വർഷങ്ങൾക്ക് ശേഷം – 6അടിപൊളി  

റോഷൻ : “ഹലോ…”

മറുപടിയില്ല… അവൻ വീണ്ടും ഹലോ’ പറഞ്ഞു.

“റോഷാ, ഞാൻ.. ശ്രീലക്ഷ്മിയാണ്…”, മറുതലക്കൽ നിന്നുമുള്ള സ്ത്രീ ശബ്ദം സ്വയം അറിയിച്ചു.

“ആഹ്.. ശ്രീലക്ഷ്മി, പറയൂ…”, അവളിൽ നിന്നും ഉടനെ ഒരു വിളി പ്രതീക്ഷിക്കാത്തതിന്റെ, നേരിയ അതിശയത്തിൽ റോഷൻ ചോദിച്ചു.

“അമ്മക്ക്.. നിന്നെയൊന്ന് കാണണമെന്ന് പറഞ്ഞു… ഇന്ന് ഫ്രീയാണെങ്കിൽ.. ഒന്നിവിടെം വരെ വരാൻ പറ്റുമോ…?”, അത് പറയവേ, അവളുടെ ശബ്ദം അകാരണമായി ഇടറിയത് അവൻ അറിഞ്ഞു.

അതിന്റെ കാരണം തപ്പി, ആ നിമിഷാർദ്ധ ഇടവേളയിൽ അലവലാതി കുറേ ദൂരം സഞ്ചരിച്ചു.

“അതിനെന്താ… ഞാൻ വരാം…”, റോഷൻ ആലോചനയോടെ മറുപടി നൽകി.

എന്തിനായിരിക്കും നിക്സന്റെ അമ്മ എന്നെ കാണണമെന്ന് പറഞ്ഞത്…!, ഫോൺ കോൾ അവസാനിച്ചതും അലവലാതി വീണ്ടും ചിന്തിച്ച് തുടങ്ങി… കാര്യമറിയാത്തത്തിന്റെ ജിജ്ഞാസ റോഷന്റെ ഉള്ളിൽ നങ്കൂരമിട്ടു… അവൻ വേഗം തന്നെ മറ്റ് പ്രഭാത കൃത്യങ്ങളിലേക്ക് തിരിഞ്ഞു.

തലേ രാത്രിയിലെ സംഭവങ്ങൾ മനസ്സിലിട്ടുകൊണ്ടു, ശ്രീലക്ഷ്മിയുടെ അടുത്തേക്ക് തിരിക്കാനെന്നോണം റെഡിയായി, റോഷൻ വീട്ടിൽ നിന്നും ഇറങ്ങി നടന്നു.

വിമലിന്റെ വീട്ടിലെത്തവെ, അവൻ ആദ്യം തന്നെ മുറ്റത്തേക്ക് കണ്ണെത്തിച്ചു അഞ്ജുവിന്റെ സ്കൂട്ടർ അവിടെയില്ലെന്ന് ഉറപ്പിച്ചു. നന്നായി… അമ്മയുടെ മുൻപിൽ വച്ച് കണ്ടുമുട്ടുന്ന ചളിപ്പ് ഒഴിവാക്കാമല്ലോ…!, അലവലാതി ആശ്വസിച്ചു.

വീട്ടിൽ കയറിയതും, കുശലാന്വേഷണത്തിന്റെ രൂപത്തിൽ, ഒരിക്കൽ കൂടി അവൻ അഞ്ജു ഇല്ലെന്ന് ഭാർഗ്ഗവിയോട് ചോദിച്ചുറപ്പിച്ചു. ശേഷം അമ്മ തന്ന ചായയും കുടിച്ച്, അടുക്കളയിൽ ഇരുന്ന് അവൻ സാധാരണകൂട്ട് കുറച്ച് നേരം വർത്തമാനം പറഞ്ഞു.

ഭാർഗ്ഗവി: “രോഹിണി ഫ്രീയാകുന്ന സമയം നോക്കി, നീയൊന്ന് ഫോണിൽ വിളിച്ച് താട്ടാ…”

റോഷൻ : “മ്മ്…”

ഭാർഗ്ഗവി: “ഞാൻ എടുത്ത് നടന്ന കൊച്ചാ, ഇപ്പോ അവൾക്കൊരു കൊച്ചായി…”

അത് കേട്ട് റോഷൻ ചിരിച്ചു…

“എനിക്കെന്നാണാവോ ഇതുപോലെ വിമലിന്റെ ഒരു കൊച്ചിനെ കാണാൻ പറ്റുക…!”, ഭാർഗ്ഗവി ആരോടെന്നില്ലാതെ പറഞ്ഞു…

അതിന് മറുപടി കിട്ടാതെ റോഷൻ മൗനം പൂണ്ടു.

പെട്ടന്നാണ് അത് സംഭവിച്ചത്… പിന്നിൽ നിന്നും അപ്രതീക്ഷിതമായി അഞ്ജുവിന്റെ ശബ്ദം റോഷന്റെ കാതുകളിലേക്ക് പതിച്ചു.

അഞ്ജു: “റോഷാ….”

“ങേ…!”, കേട്ടതും അവനറിയാതെ ഞെട്ടിത്തിരിഞ്ഞു നോക്കി…

അവന്റെ കണ്ണുകൾ ശബ്ദം കേട്ട ഭാഗത്ത് ആകമാനം ചുറ്റിക്കറങ്ങി… ഇല്ല… അഞ്ജു ഇല്ല…. കേട്ടത് തന്റെ വെറും തോന്നലാണെന്ന് അവൻ തിരിച്ചറിഞ്ഞു.

“എന്തുപറ്റി മോനെ…?”, അവന്റെ ഞെട്ടലും വിളിയും കണ്ടു ഭാർഗ്ഗവി ചോദിച്ചു.

അവൻ എന്തു പറയണമെന്നറിയാതെ, അമ്മയുടെ മുഖത്തേക്ക് രണ്ട് നിമിഷം തുറിച്ച് നോക്കി.

റോഷൻ : “ഒന്നുമില്ലമ്മേ….”

അവൻ എങ്ങിനെയോ പറഞ്ഞോപ്പിച്ചു… ഭാർഗ്ഗവി വീണ്ടും സംസാരം തുടർന്നു.

Shit… ബോധം തിരികെയെത്തിയ നിമിഷത്തിൽ, താൻ ചെയ്തതോർത്ത് അവൻ സ്വയം തലക്ക് കൈവച്ചു…

എന്താണ് തനിക്ക് സംഭവിക്കുന്നത്…? ഇല്ലെന്നറിഞ്ഞിട്ടും താൻ എന്തിനാണ് അവൾ വന്നെങ്കിലെന്ന് ഇത്ര ആഗ്രഹിക്കുന്നത്…?, റോഷന്റെ ചോദ്യങ്ങൾക്ക് അലവലാതിക്ക് ഉത്തരം ഉണ്ടായിരുന്നില്ല.

ഇവിടെയിരുന്നാണ് ഞങ്ങൾ ഇന്നലെ മദ്യപിച്ചത്… ഇവിടെ വച്ചാണ് അവളെ ഞാൻ ഈ കയ്യാൽ താങ്ങിയത്… ദാ… അവിടെ വച്ചാണ് ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം ഒന്ന് ചേർന്നത്’, ആ വീട്ടിലെ ഓരോ ഇടവും അവനിൽ അഞ്ജുവിന്റെ ചിന്തകൾ മാത്രം നൽകിപ്പോന്നൂ…

ഓരോ നിമിഷം അധികം അവിടെ ഇരിക്കുംതോറും അവന്റെ മനസ്സ് കൂടുതൽ അസ്വസ്ഥമാകാൻ തുടങ്ങി… തനിക്ക് ഏറെ പരിചിതമായ, താൻ കളിച്ച് വളർന്ന ഒരിടം, ഒറ്റ രാത്രി കൊണ്ട് മറ്റേതോ ഓർമ്മകൾ മാത്രം നിശ്വസിക്കുന്ന ഒരിടമായി മാറുന്ന അവസ്ഥ…!

അവനാകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി…

അധികം വൈകിക്കാതെ, അവൻ ഭാർഗ്ഗവിയോട് യാത്ര പറഞ്ഞു ആ വീട്ടിൽ നിന്നും ഇറങ്ങി.

അവൻ പോയത് വിമലിന്റെ വീടിനടുത്തുള്ള മറ്റൊരു സുഹൃത്തായ ജിതിന്റെ വീട്ടിലേക്കാണ്. UKയിൽ ജോലി ചെയ്യുന്ന അവൻ, നാട്ടിലെത്തിയാൽ അവന്റെ ബുള്ളറ്റ് ഉപയോഗിച്ചു കൊള്ളാൻ പറഞ്ഞിട്ടുണ്ടായിരുന്നു. അവന്റെ അച്ഛനോടും അമ്മയോടും കുറച്ചു സമയം വിശേഷം പറഞ്ഞിരുന്ന ശേഷം, റോഷൻ ബുള്ളറ്റുമായി അവിടെ നിന്നും യാത്ര തിരിച്ചു.

ആദ്യ ലക്ഷ്യം നിക്സന്റെ വീട് തന്നെയായിരുന്നു… അവൻ അക്സിലേറ്റർ മുറുക്കി, വണ്ടിയുടെ വേഗം കൂട്ടി….

ഇപ്പ്രാവിശ്യം റോഷനെ കണ്ടതും, സെക്യൂരിറ്റി ഒന്നും തന്നെ ചോദിക്കാതെ ഗേറ്റ് തുറന്ന് കൊടുത്തു. അയാളുടെ മുഖത്ത് റോഷനോടുള്ള ഭയം തെളിഞ്ഞു കാണാമായിരുന്നു. ഒരുപക്ഷെ അവന്റെ മുതലാളിയും താനും തമ്മിലുള്ള ഫ്ലാഷ് ബാക്ക്, സെക്യൂരിറ്റി അറിഞ്ഞിട്ടുണ്ടാകണം…’, അലവലാതി ഊഹിച്ചു.

വീടിനകത്ത് കയറിയതും, ശ്രീലക്ഷ്മിയെ തിരക്കി റോഷന്റെ കണ്ണുകൾക്ക് അധികം സഞ്ചരിക്കേണ്ടി വന്നില്ല. അവനേയും പ്രതീക്ഷിച്ചെന്ന് വിളിച്ചോതും വണ്ണം, അവൾ ഹാളിൽ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. റോഷനെ കണ്ടതും ശ്രീലക്ഷ്മി എഴുന്നേറ്റ്, ഒരു തണുപ്പൻ ചിരി ചിരിച്ചു… അവൻ തിരിച്ചും…

“നിനക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ…?”, അവൾ പതിവില്ലാത്ത വിധം ഒരു ഔപചാരികതയുടെ മേലങ്കി അണിഞ്ഞു.

“വേണ്ടടി… ഞാനിപ്പോ കുടിച്ചേ ഒള്ളൂ…”, അത് പറയുമ്പോൾ എന്തിനാണ് വിളിപ്പിച്ചത് എന്നറിയാനുള്ള ത്വര അവനിൽ പ്രകടമായി കാണാമായിരുന്നു.

ശ്രീലക്ഷ്മി വീണ്ടും അതേ തണുപ്പൻ പുഞ്ചിരി കൈകൊണ്ടു… എന്തോ സംസാരിച്ച് തുടങ്ങാനുള്ള മടി അവളുടെ മൗനത്തിൽ നിന്നും റോഷൻ വായിച്ചെടുത്തു.

അതിനിടയിലാണ് ഇത്ര നേരമായിട്ടും, അവൾ ഒരു വശം ചെരിഞ്ഞ് നിന്ന് മാത്രമാണ് തന്നോട് സംസാരിക്കുന്നത് എന്ന വസ്തുത റോഷൻ ശ്രദ്ധിച്ചത്… അതവനിൽ സംശയം ജനിപ്പിച്ചു….

“ശ്രീലക്ഷ്മി, എന്താ പ്രശ്നം..?”, അവളുടെ മറഞ്ഞിരിക്കുന്ന മറുപാതിയിലേക്ക് കണ്ണെത്തിച്ചുകൊണ്ട്, സംശയരൂപേണ അവൻ ചോദിച്ചു.

“എന്ത് പ്രശ്നം…!”, റോഷന് തന്റെ കള്ളത്തരം മനസ്സിലായി എന്നറിഞ്ഞതും, ശ്രീലക്ഷ്മിയുടെ കണ്ണുകൾ അറിയാതെ നനഞ്ഞു… അത് അവൻ കാണിക്കാതിരിക്കാനായി, അവളവന് പിന്തിരിഞ്ഞു നിന്നു.

ശ്രീലക്ഷ്മിയുടെ വിചിത്രമായ ഈ പെരുമാറ്റം റോഷന്റെ സംശയം വർദ്ധിപ്പിക്കുകയാണ് ചെയ്തത്. അവൻ മെല്ലെ അവളുടെ അടുത്തേക്ക് നീങ്ങി, അവളുടെ തോളിൽ മൃദുവായി കൈ വച്ചു.

“ശ്രീലക്ഷ്മി…”, പറയുന്നതിനൊപ്പം അവനവളെ തനിക്ക് നേരെ തിരിച്ച് നിർത്തി.… അവൾ അൽപം മടിയോടെ, പതിയെ അവന് നേരെ മുഖം പൂർണ്ണമായും തിരിച്ചു നിന്നു.

ആ മുഖം മൊത്തമായി കണ്ടതും റോഷൻ ആകെ വല്ലാണ്ടായി. മുഖത്തിന്റെ ഒരു വശം മുഴുവൻ അടി കൊണ്ടതിന്റെ പാടുകൾ… പലയിടത്തും പതിഞ്ഞു കിടക്കുന്ന മോതിരത്തിന്റെ അടയാളങ്ങൾ…. അടി നൽകിയവന്റെ ഉള്ളിലെ ദേഷ്യവും വന്യതയും, ചുവന്ന് കല്ലച്ച് കിടക്കുന്ന ആ കവിളുകൾ വിളിച്ചു പറഞ്ഞു…