വർഷങ്ങൾക്ക് ശേഷം – 6 10അടിപൊളി  

“ഇന്നലെ മൊത്തത്തിൽ വയ്യാരുന്നടി… ചെന്ന വഴി ഫ്ലാറ്റ് ആയിപ്പോയി”, റോഷൻ അവളെ നോക്കി ചെറു ചിരിയോടെ പറഞ്ഞു…

ശരണ്യയും ചിരിച്ചു.

“ബസ്സിൽ ആരായിരുന്നു..?”, ഒരു നിമിഷം നീണ്ട മൗനത്തെത്തുടർന്ന് അവൾ തെല്ല് സംശയത്തോടെ തിരക്കി.

അപ്പൊ അത് തന്നെ… സന്ധ്യയെ ശരണ്യ കണ്ടിട്ടുണ്ട്’, അലവലാതി ഉറപ്പിച്ചു.

റോഷൻ : “എന്റെയൊരു ഫ്രണ്ടാ….”

“വന്നത്തിന്റെ മൂന്നാം പക്കം തന്നെ ഗേൾ ഫ്രണ്ട്സൊക്കെ ആയി അല്ലേ…!”, അവനെ ഒന്ന് ആക്കും വിധം അവൾ പറഞ്ഞു.

“ഗേൾഫ്രണ്ട് ഒന്നുമല്ല… ഫ്രണ്ട്… ഗേൾ… അത്ര തന്നെ..”, റോഷൻ സാധാരണ മട്ടിൽ മറുപടി പറഞ്ഞു….

എന്നിട്ട് ഒത്തോ..?’ എന്ന ഭാവത്തിൽ അവളുടെ മുഖം ഒന്ന് നോക്കി. എന്നാൽ അവനത് പറയും മുന്നേ തന്നെ, കള്ളനെ പിടിച്ച മട്ടിലായിരുന്നു ശരണ്യയുടെ മുഖഭാവം.

ശരണ്യ : “ ഓവറായി നല്ലവനായി അഭിനയിക്കല്ലേ മോനെ… ഫ്രണ്ടും ഗേളും തമ്മില്ലുള്ള കഥകളിയൊക്കെ ഞാൻ പുറത്ത് നിന്ന് കണ്ടു..”

പറഞ്ഞതും അവന്റെ മുഖത്ത് സെക്കന്റ് നേരത്തേക്ക് ഒരു ചമ്മൽ കടന്നു വന്നത് കണ്ണാടിയിലൂടെ ശരണ്യ കണ്ടു. സത്യത്തിൽ അവൾ അത് പറഞ്ഞപ്പോൾ റോഷന് പ്രത്യേകിച്ച് ഭയമൊന്നും തോന്നിയില്ല… മറിച്ച് അവളുടെ അടുത്ത് ഇനി കൂടുതൽ കള്ളം പറയേണ്ടല്ലോ എന്ന ആശ്വാസമായിരുന്നു.

“എന്നാ പിന്നെ ഇനി കൂടുതൽ വിശദീകരണവും വേണ്ടല്ലോ… അല്ലേ…?”, റോഷൻ പാതി മുഖം തിരിച്ച്, കളിയായി ചോദിച്ചു.

“വേണ്ട… വേണ്ട…. മോൻ വണ്ടിയോടിക്ക്…”, അവൾ വീണ്ടും കളിയായി അവന്റെ മുതുകിൽ കൊട്ടിക്കൊണ്ട്, തുടർന്നു, “കോഴി എന്നും കോഴി തന്നെയല്ലേ…!”

ശരണ്യയുടെ ആ പറച്ചിലിന് അവനും ചിരിച്ചുകൊടുത്തു…. അവന്റെ ചിരി കണ്ടു അവളുടെ മുഖത്തും ഒരു പുഞ്ചിരി തെളിഞ്ഞു വന്നു….

അവൻ പാർക്കിംഗിലേക്ക് തിരിയുന്നിടത്ത് അവളെ ഇറക്കി. ഇരുവരും ബൈ’ പറയും മട്ടിൽ തലയനക്കി.

“ഡാ…”, നടന്ന് നീങ്ങും മുൻപായി, ബുള്ളറ്റ് ഒതുക്കാൻ നീങ്ങിയ റോഷനെ, അവൾ വീണ്ടും വിളിച്ചു. റോഷൻ ബുള്ളറ്റ് നിർത്തി, കാര്യമാരായും മട്ടിൽ തിരിഞ്ഞു.

“നീ എന്റെ നമ്പർ അച്ചുവിന് കൊടുത്തില്ലല്ലോ….?”, ഒരു കള്ളച്ചിരിയോടെ അവൾ ചോദിച്ചു.

“ഇല്ല…. എന്താ കൊടുക്കണമായിരുന്നോ…?”, റോഷനും അതേക്കൂട്ട് ഒരു ചിരി ചിരിച്ച്, മറുചോദ്യം ഉന്നയിച്ചു.

“വേണ്ടാ…”, ചിരിക്കൊപ്പം ശരണ്യ ഒന്ന് ഒരു കണ്ണടച്ചു കാട്ടി.

റോഷനും അവളെ നോക്കി ചിരിച്ചു. ഇരുവരും യാത്ര പറഞ്ഞ് നീങ്ങി.

*** *** *** *** ***

വാർഡിൽ എത്തിയതും, നിക്സന്റെ കഥയിൽ സംഭവിച്ച പുതിയ സംഭവവികാസങ്ങൾ റോഷൻ അച്ചുവിനോടും വിമലിനോടുമായി പങ്ക് വച്ചു.

“റോഷാ… നീ കുറച്ച് കൂടിയ കളിയാണ് കളിക്കാൻ പോകുന്നേ…?”, മുഴുവനും കേട്ടു കഴിഞ്ഞപ്പോൾ, വിമൽ തന്റെ ആശങ്ക രേഖപ്പെടുത്തി.

“അറിയാടാ… എന്തായാലും എല്ലാ കളിക്കും ഒരു അന്ത്യം വേണ്ടേ…?”, എന്തോ തീരുമാനിച്ചുറപ്പിച്ച ഭാവത്തിൽ റോഷൻ മറുപടി പറഞ്ഞു.

“നിനക്കറിയാവുന്ന പഴയ നിക്സൻ അല്ല അവൻ… അതോർമ്മ വേണം.”, വിമലിനെ പിന്തുണച്ചുകൊണ്ടു, അച്ചുവും കൂട്ടിച്ചേർത്തു.

റോഷൻ ഉറച്ച ദൃഷ്ടിയോടെ ഇരുവരെയും ഒന്ന് നോക്കി. അവർ പറഞ്ഞതിന്റെ പുറത്ത്, നിക്സനെക്കുറിച്ച് ചെറിയൊരു ഭയം ഉള്ളിൽ കയറിക്കൂടിയെങ്കിലും, അതിലുപരി നിക്സനോടുള്ള കലി ആ നോട്ടത്തിൽ പുറത്തേക്ക് പ്രതിഫലിച്ച് കണ്ടു.

അവന്റെ ആ നോട്ടം കണ്ടതും, വിമലും അച്ചുവും ഉത്കണ്ഠയോടെ പരസ്പരം കണ്ണുകൾ തിരിച്ചു. തീരുമാനം എടുത്ത് കഴിഞ്ഞാൽ പിന്നെ റോഷൻ ആരു പറഞ്ഞാലും കേൾക്കില്ലെന്ന് അവർക്ക് നല്ലപോലെ അറിയാം… ആ ബോധ്യം ഉള്ളതോണ്ട് തന്നെ, അവർ പിന്നെ കൂടുതലൊന്നും പറയാനും നിന്നില്ല.

“ഇവന്റെ ഡിസ്ചാർജ്ജ് നാളത്തേക്ക് മാറ്റി…”, ഒരു നിമിഷത്തെ ഇടവേളയെടുത്ത ശേഷം, വിഷയം മാറ്റാനെന്നോണം വിമൽ പറഞ്ഞു.

റോഷൻ : “അതെന്തു പറ്റി…?”

വിമൽ : “ടെസ്റ്റ് റിസൾട്ടിൽ എന്തോ വേരിയേഷൻ ഉണ്ടെന്ന്… 1 ഡേ കൂടി ഒബ്സർവേഷൻ ഇരുന്നിട്ട്, ഒന്നൂടി ചെക്ക് ചെയ്തിട്ട് പോവാന്നാ പറഞ്ഞേ…”