ആര്യൻ കിടപ്പിൽ നിന്നും എഴുന്നേറ്റിരുന്നുകൊണ്ട് ലിയയെ ഒന്ന് നോക്കി.
“അതേ, ശരിയാണ്…ചേച്ചിയുടെ കണ്ണുകൾ കലങ്ങിയിട്ടുണ്ട്…” ആര്യൻ മനസ്സിൽ പറഞ്ഞു.
“അതേ കഥ പറഞ്ഞ് കരയാനുള്ള പരിപാടി ആണെങ്കിൽ ദേ ഞാൻ ഇപ്പൊ ഇറങ്ങി പോകും കേട്ടോ…” ആര്യൻ വിരൽ ചൂണ്ടി ഒരേസമയം തമാശയായിട്ടും കാര്യമായിട്ടും തോന്നുന്ന രീതിയിൽ അവളോട് പറഞ്ഞു.
ലിയ അതുകേട്ട് ഒന്ന് പുഞ്ചിരിച്ചപ്പോഴേക്കും അവളുടെ കണ്ണുകളിൽ നിന്നും അറിയാതെ വെള്ളം പുറത്തേക്ക് ചാടി. അവളത് പെട്ടെന്ന് തന്നെ തുടച്ചിട്ട് ആര്യനെ ഒന്ന് നോക്കി.
ആര്യൻ കട്ടിലിൽ നിന്നും പതിയെ ഇറങ്ങാനായി തുടങ്ങുന്നത് കണ്ട ലിയ അവൻ്റെ കൈയിൽ പിടിച്ചിട്ട് “ടാ പോവല്ലേ ഞാൻ കരഞ്ഞതല്ല…” എന്ന് പറഞ്ഞു.
“പോകാനല്ല…ഞാൻ അവിടുന്നൊരു തലയിണ കൂടി എടുത്തിട്ട് വരാം…ഇങ്ങനെ കിടന്നിട്ടൊരു സുഖമില്ല അതാ…” ആര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതാണോ…നീ അല്ലേ പറഞ്ഞത് എൻ്റെ വയറ് പഞ്ഞിമെത്ത പോലെയാണെന്നും മുഖം അമർത്തി കിടക്കാൻ നല്ല സുഖം ആണെന്നുമൊക്കെ…ഇവിടെ കിടന്നോടാ…” ലിയ അവളുടെ മടിയിലേക്ക് കൈ വെച്ചുകൊണ്ട് അവനോട് പറഞ്ഞു.
“എപ്പൊ കിടന്നു എന്ന് ചോദിച്ചാൽ മതി…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ലിയയുടെ മടിയിലേക്ക് തല വെച്ചുകൊണ്ട് മുഖം വയറിലേക്ക് മെല്ലെ അമർത്തി ചുരുണ്ട് കിടന്നു.
“ഉം…ഇനി ചേച്ചി പറഞ്ഞോ…എത്ര നേരം വേണേലും ഞാൻ ഇരുന്ന് കേട്ടോളാം…” ആര്യൻ പറഞ്ഞു.
ലിയ ഒന്ന് ചിരിച്ചിട്ട് അവൻ്റെ മുടിയിഴകളിലൂടെ വിരലുകൾ ഓടിച്ചു തുടങ്ങി.
“ഇച്ഛായൻ പോയതിൽ പിന്നെ എന്നെ അത് ചെറുതായി ഒന്നുമല്ല ബാധിച്ചത്…എത്ര നാള് വേണ്ടി വന്നു അതുമായി മനസ്സൊന്നു പൊരുത്തപ്പെട്ടു വരാനെന്ന് എനിക്ക് ഓർമയില്ല…അങ്ങനെ വാ തോരാതെ സംസാരിച്ചുകൊണ്ടിരിക്കാൻ എന്നെ പഠിപ്പിച്ച ആള് തന്നെ എന്നെ മൗനമായി ഇരിക്കാനും പഠിപ്പിച്ചു…പിന്നെ ഞാൻ വാ തോരാതെ സംസാരിച്ചിട്ടുണ്ടെങ്കിൽ അത് നിന്നോട് മാത്രമാ…”
ആര്യൻ അത്രയും കേട്ടതും അവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം ലിയയുടെ അരയ്ക്ക് ചുറ്റിനും കൈകൾ രണ്ടും കൂട്ടിപ്പിടിച്ചുകൊണ്ട് മുഖം വയറിലേക്ക് നന്നായി ചേർത്ത് വെച്ച് കിടന്നു.
ലിയക്ക് ഒരേസമയം അത് ആശ്വാസവും, സന്തോഷവും, കൂടാതെ ഒരുതരം ഇക്കിളിയും കൂടി സമ്മാനിച്ചു.
“നീ ഇവിടെ വന്നതിന് ശേഷമാണ് ഞാൻ വീണ്ടും പഴയപോലെ ആകാനൊരു ശ്രമം നടത്തിയത് പോലും…ശരിക്കും എൻ്റെ വിഷമങ്ങൾക്ക് ഒരു ആശ്വാസം നൽകാൻ വേണ്ടി വേഷം മാറി വന്ന മാലാഖ വല്ലോം ആണോടാ നീ…” ലിയ പറഞ്ഞു നിർത്തിയ ശേഷം ഒന്ന് ചിരിച്ചിട്ട് അവൻ്റെ തലയിലൊന്നമർത്തി.
“അതേ…എൻ്റെ ശരിക്കുമുള്ള പേര് ഏഗൺ…ഏയ്ഞ്ചൽ ഏഗൺ…ചേച്ചിക്ക് സംശയം തോന്നാതിരിക്കാൻ ഏഗൺ ഒന്ന് മോടിഫൈ ചെയ്ത് ആര്യൻ ആക്കി…ചിറക് കഴുകാൻ ഇട്ടേക്കുവാ നാളെ രാവിലെ കാണിച്ച് തരാം…” ആര്യൻ അവളെ ചിരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെ പറഞ്ഞു.
ആര്യൻ ഉദ്ദേശിച്ചത് പോലെ തന്നെ ലിയ അത് കേട്ട് ചിരിച്ചു. കൂടാതെ അവൻ്റെ തലയിൽ ഒരു കൊട്ടും വെച്ച് കൊടുത്തു. ശേഷം അവിടെ അവൾ വീണ്ടും തഴുകി.
“നിങ്ങളെന്തൊക്കെ കഥകളായിരുന്നു ചേച്ചീ പറയുന്നത്…?” ആര്യൻ അവളോട് ചോദിച്ചു.
“അങ്ങനെ ഇന്നതെന്നൊന്നും ഇല്ലായിരുന്നെടാ…പണ്ട് നടന്ന കാര്യങ്ങളും, അന്നത്തെ ദിവസം നടന്ന കാര്യങ്ങളും, ഇനി നടക്കാൻ പോകുന്ന കാര്യങ്ങളും അങ്ങനെ എന്തൊക്കെ മനസ്സിൽ വരുന്നോ അതെല്ലാം…ഞങ്ങൾ പരസ്പരം അറിയാത്തതും പറയാത്തതുമായ ഒരു കാര്യം പോലും ഉണ്ടായിരുന്നില്ല…”
“ഉം…”
“ഇത്രയും നാളും ഞാൻ മോന് ഒരുമ്മ കൊടുത്തിട്ട് അതൊക്കെ ആലോചിച്ച് കുറച്ച് നേരം കിടന്ന് പതിയെ ഉറങ്ങാറായിരുന്നു പതിവ്…ഇന്നെന്തോ ഇവിടെ നിൻ്റെ കൂടെ ആയപ്പോൾ വീണ്ടും രാത്രിയിൽ കഥ പറഞ്ഞിരിക്കാൻ ഒരു മോഹം…അതാ ഞാൻ…” ലിയ പറഞ്ഞു നിർത്തിയതും തൻ്റെ തലയിൽ തഴുകിക്കൊണ്ടിരുന്ന ലിയയുടെ കൈപിടിച്ച് അതിലൊരു ഉമ്മ കൊടുത്ത ശേഷം അതും പിടിച്ച് കണ്ണുകൾ അടച്ച് തന്നെ ആര്യൻ കിടന്നു.
