മന്ദാരക്കനവ് – 9 5അടിപൊളി  

 

“ഹലോ അമ്മേ…” ലിയ വിളിച്ചു. അതിന് ശേഷം അവർ പറഞ്ഞത് എന്തൊക്കെയാണെന്ന് ആര്യൻ ശ്രദ്ധിച്ചില്ല. അവൻ്റെ മനസ്സിൽ അമ്മയെ കാണണം എന്ന ആഗ്രഹം മാത്രം ആയിരുന്നതിനാൽ മിഴികളിൽ നിന്നും കണ്ണുനീർ പൊഴിയാൻ തുടങ്ങി. അവൻ അത് കവിളിലൂടെ ഒഴുകുംതോറും തുടച്ചുകൊണ്ടേയിരുന്നു. ലിയ അത് ശ്രദ്ധിച്ചെങ്കിലും അമ്മയോട് പറയാൻ നിന്നില്ല. വെറുതേ അമ്മയേക്കൂടി സങ്കടപ്പെടുത്തണ്ട എന്ന് കരുതി തന്നെ. ഒടുവിൽ അവൾ അമ്മയ്ക്ക് അവളുടെ ഫോൺ നമ്പർ പറഞ്ഞുകൊടുത്ത ശേഷം ആര്യന് ഫോൺ തിരികെ നൽകി.

 

“അമ്മേ…ഞാൻ ഈ ആഴ്‌ച്ച അങ്ങോട്ട് വരാമേ…” ആര്യൻ അമ്മയെ കാണാനുള്ള ആഗ്രഹത്തിൽ പറഞ്ഞു.

 

“വേണ്ട മോനേ…ഞാൻ പറഞ്ഞില്ലേ ഓരോ ആഴ്ചയും നീ ബുദ്ധിമുട്ടി ഇങ്ങോട്ട് വരേണ്ട കാര്യമില്ല…മാസത്തിൽ ഒരു തവണ വന്നാൽ മതി…അമ്മയ്ക്കിവിടെ ഒരു കുഴപ്പവുമില്ല…ലിയ മോള് നമ്പർ തന്നിട്ടുണ്ട് ഞാൻ ഇടയ്ക്ക് വിളിക്കാം…മോനും വിളിക്ക്…”

 

“വിളിക്കാം അമ്മേ…സത്യം പറഞ്ഞാൽ ലിയ ചേച്ചിക്ക് ഫോൺ ഉള്ള കാര്യം മറന്ന് പോയി അതാ വിളിക്കാൻ ഞാൻ ഇത്രയും താമസിച്ചത്…ഇനി ഞാൻ എന്നും വിളിക്കാം…” ആര്യൻ വിതുമ്പിക്കൊണ്ട് പറഞ്ഞു.

 

“ശരി മോനേ…എങ്കിൽ വെച്ചോ കേട്ടോ…ഒന്നും പേടിക്കണ്ട അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല ഇവിടെ കേട്ടോ…”

 

“ശരി അമ്മേ…ഉറങ്ങിക്കോ കേട്ടോ…”

 

“ശരി മോനെ…അമ്മ വെച്ചേക്കുവാണേ…”

 

“ഹാ അമ്മേ…” ആര്യൻ പറയുമ്പോഴേക്കും ഫോൺ കട്ടായിരുന്നു.

 

അവൻ ഫോൺ തിരികെ ലിയയുടെ കൈയിൽ കൊടുത്തിട്ട് അവളെ നോക്കി നിറഞ്ഞ മിഴികളോടെ ഒന്ന് പുഞ്ചിരിച്ച ശേഷം മുകളിലേക്ക് നോക്കിയിരുന്നുകൊണ്ട് രണ്ടുകൈകളും ഉപയോഗിച്ച് കണ്ണുനീർ തുടച്ചു. അവൻ്റെ ആ ഇരുപ്പ് കണ്ട് സഹിക്കാനാവാതെ ലിയ എഴുന്നേറ്റ് പോയി അവൻ്റെ അരികിൽ നിന്നുകൊണ്ട് ആര്യൻ്റെ തല പിടിച്ച് മുഖം അവളുടെ വയറിലേക്ക് ചേർത്ത് വച്ചു. ആര്യൻ അവളെ ചുറ്റിപ്പിടിച്ച് ഏങ്ങലടിച്ച് കരയാൻ തുടങ്ങി. ഒരാഴ്ചക്ക് ശേഷം അമ്മയുടെ ശബ്ദം കേട്ട ആര്യൻ്റെ നിയന്ത്രണം പൂർണമായും വിട്ടുകൊണ്ട് അമ്മയെ കാണാനുള്ള ആഗ്രഹത്താൽ അവൻ്റെ മനസ്സ് പിടഞ്ഞു. ലിയ അവൻ്റെ തലയിൽ തഴുകിക്കൊണ്ടിരുന്നു. അവളുടെ കണ്ണിൽ നിന്നും അറിയാതെ രണ്ട് തുള്ളികൾ പൊഴിഞ്ഞ് വീണിരുന്നു.

 

കുറച്ച് മിനിട്ടുകൾക്ക് ശേഷം ലിയ ആര്യൻ്റെ കരച്ചിൽ അടങ്ങിയെന്ന് മനസ്സിലായപ്പോൾ അവൻ്റെ മുഖം പിടിച്ചുയർത്തി കണ്ണുനീർ തുടച്ചു കൊടുത്ത ശേഷം കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിച്ചു. ആര്യനും ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

 

“വിഷമിക്കണ്ട…” ലിയ അവൻ്റെ നെറുകയിൽ ഒരു ചുംബനം കൊടുത്തിട്ട് മുടിയിൽ തഴുകിക്കൊണ്ടിരുന്നു.

 

“ഉം…” ആര്യൻ ഒന്ന് മൂളിയിട്ട് വീണ്ടും ലിയയെ ചുറ്റിപ്പിടിച്ചുകൊണ്ട് അവളുടെ വയറിൽ മുഖം അമർത്തി ഇരുന്നു.

 

ലിയ വീണ്ടും ഒരു പുഞ്ചിരിയോടെ തന്നെ അവനെ തഴുകി.

 

“അമ്മ ചേച്ചിയോട് എന്താ പറഞ്ഞത്…?” ആര്യൻ തല മെല്ലെ ഉയർത്തിയിട്ട് മുഖത്തിൻ്റെ വലതുവശം വയറിൽ ചേർത്ത് വെച്ചിട്ട് ചോദിച്ചു.

 

“നിന്നോട് വിഷമിക്കരുത് എന്ന് പറയണമെന്ന്…അമ്മയ്ക്ക് അവിടെ ഒരു കുഴപ്പവും ഇല്ലെന്ന്…”

 

“ഉം…”

 

“പിന്നെ നിന്നെ ഒന്ന് നോക്കിക്കോളണമെന്നും…”

 

അത് കേട്ട് ആര്യൻ ഒന്ന് ചിരിച്ചു.

 

“എന്നിട്ട് എന്ത് പറഞ്ഞു…?” അവൻ ചോദിച്ചു.

 

“നോക്കിക്കോളാം എന്ന് പറഞ്ഞു…എന്താ വേണ്ടായിരുന്നോ…?” ലിയ മെല്ലെ ചിരിച്ചു.

 

“ഉം…നോക്കിക്കോ…”

 

“അതിനെന്താ നോക്കാലോ…” അവളുടെ വിരലുകൾ നിർത്താതെ അവൻ്റെ മുടിയിഴകളിലൂടെ ഇഴഞ്ഞു.

 

“അപ്പൊ ഇനി ഇവിടുന്ന് പോകുന്നില്ലേ…?”

 

“എന്താ പോകണ്ടേ…?”

 

“പോകുന്നില്ലെങ്കിൽ പോകണ്ട…ചേച്ചീടെ ഇഷ്ടം…” ആര്യൻ ഒന്ന് ചിണുങ്ങി.

 

“അയ്യടാ…അപ്പൊ എൻ്റെ കൊച്ചനെ ആര് നോക്കും…?”

 

“അവനെ നോക്കാൻ അവിടെ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടല്ലോ പിന്നെന്താ…?” ആര്യൻ ചോദിച്ചു.