മന്ദാരക്കനവ് – 9 5അടിപൊളി  

 

“ദേ ടാ വരുന്നു…നീ കഴിച്ച് തുടങ്ങിക്കോ ഞാൻ ഇപ്പോ വരാം…” ലിയ അവന് മറുപടി കൊടുത്തു.

 

ആര്യൻ കൈ കഴുകി വന്ന ശേഷം പതിയെ കഴിച്ച് തുടങ്ങി. അധികം താമസിക്കാതെ തന്നെ ലിയ പുറത്തേക്ക് വന്നു.

 

“അതുശരി…ഇത്രയും സമയം എടുത്തത് കണ്ടപ്പോൾ ഞാൻ കരുതി മുഴുവൻ ഒരുക്കവും കഴിഞ്ഞിട്ടേ ഇറങ്ങൂ എന്ന്…” മുടിയിൽ തോർത്തും കെട്ടിവെച്ച്, സാരി പെട്ടെന്ന് ഒപ്പിച്ചുടത്തുകൊണ്ട് വന്ന ലിയയെ കണ്ട് ആര്യൻ പറഞ്ഞു.

 

“നീ ഒരു ഷർട്ടും പാൻ്റും വലിച്ച് കയറ്റി ഇടുന്നത് പോലെ അത്ര എളുപ്പമുള്ള പരിപാടി അല്ല മോനേ ഇത്…” ലിയ തിരിച്ചടിച്ചു.

 

“അങ്ങനെ ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ…എന്നാലും…അല്ലാ ഇനി മേക്കപ്പ് എല്ലാം എപ്പോഴാ…?” ആര്യൻ ചോദിച്ചു.

 

“അതിന് ഞാൻ അതുമായിട്ടല്ലല്ലോ വന്നത്…നിൻ്റെ കൈയിൽ പൗഡർ ഉണ്ടോ…?” ലിയ തിരക്കി.

 

“ഞാൻ അതൊന്നും ഇടാറില്ല…അതുകൊണ്ട് തന്നെ ഇവിടില്ല…” ആര്യൻ പറഞ്ഞുകൊണ്ട് കഴിപ്പ് തുടർന്നു.

 

“പൗഡർ ഇല്ലെങ്കിൽ വേണ്ട…ചീപ്പുണ്ടോ…?” ലിയയുടെ അടുത്ത ചോദ്യം.

 

“ഹാ അത് തരാം…” ആര്യൻ ചിരിച്ചു.

 

“ഭാഗ്യം അതെങ്കിലും ഉണ്ടല്ലോ…”

 

“അത് പിന്നെ മുടിയൊക്കെ ചീകി ഒതുക്കി ഒന്ന് മെനയാവണ്ടേ…ഒരുപാട് വീടുകളിൽ പോയി കത്ത് കൊടുക്കാനുള്ളതല്ലേ…?” ആര്യൻ മുടിയിൽ ഒന്ന് തഴുകിക്കൊണ്ട് പറഞ്ഞു.

 

“പിന്നെന്താ പൗഡർ വേണ്ടാന്ന് വച്ചത്…?” ലിയ വീണ്ടും ചിരിച്ചു.

 

“നാച്ചുറൽ ആയിട്ട് സൗന്ദര്യം ഉള്ളപ്പോൾ അതിൻ്റെയൊക്കെ ആവശ്യം എനിക്കുണ്ടോ ചേച്ചി പറ…” ആര്യൻ സ്വയം പുകഴ്ത്തി.

 

“അയ്യടാ…എന്നിട്ടും ഞാൻ ഇടുന്നുണ്ടല്ലോ…” ലിയയും വിട്ടുകൊടുത്തില്ല.

 

“അത് സൗന്ദര്യം ഇല്ലാഞ്ഞിട്ട്…ഹഹഹ…” ആര്യൻ ലിയയെ കളിയാക്കാൻ ആ അവസരം ഉപയോഗിച്ചു.

 

“പോടാ അവിടുന്ന്…” ലിയ അവന് നേരെ കൈ വീശിയിട്ട് അവനൊപ്പം ചിരിച്ചു.

 

ആര്യൻ കഴിച്ച് കഴിഞ്ഞ ശേഷം എഴുന്നേറ്റ് പോയി പാത്രവും കൈയും കഴുകി തിരികെ ലിയയുടെ അടുത്ത് തന്നെ വന്നു.

 

“നീ റെഡി ആകുന്നില്ലേ…?” ലിയ അവൻ്റെ നിൽപ്പ് കണ്ട് ചോദിച്ചു.

 

“ഉണ്ട്…”

 

“പിന്നെന്താ ഇങ്ങനെ നിൽക്കുന്നെ…?”

 

“എനിക്ക് പിന്നെ എളുപ്പം ആണല്ലോ…ഒരു ഷർട്ടും പാൻ്റും വലിച്ച് കയറ്റിയാൽ മതിയല്ലോ…!” ആര്യൻ കുറച്ച് മുന്നേ ലിയ പറഞ്ഞ അതേ വാക്കുകൾ അതേ ഈണത്തിൽ തന്നെ പറഞ്ഞു.

 

“ഹഹ…അതുകൊണ്ട്…?”

 

“അതുകൊണ്ട് വേഗം കഴിച്ചിട്ടാ പാത്രം തന്നിട്ട് ചേച്ചി പോയി റെഡി ആകാൻ നോക്ക്…” ആര്യൻ തുടർന്നു.

 

“അതൊക്കെ ഞാൻ കഴുകിക്കോളാം നീ പോയി റെഡി ആയിക്കൊ…” എന്ന് പറഞ്ഞുകൊണ്ട് ലിയ കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് നടക്കാൻ ആഞ്ഞതും സാരിയുടെ താഴത്തെ തുമ്പിൽ ചവിട്ടി അവൾ മുൻപോട്ട് വീഴാൻ പോയി.

 

പക്ഷേ തൊട്ടുമുന്നിൽ തന്നെ ആര്യൻ നിന്നിരുന്നതിനാൽ അവൻ അവളുടെ തോളിൽ താങ്ങി പിടിച്ചതുകൊണ്ട് ലിയ വീണില്ല. പക്ഷേ ഒരു അഡ്ജസ്റ്റ്മെൻ്റിൽ ഉടുത്തിരുന്ന ലിയയുടെ സാരിയുടെ ഞൊറി അരയിൽ നിന്നും കുത്തഴിഞ്ഞ് താഴേക്ക് വീഴാൻ തുടങ്ങി.

 

“എടാ…പിടിച്ചേ പിടിച്ചേ…” ഇടതുകൈയിൽ പാത്രവും, വലതുകൈയിൽ കഴിച്ചതിൻ്റെ അവശിഷ്ടവുമായി നിന്നുകൊണ്ട് ലിയ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

 

“പിടിച്ചിട്ടുണ്ട് ചേച്ചീ…വീണില്ലല്ലോ…” ലിയയുടെ ശബ്ദം കേട്ട് ഞെട്ടിയ ആര്യൻ ഒന്നുകൂടി മുറുകി അവളുടെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

 

“എടാ പൊട്ടാ എന്നെ പിടിക്കാനല്ല…സാരി അഴിയുന്നു അതിൽ പിടിക്കാൻ…” ലിയ വീണ്ടും ശബ്ദം ഉയർത്തി ചിരി കടിച്ചുപിടിച്ച് പറഞ്ഞു.

 

“ഓ അതായിരുന്നോ…സോറി…” ആര്യൻ പെട്ടെന്ന് തന്നെ അവളുടെ അഴിഞ്ഞു വീണ സാരിയുടെ ഞൊറികളിൽ പിടുത്തമിട്ടു.

 

“കഷ്ടപ്പെട്ട് ഞൊറിഞ്ഞതെല്ലാം പോയെന്ന് തോന്നുന്നു നാശം…” ലിയ പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു.

 

“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ പാത്രം എൻ്റെകൈയിൽ തന്നേക്കാൻ…കേട്ടില്ലല്ലോ…?” ആര്യൻ കണക്കായിപ്പൊയി എന്ന മട്ടിൽ പറഞ്ഞു.