മന്ദാരക്കനവ് – 9അടിപൊളി  

 

അങ്ങനെ ഏതാണ്ടൊരു മണിക്കൂറോളം ശാലിനി അവരോടൊപ്പം അവിടിരുന്ന് കഥ പറഞ്ഞ ശേഷം പോകാനായി എഴുന്നേറ്റു.

 

“എടാ പിന്നെ രണ്ടുപേർക്കും കഴിക്കാനുള്ള ചോറില്ലെങ്കിൽ അവിടുന്ന് എടുക്കാം…” ശാലിനി എഴുന്നേറ്റ് നിന്നുകൊണ്ട് ആര്യനോടായി പറഞ്ഞു.

 

“വേണ്ട ചേച്ചീ…രാവിലത്തെ മാവിരുപ്പുണ്ട് അതുകൊണ്ട് ദോശ ചുട്ടോളാം ഞങ്ങള്…” ആര്യൻ മറുപടി കൊടുത്തു.

 

“ഉം ശരി…എന്നാൽ പിന്നെ ഞാൻ ഇറങ്ങുവാണേ ചേച്ചീ…എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ പറയാൻ മടിക്കരുത് കേട്ടല്ലോ…!” ശാലിനി ലിയയോട് പറഞ്ഞു.

 

“എന്തുണ്ടെങ്കിലും പറഞ്ഞോളാം പോരേ…!” ലിയ ചിരിച്ചുകൊണ്ട് ശാലിനിക്ക് മറുപടി കൊടുത്തു.

 

“ഹഹ…മതി…എങ്കിൽ ശരി നാളെ കാണാം…” എന്ന് ലിയയോട് പറഞ്ഞ ശേഷം ശാലിനി ആര്യനെ നോക്കി.

 

“എന്താ നോക്കുന്നേ വാ കൊണ്ടാക്കാം…” ആര്യൻ ഒന്ന് പുഞ്ചിരിച്ച ശേഷം പറഞ്ഞു.

 

“അല്ല സാറിന് ഇനി എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കിലോ എന്ന് കരുതി…” ശാലിനി അവനെ ഒന്ന് കുടഞ്ഞു.

 

“ഒരു അസൗകര്യവും ഇല്ലേ…വാ നടക്ക്…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ പുറത്തേക്ക് നടക്കാൻ ഒരുങ്ങി.

 

“സന്തോഷം…ചേച്ചി കൂടി വരുന്നോ…?” ശാലിനി ലിയയോട് ചോദിച്ചു.

 

“അയ്യോ ഇല്ല ശാലിനി…എനിക്ക് ഈ നൈറ്റി ഒക്കെ ഇട്ടോണ്ട് ഇറങ്ങാൻ ഒരു മടി…വേറൊരു ദിവസം ഞാൻ എന്തായാലും വരാം വീട്ടിലേക്ക്…പറ്റുവാണെങ്കിൽ നാളെ തന്നെ നോക്കാം…” ലിയ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

 

“അത് കുഴപ്പമില്ല ചേച്ചീ ഞാൻ ചോദിച്ചെന്നെയുള്ളൂ…പിന്നൊരിക്കൽ മതി…” ശാലിനിയും അവളുടെ കൈകളിൽ പിടിച്ചുകൊണ്ട് തന്നെ പറഞ്ഞു.

 

“ഹാ പിന്നെ ശാലിനി…നൈറ്റിയും പാവാടയും ഞാൻ വീട്ടിൽ കൊണ്ടുപോയി അലക്കിയിട്ടിട്ട് മറ്റന്നാൾ കൊണ്ടുവരാമേ…” പെട്ടെന്നെന്തോ ഓർത്തത് പോലെ ലിയ പറഞ്ഞു.

 

“ശ്ശേ…എന്താ ചേച്ചീ ഇത്…അതിൻ്റെയൊന്നും ആവശ്യമില്ല…ഒരു നൈറ്റിയും പാവാടയും അധികം അലക്കി എന്ന് പറഞ്ഞ് എൻ്റെ കൈയൊന്നും ഒടിഞ്ഞ് പോവില്ല…ചേച്ചി അത് നാളെ ഇവിടെ ഇട്ടിരുന്നാൽ മതി ഞാൻ വന്ന് എടുത്തോളാം…” ശാലിനി വളരെ സൗമ്യതയോടെ ലിയയോട് പറഞ്ഞു.

 

എന്നാൽ ശാലിനിയുടെ വാക്കുകൾ കേട്ട് ആര്യന് ചിരിയാണ് വന്നത്. കാരണം അവൾ വസ്ത്രങ്ങൾ കൊടുക്കുമ്പോൾ അവനോട് പറഞ്ഞതോർത്ത് തന്നെ.

 

“എന്നാലും ശാലിനി അത്…” ലിയ വീണ്ടും പറയാൻ വന്നു.

 

“ഒരു എന്നാലും ഇല്ല…ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി…അല്ലപിന്നെ…” ലിയ പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ശാലിനി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

അത് കേട്ട് വാതിൽക്കൽ നിൽക്കുന്ന ആര്യൻ തന്നെ നോക്കി ചിരിക്കുന്നത് ശാലിനി കണ്ടു. അവൾ അവനെ നോക്കി ഒന്ന് പുരികം ഉയർത്തി.

 

“ഉം ശാലിനി പറയുന്നത് പോലെ…” ലിയ മറുപടി നൽകി.

 

“അത്രേയുള്ളൂ…എങ്കിൽ ശരി ചേച്ചീ ഇനി നിൽക്കുന്നില്ല അമ്മു അന്വേഷിക്കുന്നുണ്ടാവും…”

 

“ഉവ്വാ…ചേച്ചി ഇന്ന് വന്നില്ലെങ്കിൽ എന്നാവും അമ്മൂട്ടി ആഗ്രഹിക്കുന്നത്…” ആര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“പോടാ അവിടുന്ന്…” ശാലിനി ചിരിച്ചുകൊണ്ട് പറഞ്ഞിട്ട് അവൻ്റെയാടുത്തേക്ക് നടന്നു. ഒപ്പം ചിരിയോട് കൂടി തന്നെ ലിയയും.

 

“ചേച്ചി വാതിൽ അടച്ചേക്ക് ഞാൻ പെട്ടെന്ന് വരാം…” ആര്യൻ ലിയയോട് പറഞ്ഞു. ലിയ “ശരിയെന്ന്” മറുപടിയും നൽകി.

 

“പോവാണെ ചേച്ചീ…” ശാലിനി ഒരിക്കൽ കൂടി ലിയയോട് യാത്ര പറഞ്ഞു.

 

“ശരി ശാലിനി…മോളോടും അമ്മയോടും അന്വേഷണം പറഞ്ഞേക്കണെ…” ലിയ മറുപടി നൽകി.

 

“ഹാ പറയാം…”

 

ശാലിനി ആര്യൻ്റെ ഒപ്പം വീട്ടിലേക്ക് നടന്നു. അവർ ഇറങ്ങിയപ്പോൾ തന്നെ ലിയ വാതിലും അടച്ചിരുന്നു.

 

“തുണി അലക്കി കൊണ്ടുതരണമെന്ന് പറഞ്ഞിട്ട്…!” ആര്യൻ ശാലിനിയോടായി ചോദിച്ചു.

 

“ഹാ അതൊക്കെ ഞാൻ അങ്ങനെ പറഞ്ഞെന്നിരിക്കും…നിന്നേക്കൊണ്ട് അലക്കിപ്പിക്കണ്ടെങ്കിൽ മര്യാദക്ക് മിണ്ടാതെ നടക്ക്…” ശാലിനി സ്വരം കടുപ്പിച്ചു.

 

“ഹോ ദേഷ്യത്തിൽ ആണല്ലോ…!” ആര്യൻ അവളുടെ മറുപടി കേട്ട് വീണ്ടും ചോദിച്ചു.

 

“ഹാ ആണ്…എന്തേ?…ദേഷ്യം മാറ്റാൻ വല്ല ഉദ്ദേശ്യവും ഉണ്ടോ…?” ശബ്ദത്തിന് വീണ്ടും കനം കൂട്ടി അവൾ ചോദിച്ചു.

 

“എന്താണാവോ ദേഷ്യത്തിൻ്റെ കാരണം?…അതറിഞ്ഞാൽ ദേഷ്യം മാറ്റാമോ ഇല്ലിയോ എന്ന് നോക്കാം…”

 

“കാരണം നിനക്കറിയില്ലാ…?” ആ ഇരുട്ടിലും അത് ചോദിക്കുമ്പോൾ ശാലിനി കണ്ണുരുട്ടുന്നത് ആര്യൻ അറിയുന്നുണ്ടായിരുന്നു.

 

“ഓ…ആ കാരണം ആണോ…അതിൻ്റെ ദേഷ്യം മാറ്റാൻ ഞാൻ നാളെ വരാം…പോരേ…!” ആര്യൻ പറഞ്ഞു.

 

“നീ നാളെയും വരണ്ട മറ്റന്നാളെയും വരണ്ട…ഞാൻ ഒറ്റയ്ക്ക് പൊയ്ക്കോളാം ഇനി നീ പോ…” ശാലിനി മുഖം വീർപ്പിച്ചുകൊണ്ട് വീട്ടുമുറ്റത്തേക്ക് കയറി.

 

“അതിന് ഇനി എന്തോ ഒറ്റയ്ക്ക് പോകാനാ വീടെത്തിയല്ലോ…?” ആര്യൻ മിഴിച്ചുകൊണ്ട് ചോദിച്ചു.

 

“എത്തിയെങ്കിൽ കണക്കായിപ്പോയി…ഹും…” അവൾ തിരിഞ്ഞ് നോക്കാതെ തന്നെ അവന് മറുപടി കൊടുത്തു.

 

“ശെടാ…അവിടെ നിക്ക് പറയട്ടെ…” ആര്യൻ അവളുടെ പുറകെ ഓടിച്ചെന്നു.

 

പക്ഷേ അപ്പോഴേക്കും ശാലിനി വീടിനുള്ളിലേക്ക് കയറിയിരുന്നു. ആര്യനും അവളുടെ പുറകെ അകത്തേക്ക് കയറി.

 

“നീ വന്നോ…മോൾക്ക് വിശക്കുന്നെന്ന് പറഞ്ഞപ്പോൾ നിന്നെ നോക്കി ഇരുന്നില്ല ഞാൻ തന്നെ അങ്ങ് കൊടുക്കാം എന്ന് വച്ചു…” അമ്മ അമ്മൂട്ടിയുടെ വായിലേക്ക് ഒരുരുള ചോറ് വച്ചുകൊടുത്തുകൊണ്ട് ശാലിനിയോട് പറഞ്ഞു.

 

“ഹാ അത് നന്നായി അമ്മേ…” ശാലിനി തിരിച്ചും മറുപടി നൽകി.

 

അതുകേട്ടുകൊണ്ട് ആര്യനും അടുക്കളയിലേക്ക് ചെന്നു.

 

“ആഹാ മോനും ഉണ്ടായിരുന്നോ…?” ആര്യനെ കണ്ട് അമ്മ ചോദിച്ചു.

 

“ഹാ അമ്മേ…ചേട്ടൻ്റെ അമ്മൂട്ടി ചോറ് കച്ചുവാണോടീ…” ആര്യൻ അമ്മയ്ക്ക് മറുപടി കൊടുത്ത ശേഷം അമ്മുവിനോട് കൊഞ്ചി.

 

അമ്മു ചോറ് വായിലിട്ട് ചവച്ചുകൊണ്ട് തന്നെ ആര്യനെ നോക്കി ചിരിച്ചുകൊണ്ട് തല കുലുക്കി കാണിച്ചു.

 

“മ്മ്…കച്ചോ കച്ചോ…” ആര്യൻ അവളുടെ തലയിൽ തലോടി വീണ്ടും കൊഞ്ചിച്ചു.

 

“മോൻ കഴിച്ചോ…” ചോദ്യം അമ്മയുടെ വക ആയിരുന്നു.

 

“ഇല്ലമ്മേ ചെന്നിട്ട് വേണം…”

 

“കഴിച്ചിട്ട് പോകാം എങ്കിൽ…?”

 

“വഴിയിൽ നിന്ന് മാറി നിക്ക് ചെക്കാ…” അതിനിടയിൽ ശാലിനി ആര്യനോടായി പറഞ്ഞുകൊണ്ട് ഇടനാഴി വഴി നടന്ന് അവളുടെ മുറിയിലേക്ക് കയറി.

 

“അയ്യോ വേണ്ടമ്മേ…ലിയ ചേച്ചിയും ഉണ്ടല്ലോ…അവിടെ ഒറ്റയക്കല്ലെ അതുകൊണ്ട് ഞാൻ ഇറങ്ങിയേക്കുവാ…” ശാലിനിയുടെ ആ നടപ്പ് തെല്ലൊന്ന് നോക്കി നിന്ന ശേഷം ആര്യൻ സൗമ്യമായി അമ്മയോട് പറഞ്ഞു.