വർഷങ്ങൾക്ക് ശേഷം – 6അടിപൊളി  

അവൻ ഇമ ചിമ്മാതെ അതിൽ തന്നെ നോക്കി. അവന്റെ ഉള്ളിൽ നിക്സനോടുള്ള ദേഷ്യം ഇരച്ച് കയറി. നായിന്റെ മോൻ…!”, അലവലാതി പല്ലു ഞെരിച്ചു.

അവന്റെ ഭാവമാറ്റം കൂടി കണ്ടതും, ശ്രീലക്ഷ്മിയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകാൻ ആരംഭിച്ചു… അത് കണ്ടതും റോഷൻ സ്വയം അടങ്ങിക്കൊണ്ടു, സമാധാനിപ്പിക്കും വിധം അവളുടെ തോളിൽ പതിയെ കൈകൾ അമർത്തി…

“അവനാണോ ഇത് ചെയ്തത്, നിക്സൻ…?”, തിളച്ച് മറിയുന്ന ദേഷ്യം, ഉള്ളിൽ അടക്കിപ്പിടിച്ചു അവൻ ചോദിച്ചു.

“മ്മ്…”, ശ്രീലക്ഷ്മി വേദനയോടെ മൂളി….

കേട്ടതും അവന്റെ അണപ്പല്ല് അടിച്ച് താഴെയിടാൻ അവന്റെ കൈകൾ തരിച്ചു… ശ്രീലക്ഷ്മിയുടെ മുഖത്ത് അവൻ കൊടുത്ത ഓരോ അടിക്കും അവനോട് കണക്ക് ചോദിക്കണം’, എന്ന് അലവലാതി വിളിച്ചു പറഞ്ഞു…

“അമ്മ എവിടെ…?”, അരിശം ഒതുക്കിയ സ്വരത്തിൽ അവൻ അവളോട് ചോദിച്ചു.

*** *** *** *** ***

ഇരുവരും നടന്ന് നിക്സന്റെ അമ്മയുടെ മുറിയിലെത്തി. റോഷനെ കണ്ടതും, അമ്മയും അടക്കിപ്പിടിച്ച കരച്ചിലോടെ, അവനായി കാത്തുവച്ച സങ്കടങ്ങളുടെ പണ്ടാരപ്പെട്ടി തുറന്നിട്ടു.

“എന്റെ മോൻ… അവൻ മനുഷ്യനല്ല.. കണ്ടില്ലേ എന്റെ കുഞ്ഞിനോട് അവൻ ചെയ്തത്…!”, ശ്രീലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി, സങ്കടത്തോടെ അവർ തുടർന്നു.

“ഞാൻ ജീവിച്ചിരിക്കുമ്പോ നിക്സൻ ഇവളുടെ ദേഹത്ത് കൈ വക്കില്ലെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. ഇന്നലെ രാത്രി അവൻ അതും തെറ്റിച്ചു.”, ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് ആ സ്ത്രീ വീണ്ടും നിർത്താതെ വിതുമ്പി.

റോഷൻ ശ്രീലക്ഷ്മിയെ നോക്കി…. അമ്മയുടെ കരച്ചിൽ കണ്ട്, അവളുടെ കണ്ണുകൾ അനിർഗ്ഗളം ഒഴുക്കുന്നത് അവൻ കണ്ടു.

റോഷൻ അമ്മയുടെ അരികിലേക്ക് ചെന്ന്, ധൈര്യം കൊടുക്കും വിധം അവരുടെ കൈകളിൽ മെല്ലെ ചേർത്ത് പിടിച്ചു. ഏതോ കോണിൽ, ഇപ്പോഴും എരിയുന്ന പ്രതീക്ഷയുടെ വെട്ടത്തെ നോക്കും പോലെ, ആ സ്ത്രീ അവന്റെ കണ്ണുകളിൽ തന്നെ നോട്ടം ഉറപ്പിച്ചു.

അമ്മ : “ഇന്നലെ മോനോട് സംസാരിച്ചപ്പോൾ, എനിക്കെന്തോ… എന്റെ ലാലുനോടും അജുനോടും സംസാരിക്കുന്ന പോലെ തോന്നി… അതോണ്ട് ചോദിക്കാ, ഇവൾക്ക് എവിടേലും ഒരു ജോലി ശരിയാക്കി കൊടുക്കാൻ പറ്റുമോ…?

റോഷൻ മറുപടി പറയാതെ, ഒരു നിമിഷം ചിന്തിച്ചു. ശേഷം അവളുടെ നിലപാട് അറിയാൻ എന്നോണം ശ്രീലക്ഷ്മിയുടെ നേരെ കണ്ണുകൾ തിരിച്ചു. തലേന്ന് കണ്ട ആളെയല്ല അവളിന്ന്…!, അലവലാതി ഉത്കണ്ട്ഠപ്പെട്ടു. അമ്മയുടെ തീരുമാനം തന്നെയാണ് എന്റെ തീരുമാനവും എന്ന മട്ടിൽ അവളവനെ നോക്കി, മെല്ലെ തലയനക്കി.

നിക്സന്റെ അമ്മയോട് എന്ത് മറുപടി പറയണമെന്ന് റോഷൻ വീണ്ടും ഒരു നിമിഷം ആലോചന കൈകൊണ്ടു. വേറെ വഴി പക്കലില്ലെന്ന് വിളിച്ചോതുന്ന ഭാവത്തോടെ, അമ്മ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

അമ്മ : “ ചോദിച്ചത് അധികമാണെന്ന് അറിയാം… പക്ഷെ ഇവളെ ഇനിയും ഇവിടെ നിർത്താൻ എനിക്ക് പേടിയാണ്. ഒരുപക്ഷെ മൊത്തം സ്വത്തുക്കളും സ്വന്തമാക്കാനായി.. ആ നാറി ചിലപ്പോ ഇവളെ കൊന്നെന്ന് തന്നെയിരിക്കും…”

പറഞ്ഞ് തീർന്നതും അമ്മ പൊട്ടിക്കരയാൻ തുടങ്ങി… ഏതോ കോണിൽ തന്റെ മകനോട് ബാക്കി നിൽക്കുന്ന സ്നേഹവും എന്നാൽ അതിനേക്കാൾ നിക്സനെപ്പോലൊരു മൃഗത്തെ പ്രസവിച്ചതിന്റെ കുറ്റബോധവും ആ കരച്ചിലിൽ മുഴങ്ങിക്കേട്ടു.

കരയുന്ന ആ സ്ത്രീയെ കണ്ടപ്പോൾ, റോഷന് ഓർമ്മവന്നത് അവന്റെ സ്വന്തം അമ്മയെ തന്നെയായിരുന്നു. ആ തേങ്ങലിന് മുന്നിൽ അവൻ അറിയാതെ അലിഞ്ഞുപ്പോയി…

“അമ്മ പേടിക്കേണ്ടാ… ഇനി അവനിവളെ ഒന്നും ചെയ്യില്ല… ലാക്സനേം അജ്മലിനേം പോലെ തന്നെ അമ്മക്ക് എന്റെ വാക്കും വിശ്വസിക്കാം…”, ഉറപ്പ് നൽകുന്ന ഭാവത്തിൽ, റോഷൻ പറഞ്ഞു.

അത് പറയുന്ന നിമിഷത്തിൽ, ശ്രീലക്ഷ്മിയെ എവിടെ നിർത്തുമെന്നോ, അവൾക്ക് എന്ത് ജോലി ശരിയാക്കുമെന്നോ ഒന്നും തന്നെ അവൻ ചിന്തിച്ചിരുന്നില്ല…. അമ്മയുടെ കണ്ണീർ അടക്കുക എന്നത് മാത്രമായിരുന്നു അവനപ്പോൾ പ്രധാനം…

“മോനേ….”, കേട്ടതും ആ സ്ത്രീ കരഞ്ഞുകൊണ്ട് അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു…

റോഷൻ അവരെ ആശ്വസിപ്പിക്കും വിധം അനങ്ങാതെ ഇരുന്നു കൊടുത്തു… ഈ രംഗം കണ്ടു നിന്ന ശ്രീലക്ഷ്മിയും അറിയാതെ വിതുമ്പിപ്പോയി.

ജീവിതം ഒരു ലൂപ്പ് തന്നെയാണല്ലോ റോഷാ… എത്ര വേണ്ടെന്ന് വച്ചാലും അതേ വട്ടം തുടരേണ്ടി വരുന്ന ലൂപ്പ്…’, അലവലാതി പറഞ്ഞു… ഇപ്പോൾ എല്ലാ പ്രശ്നവും ഒരൊറ്റ ഉത്തരത്തിലാണ് ചെന്ന് നിൽക്കുന്നത്…

രേഷ്മ ചേച്ചിയുടെ…

അച്ചുവിന്റെ… വിമലിന്റെ…

ശ്രീലക്ഷ്മിയുടെ… നിക്സന്റെ അമ്മയുടെ…

അങ്ങനെ എല്ലാം… അവൻ മനസ്സിൽ, വരാനിരിക്കുന്ന കൊട്ടിക്കലാശത്തിനുള്ള കരുക്കൾ സ്വരുക്കൂട്ടി…

കുറച്ച് സമയം കൂടി അമ്മക്കൊപ്പം ഇരുന്ന ശേഷം അവൻ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി. ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തുകൊണ്ട്, അവൻ ഒരിക്കൽ കൂടി ശ്രീലക്ഷ്മിയുടെ നേരെ നോക്കി.

“അമ്മ പറഞ്ഞത് കൊണ്ട് വിളിച്ചൂ എന്നേയുള്ളു… അതിന്റെ പേരിൽ… ഈ മാറപ്പ് ചുമക്കണം എന്നില്ലാട്ടോ…”, അവന്റെ നോട്ടം കണ്ട്, വിഷാദം നിറഞ്ഞ പുഞ്ചിരിയോടെ ശ്രീലക്ഷ്മി പറഞ്ഞു.

അവളുടെ പറച്ചിൽ കേട്ട് അവൻ നിരർത്ഥകമായി ചിരിച്ചു.

റോഷൻ: “ഒരു മാറാപ്പും ചുമക്കാനല്ല… ആർക്കും ഉപകാരമില്ലാത്ത ചില മാറാപ്പുകൾ എന്നെന്നേക്കുമായി ഒഴിവാക്കാനാണ് എന്റെ തീരുമാനം…”

അവന്റെ മറുപടി കേട്ട് അവൾ ഞെട്ടി.

“റോഷാ… എന്താ നീയീ പറഞ്ഞേ…?”, പുറത്തേക്ക് തള്ളിയ കണ്ണുകളോടെ അവൾ അവനോടായി ചോദിച്ചു.

“നീ കേട്ടത് തന്നെ… പേടിക്കേണ്ടാ… നിങ്ങൾക്കാർക്കും ഇതിന്റെ പേരിൽ ഒരു എനക്കേടും സംഭവിക്കില്ല”, അവൻ അവളുടെ കയ്യിൽ ചേർത്ത് പിടിച്ച് ധൈര്യം പകർന്നു.

ശ്രീലക്ഷ്മി അവനെ നോക്കി… റോഷൻ തനിക്ക് വേണ്ടി നിൽക്കുന്നുണ്ടല്ലോ എന്നോർത്ത് അറിയാതെ ഉള്ളിൽ സന്തോഷിച്ചു. എന്നാൽ അതേ സമയം, തനിക്കായി എടുക്കാൻ പോകുന്ന റിസ്ക്കിന്റെ വ്യാപ്തി ഓർത്ത് ആകുലപ്പെടുകയും ചെയ്തു…

“എന്തിനാ… എന്തിനാ നീ… എനിക്ക് വേണ്ടി…?”, വികാരപ്രക്ഷോപത്താൽ അവൾക്ക് തന്റെ ചോദ്യം മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.

റോഷൻ : “അതിനുള്ള ഉത്തരവും നിനക്കറിയാം ശ്രീലക്ഷ്മി… ഒരുപക്ഷെ എന്നേക്കാൾ നന്നായി…”

കേട്ടതും, ശ്രീലക്ഷ്മി അറിയാതെ കരഞ്ഞു… ഇതുകണ്ട് റോഷൻ ഒന്നുകൂടി തന്റെ കൈകൾ കൂട്ടിപ്പിടിച്ച ശേഷം, സമാധാനിപ്പിക്കും വിധം അവളുടെ തോളിൽ ചെറുങ്ങനെ തലോടി.

അവന്റെ കരവലയത്തിൽ താൻ വളരെയധികം സുരക്ഷിതയായിരിക്കുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു… അവളുടെ കണ്ണീർ റോഷന്റെ കൈതടത്തിലൂടെ ഒഴുകി, അവന്റെ മനസ്സിലും നനവ് പടർത്തി…

അവൻ തന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു…

തിരികെയിറങ്ങാൻ നേരം റോഷൻ സെക്യൂരിറ്റി ക്യാബിനിൽ ഒരിക്കൽ കൂടെ വണ്ടി ചവിട്ടി. ഇത് കണ്ടതും സെക്യൂരിറ്റി അവനു നേരെ പേടിയും അമ്പരപ്പും നിറഞ്ഞൊരു നോട്ടം നോക്കി. റോഷൻ പേഴ്സിൽ നിന്നും രണ്ട് രണ്ടായിരത്തിന്റെ നോട്ടുകൾ എടുത്ത്, അയാളുടെ പോക്കറ്റിലേക്ക് വച്ച് തള്ളി കൊടുത്തു.