വർഷങ്ങൾക്ക് ശേഷം – 6 10അടിപൊളി  

“അപ്പൊ അളിയന്റെ ആറാട്ട് വട്ടത്തിൽ മൂഞ്ചി എന്ന് സാരം…”, കേട്ടതും, അച്ചുവിനൊട്ടൊരു കൊട്ട് കൊടുക്കും വിധം റോഷൻ പറഞ്ഞു.

“ശവത്തിൽ കുത്താതെടാ…!”, ഗതികേട് നിറഞ്ഞ സ്വരത്തിൽ, തമാശപ്പറയും പോലെ അച്ചുവും തിരിച്ചുപറഞ്ഞു.

മൂവരും ചിരിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ, രേഷ്മ ചേച്ചി റോഷനെ ഫോൺ വിളിച്ചു. അച്ചുവിന്റെ കാര്യങ്ങൾ തിരക്കുന്നതിനൊപ്പം, എടുത്ത് ചാടരുതെന്ന്’ ചേച്ചി ഒരിക്കൽ കൂടി റോഷനെ താക്കീത് ചെയ്തു. ചേച്ചി പറഞ്ഞതിനൊക്കെയും പഴയ ട്യൂഷൻ കുട്ടിയെ കണക്ക് അവൻ മൂളിക്കൊടുത്തു. ഒടുവിൽ ഫോണിലൂടെ ഒരു ചക്കര ഉമ്മയും നൽകിയാണ് ചേച്ചി കോൾ അവസാനിപ്പിച്ചത്… അരികിൽ വിമലും അച്ചുവും ഉള്ളതിനാൽ, വാങ്ങിയ ഉമ്മ പാവം’ റോഷന് തിരിച്ചു കൊടുക്കാനും കഴിഞ്ഞില്ല.

അച്ചുവിനെ റോഷനെ ഏൽപ്പിച്ച്, വൈകുന്നേരമായപ്പോൾ വിമലും വീട്ടിലേക്ക് തിരിച്ചു… അച്ചുവിന് ഒറ്റക്ക് കൂട്ടിരുന്നു മടുത്ത റോഷൻ, സന്ധ്യ കഴിഞ്ഞപ്പോൾ അതിനകത്ത് തന്നെ ഒന്ന് നടക്കാനിറങ്ങി. ആ സമയം ബാലാജിയുടെ കോൾ അവനെ തേടിയെത്തി…

ബാലാജി : “ആ റോഷൻ തമ്പി…”

“ആ അണ്ണാ… ഞാൻ ഒന്നൂടെ അങ്ങോട്ട് വിളിക്കാൻ ഇരിക്കായിരുന്നു”, എടുത്തപ്പാടെ റോഷൻ മറുപടി പറഞ്ഞു.

ബാലാജി : “നാൻ ഒരു മീറ്റിങ്ങിൽ ആയിരുന്നു… അതാ കിട്ടാഞ്ഞേ…”

റോഷൻ : “പറ ബാലു അണ്ണ… എന്തായി കാര്യങ്ങൾ…?”

ബാലാജി : “നീ പറഞ്ഞ ആളെപ്പറ്റി ഞാൻ പസ്സങ്കളോട് അന്വേഷിച്ചു. കരുതും പോലെ ചില്ലറ പുള്ളി ഒന്നുമല്ല അവൻ… പിള്ളേര് കൊടകില് വച്ച് നടന്ന ഒരു പഴയ സംഭവം എന്നോട് പറഞ്ഞു…”

ഒന്നാമത് നിക്സനെക്കുറിച്ച് ആൾക്ക് ആൾ വീതം തള്ളുന്നുണ്ട്. അതിന്റെ കൂടെ ദാ ഇപ്പോൾ ബാലു അണ്ണനും കൂടി ഒരു തള്ള് കഥ പറയാൻ ഒരുങ്ങുന്നു’, അലവലാതി പറഞ്ഞു.

ബാലാജിയുടെ കഥ കേൾക്കാനായി റോഷൻ ജിജ്ഞാസയോടെ കാതോർത്തു. തുടരവെ, കേട്ട കഥയുടെ ബാധിപ്പ് അയാളുടെ ശബ്ദത്തിലും പ്രതിഫലിച്ച് കേട്ടു.

ബാലാജി : “സാവടിക്ക വന്ത 11 പേരെ, ഒരു പീച്ചാംക്കത്തിക്കൊണ്ട് അവൻ ഒത്ത ആളാ അരിഞ്ഞ് വീഴ്ത്തിയ കഥ… അന്ന് മുതൽ കൊടകിൽ അവനൊരു വട്ടപ്പേര് വീണു; അയ്ദ കട്ടി’… മുട്ടാൻ പോയിട്ട് അവൻ കിട്ടൈ അടുക്കുന്ന കാര്യം യോസിക്കാൻ പോലും എതിരാളികൾ മടിക്കും… അവലൗ കൂടിയ ഇനമാ…”

[അയ്ദ കട്ടി : കൊടകിലെ ആളുകൾ കൃഷിക്കും യുദ്ധാവിശത്തിനുമായി ഉപയോഗിച്ച് പോരുന്ന ഒരു പാരമ്പരാഗത ആയുധം]

ഇതാണ് കഥയെങ്കിൽ വട്ടപ്പേര് അയുധ കട്ടി’ എന്നായിരിക്കില്ല, ജോൺ വിക്ക് എന്നാവും…’, ബാലാജി സീരിയസ്സായി പറയുന്നതിനിടയിലും അലവലാതി, സ്ഥിരം കൊണച്ച തമാശ വിളമ്പി… ബാലാജി തുടർന്നു…

ബാലാജി : “ആനാ… നീ പറഞ്ഞതിൽ ഒരു കാര്യം മാത്രം തപ്പ്, റോഷാ…”

അതെതാണെന്നറിയാൻ റോഷനും ആകാംഷ കാട്ടി… ബാലാജി ആ രഹസ്യം വെളിപ്പെടുത്തിയതും അവൻ ശ്രീലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥയും നിക്‌സനിൽ നിന്നും അവളെ അകറ്റി നിർത്തേണ്ട ആവശ്യകതയും അയാളോടായി അവതരിപ്പിച്ചു. ബാലാജി എല്ലാം ശ്രദ്ധയോടെ കേട്ട ശേഷം, ആലോചനയോടെ മറുപടി പറഞ്ഞു.

ബാലാജി : “അന്ത പൊണ്ണ് LLB അല്ലേ പഠിച്ചത്… ആങ്ങനെയാണെങ്കിൽ ഞാനെന്റെ അഡ്വക്കേറ്റുമായി ഒന്ന് സംസാരിച്ചിട്ട് തിരിച്ച് വിളിക്കാം… അവന്റെ ജൂനിയർ ആയിട്ടോ മറ്റോ അവളെ നിർത്താൻ കഴിഞ്ഞാൽ മറ്റ് ലീഗൽ ഫോർമാലിറ്റി കാര്യങ്ങൾക്കും അവന്റെ ഒരു സഹായം ഉണ്ടാകുമല്ലോ…!”

“അങ്ങനെയാണെങ്കിൽ വളരെ ഉപകാരം, ബാലു അണ്ണാ…”, റോഷൻ അയാളുടെ ഉദാരമനസ്കതക്ക് നന്ദി പറഞ്ഞു.

“നൻട്രി ഒന്നും വേണ്ട… നീയെൻ തമ്പി താനെ… അപ്പുറം അന്ത ചിപ്സ് മാറ്റർ മറന്തിടാതീങ്കെ…”, ബാലാജി രംഗം മയപ്പെടുത്തി, തമാശ മട്ടിൽ പറഞ്ഞു.

“കണ്ടിപ്പാ മറക്കാത് അണ്ണാ…”, റോഷനും ചിരിച്ചുകൊണ്ട് മറുപടി നൽകി.

ബാലാജിയുമായുള്ള കോൾ കട്ട്‌ ചെയ്യുമ്പോൾ, റോഷന്റെ മനസ്സിൽ ഒരു മഴ പെയ്തൊഴിഞ്ഞ ശാന്തത ഉണ്ടായിരുന്നു… മുന്നും പിന്നും ആലോചിക്കാതെ നിക്സന്റെ അമ്മക്ക് നൽകിയ വാക്ക് പാലിക്കപ്പെടാൻ പോകുന്നു. ബാലാജിയുടെ അടുത്ത വിളി കൂടി വന്ന് കഴിഞ്ഞാൽ, ഇക്കാര്യം നേരെ ശ്രീലക്ഷ്മിയെ വിളിച്ചറിയിക്കാം എന്നവൻ കണക്ക്ക്കൂട്ടി. അവൻ അച്ചുവിന്റെ അടുത്തേക്ക് തിരികെ നടന്നു.