്…”
“അതേ ഈ കഥ പറച്ചിലിനിടയിൽ നിങ്ങൾക്കൊരു മോൻ എങ്ങനെ ഉണ്ടായി…?”
ആര്യൻ്റെ ചോദ്യം കേട്ട് ലിയക്ക് ചിരി വന്നെങ്കിലും അവളവൻ്റെ ചെവിയിൽ ഒരു കിഴുക്ക് കൊടുത്തിട്ട് “ഈ ചെക്കൻ…” എന്ന് പറഞ്ഞു. ഉടനെ തന്നെ “അതൊക്കെ അതിൻ്റിടയിൽ അങ്ങനെ നടക്കും കേട്ടോ…നീ കൂടുതൽ തല പുകയ്ക്കണ്ട…” എന്നും ലിയ പറഞ്ഞു.
ആര്യൻ കിഴുക്ക് കിട്ടിയ വേദനയിൽ “ഹൂ…” എന്ന് ശബ്ദം ഉണ്ടാക്കിയ ശേഷം “ഹാ പുകയ്ക്കുന്നില്ല…” എന്നും മറുപടി കൊടുത്തു.
വീണ്ടും കുറച്ച് നേരത്തെ മൗനത്തിനു ശേഷം ആര്യൻ അവളെ വിളിച്ചു.
“ചേച്ചീ…”
“ഉം…എന്താടാ?”
“വെറുതേ പറഞ്ഞതാ കേട്ടോ…”
“എന്ത്…?”
“ആ ചോദ്യം…ചേച്ചീടെ മൂഡ് മാറിക്കോട്ടെ എന്ന് കരുതി ചോദിച്ചതാ…ഞാൻ എല്ലാം കളിയായിട്ടാ ഇതുവരെ കേട്ടോണ്ടിരുന്നത് എന്ന് ചേച്ചി വിചാരിക്കരുത്…” ആര്യൻ മൃദുലമായ സ്വരത്തിൽ പറഞ്ഞു.
“ഏയ് ഇല്ലെടാ…നിന്നെ മനസ്സിലാക്കിയ പോലെ ഞാൻ ഇപ്പോൾ മറ്റാരെയും മനസ്സിലാക്കിയിട്ടില്ല…എനിക്ക് മനസ്സിലാവും നിൻ്റെ ഓരോ വാക്കുകളും പ്രവർത്തികളും…സത്യം പറഞ്ഞാൽ ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും അങ്ങനെ കരയാതിരുന്നത് ഇടക്കൊക്കെ നീ ചെറിയ തമാശകൾ പറഞ്ഞ് എൻ്റെ മനസ്സിനെ വഴി തിരിച്ച് വിടുന്നതുകൊണ്ടാ…അത് നീ ബോധപൂർവം ചെയ്യുന്നതാണെന്നും എനിക്കറിയാം…” ലിയയുടെ വാക്കുകൾ അവനെ സന്തോഷിപ്പിച്ചു.
യഥാർത്ഥത്തിൽ തന്നെ ഇത്രയൊക്കെ മനസ്സിലാക്കിയിട്ടുണ്ടായിരുന്നോ ലിയ എന്ന് ആര്യന് അപ്പോഴാണ് അറിവുണ്ടായത്. അവളോട് അവന് വീണ്ടും കൂടുതൽ സ്നേഹം തോന്നാൻ അതുമൊരു കാരണമായി.
അവൻ അവളുടെ വയറിൽ മുഖം അമർത്തി കിടന്നതിനോടൊപ്പം തന്നെ “ഉമ്മാ…” എന്ന് പറഞ്ഞുകൊണ്ട് ഒരു ചുംബനം കൂടി അവളുടെ വയറിൽ ആ നൈറ്റിക്ക് പുറത്തുകൂടി കൊടുത്തു.
തീർത്തും അപ്രതീക്ഷിതം ആയിരുന്നെങ്കിലും അവനിൽ തന്നോടുള്ള സ്നേഹം ഒരു പരിധി കൂടി കടന്നിരിക്കുന്നു എന്ന തിരിച്ചറിവ് ലിയക്കും ഉണ്ടായി. അവൾ മനസ്സുകൊണ്ട് നിറയെ സന്തോഷിച്ചു. കൂടാതെ അവൾ തല കുനിച്ച് അവൻ്റെ കവിളിലും തിരിച്ച് ഒരുമ്മ കൊടുത്തുകൊണ്ട് ആ സന്തോഷം പ്രകടിപ്പിക്കാനും മടിച്ചില്ല.
“ഉറക്കം വരുന്നെങ്കിൽ ഇനി പോയി കിടന്നോടാ…” ലിയ അവനോട് പറഞ്ഞു.
“കുറച്ച് നേരം കൂടി ഇങ്ങനെ കിടക്കട്ടെ…” ആര്യൻ തല ഒന്ന് ഇളക്കിക്കൊണ്ട് പറഞ്ഞു.
“സുഖം പിടിച്ച് ഇവിടെ കിടന്ന് ഉറങ്ങുമോ…?” ലിയ ചിരിച്ചു.
“ഏയ് ഇല്ല…പക്ഷേ പോകുമ്പോൾ തല വെയ്ക്കാൻ വേണ്ടി ഞാൻ ഈ പഞ്ഞിമെത്ത കൂടി കൊണ്ടുപോകും…” ആര്യൻ ഒരു തമാശ പോലെ അവളുടെ വയറിൽ മുഖം ഉരച്ചുകൊണ്ട് പറഞ്ഞു.
“ഹാ…ഹഹ…ടാ എനിക്ക് ഇക്കിളി ആവുന്നുണ്ട് കേട്ടോ…” ലിയ അവൻ്റെ മുഖത്ത് കൈ വെച്ചു.
“ആണോ…ഇപ്പോഴോ…” എന്ന് പറഞ്ഞിട്ട് ആര്യൻ അവളുടെ ഇടുപ്പിൻ്റെ ഒരു വശത്ത് മെല്ലെ നുള്ളി.
“ഹാ…അടങ്ങി കിടക്കുന്നുണ്ടോ നീ…” ലിയ വീണ്ടും ചിരിച്ചു.
ആര്യൻ അടങ്ങി കിടന്നു. ഉറക്കത്തിലേക്ക് മെല്ലെ വഴുതുകയാണെന്ന് ആര്യന് മനസ്സിലായപ്പോൾ അവൻ അവളുടെ മടിയിൽ നിന്നും മെല്ലെ തല ഉയർത്തി കട്ടിലിൽ എഴുന്നേറ്റിരുന്നു.
