“”12000 ഒരു നിവർത്തിയുമില്ല കൊടുക്കാൻ “”
“”എന്നാ പിന്നെ നിനക്കീ മാല എന്തെങ്കിലും പണയം വച്ചു കൊടുത്തൂടെ “” അവളുടെ കഴുത്തിലെ മാല നോക്കി ഞാൻ പറഞ്ഞു.
“”ഇതൊക്കെ റോൾഡ് ഗോൾഡാണ്.. പിന്നേയ് . നീ ഇതാരോടും പറയരുത്.. പ്ലീസ്.. എല്ലാം ശരിയായിക്കോളും “” കണ്ണു തുടച്ചു അവൾ തിരിഞ്ഞു നടന്നു..
“”നിക്ക്.. ഞാൻ വലിയ പണക്കാരനൊന്നും അല്ല.. പക്ഷെ നിന്റ അവസ്ഥ എനിക്ക് ഇപ്പോൾ മനസിലാവും.. ഒരു കാര്യം ചെയ്യ്.. ഇന്നിനി ക്ലാസ്സിൽ കയറേണ്ട നീ പോയി ഇത് പണയം വച്ചു അവരുടെ കടം വീട്ടു.. എനിക്കിന്ന് ഓഫീസിൽ കോളേജ് ടൂറിന്റെ മീറ്റിംഗ് ഉണ്ട് അല്ലെങ്കിൽ ഞാൻ ചെയ്തു തന്നേനെ “” കഴുത്തിലെ മാല ഊരി അവൾക്കു നേരെ നീട്ടി കൊണ്ട് ഞാൻ പറഞ്ഞു..
അവളുടെ മുഖത്തു ഒരമ്പരപ്പ് ആയിരുന്നു അപ്പോൾ. കണ്ണുകൾ നിറഞ്ഞിരുന്നു.. ഒരു ദയനീയ നോട്ടം എന്നെ നോക്കി..
“”ആയ്യോ വേണ്ടെടാ.. അത് ശരിയാവില്ല “” മാല വാങ്ങാൻ അവൾ വിസമ്മതിച്ചു..
“” ഇല്ല.. നീയിതു വാങ്ങും.. ഇപ്പോൾ ഞാൻ പറയുന്നത് കേട്ടാൽ മതി “” അധികാര സ്വരത്തിൽ അവളുടെ കൈ പിടിച്ചു ആ മാല ഞാൻ അതിൽ വച്ചു നൽകി.. എന്നെ നോക്കി കണ്ണുകൾ നിറച്ചു അവൾ നിന്നു..
“”വേഗം ചെല്ല്. അമ്മ ഒറ്റക്കല്ലേ “” എന്റെ വാക്കുകൾ കേട്ടു കൈകൂപ്പി എന്നോട് നന്ദി പറഞ്ഞു അവൾ ക്ലാസ്സ് റൂമിലേക്ക് ഓടി..
മനസ്സിനൊരു സുഖം… ഒരു കുളിരു പോലെ.. വെറുതെ ചുറ്റുമൊന്നു നോക്കിയപ്പോൾ ദേ നിൽക്കുന്നു എന്നെയും നോക്കി ചേച്ചി..
“”അല്ല എന്താ പരിപാടി.. നീ വല്ലതും സംസാരിച്ചോ.. “” ഒരു കള്ളം കണ്ടുപിടിച്ചത് പോലെ എന്നോട് ചോദിച്ചു.
ഞാൻ അവളോട് എല്ലാം പറഞ്ഞു. മാല കൊടുത്തത് വരെ!.
“”എടാ ഒരു പ്രേമത്തിന് വേണ്ടി സ്വന്തം മാല നീ ഊരി കൊടുത്തോ.. അവൾ നാളെ ഒരു ദിവസം നിന്നെ ഉപേക്ഷിച്ചു പോയാലോ “” അൽപ്പം ദേഷ്യത്തിലാണ് അവളതു പറഞ്ഞത്..
“”ചേച്ചിയെന്താ കരുതിയെ.. അവളുടെ സ്നേഹം ലഭിക്കാൻ വേണ്ടിയാണ് ഞാനതു ചെയ്തതെന്നോ.. ഒരിക്കലുമല്ല.. അങ്ങനെയൊരു സ്നേഹം എനിക്ക് വേണ്ട. അവളുടെ അവസ്ഥ കണ്ടു ഞാൻ കൊടുത്തതാണ്.””
“”ആ എന്നാൽ ok.. ഞാനും വിചാരിച്ചു നീ വെറും മണ്ടനാണെന്ന്.. ആൾ താമസമൊക്കെ ഉണ്ടല്ലേ “”
എന്റെ കയ്യിൽ മെല്ലെ അടിച്ച് അവൾ പറഞ്ഞു..
“”അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മാനമില്ലല്ലോ “” ആർക്കോ വേണ്ടി ഞാനൊരു പഴംചൊല്ലു പറഞ്ഞു.
അങ്ങനെ ഞങ്ങൾ പിരിഞ്ഞു. ഓഫീസിൽ ചെന്നപ്പോൾ ചില നിബന്ധനകൾ അനുസരിച്ചു ഞങ്ങളുടെ മൈസൂർ ടൂർ അംഗീകരിച്ചു.. ക്ലാസ്സിൽ എല്ലാവർക്കും സന്തോഷമായി..
ശേഷം പിറ്റേ ദിവസം കോളേജിൽ… ഞാൻ കയറി ചെന്നയുടനെ സ്വാതി എന്റെ അടുത്തേക്ക് വന്നു. ആരും കാണാതെ കുറച്ചു പൈസ എന്റെ കയ്യിൽ തന്നു. പിന്നെ ഒരു റെസിപ്പ്റ്റും..
“”എന്തായിത് “” മനസിലായെങ്കിലും ഞാൻ ചോദിച്ചു..
“”മാല പണയം വച്ചതിന്റെ പേപ്പറും ബാക്കി പൈസയും.. “” അല്പം പരുങ്ങലോടെ അവൾ പറഞ്ഞു..
“”ഞാനെന്താ ഇതും നോക്കിയിരിക്കാണോ.. ഇത് നീ തന്നെ വച്ചോ.. ബാക്കി ഞാൻ പിന്നെ പറഞ്ഞോളാം “” എന്റെ വായിൽ നിന്നും കൂടുതൽ കേൾക്കുന്നതിനു മുന്നേ അവൾ ആ പൈസയും എടുത്തു പോയി.
അപ്പോഴേക്കും ക്ലാസ്സിലെ മറ്റൊരു സുന്ദരി മെറിൻ എഴുന്നേറ്റ് വന്നു. എല്ലാവർക്കും ഒപോസിറ്റ് ആയി നിന്നു.. അവളുടെ കല്ല്യാണമാണ് ഈ വരുന്ന ശനിയാഴ്ച അതായത് മറ്റന്നാൾ. അന്ന് രാത്രി ഫഗ്ഷൻ ഉണ്ട്. അതിനു ക്ലാസ്സിലെ എല്ലാവരെയും ക്ഷണിക്കുകയാണ് അവൾ.. സംഭവം എല്ലാവർക്കും നേരത്തെ അറിയാമെങ്കിലും ഒഫീഷ്യൽ ആയി വിളിച്ചു അത്രേയുള്ളൂ.. അല്ലെങ്കിൽ നല്ല പണി കിട്ടും.. അതവൾക്കറിയാം..
പിന്നെ രണ്ടു ദിവസം സ്വാതിയുമായി കൂടുതൽ സംസാരിക്കാൻ സമയം കിട്ടിയില്ല. ടൂറിനുള്ള ബസ് ബുക്ക് ചെയ്യലും മെറിന്റെ പ്രോഗ്രാമിനുള്ള ഗിഫ്റ്റ് വാങ്ങലും എല്ലാം കൂടെ ആകെ തിരക്കായി പോയി.
