വർഷങ്ങൾക്ക് ശേഷം – 6അടിപൊളി  

“അഞ്ജു… ഇന്നലെ രാത്രി…”, എന്തോ പറയാൻ തുടങ്ങിയ റോഷൻ, പെട്ടന്ന് പകുതിക്ക് വച്ച് നിർത്തി.

“ഇന്നലെ രാത്രി…?”, അവന്റെ ഭാവം കണ്ട അഞ്ജു റോഷനോട് തന്നെ പൂരിപ്പിക്കാൻ ആവശ്യപ്പെടും പോലെ, പറഞ്ഞത് ആവർത്തിച്ചു.

അവൻ മിണ്ടാൻ സാധാരണയിലും അല്പം സമയമെടുത്തു. പറയാൻ പോകുന്നത് കള്ളമാണെന്ന്, പറയും മുന്നേ തന്നെ അലവലാതി വിളിച്ചു കൂവി…

“ഇന്നലെ.. നമുക്കിടയിൽ… മദ്യത്തിന്റെ പുറത്ത്…”, റോഷൻ പറയാനാവാതെ ബുദ്ധിമുട്ടി.

“അറിയാതെ സംഭവിച്ചതാണ് എന്നാണോ…?”, ആരേക്കാളും അവന്റെ മനസ്സ് വായിക്കാനറിയാവുന്ന പോലെ അവൾ പൂരിപ്പിച്ചു.

റോഷൻ മടിച്ചു മടിച്ച്, അതെ’ എന്ന ഭാവത്തിൽ, ചെറുങ്ങനെ തലയാട്ടി. സത്യം മറച്ചുവക്കാൻ കഷ്ട്ടപ്പെടുന്ന അവന്റെ കണ്ണുകളിലേക്ക്, അവൾ രൂക്ഷമായി നോക്കി. അവനാകട്ടെ അവൾക്ക് പിടികൊടുക്കാതെ, മുഖം ചെരിച്ചു.

അവൻ വീണ്ടും മുന്നോട്ട് നടന്നു.. അവനെത്തന്നെ നോക്കിക്കൊണ്ട് അവൾ കൂടെയും…

ഇരുവരും നിലകളിറങ്ങി, താഴേക്ക് എത്തിച്ചേർന്നു…. സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത ശേഷം, യാത്ര പറയും വണ്ണം ഇരുവരും വീണ്ടും പരസ്പരം നോക്കി.

“ഇന്നലെ, അറിയാതെ സംഭവിച്ചതാണെന്ന് റോഷന് ഉറപ്പല്ലേ…?, അത് ചോദിക്കുമ്പോൾ, അറിയാതെ, അവളുടെ കണ്ഠം ഇടറുന്നുണ്ടായിരുന്നു…

അവളുടെ ശബ്ദത്തിലെ ഇടർച്ച, അവന്റെ നെഞ്ചിൽ കഠാര എന്നവണ്ണം കുത്തിയിറങ്ങി… അവൻ അഞ്ജുവിൽ നിന്നും വീണ്ടും മുഖം തിരിച്ചു.

“റോഷാ… ഞാൻ ചോദിച്ചതിന് ഉത്തരം പറ…”, പോകാനായി തന്റെ ആക്സിലേറ്ററിൽ കൈ വച്ചുകൊണ്ട്, ദുഃഖഭാരം തിങ്ങുന്ന ഭാവത്തിൽ, അവൾ ഒരിക്കൽ കൂടി വിളിച്ച് ചോദിച്ചു.

റോഷൻ തിരിഞ്ഞ് അവളുടെ കണ്ണുകളിലേക്ക് നോക്കി…. മനസ്സാക്ഷിക്ക് ചേർന്ന ഒരു ഉത്തരം പറയാനാവാതെ അലവലാതി നട്ടം തിരിഞ്ഞു…

“ഡാ…”, പതുക്കെ, വേദനയോടെ അഞ്ജു വീണ്ടും അവനെ വിളിച്ചു…

ആ വിളി….

അവളുടെ നോട്ടം തുടരുന്ന ഓരോ നിമിഷവും അവന്റെ ഹൃദയം മിടിക്കാനാവാതെ പിടഞ്ഞു…. ഒഴുകാൻ വെമ്പുന്ന പ്രണയത്തെ, അവളുടെ കണ്ണുകൾ തടയിട്ട് നിർത്താൻ കഷ്ടപ്പെടുന്നത് അവനവിടെ കാണാൻ കഴിയുന്നുണ്ടായിരുന്നു…

“ഉറപ്പാണ്”, അവളെ നോക്കി, ഉറച്ച ശബ്ദത്തിൽ അവൻ പറഞ്ഞു…. അതു പറയുമ്പോളും, അല്ല’ എന്ന് വിളിച്ച് പറയാൻ അലവലാതി അലമുറയിട്ടു….

കേട്ടതും അഞ്ജുവിന്റെ ഭാവം മാറി…. ഹൃദയം ഒരു പളുങ്ക്പാത്രം പോലെ നിലത്ത് വീണ് ചിന്നിച്ചിതറി…. അവൾ ദേഷ്യത്തോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിന് മുന്നിൽ അധികനേരം പിടിച്ചു നിൽക്കാൻ അവനാകുമായിരുന്നില്ല… ഒരു ഭീരുവിനെപ്പോലെ, അവൻ അവളിൽ നിന്നും വീണ്ടും കണ്ണുകൾ തിരിച്ചു.

അഞ്ജു ദേഷ്യത്തോടെ, അക്സിലേറ്ററിൽ കൈ തിരിച്ചു… പോകവെ, പിന്നീടവൾ ഒരിക്കൽ പോലും അവനെ തിരിഞ്ഞ് നോക്കിയില്ല…

ഒരായിരം ഹൃദയാഘാതങ്ങൾ ഒരുമിച്ച് വിരുന്നെത്തിയത് പോലെയായിരുന്നു അവന് ആ പോക്ക് അനുഭവപ്പെട്ടത്… ചുറ്റുമുള്ള ശബ്ദങ്ങൾ ഒന്നും തന്നെ അവന് അപ്പോൾ കേൾക്കാനാവുന്നുണ്ടായിരുന്നില്ല… അവളുടെ സ്കൂട്ടർ ഗേറ്റിൽ നിന്നും മറയും വരെ, റോഷൻ അതേ നിൽപ്പ് തുടർന്നു.

തിരികെ നടക്കവെ, അവനും അലവലാതിയും തമ്മിൽ ഒരു കാർഗിൽ യുദ്ധം നടന്നു… മറ്റാരെയും പോലെയല്ല അഞ്ജു…. വിമലിന്റെ ഭാര്യയാണ്… അവളെ ആഗ്രഹിക്കാൻ പാടില്ല…’, മനസ്സിന്റെ ഒരു പാതി പറഞ്ഞു.

എന്നാൽ അതേ സമയം മനസ്സിന്റെ മറുപാതി അതിനെ എതിർത്തു… മറ്റുള്ള ആരോടും തനിക്ക് ഇതുവരെ തോന്നാത്ത ഒന്നാണ് ഇപ്പോൾ അഞ്ജുവിനോട് തോന്നുന്നത്… ഇത് കേവലം ശരീരത്തോടുള്ള ദാഹമല്ല… മറിച്ച് താൻ കാംക്ഷിക്കുന്നത് അവളുടെ മനസ്സ് തന്നെയാണ്… ആ വികാരത്തെ ചങ്ങലക്കിടാൻ കഴിയുമോ…?’, ഉത്തരമില്ലാതെ ചോദ്യം ചോദിച്ച് മറുപാതി റോഷനെ നിശബ്ദനാക്കി.

അല്ലെങ്കിൽ തന്നെ ആവശ്യത്തിൽ കൂടുതൽ പ്രശ്നത്തിന് നടുവിലാണ് താൻ… എന്നിട്ടും ഇപ്പോൾ അതെല്ലാം തനിക്ക് രണ്ടാം സ്ഥാനത്താണ്’,റോഷൻ ചിന്തിച്ചു… സ്വന്തം ചുവടുകൾക്ക് അവന് ഇതുവരെയില്ലാത്ത ഭാരം അനുഭവപ്പെട്ടു. വരാന്തയിലെ ചുമരിൽ ചാരി അവൻ കുറച്ചധിക സമയം മേൽപ്പോട്ട് നോക്കി നിന്നു…

ചിന്തകളിൽ അഞ്ജുവിന്റെ മുഖം മാത്രം കടന്നു വരുന്നു… മനസ്സ് മുഴുവൻ ഇപ്പോൾ അഞ്ജുവാണ്… കാതുകളിൽ മുഴങ്ങുന്നത് അവൾ അവസാനമായി ചോദിച്ച ചോദ്യമാണ്…

വേദനയോടെ അവനാ സത്യം തിരിച്ചറിഞ്ഞു… അതെ…. തനിക്ക് അഞ്ജുവിനോട് പ്രണയമാണ്… ഈ ലോകത്തിലെ എന്തിനേക്കാളും, ഏതിനേക്കാളും ഇപ്പോൾ തന്റെ മനസ്സ് കൊതിക്കുന്നത് അവളെയാണ്….

മനസ്സിലെ ഭാരം ഇറക്കി വക്കും പോലെ, അവനാ ആശുപത്രി വരാന്തയിലെ ചുമരിൽ, കുറേ സമയം, മുഖം പൊത്തിക്കരഞ്ഞു…

*** *** *** *** ***

തിരികെ അച്ചുവിന്റെ അടുത്തത്തിട്ടും റോഷന് എവിടെയും മനസ്സ് ഉറപ്പിക്കാൻ കഴിഞ്ഞില്ല… അച്ചുവിന്റെ സംസാരത്തിന് തലയാട്ടി ഇരുന്നു എന്നല്ലാതെ സാധാരണ ഇടപഴക്കും പോലെ ഒന്നിനോടും പ്രതികരിക്കാനും അവനായില്ല…

സമയം കടന്ന് പൊയ്ക്കൊണ്ടിരുന്നു… ചുമരിലെ ക്ലോക്ക് പന്ത്രണ്ട് മണിയായി എന്ന് വിളിച്ചോതി…

നിനച്ചിരിക്കാതെ അവന്റെ ഫോണിലേക്ക് രേഷ്മ ചേച്ചിയുടെ കോൾ കടന്നു വന്നു. റോഷൻ അറ്റന്റ് ചെയ്തു.

റോഷൻ : “എന്തേച്ചി..?”

രേഷ്മ ചേച്ചി : “എടാ… വിമലും അഞ്ജുവും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ…?”

എടുത്ത വഴിക്ക്, ചേച്ചിയിൽ നിന്നും അപ്രതീക്ഷിതമായ ചോദ്യം കേട്ട് റോഷൻ ഒന്ന് അമ്പരന്നു…

“അറിയില്ല ചേച്ചി… എന്തേയ്…?”, അത് ചോദിക്കവെ കാരണം അറിയാൻ അവന്റെ ഉള്ള് വെമ്പി.

“ഒന്നൂല്ല… ഇന്ന് അമ്പലത്തിൽ വച്ച്… അവള് ഒറ്റക്കിരുന്നു കരയുന്നത് കണ്ടു. കാര്യം ചോദിച്ചിട്ടാണെങ്കിൽ അവളൊന്നും വിട്ട് പറഞ്ഞുമില്ല.. അതാ നിന്നോടൊന്ന് ചോദിക്കാമെന്ന് കരുതി.”, ചേച്ചി സന്ദർഭം വെളിപ്പെടുത്തി.

നെഞ്ചിൽ ഇടിത്തീ വീണ പോലെയാണ് അവനാ വാക്കുകൾ അനുഭവപ്പെട്ടത്. അവളുടെ ആ കണ്ണീരിന് പിന്നിലെ കാരണം, ആരേക്കാളും റോഷന് വ്യക്തമായി അറിയാമായിരുന്നു.

“എനിക്കറിയില്ല ചേച്ചി…”, പറയവെ തന്റെ ഉള്ളിലെ നീറ്റൽ വാക്കുകളിൽ പ്രതിഫലിക്കാതിരിക്കാൻ അവൻ കഷ്ട്ടപ്പെട്ടു.

“ഞാൻ നിന്നോട് ചോദിച്ചൂന്നേ ഒള്ളൂ… അപ്പോ ശരിയെടാ…”, മറുപടി പറഞ്ഞുകൊണ്ട് രേഷ്മ ചേച്ചി ഫോൺ വച്ചു.

എന്തു ചെയ്യണമെന്ന് യാതൊരു നിശ്ചയവുമില്ലാതെ റോഷൻ കുറച്ച് സമയം അതേ ഇരുപ്പ് തുടർന്നു. അവന്റെ ഉള്ളിൽ അഞ്ജുവിന്റെ കരയുന്ന മുഖം ഒരു ഫോട്ടോഗ്രാഫിക് ഇമേജ് എന്നവണ്ണം കടന്നു വന്നു.

അവൻ തിരിഞ്ഞ് അച്ചുവിനെ നോക്കി… മരുന്ന് കഴിച്ച സെഡേഷനിൽ ഗാഢനിദ്രയിലാണവൻ…. ഇല്ല… തനിക്കീ രാത്രി ഉറങ്ങാനാകുമെന്ന് തോന്നുന്നില്ല….

ഒരു സിഗരറ്റ് വലിക്കണം, എന്ന ചിന്തയോടെ അവൻ അവിടെ നിന്നും ഇറങ്ങി നടന്നു. നടക്കവെ ആ കോറിഡോറിൽ എല്ലാം അവളുടെ ‘ഡാ’ വിളി മാറ്റൊലിയായി കേൾക്കും പോലെ അവന് തോന്നി… മനസ്സിലെ ഭാരം ആരോടെങ്കിലും പങ്ക് വക്കാൻ അവന്റെ ഹൃദയം വെമ്പി..