സാംസൻ – 8അടിപൊളി  

എട്ടു മണിക്ക് സാന്ദ്രയാണ് എന്നെ ഉണര്‍ത്തിയത്. അതും എന്നെ തൊടാതെ ഉറക്കെ വിളിച്ചു മാത്രമാണ് അവള്‍ ഉണർത്തിയത്.

എന്റെ നീറുന്ന കണ്ണുകൾ തുറന്ന് ഞാൻ നോക്കി. പള്ളിയില്‍ പോയിട്ട് വന്ന് വേഷം മാറാതെയാണ് സാന്ദ്ര നില്‍ക്കുന്നത്. കാപ്പിപ്പൊടി നിറമുള്ള ചുരിദാറിൽ അവള്‍ അതിസുന്ദരി ആയിരുന്നു. പക്ഷെ എന്നില്‍ നിന്നും രഹസ്യം സൂക്ഷിക്കുന്ന കാര്യം ഓര്‍ത്തതും അവളുടെ മുഖത്ത് നിന്നും ഞാൻ എന്റെ നോട്ടം വെട്ടിച്ചു.

“ചേട്ടനെ ഉണര്‍ത്താൻ ചേച്ചി പറഞ്ഞു.” സാന്ദ്ര അല്‍പ്പം ഗൗരവത്തിലാണ് പറഞ്ഞത്.

ഒന്നും മിണ്ടാതെ… അവളുടെ മുഖത്ത് നോക്കാതെ ഞാൻ മെല്ലെ എഴുന്നേറ്റു. ശേഷം തോര്‍ത്ത് എടുത്തുകൊണ്ട് നേരെ ബാത്റൂമിൽ കേറി വാതിൽ കുറ്റിയിട്ടു.

കുളി കഴിഞ്ഞ് പുറത്തേക്ക്‌ വന്ന് ഒരു ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും എടുത്തിട്ടു. അന്നേരം സാന്ദ്ര ചായയുമായി റൂമിലേക്ക് വന്നു. എന്റെ നേര്‍ക്ക് നീട്ടിയ ചായ ഞാൻ അവളുടെ മുഖത്ത് നോക്കാതെ വാങ്ങി.

“ചേച്ചി ചേട്ടനോട് അക്കാര്യം പറഞ്ഞു, അല്ലേ..?”

“ഏതു കാര്യം…?” അവളെ നോക്കാതെ ചായ ഒരുറുമ്പ് കുടിച്ചിറക്കി കൊണ്ട്‌ ഞാൻ ചോദിച്ചു.

“ഞാൻ ഓസ്ട്രേലിയയിൽ പോകാൻ തീരുമാനിച്ച കാര്യം.”

“മ്മ്.. പറഞ്ഞു.” അതും പറഞ്ഞ്‌ ഞാൻ നേരെ ഹാളിലേക്ക് നടന്നു. എന്നിട്ട് ഒരു കസേരയില്‍ ഞാൻ ഇരുന്നു.

ഞാൻ എപ്പോഴും സോഫയിൽ ആണ്‌ ഇരിക്കാറുള്ളത്.. പക്ഷേ ഇപ്പോൾ ഞാൻ കസേര സെലക്ട് ചെയ്തപ്പോ സാന്ദ്ര വിഷമത്തോടെ എന്നെ നോക്കിയ ശേഷം എന്റെ അടുത്തുള്ള കസേരയില്‍ അവളും ഇരുന്നു.

“എന്നോട് ദേഷ്യമാണോ…?” അവള്‍ ചോദിച്ചു.

“എന്തിന്‌…?” ചോദിച്ചിട്ട് ഞാൻ എഴുനേറ്റ് ടിവി ഓണാക്കി. ശേഷം എന്റെ കസേരയെ ഇരുന്ന ശേഷം എനിക്ക് വേണ്ട ചാനൽ വച്ച് അതിൽ നോട്ടവും നട്ടു.

പക്ഷേ അവളുടെ നോട്ടം എന്റെ മുഖത്ത് ആണെന്ന് കടക്കണ്ണിലൂടെ ഞാൻ കണ്ടു.

“ആദ്യമെ ചേട്ടനോട് ഇക്കാര്യം പറയാത്തത് കൊണ്ട്‌ ദേഷ്യമാണോ…?” സാന്ദ്ര ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ ചായ കുടിച്ചു തീര്‍ത്തിട്ട് ഗ്ലാസ്സിനെ ടീപ്പേയിൽ വച്ചു.

എന്നിട്ട് ടിവിയിൽ നിന്നും കണ്ണെടുക്കാതെ ഞാൻ കഠിന സ്വരത്തില്‍ പറഞ്ഞു, “നീ ഓസ്ട്രേലിയയിൽ പോകുന്നതും പോകാത്തതും നിന്റെ ഇഷ്ട്ടം. അക്കാര്യം എന്നോട് പറയണമെന്ന ആവശ്യവും നിനക്കില്ല. അതുപോലെ എനിക്ക് ആവശ്യമില്ലാത്ത കാര്യത്തിന്‍റെ പേരില്‍ എനിക്ക് ആരോടും ദേഷ്യപ്പെടേണ്ട കാര്യവുമില്ല.”

“സോറി ചേട്ടാ….” സാന്ദ്ര കരയും പോലെ പറഞ്ഞിട്ട് എന്റെ കൈയിൽ പിടിച്ചു. “അക്കാര്യം ഞങ്ങൾ രഹസ്യമാക്കി വെച്ചിരുന്നത് കൊണ്ടുള്ള ദേഷ്യം കാരണമാണ് ചേട്ടൻ ഇങ്ങനെ സംസാരിക്കുന്നത് എന്നറിയാം.”

ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. അതുകൊണ്ട്‌ സാന്ദ്ര തുടർന്നു,

“ഞാനാണ് ചേട്ടനോട് പറയേണ്ട എന്ന് വിലക്കിയത്… എല്ലാം ശെരിയായ ശേഷം ചേട്ടനോട് പറയാം എന്നാണ് വിചാരിച്ചത്.”

“എന്നോട് പറയാതിരിക്കാന്‍ എന്തേലും കാരണം ഉണ്ടോ…?” ഞാൻ ചോദിച്ചു.

“എന്നോടുള്ള സ്നേഹം കാരണം ചേട്ടൻ ചിലപ്പോ എന്നെ പോകാൻ അനുവദിക്കില്ല എന്ന ഭയം കാരണമാണ് ഞാൻ അങ്ങനത്തെ തീരുമാനം എടുത്തത്. ചിലപ്പോ ചേട്ടൻ എന്റെ പോക്ക് മുടക്കും എന്ന് ഞാൻ ഭയന്നു. സോറി ചേട്ടാ.. ഞാൻ അങ്ങനെ ഒന്നും ചിന്തിക്കാൻ പാടില്ലായിരുന്നു… എനിക്ക് തെറ്റുപറ്റി പോയി.”

ഹാളാകെ കണ്ണോടിച്ച ശേഷം നിര്‍വ്വികാരനായി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.

“ഒരു തെറ്റും നിനക്ക് പറ്റിയിട്ടില്ല, സാന്ദ്ര. കാരണം നി എന്നോട് പറയാൻ മാത്രം ഞാൻ നിന്റെ അച്ഛനോ സഹോദരനോ ഭർത്താവോ അല്ലല്ലോ. എല്ലാവർക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ട്… നിനക്ക് നല്ലതെന്ന് തോന്നിയത്‌ നി ചെയ്തു. അതിന്‌ എന്നോട് ക്ഷമ ചോദിക്കേണ്ട കാര്യമില്ല..” എന്റെ വിഷമം മറച്ചു കൊണ്ട്‌ ഞാൻ പറഞ്ഞു.

“പ്ലീസ് ചേട്ടാ…. എനിക്ക് തെറ്റുപറ്റി. പക്ഷേ ഇനിയും ഇങ്ങനെ സംസാരിച്ച് എന്നെ വിഷമിപ്പിക്കരുത്.” അവള്‍ കെഞ്ചി. “ചേട്ടന്റെ അഭിപ്രായം എന്താണെന്ന് ചേട്ടൻ പറഞ്ഞോളൂ.”

“അഭിപ്രായം ഒന്നും എനിക്ക് പറയാനില്ല. നിങ്ങൾ മൂന്നുപേരും തന്നെ തീരുമാനിച്ചാല്‍ മതി.” അതും പറഞ്ഞ്‌ ഞാൻ എഴുനേറ്റ് തിരിഞ്ഞതും അമ്മായിയും ജൂലിയും വിഷമത്തോടെ തൊട്ടു പിന്നില്‍ നില്‍ക്കുന്നതാണ് കണ്ടത്.

ഇവര്‍ എപ്പോഴാണ് വന്നത്…?

“മോനെ…!” അമ്മായി തുടങ്ങി.

“വേണ്ട അമ്മായി. വെറുതെ ഇക്കാര്യം പറഞ്ഞ്‌ നമ്മൾ മുഖം മുറിക്കുന്നത് ശെരിയല്ല. എന്നോട് പറയാത്തതിൽ എനിക്ക് വിഷമം ഇല്ല. നിങ്ങൾ അമ്മയും മക്കളും തന്നെ തീരുമാനിച്ചാല്‍ മതി.. ഇതിൽ എനിക്കൊന്നും പറയാനില്ല. നിങ്ങളുടെ കുടുംബ കാര്യത്തിൽ ഇടപെടാനും ഞാൻ ആഗ്രഹിക്കുന്നില്ല.”

അത്രയും പറഞ്ഞിട്ട് ഞാൻ ജൂലിയെ നോക്കി. അത്ര വിശപ്പ് ഇല്ലെങ്കിലും ഞാൻ ചോദിച്ചു, “എനിക്ക് വിശക്കുന്നു.. എന്തെങ്കിലും ഉണ്ടോ കഴിക്കാൻ….?”

“എല്ലാം എടുത്ത് വച്ചിട്ടുണ്ട്. എല്ലാവരും വരൂ.” വിഷമിച്ച സ്വരത്തില്‍ പറഞ്ഞിട്ട് ജൂലി അവളുടെ അമ്മയും സാന്ദ്രയെയും നോക്കി അവിടെ തന്നെ നിന്നു.

പക്ഷേ ഞാൻ നടന്നു, നേരെ ഡൈനിംഗ് റൂമിലേക്ക്. പിന്നില്‍ നിന്നും അമ്മയും മക്കളും എന്തോ രഹസ്യം പറയുന്നത് ഞാൻ കേട്ടു, പക്ഷേ ഒന്നും വ്യക്തമായില്ല.

ഞാൻ നേരെ ചെന്ന് ഒരു പത്തിരിയും അല്‍പ്പം ഇറച്ചി കറിയും പ്ലേറ്റിൽ എടുത്ത് കഴിക്കാൻ ഇരുന്നു.

അവർ വരുന്നതിന് മുമ്പ് ഞാൻ വേഗം കഴിച്ചിട്ട് എഴുന്നേറ്റ സമയം അവർ മൂന്ന്‌ പേരും എത്തി. ഞാൻ എന്റെ പ്ലേറ്റും എടുത്തു കൊണ്ട്‌ നേരെ കിച്ചനിലേക്ക് നടന്നു. അതിനെ കഴുകി വച്ചിട്ട് തിരികെ വരുമ്പോൾ ആരുടെ മുഖത്തും നോക്കാതെ നേരേ റൂമിലേക്ക് നടന്നു.

അര മണിക്കൂര്‍ കഴിഞ്ഞ് ജൂലി റൂമിൽ കേറി വന്നു. അന്നേരം ഞാൻ ബെഡ്ഡിൽ കിടന്ന് മൊബൈലില്‍ കളിക്കുകയായിരുന്നു.

“ചേട്ടൻ കാണിച്ചത് ഒട്ടും ശരിയായില്ല…!!” ബെഡ്ഡിൽ കേറി എന്റെ അടുത്തിരുന്നു കൊണ്ട്‌ ജൂലി കുറ്റപ്പെടുത്തി.

“അപ്പോ ഞാൻ ആഹാരവും കഴിക്കാൻ പാടില്ലേ..?” മൊബൈലില്‍ നിന്നും കണ്ണ് മാറ്റാതെ ഞാൻ ചോദിച്ചു.

“അതല്ല ഞാൻ ഉദ്ദേശിച്ചത്…” പറഞ്ഞിട്ട് ജൂലി എന്റെ മൊബൈൽ പിടിച്ചു വാങ്ങി. അപ്പോൾ ഞാൻ ദേഷ്യത്തില്‍ അവളെ നോക്കി.

“സാന്ദ്രയോടും മമ്മിയോടും എന്തിനാ അങ്ങനെ കടുപ്പിച്ച് സംസാരിച്ചത്…? എന്തിനാ അവരെ അങ്ങനെ വിഷമിപ്പിച്ചത്..?” ജൂലി ചൂടായി.

“കടുപ്പിച്ചും.. പിന്നെ ആരെയും വിഷമിപ്പിക്കാനും അല്ല അങ്ങനെ ഞാൻ പറഞ്ഞത്. കാര്യം തന്നെയ ഞാൻ പറഞ്ഞത്. അതിൽ വിഷമിക്കേണ്ട കാര്യം ഒന്നുമില്ല.”

പക്ഷേ ജൂലി ഭയങ്കര ദേഷ്യത്തില്‍ എന്നെ നോക്കിയിരുന്നു. അതോടെ എനിക്കും കോപം വന്നു.

“എന്റെ ജൂലി, എനിക്ക് കുടുംബം എന്നു പറയാൻ നിങ്ങളാണ് പ്രധാനമായി ഉള്ളത്. പക്ഷേ നിങ്ങൾ എല്ലാവരും എന്നെ വെറും അന്യനായി കണ്ട് എന്നില്‍ നിന്നും എല്ലാം രഹസ്യമായി സൂക്ഷിച്ചു… എന്റെ ഇളയമ്മയും മക്കളും എന്നെ അവരുടെ ജീവിതത്തിൽ നിന്നും ഒതുക്കി നിര്‍ത്തിയത് പോലെ.”