ഓരോ നിമിഷം അധികം അവിടെ ഇരിക്കുംതോറും അവന്റെ മനസ്സ് കൂടുതൽ അസ്വസ്ഥമാകാൻ തുടങ്ങി… തനിക്ക് ഏറെ പരിചിതമായ, താൻ കളിച്ച് വളർന്ന ഒരിടം, ഒറ്റ രാത്രി കൊണ്ട് മറ്റേതോ ഓർമ്മകൾ മാത്രം നിശ്വസിക്കുന്ന ഒരിടമായി മാറുന്ന അവസ്ഥ…!
അവനാകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി…
അധികം വൈകിക്കാതെ, അവൻ ഭാർഗ്ഗവിയോട് യാത്ര പറഞ്ഞു ആ വീട്ടിൽ നിന്നും ഇറങ്ങി.
അവൻ പോയത് വിമലിന്റെ വീടിനടുത്തുള്ള മറ്റൊരു സുഹൃത്തായ ജിതിന്റെ വീട്ടിലേക്കാണ്. UKയിൽ ജോലി ചെയ്യുന്ന അവൻ, നാട്ടിലെത്തിയാൽ അവന്റെ ബുള്ളറ്റ് ഉപയോഗിച്ചു കൊള്ളാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അവന്റെ അച്ഛനോടും അമ്മയോടും കുറച്ചു സമയം വിശേഷം പറഞ്ഞിരുന്ന ശേഷം, റോഷൻ ബുള്ളറ്റുമായി അവിടെ നിന്നും യാത്ര തിരിച്ചു.
ആദ്യ ലക്ഷ്യം നിക്സന്റെ വീട് തന്നെയായിരുന്നു… അവൻ അക്സിലേറ്റർ മുറുക്കി, വണ്ടിയുടെ വേഗം കൂട്ടി….
ഇപ്പ്രാവിശ്യം റോഷനെ കണ്ടതും, സെക്യൂരിറ്റി ഒന്നും തന്നെ ചോദിക്കാതെ ഗേറ്റ് തുറന്ന് കൊടുത്തു. അയാളുടെ മുഖത്ത് റോഷനോടുള്ള ഭയം തെളിഞ്ഞു കാണാമായിരുന്നു. ഒരുപക്ഷെ അവന്റെ മുതലാളിയും താനും തമ്മിലുള്ള ഫ്ലാഷ് ബാക്ക്, സെക്യൂരിറ്റി അറിഞ്ഞിട്ടുണ്ടാകണം…’, അലവലാതി ഊഹിച്ചു.
വീടിനകത്ത് കയറിയതും, ശ്രീലക്ഷ്മിയെ തിരക്കി റോഷന്റെ കണ്ണുകൾക്ക് അധികം സഞ്ചരിക്കേണ്ടി വന്നില്ല. അവനേയും പ്രതീക്ഷിച്ചെന്ന് വിളിച്ചോതും വണ്ണം, അവൾ ഹാളിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. റോഷനെ കണ്ടതും ശ്രീലക്ഷ്മി എഴുന്നേറ്റ്, ഒരു തണുപ്പൻ ചിരി ചിരിച്ചു… അവൻ തിരിച്ചും…
“നിനക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ…?”, അവൾ പതിവില്ലാത്ത വിധം ഒരു ഔപചാരികതയുടെ മേലങ്കി അണിഞ്ഞു.
“വേണ്ടടി… ഞാനിപ്പോ കുടിച്ചേ ഒള്ളൂ…”, അത് പറയുമ്പോൾ എന്തിനാണ് വിളിപ്പിച്ചത് എന്നറിയാനുള്ള ത്വര അവനിൽ പ്രകടമായി കാണാമായിരുന്നു.
ശ്രീലക്ഷ്മി വീണ്ടും അതേ തണുപ്പൻ പുഞ്ചിരി കൈകൊണ്ടു… എന്തോ സംസാരിച്ച് തുടങ്ങാനുള്ള മടി അവളുടെ മൗനത്തിൽ നിന്നും റോഷൻ വായിച്ചെടുത്തു.
അതിനിടയിലാണ് ഇത്ര നേരമായിട്ടും, അവൾ ഒരു വശം ചെരിഞ്ഞ് നിന്ന് മാത്രമാണ് തന്നോട് സംസാരിക്കുന്നത് എന്ന വസ്തുത റോഷൻ ശ്രദ്ധിച്ചത്… അതവനിൽ സംശയം ജനിപ്പിച്ചു….
“ശ്രീലക്ഷ്മി, എന്താ പ്രശ്നം..?”, അവളുടെ മറഞ്ഞിരിക്കുന്ന മറുപാതിയിലേക്ക് കണ്ണെത്തിച്ചുകൊണ്ട്, സംശയരൂപേണ അവൻ ചോദിച്ചു.
“എന്ത് പ്രശ്നം…!”, റോഷന് തന്റെ കള്ളത്തരം മനസ്സിലായി എന്നറിഞ്ഞതും, ശ്രീലക്ഷ്മിയുടെ കണ്ണുകൾ അറിയാതെ നനഞ്ഞു… അത് അവൻ കാണിക്കാതിരിക്കാനായി, അവളവന് പിന്തിരിഞ്ഞു നിന്നു.
ശ്രീലക്ഷ്മിയുടെ വിചിത്രമായ ഈ പെരുമാറ്റം റോഷന്റെ സംശയം വർദ്ധിപ്പിക്കുകയാണ് ചെയ്തത്. അവൻ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി, അവളുടെ തോളിൽ മൃദുവായി കൈ വച്ചു.
“ശ്രീലക്ഷ്മി…”, പറയുന്നതിനൊപ്പം അവനവളെ തനിക്ക് നേരെ തിരിച്ച് നിർത്തി.… അവൾ അൽപം മടിയോടെ, പതിയെ അവന് നേരെ മുഖം പൂർണ്ണമായും തിരിച്ചു നിന്നു.
ആ മുഖം മൊത്തമായി കണ്ടതും റോഷൻ ആകെ വല്ലാണ്ടായി. മുഖത്തിന്റെ ഒരു വശം മുഴുവൻ അടി കൊണ്ടതിന്റെ പാടുകൾ… പലയിടത്തും പതിഞ്ഞു കിടക്കുന്ന മോതിരത്തിന്റെ അടയാളങ്ങൾ…. അടി നൽകിയവന്റെ ഉള്ളിലെ ദേഷ്യവും വന്യതയും, ചുവന്ന് കല്ലച്ച് കിടക്കുന്ന ആ കവിളുകൾ വിളിച്ചു പറഞ്ഞു…
അവൻ ഇമ ചിമ്മാതെ അതിൽ തന്നെ നോക്കി. അവന്റെ ഉള്ളിൽ നിക്സനോടുള്ള ദേഷ്യം ഇരച്ച് കയറി. നായിന്റെ മോൻ…!”, അലവലാതി പല്ലു ഞെരിച്ചു.
അവന്റെ ഭാവമാറ്റം കൂടി കണ്ടതും, ശ്രീലക്ഷ്മിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ ആരംഭിച്ചു… അത് കണ്ടതും റോഷൻ സ്വയം അടങ്ങിക്കൊണ്ടു, സമാധാനിപ്പിക്കും വിധം അവളുടെ തോളിൽ പതിയെ കൈകൾ അമർത്തി…
“അവനാണോ ഇത് ചെയ്തത്, നിക്സൻ…?”, തിളച്ച് മറിയുന്ന ദേഷ്യം, ഉള്ളിൽ അടക്കിപ്പിടിച്ചു അവൻ ചോദിച്ചു.
“മ്മ്…”, ശ്രീലക്ഷ്മി വേദനയോടെ മൂളി….
കേട്ടതും അവന്റെ അണപ്പല്ല് അടിച്ച് താഴെയിടാൻ അവന്റെ കൈകൾ തരിച്ചു… ശ്രീലക്ഷ്മിയുടെ മുഖത്ത് അവൻ കൊടുത്ത ഓരോ അടിക്കും അവനോട് കണക്ക് ചോദിക്കണം’, എന്ന് അലവലാതി വിളിച്ചു പറഞ്ഞു…
