❤️❤️❤️കുടമുല്ല – 1 ❤️❤️❤️

“എന്തേലും കഴിച്ചോ…”

“ഉം….അമ്മ വിളിച്ചിരുന്നു മുന്നേ…ഏട്ടൻ വരാൻ വൈകും അതുകൊണ്ടു നേരത്തെ കഴിച്ചോളാൻ പറഞ്ഞപ്പോൾ….”

അവൾ പാതിയിൽ നിർത്തി തല കുനിച്ചു,… ഹോ ഭാഗ്യം അപ്പൊ എന്നോട് മാത്രേ രണ്ടു പേർക്കും വഴക്കുള്ളൂ എന്നു മനസ്സിലായി, താഴെപ്പോയി എന്തേലും കഴിക്കണം എന്നുണ്ട് പക്ഷെ ഈ അവസ്ഥയിൽ അതു കുറച്ചു റിസ്ക് ആണെന്ന് മനസിലായതോടെ അതങ്ങു ഉപേക്ഷിച്ചു, അത്താഴം ഇന്നത്തേക്ക് വായു ആക്കാൻ തീരുമാനിച്ചു,.
“ഏട്ടൻ കഴിച്ചോ…!”

നനുത്തതെങ്കിലും ഉള്ളു തുളയ്ക്കുന്ന ശബ്ദം,.. ഞാൻ ഒന്ന് തലയാട്ടി,

“ഡ്രെസ്സ് ഒക്കെ പാകമാണോ, കൃത്യമായിട്ട് അറിയാത്തത് കൊണ്ടു അവിടുത്തെ ഒരു പെണ്ണ് നോക്കി എടുത്തതാ…”

“ഉം….പാന്റ് കുറച്ചു ടൈറ് ആഹ്…”

“സാരമില്ല വേറെ വാങ്ങാം…”

രാവിലെ കണ്ട അഹങ്കാരി ഇപ്പൊ പൂച്ചകുട്ടി ആയതിൽ എനിക്ക് തെല്ലൊരു അത്ഭുതം തോന്നാതിരുന്നില്ല….. ഷവറിൽ നിൽക്കുമ്പോൾ ഇന്ന് നടന്ന കാര്യങ്ങൾ ഒക്കെ ഞാൻ ആലോചിച്ചു, നോക്കി…കൂടുതൽ ആലോചിക്കും തോറും വട്ടു പിടിക്കാൻ തുടങ്ങി, അതോടെ അതങ്ങു നിർത്തി.

ഞാൻ ബാത്റൂമിൽ നിന്നിറങ്ങി, ഇനി കിടന്നൊന്നു ഉറങ്ങണം നല്ല ക്ഷീണമുണ്ട്, മുഖവും കഴുകി പുറത്തേക്കിറങ്ങുമ്പോൾ അവൾ കട്ടിലിന്റെ ഒരു മൂലയിൽ പരുങ്ങി നിൽക്കുന്നുണ്ട്, കാര്യം എനിക്ക് മനസ്സിലായതുകൊണ്ട് ഞാൻ കട്ടിലിനു താഴെ വെച്ചിരുന്ന പനംപായ എടുത്തു നിലത്തു വിരിച്ചു,ഒരു ഷീറ്റും എന്റെ പുതപ്പും കട്ടിലിൽ നിന്നു തലയിണയും എടുത്തു നിലത്തേക്കിരുന്നു,

“അയ്യോ…ഞാൻ, ഞാൻ താഴെ കിടന്നോളാം…”

മുകളിൽ നിന്ന് പരിഭവത്തോടെയുള്ള സ്വരം,.

“ഏയ്…എനിക്കിതൊക്കെ ശീലം ഉള്ളതാ….താൻ കിടന്നോ ഗുഡ് നയ്റ്…”

ഒരു വർഷം കഴിഞ്ഞുള്ള പുതു ജീവിതം സ്വപ്നം കണ്ടു, ഞാൻ പായയിലേക്ക് ചുരുണ്ടു.

പിറ്റേന്ന് വെളുപ്പിനെ തന്നെ എഴുന്നേറ്റു, ഈ വെളുപ്പിനെ എന്നു പറയുമ്പോൾ സൂര്യൻ ഉദിക്കുന്നതിനു മുന്നേ എഴുന്നേൽക്കേണ്ടി വന്നു, രാവിലെ എഴുന്നേറ്റ് പരിചയമില്ലാത്തത് കൊണ്ടു ഇനി എന്റെ ബോഡിക്ക് എന്തേലും പറ്റുവോ എന്തോ, ഓരോന്നു ആലോചിച്ചു പായയിൽ നിന്നു തല കുത്തി പൊങ്ങി, ഉറക്കം ഒന്നും ശെരി ആയിട്ടില്ല, വലിയ ഷോ കാണിച്ചു നിലത്തു കിടന്നു ഉറങ്ങണ്ടായിരുന്നു.. പക്ഷെ കട്ടിലിലേക്ക് നോക്കിയതോടെ വിഷമം മുഴുവൻ മാറി, അവിടെ ഒരു തലയിണയും കെട്ടിപ്പിടിച്ചു ഒന്നുമറിയാതെ പൂച്ചക്കുട്ടിയെ പോലെ ഉറങ്ങുകയായിരുന്നു അവൾ, പുറത്തു സൂര്യൻ ഇല്ലെങ്കിലും വെളിച്ചം പരന്നിട്ടുണ്ട്, ജനലിലൂടെയുള്ള വെളിച്ചത്തിൽ അവളുടെ നിഷ്കളങ്കമായ ഉറക്കം ഞാൻ നോക്കി നിന്നുപോയി, ചുണ്ടൽപ്പം കൂർപ്പിച്ചു ആരോടോ പരാതി പറയും പോലെ, ഇരു നിറം ആണ് അവൾക്ക്,… എന്നിട്ടും എന്തോ പിടിച്ചുലയ്ക്കുന്ന ഐശ്വര്യം,… പീലി തിങ്ങിയ കണ്ണിമകൾക്ക് എന്തൊരു ഭാരം ആയിരിക്കുമോ എന്തോ, ഒരു വശം ചെരിഞ്ഞു അലസമായി ഉറങ്ങുന്ന പെണ്ണ്,… ആദ്യമായി എനിക്കുള്ളിൽ മോഹം തോന്നി, ശെരിക്കും ഇവൾ എന്റെ ഭാര്യ ആയിരുന്നെങ്കിൽ,… ഒരു നിമിഷം മുഴുവനും എടുത്തു ഞാൻ അവളെ നോക്കി നിന്നു, ഒരു ഞരക്കം വിട്ടു തിരിഞ്ഞു കിടന്ന അവളെ നോക്കി ഞെട്ടി ഞാൻ എഴുന്നേറ്റു, ആദ്യം എനിക്ക് എന്നോട് തന്നെ തോന്നിയത് പുച്ഛം ആയിരുന്നു, പിന്നെ വെറുപ്പും, മറ്റൊരാളെ മനസ്സിൽ നിറച്ചു ജീവിക്കുന്ന പെണ്ണ്, അവന്റെ കൂടെ ജീവിക്കാൻ ഇറങ്ങി പുറപ്പെട്ട പെണ്കുട്ടിയെ പറ്റി അങ്ങനെ ചിന്തിക്കുന്നതിൽ എനിക്ക് തന്നെ എന്തോ പോലെ തോന്നി, അതും സ്വന്തം അനിയന്റെ പെണ്ണിനെക്കുറിച്ചു കൂടി അങ്ങനെ ചിന്തിച്ചെന്നോർത്തപ്പോൾ, പിന്നെ നിൽക്കാൻ പോലും തോന്നിയില്ല, ബാത്‌റൂമിൽ കയറി ആഹ് ചിന്തകൾ എല്ലാം തലയിൽ നിന്നൊഴുക്കി കളയാൻ തലയിലൂടെ വെള്ളം കുറെ കോരിയൊഴിച്ചു,. ഒന്നു തണുത്തു കിട്ടിയപ്പോൾ, കുറച്ചു ആശ്വാസമായി അതോടെ കുളിച്ചിറങ്ങി,… ഞാൻ ഇറങ്ങുമ്പോഴും അവൾ ഉറക്കമായിരുന്നു, മുടിയും ചീവി താഴേക്ക് ഇറങ്ങി ചെന്നു പെട്ടത് അമ്മയുടെ മുന്നിൽ, ഒരു വിചിത്ര ജീവിയെ പോലെ എന്നെ നോക്കുന്ന അമ്മയെ കണ്ടപ്പോൾ എനിക്കും ഒരു നാണം തോന്നാതിരുന്നില്ല,… അമ്മ കാലങ്ങൾക്ക് ശേഷം ഇന്നാവും എന്നെ ഈ സമയം ഇങ്ങനെ കാണുന്നത്, ഇളഭ്യനായി ഒരു ചിരിയും ചിരിച്ചു ഞാൻ അമ്മയ്ക്ക് പിന്നെ മുഖം കൊടുക്കാതെ താഴേക്ക് ഇറങ്ങി, സൂര്യൻ വന്നു സലാം പറഞ്ഞിട്ടുണ്ട്, മൂപ്പരുടെ ജോലിയും തുടങ്ങിയിട്ടുണ്ട്,… മുറ്റത്ത് മഞ്ഞിന്റെ ചെറു നനവ്, അന്തരീക്ഷത്തിലും ആഹ് ചെറിയ തണുപ്പിന്റെ തുള്ളികൾ, ഒന്നിറങ്ങി ഞാൻ നടന്നു, കയ്യിലും മുഖത്തും എല്ലാം ആഹ് നനവ് തട്ടുമ്പോൾ വല്ലാത്ത സുഖം, സൂര്യന്റെ ചെറുചൂടുള്ള നാമ്പുകൾ ദേഹത്തെ പൊതിയുമ്പോൾ വല്ലാത്ത ഉണർവ്വ്,… തോട്ടത്തിലൂടെ ശ്വാസം നീട്ടിയെടുത്തു ഞാൻ പതിയെ നടന്നു, കഴിഞ്ഞു പോയ യാത്രകളോ വരാനിരിക്കുന്ന ദിവസങ്ങളോ ഒന്നും മനസ്സിലില്ല, കയ്യിലുള്ള ഈ നിമിഷം മാത്രം. വല്ലാത്ത ഒരു ഫീൽ… അകലത്തെ അമ്പലത്തിൽ നിന്നു ഉച്ചത്തിൽ വെച്ചിരിക്കുന്ന ദേവി സ്തുതികൾ കാതിൽ വീഴുന്നുണ്ട്, തോപ്പിലെ കുഴിയും ചെറു ഉയർച്ചയും താണ്ടി ഒന്നു നിന്നു കൈ വിരിച്ചു പിടിച്ചു, പകലിന്റെ സുഖം മുഴുവൻ ഞാൻ ഒന്ന് ആവാഹിച്ചു ഉള്ളിലേക്കെടുത്തു.
പിന്നെ ചെറിയ ഒരു പുഞ്ചിരിയോടെ തിരികെ വീട്ടിലേക്ക് നടന്നു, തോപ്പിന്റെ അതിര് കടന്നതും അച്ഛനും അമ്മയും എന്നെയും നോക്കി കണ്ണും തള്ളി നിക്കുന്നു.

“ഇനി എന്താണാവോ….”

എന്നാലോചിച്ചു ഞാൻ അവരുടെ അടുത്തുകൂടെ കടന്നു പോവാൻ ഒരുങ്ങി,.

“ഡാ….”

അച്ഛന്റെ വിളി, എന്തു പറയാൻ ആണെന്ന് ഏകദേശം ഒരൂഹം ഉള്ളതുകൊണ്ട് തിരിഞ്ഞു,

“നിനക്ക്….നിനക്ക്….അവിടുന്നു തല്ലു കിട്ടി എന്ന് അവര് പറഞ്ഞു,…നിനക്ക് തലയ്ക്ക് എന്തെങ്കിലും കുഴപ്പം ഉള്ളതായിട്ട് തോന്നുന്നുണ്ടോ… എന്തേലും പെരുപ്പോ….മൂളലോ മറ്റോ…”

അറച്ചറച്ചാണ് അച്ഛൻ ചോദിച്ചത്,… ഇപ്പ എങ്ങനെ ഇരിക്കണ്‌, രാവിലെ പ്രകൃതി സൗന്ദര്യം ഒന്നാസ്വദിക്കാൻ ഇറങ്ങിയ ഞാൻ ഒറ്റ സെക്കന്റ് കൊണ്ടല്ലേ വട്ടനായത്,

“എനിക്ക് കുഴപ്പൊന്നുമില്ല അച്ഛാ….ഞാൻ ചുമ്മ ഒന്നു നടക്കാൻ…”

പറഞ്ഞൊപ്പിച്ചു എങ്ങനെലും ഊരാനായി ഞാൻ പതിയെ നടന്നു,

“വിവി….”

അച്ഛന്റെ പണ്ടുള്ള വിളി ആയിരുന്നു, ഞാൻ ഒത്തിരി മിസ് ചെയ്ത വിളി, തിരിഞ്ഞു നിന്ന എന്റെ മുന്നിൽ അങ്ങേരു നിന്നു,

“നമുക്കൊന്നു നടക്കാടാ…വാ…”

എന്റെ മുന്നിലൂടെ അതും പറഞ്ഞു പതിയെ നടന്ന അച്ഛന്റെ പിന്നാലെ ഞാനും കൂടി,

“ആഹ് കൊച്ചിന്റെ പേരെന്താടാ….”

നടക്കുന്നതിനിടയിൽ അച്ഛൻ ചോദിച്ചു.

“ശരണ്യ…”

“ഉം….. …..പെട്ടെന്ന് നീ ഇന്നലെ ഒരു പെണ്ണിനേം വിളിച്ചു വീട്ടിൽ വന്നപ്പോൾ ഉൾകൊള്ളാൻ പറ്റിയില്ല,…നിന്റെ ജീവിതോം നിന്റെ കാര്യോം ഒന്നും ഓർക്കാഞ്ഞിട്ടല്ലട,….നിനക്ക് തന്നെ അറിയാലോ….”

Leave a Reply

Your email address will not be published. Required fields are marked *