വർഷങ്ങൾക്ക് ശേഷം – 6 10അടിപൊളി  

അവൻ നടന്ന് വീടിന് പുറത്തെത്തിയെന്ന് മനസ്സിലാക്കിയ നിമിഷം അഞ്ജു തലയുയർത്തി അവനെ നോക്കി… എന്തു കൊണ്ടോ അവളുടെ കണ്ണുകൾ അന്നേരം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…. അപ്പോൾ അവന്റെ എച്ചിൽ കയ്യിൽ നിന്നും പറ്റിയ ഭക്ഷണത്തിന്റെ കറ അവളുടെ ഇളം ചുവപ്പ് ചുരിദാറിൽ ആകമാനം പടർന്ന് കിടന്നിരുന്നു…

പശ്ചാത്തലത്തിൽ അപ്പോഴും അമ്പലത്തിൽ നിന്നുമുള്ള ചെണ്ടകൊട്ട് കേട്ടു….

*** *** *** *** ***

പിറ്റേന്ന് രാവിലെ, കുളിച്ച് തോർത്തുന്ന സമയം, മൊബൈൽ പതിവില്ലാതെ റിംഗ് ചെയ്തു… ഈറൻ തോർത്തും ചുറ്റി വന്ന്, റോഷൻ ഫോൺ എടുത്ത് നോക്കി…. പരിചയമില്ലാത്ത നമ്പറാണ്… അവൻ അറ്റന്റ് ചെയ്തു.

റോഷൻ : “ഹലോ…”

മറുപടിയില്ല… അവൻ വീണ്ടും ഹലോ’ പറഞ്ഞു.

“റോഷാ, ഞാൻ.. ശ്രീലക്ഷ്മിയാണ്…”, മറുതലക്കൽ നിന്നുമുള്ള സ്ത്രീ ശബ്ദം സ്വയം അറിയിച്ചു.

“ആഹ്.. ശ്രീലക്ഷ്മി, പറയൂ…”, അവളിൽ നിന്നും ഉടനെ ഒരു വിളി പ്രതീക്ഷിക്കാത്തതിന്റെ, നേരിയ അതിശയത്തിൽ റോഷൻ ചോദിച്ചു.

“അമ്മക്ക്.. നിന്നെയൊന്ന് കാണണമെന്ന് പറഞ്ഞു… ഇന്ന് ഫ്രീയാണെങ്കിൽ.. ഒന്നിവിടെം വരെ വരാൻ പറ്റുമോ…?”, അത് പറയവേ, അവളുടെ ശബ്ദം അകാരണമായി ഇടറിയത് അവൻ അറിഞ്ഞു.

അതിന്റെ കാരണം തപ്പി, ആ നിമിഷാർദ്ധ ഇടവേളയിൽ അലവലാതി കുറേ ദൂരം സഞ്ചരിച്ചു.

“അതിനെന്താ… ഞാൻ വരാം…”, റോഷൻ ആലോചനയോടെ മറുപടി നൽകി.

എന്തിനായിരിക്കും നിക്സന്റെ അമ്മ എന്നെ കാണണമെന്ന് പറഞ്ഞത്…!, ഫോൺ കോൾ അവസാനിച്ചതും അലവലാതി വീണ്ടും ചിന്തിച്ച് തുടങ്ങി… കാര്യമറിയാത്തത്തിന്റെ ജിജ്ഞാസ റോഷന്റെ ഉള്ളിൽ നങ്കൂരമിട്ടു… അവൻ വേഗം തന്നെ മറ്റ് പ്രഭാത കൃത്യങ്ങളിലേക്ക് തിരിഞ്ഞു.

തലേ രാത്രിയിലെ സംഭവങ്ങൾ മനസ്സിലിട്ടുകൊണ്ടു, ശ്രീലക്ഷ്മിയുടെ അടുത്തേക്ക് തിരിക്കാനെന്നോണം റെഡിയായി, റോഷൻ വീട്ടിൽ നിന്നും ഇറങ്ങി നടന്നു.

വിമലിന്റെ വീട്ടിലെത്തവെ, അവൻ ആദ്യം തന്നെ മുറ്റത്തേക്ക് കണ്ണെത്തിച്ചു അഞ്ജുവിന്റെ സ്കൂട്ടർ അവിടെയില്ലെന്ന് ഉറപ്പിച്ചു. നന്നായി… അമ്മയുടെ മുൻപിൽ വച്ച് കണ്ടുമുട്ടുന്ന ചളിപ്പ് ഒഴിവാക്കാമല്ലോ…!, അലവലാതി ആശ്വസിച്ചു.

വീട്ടിൽ കയറിയതും, കുശലാന്വേഷണത്തിന്റെ രൂപത്തിൽ, ഒരിക്കൽ കൂടി അവൻ അഞ്ജു ഇല്ലെന്ന് ഭാർഗ്ഗവിയോട് ചോദിച്ചുറപ്പിച്ചു. ശേഷം അമ്മ തന്ന ചായയും കുടിച്ച്, അടുക്കളയിൽ ഇരുന്ന് അവൻ സാധാരണകൂട്ട് കുറച്ച് നേരം വർത്തമാനം പറഞ്ഞു.

ഭാർഗ്ഗവി: “രോഹിണി ഫ്രീയാകുന്ന സമയം നോക്കി, നീയൊന്ന് ഫോണിൽ വിളിച്ച് താട്ടാ…”

റോഷൻ : “മ്മ്…”

ഭാർഗ്ഗവി: “ഞാൻ എടുത്ത് നടന്ന കൊച്ചാ, ഇപ്പോ അവൾക്കൊരു കൊച്ചായി…”

അത് കേട്ട് റോഷൻ ചിരിച്ചു…

“എനിക്കെന്നാണാവോ ഇതുപോലെ വിമലിന്റെ ഒരു കൊച്ചിനെ കാണാൻ പറ്റുക…!”, ഭാർഗ്ഗവി ആരോടെന്നില്ലാതെ പറഞ്ഞു…

അതിന് മറുപടി കിട്ടാതെ റോഷൻ മൗനം പൂണ്ടു.

പെട്ടന്നാണ് അത് സംഭവിച്ചത്… പിന്നിൽ നിന്നും അപ്രതീക്ഷിതമായി അഞ്ജുവിന്റെ ശബ്ദം റോഷന്റെ കാതുകളിലേക്ക് പതിച്ചു.

അഞ്ജു: “റോഷാ….”

“ങേ…!”, കേട്ടതും അവനറിയാതെ ഞെട്ടിത്തിരിഞ്ഞു നോക്കി…

അവന്റെ കണ്ണുകൾ ശബ്ദം കേട്ട ഭാഗത്ത് ആകമാനം ചുറ്റിക്കറങ്ങി… ഇല്ല… അഞ്ജു ഇല്ല…. കേട്ടത് തന്റെ വെറും തോന്നലാണെന്ന് അവൻ തിരിച്ചറിഞ്ഞു.

“എന്തുപറ്റി മോനെ…?”, അവന്റെ ഞെട്ടലും വിളിയും കണ്ടു ഭാർഗ്ഗവി ചോദിച്ചു.

അവൻ എന്തു പറയണമെന്നറിയാതെ, അമ്മയുടെ മുഖത്തേക്ക് രണ്ട് നിമിഷം തുറിച്ച് നോക്കി.

റോഷൻ : “ഒന്നുമില്ലമ്മേ….”

അവൻ എങ്ങിനെയോ പറഞ്ഞോപ്പിച്ചു… ഭാർഗ്ഗവി വീണ്ടും സംസാരം തുടർന്നു.

Shit… ബോധം തിരികെയെത്തിയ നിമിഷത്തിൽ, താൻ ചെയ്തതോർത്ത് അവൻ സ്വയം തലക്ക് കൈവച്ചു…

എന്താണ് തനിക്ക് സംഭവിക്കുന്നത്…? ഇല്ലെന്നറിഞ്ഞിട്ടും താൻ എന്തിനാണ് അവൾ വന്നെങ്കിലെന്ന് ഇത്ര ആഗ്രഹിക്കുന്നത്…?, റോഷന്റെ ചോദ്യങ്ങൾക്ക് അലവലാതിക്ക് ഉത്തരം ഉണ്ടായിരുന്നില്ല.

ഇവിടെയിരുന്നാണ് ഞങ്ങൾ ഇന്നലെ മദ്യപിച്ചത്… ഇവിടെ വച്ചാണ് അവളെ ഞാൻ ഈ കയ്യാൽ താങ്ങിയത്… ദാ… അവിടെ വച്ചാണ് ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം ഒന്ന് ചേർന്നത്’, ആ വീട്ടിലെ ഓരോ ഇടവും അവനിൽ അഞ്ജുവിന്റെ ചിന്തകൾ മാത്രം നൽകിപ്പോന്നൂ…