മന്ദാരക്കനവ് – 9അടിപൊളി  

 

“അമ്മൂട്ടി വിടാൻ താമസിച്ചതാ ചേച്ചീ…അവള് ഒക്കത്ത് കയറിയാൽ പിന്നെ ഇറങ്ങില്ല…” ആര്യൻ ഒരു കള്ളം തട്ടിവിട്ടുകൊണ്ട് വാതിലടച്ച് കുറ്റിയിട്ടു.

 

“ഉം…” ലിയ ഒന്ന് മൂളി.

 

“ഇതെന്താ കൈയിൽ ചട്ടുകം ഒക്കെ ആയിട്ട്…?” ആര്യൻ ലിയയുടെ കൈയിലിരുന്ന ചട്ടുകം നോക്കി ചോദിച്ചു.

 

ലിയ “അയ്യോ ദോശ” എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് കുണുങ്ങിയോടി. ആര്യനും അവളുടെ പിന്നാലെ ചെന്നു.

 

“ഭാഗ്യം കരിഞ്ഞില്ല…തീ കുറച്ച് വെച്ചത് നന്നായി…” ലിയ ദോശ മറിച്ചിട്ടുകൊണ്ട് ആര്യനോട് പറഞ്ഞു.

 

“ആഹാ അതിനിടക്ക് ഇവിടെ പാചകവും തുടങ്ങിയോ…!” ആര്യൻ അവളുടെ അരികിലേക്ക് ചെന്ന് ചോദിച്ചു.

 

“നിന്നെ കാണാതായപ്പോൾ ഞാൻ ഇവിടിരുന്ന് ബോറടിക്കണ്ട എന്ന് കരുതി അടുക്കളയിൽ കയറിയതാ…ഫ്രിഡ്ജ് തുറന്നപ്പോൾ മാവ് അതിലിരിക്കുന്നത് കണ്ടു…എങ്കിൽ പിന്നെ നീ വരുമ്പോഴേക്കും ദോശ ചുട്ട് വച്ചേക്കാം എന്ന് കരുതി…” ലിയ അവനൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് പറഞ്ഞു.

 

“അതുശരി…പക്ഷേ ഇന്ന് ചേച്ചി എൻ്റെ ഗസ്റ്റാ…അതുകൊണ്ട് ഇതൊക്കെ ഞാൻ ചെയ്തോളാം…തൽക്കാലം എൻ്റെ മാഡം അവിടെ പോയിരുന്നാട്ടെ ചെല്ല് ചെല്ല്…” ആര്യൻ പറഞ്ഞുകൊണ്ട് ലിയയുടെ കൈയിൽ നിന്നും ചട്ടുകം വാങ്ങാൻ ശ്രമിച്ചു.

 

“അത് സാരമില്ല…നിൻ്റെ കൈപ്പുണ്യം മാത്രം ഞാൻ അറിഞ്ഞാൽ പോരല്ലോ എൻ്റേത് നീ കൂടി അറിയണ്ടേ…” ലിയ ചട്ടുകം മാറ്റിപ്പിടിച്ചുകൊണ്ട് അടുത്ത ദോശക്ക് വേണ്ടി മാവെടുത്ത് ഒഴിച്ചുകൊണ്ട് പറഞ്ഞു.

 

“ഹാ അത് ശരിയാ…ദോശ ചുട്ട് തന്നാൽ എനിക്ക് ചേച്ചിയുടെ കൈപ്പുണ്യം അറിയാൻ പറ്റും…” ആര്യൻ ലിയയോട് കളിയാക്കുന്ന രീതിയിൽ പറഞ്ഞിട്ട് ചിരിച്ചു.

 

“അത് ശരിയാണല്ലോ…ദോശക്ക് കൂടെ എന്താ നിനക്ക് വേണ്ടത്…?”

 

“എനിക്കോ?…ചേച്ചിക്ക് എന്താ വേണ്ടതെന്ന് പറ…അതുണ്ടാക്കാം…”

 

“ചമ്മന്തി പോരേ…?”

 

“ചമ്മന്തിയെങ്കിൽ ചമ്മന്തി…”

 

“എങ്കിൽ നീ ഈ ചട്ടുകം പിടിച്ചേ…ചമ്മന്തി ഞാൻ ഉണ്ടാക്കാം…” ലിയ ചട്ടുകം ആര്യൻ്റെ കൈയിൽ കൊടുത്തുകൊണ്ട് പറഞ്ഞു.

 

“ആഹാ…അതുശരി…ആയിക്കോട്ടെ ചേച്ചീടെ ഇഷ്ടം…” ആര്യൻ ദോശ മറിച്ചിട്ടുകൊണ്ട് പറഞ്ഞു.

 

അങ്ങനെ ലിയ ചമ്മന്തി ഉണ്ടാക്കുന്ന തിരക്കിലേക്കും ആര്യൻ ദോശ ചുടുന്ന തിരക്കിലേക്കും പോയി. കോച്ച് കൊച്ച് വർത്തമാനങ്ങൾ പറഞ്ഞും തമാശകൾ പറഞ്ഞും ചിരിച്ചും അവർ ഭക്ഷണം ഉണ്ടാക്കിയ ശേഷം കഴിക്കാനായി ഡൈനിങ് മേശയിൽ കൊണ്ടുപോയി വച്ചു. കൈകൾ കഴുകി വന്ന ശേഷം രണ്ടുപേരും ഒരുമിച്ച് തന്നെ കഴിക്കാനായി ഇരുന്നു. കഴിക്കുന്നതിനിടയിൽ തന്നെ ലിയ ഉണ്ടാക്കിയ ചമ്മന്തിയെ പറ്റി ആര്യൻ നല്ല അഭിപ്രായം പറയുകയും അവളുടെ പാചകത്തെ പുകഴ്ത്തുകയും ചെയ്തു. ലിയക്ക് അതൊരുപാട് സന്തോഷവും നൽകി. ഒടുവിൽ ആര്യൻ ആഹാരം കഴിച്ച് തീർന്ന ശേഷം എഴുന്നേൽക്കാനായി തുടങ്ങി.

 

“എടാ ഇതുകൂടി വേണോ?…എനിക്ക് മതി…” ലിയ അവളുടെ പാത്രത്തിൽ കിടക്കുന്ന അവസാന ദോശയിൽ നോക്കി ആര്യനോട് ചോദിച്ചു.

 

“അതെന്ത് പറ്റി…കഴിക്ക് ചേച്ചീ അതുകൂടി അല്ലേ ഉള്ളൂ…” ആര്യൻ അവിടെ ഇരുന്നുകൊണ്ട് പറഞ്ഞു.

 

“വേണ്ടടാ…വയറു നിറഞ്ഞു…നീ കഴിച്ചോ ദാ…” ലിയ ദോശ അവന് നേരെ നീട്ടി.

 

“ഞാൻ ദേ കഴിച്ച് കഴിഞ്ഞ് പാത്രം വടിച്ച് വൃത്തിയാക്കി…ഇനി എനിക്ക് വേണ്ട ചേച്ചീ…അതങ്ങ് കഴിക്ക്…” ആര്യൻ അവളെ കഴിക്കാനായി നിർബന്ധിച്ചു.

 

“എങ്കിൽ പിന്നെ കളഞ്ഞേക്കാം വാ…” ലിയ തിരിച്ച് അത് പാത്രത്തിലേക്ക് തന്നെ ഇട്ടുകൊണ്ട് പറഞ്ഞു.

 

“കളയാനോ…അത് വേണ്ട…ഒരു കാര്യം ചെയ്യ് ചേച്ചി പകുതി കഴിക്ക് പകുതി ഞാനും കഴിക്കാം…”

 

“മ്മ്…ശരി…”

 

ലിയ ഒരു മൂന്ന് മുറി ദോശ കൂടി അതിൽ നിന്നും പിച്ചി എടുത്ത് കഴിച്ചു.

 

“ദാ ഇനി നീ കഴിക്ക്…” അവൾ അവനെ നോക്കി പറഞ്ഞു.

 

“അതിന് പകുതി കഴിച്ചില്ലല്ലോ…” ആര്യൻ അവളുടെ പാത്രത്തിലേക്ക് നോക്കി പറഞ്ഞു.

 

“എനിക്ക് അത്രയും മതി നീ കഴിക്ക് ഇനി…വേണ്ടാഞ്ഞിട്ടല്ലല്ലോ എന്നെക്കൊണ്ട് കഴിപ്പിക്കാൻ വേണ്ടിയല്ലേ…” ലിയ അവനെ നോക്കി ദയനീയമായി പറഞ്ഞു.

 

“ഉം..ശരി ശരി…ഇങ്ങു താ എങ്കിൽ…” ആര്യൻ ചിരിച്ചുകൊണ്ട് മറുപടി നൽകി.

 

“ഇനി പാത്രം വടിച്ച് വൃത്തിയാക്കി വെച്ചത് വൃത്തികേടാക്കണ്ട…ഞാൻ തന്നെ തരാം പോരേ…?” എന്ന് പറഞ്ഞുകൊണ്ട് ലിയ ബാക്കി ഉണ്ടായിരുന്ന ചമ്മന്തി കൂടി അവളുടെ പാത്രത്തിലേക്ക് ഒഴിച്ച ശേഷം ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.

 

“ഹഹ…അത് സാരമില്ല ചേച്ചീ…ഇങ്ങു തന്നേക്ക്…” ആര്യൻ പുഞ്ചിരിച്ചു.

 

“വേണ്ടാ…ഉം വാ തുറക്ക്…” അവൾ ആര്യൻ്റെ അരികിൽ ചെന്ന് നിന്നുകൊണ്ട് പറഞ്ഞു.

 

“ശെടാ…ഞാൻ കഴിച്ചോളാമെന്നേ…” ആര്യൻ ഒന്നുകൂടി അവളോട് പറഞ്ഞു.

 

“അതെന്താ ഞാൻ വായിൽ വെച്ച് തന്നാൽ നീ കഴിക്കില്ലേ…?” ലിയ ഒരൽപ്പം കനപ്പിച്ച് ചോദിച്ചു.

 

“ദേ തുടങ്ങി…കഴിച്ചോളാമേ ഞാൻ…” ആര്യൻ അവളുടെ ആ ചോദ്യത്തിൽ വീണു.

 

“മ്മ്…എങ്കിൽ വാ തുറക്ക്…”

 

“ആ………” ആര്യൻ ഒരു ഈണത്തിൽ മൂളിക്കൊണ്ട് വാ തുറന്നു പിടിച്ചു.

 

ലിയ അതുകണ്ട് ചിരിച്ചിട്ട് ദോശ മുറിച്ച് ഓരോ കഷ്ണങ്ങളായി അവൻ്റെ വായിൽ വെച്ചുകൊടുത്തു. ആര്യൻ മിണ്ടാതെ ഇരുന്ന് അത് ഓരോന്നും കഴിച്ചു. അതിലൊരു കഷ്ണം വായിൽ വെച്ച് കൊടുക്കുന്ന സമയത്ത് ആര്യൻ ലിയയുടെ വിരലുകളിൽ പതിയെ കടിച്ചു.

 

“ആഹ്…കടിക്കുന്നോ ചെക്കാ…!” ലിയ കൈ വലിച്ചുകൊണ്ട് പറഞ്ഞു.

 

“വേദനിച്ചോ…?” ആര്യൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

 

“എന്താ വേദനിച്ചില്ലെങ്കിൽ ഒന്നൂടെ കടിക്കാനാണോ…?” ലിയ കോപം നടിച്ചു.

 

“ഹഹ…ഇനി കടിക്കില്ല…” ആര്യൻ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

 

“ഇനി കടിച്ചാൽ ഞാനും ഒരു കടി വെച്ച് തരും പറഞ്ഞേക്കാം…” ലിയയും ചിരിച്ചു.

 

ആര്യൻ അതിന് മറുപടി ഒന്നും പറയാതെ പുഞ്ചിരിച്ചുകൊണ്ടിരുന്നു.

 

“എന്താ ചിരിക്കുന്നേ…?” ആര്യൻ പുഞ്ചിരിക്കുന്നത് കണ്ട് ലിയ ചോദിച്ചു.

 

“ഏയ് ഒന്നുമില്ല…”

 

“ഒന്നുമില്ലാഞ്ഞിട്ടാണോ നീ ചിരിക്കുന്നത്…?” ലിയ ഒരുമുറി ദോശ കൂടി അവൻ്റെ വായിലേക്ക് വച്ചുകൊടുത്തു.

 

“എന്നെ അമ്മ അല്ലാതെ ആദ്യമായിട്ടാണ് മറ്റൊരാള് ഇങ്ങനെ ആഹാരം വായിൽ വെച്ച് തന്ന് ഊട്ടുന്നത്…” ആര്യൻ പറഞ്ഞു.

 

“അതുകൊണ്ട്…?” ലിയ ചോദിച്ചു.

 

“ചേച്ചി ഇപ്പൊ ഇങ്ങനെ തരുമ്പോ പണ്ട് ഞാൻ ആഹാരം കഴിക്കാൻ വാശി പിടിക്കുമ്പോൾ അമ്മ തരുന്നത് ഓർത്ത് പോയി…അന്ന് ഞാൻ ഇതുപോലെ അമ്മയുടെ വിരലിലും കടിക്കുമായിരുന്നു…അത് ആലോചിച്ച് ചിരിച്ചതാ…” ആര്യൻ ചവച്ചിറക്കിക്കൊണ്ട് പറഞ്ഞു.