“ആഹ് എണീറ്റിട്ടുണ്ട്,….. എനിക്ക് ദേഷ്യം വരുണുണ്ടട്ടൊ…. ഇല്ലാ…..ഇല്ല….ഞാൻ കൊടുക്കാം നേരിട്ടു തന്നെ പറഞ്ഞോ… ഇതിനൊക്കെ നീ കൂടിയ കാരണക്കാരൻ അതു മറക്കരുത്….,
ഇല്ല……നീ പറഞ്ഞാൽ മതി, എന്റെ ജീവിതം എന്തായാലും തുലഞ്ഞു,..”
നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു അവൾ ഫോണിൽ എന്തൊക്കെയോ പറയുന്നത് കേട്ട് ഞാൻ വായും പൊളിച്ചു ഇരുന്നതെ ഉള്ളൂ…. പെട്ടെന്ന് അവൾ ഫോൺ എനിക് നേരെ നീട്ടി കണ്ണിൽ തിളയ്ക്കുന്ന കലി,… ഒറ്റവലിക്ക് ഞാൻ ഫോൺ കയ്യിൽ വാങ്ങി പേടിച്ചിട്ടിട്ടൊന്നും അല്ല, പിന്നെ ഭ്രാന്തെടുത്തു നിക്കുന്ന പെണ്ണാണെ, വെറുതെ എന്തിനാ എന്റെ തടി കേടാക്കുന്നെ…
“ഹെലോ…ഹെലോ…ചേട്ടാ….”
ഫോണിൽ വിനീത് വിളിച്ചു നോക്കുന്നുണ്ടായിരുന്നു,
ഞാൻ എടുത്തു ചെവിയിൽ വെച്ചു,
“ഡാ…വിനു….”
“എന്തൊക്കെയാ ചേട്ടാ….കേൾക്കണേ….എന്തൊക്കെയാ ഒപ്പിച്ചു വെച്ചേക്കണേ…. ഞാൻ എല്ലാം വിശ്വസിച്ചു ഏല്പിച്ചിട്ട്…”
അവൻ നിന്നു വിറക്കുകയാണ്,… ഇപ്പൊ ചെറുതായിട്ട് എന്തൊക്കെയോ കത്തുന്നുണ്ട്,…ഇവന് വേണ്ടിയാണോ ഞാൻ ഈ ഒളിച്ചോട്ടം നടത്തിയത്,… ആയിരിക്കും…. ഞാൻ ബോധമില്ലാത്തത് കൊണ്ടു കുറച്ചു മാറി നിന്നു അവനോടു പതുക്കെ ചോദിച്ചു,… ഹോ പുല്ലൻ തെറി പറയാത്തത് ഭാഗ്യം,… എന്തായാലും പൊട്ടും പൊടിയും വെച്ചു രാത്രിയിലെ കാര്യങ്ങൾ അവൻ കുറച്ചൊക്കെ എന്നോട് പറഞ്ഞു,…വീണ്ടും മോങ്ങാൻ തുടങ്ങി, ഒപ്പം നടന്നതെല്ലാം എന്റെ പിടലിക്ക് വെക്കാനും….
പിന്നെ വെറുതെ രണ്ടെണ്ണം അടിച്ചു കിടന്നു ഉറങ്ങാൻ പോയ എന്നെ പാതിരാത്രി വിളിച്ചെഴുന്നേല്പിച്ചു ഇത്രേം പണി തന്ന ഇവൻ ഇപ്പൊ എല്ലാം എന്റെ പിടലിക്ക് വെക്കുവാണോ…വായിൽ ഒന്നറഞ്ഞു വന്നതാ പക്ഷെ ഇത് ഇതുവരെ ആക്കിയതിൽ എന്റെ പങ്ക് ചെറുതല്ലാത്തത് കൊണ്ടു ഒന്നു അയഞ്ഞു കൊടുത്തു,..
“ഡാ, ഇതൊന്നും ഞാനും വിചാരിച്ചതല്ല ഇന്നലെ രാത്രി എന്തൊക്കെ നടന്നെന്ന് എനിക്കും കൃത്യമായിട്ടു ഓർമ ഇല്ല…സോറി…”
“ഇന്നലെ നടന്നതൊക്കെ പറയാതിരിക്കുന്നതാ ബേദം,…”
“ഞങ്ങൾ എങ്ങനെയാടാ ഇവിടെ എത്തിയത്…”
“ഇന്നലെ ചേട്ടന്റെ ബോധം പോയപ്പോ ആളും ബഹളോം ഒക്കെ കൂടിയല്ലോ, അവിടെ കള്ളൻ കേറി എന്നു വിചാരിച്ചു പാർട്ടിക്കാരും കൂടി, അവളുടെ അച്ഛനുമായി വഴക്ക് ഉണ്ടായിരുന്ന പാർട്ടിക്കാര് കാര്യം അറിഞ്ഞതോടെ കയറി പ്രശ്നം വലുതാക്കി, കല്യാണതലേന്നു കാമുകന്റെ ഒപ്പം ഒളിച്ചോടാൻ നോക്കിയ അവളെ അവളുടെ വീട്ടുകാര് രാത്രി തന്നെ പുറത്താക്കിയതോടെ നിങ്ങളെ പാർട്ടിക്കാര് കൊണ്ടു വന്നതാ…”
“കാമുകനാ….ഞാനാ…!!!!”
അവൻ പറഞ്ഞതു കേട്ടതും വെള്ളിടി വെട്ടി പാഞ്ഞത് എന്റെ തലയിലൂടെയായിരുന്നു,
“അവൾക്ക് പറഞ്ഞൂടായിരുന്നോ എന്താ പറ്റിയതെന്നു,….ഞാൻ നിന്റെ ചേട്ടനാണെന്നു….”
“എന്റെ ചേട്ടാ ഇന്നലെ അതൊന്നും പറയാനുള്ള അവസ്ഥയിൽ ആയിരുന്നില്ല അവൾ, ബോധം ഇല്ലാതെ ചേട്ടൻ കിടക്കുന്നു, നിങ്ങളുടെ പക്ഷം പിടിച്ചു വന്ന പാർട്ടിക്കാരും അവളുടെ ബന്ധുക്കാരും കൂടി തമ്മിൽ തല്ലാൻ തുടങ്ങിയപ്പോൾ ചേട്ടന്റെ കൂടെ ഇറങ്ങിപോന്നതാണെന്നു അവൾക്ക് പറയേണ്ടി വന്നു, അതോടെ അവളുടെ അച്ഛനും അമ്മയും അവളെ വീട്ടിൽ നിന്നു ഇറക്കി വിട്ടു, അപ്പോൾ പാർട്ടിക്കാരാ നിങ്ങളെ പാർട്ടി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു വന്നത്,….”
“എങ്കി പിന്നെ ഇപ്പൊ ഇവരോട് പറയെടാ…എനിക്ക് എന്തായാലും ബോധം വന്നില്ലേ…ഞാൻ പറയാം….”
എനിക്ക് ഇതിൽ നിന്നു എങ്ങനെ എങ്കിലും ഊരിയാൽ മതിയെന്നായിരുന്നു,.
“ചേട്ടൻ ആദ്യം ഒന്നടങ്ങു അങ്ങനെയൊന്നും ഇപ്പൊ പറയാൻ പറ്റില്ല,…. ഇതുവരെ ബോധം കെട്ടു കിടന്നപ്പോൾ കാര്യങ്ങൾ ഒക്കെ കൈ വിട്ടു പോയി,… ഞാൻ ഇനി പറയുന്ന കാര്യങ്ങൾ ചേട്ടൻ കേൾക്കണം,… ഞാൻ പറയുന്നതുപോലെ ചെയ്യുമെന്ന് എനിക്ക് വാക്ക് തരണം….”
അവൻ സ്വരം ഒന്നു കടുപ്പിച്ചു പറഞ്ഞു.
“നിനക്ക് ഇന്നലെ ഒരു വാക്ക് തന്നതാ ഞാൻ ഇപ്പൊ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്, …ഇനി ഞാൻ ഇനിയും വാക്ക് തരാം… പോടാ…”
“ഇതു ഇങ്ങനെ ആക്കിയതും ചേട്ടൻ അല്ലെ, ചേട്ടൻ ചേട്ടന്റെ കാര്യം മാത്രമേ നോക്കുന്നുള്ളൂ….എന്റെയും അവളുടെയും അവസ്‌ഥ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ…”
