അഖിൽ അവരോടൊപ്പം നടക്കാൻ തിരിഞ്ഞു.
അജു കത്തിയുടെ പിടിയിലേക്ക് നോക്കി.
അത് പുറത്തെടുക്കരുത്.
അഖിൽ പറഞ്ഞതിൽ ആ ഭാഗം ശരിയായിരുന്നു.
അതിനെ അധികം അനക്കാനും പാടില്ല.
അവൻ കാലുകൾ നിലത്ത് ഉറപ്പിച്ചു.
തോളുകൾ നേരെയാക്കി.
ഒരു കൈ വയറിനരികിൽ സൂക്ഷിച്ചുവച്ചു. മറ്റേ കൈ പതുക്കെ മുഷ്ടിയായി ചുരുട്ടി.
അഖിൽ എന്തോ അനുഭവപ്പെട്ടതുപോലെ തിരിഞ്ഞുനോക്കി.
അവന്റെ കണ്ണുകളിൽ ആദ്യം അത്ഭുതം തെളിഞ്ഞു.
അജു ഇപ്പോഴും നിൽക്കുന്നു.
മാത്രമല്ല—
അവന്റെ നിൽപ്പ് മാറിയിരുന്നു.
വേദനകൊണ്ട് തകർന്നുനിൽക്കുന്ന ഒരാളുടെ ഭാവമല്ല ഇപ്പോൾ.
ആക്രമിക്കാൻ തക്ക നിമിഷം കാത്തുനിൽക്കുന്ന ഒരു പോരാളിയുടെ ഭാവം.
അജുവിന്റെ കണ്ണുകളിൽ നിന്ന് ആശയക്കുഴപ്പം അപ്രത്യക്ഷമായിരുന്നു.
അവിടെ ഇപ്പോൾ ഒരു വികാരം മാത്രം.
അടങ്ങാത്ത കോപം.
അവൻ പതുക്കെ ഒരു ദീർഘശ്വാസമെടുത്തു.
“അഖിൽ.”
അഖിൽ അനങ്ങാതെ നിന്നു.
അജുവിന്റെ ശബ്ദം ഇത്തവണ വിറച്ചില്ല.
“നീ വളരെ വലിയൊരു തെറ്റാണ് ചെയ്തത്.”
രാത്രിക്കാറ്റിൽ മരങ്ങളുടെ ഇലകൾ ശക്തമായി ഇളകി.
ദൂരെ ഇടിമുഴങ്ങി.
അഖിലിന്റെ ചുണ്ടുകളിൽ വീണ്ടും ആ തണുത്ത ചിരി തെളിഞ്ഞു.
“അത് നമുക്ക് കണ്ടറിയാം, അജൂ.”
അജു ലച്ചുവിനെ നോക്കി.
അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞിരുന്നു.
പക്ഷേ ആ ഭയത്തിനടിയിൽ അവനിലുള്ള വിശ്വാസവും.
അവൻ വീണ്ടും ശ്വാസമെടുത്തു.
വേദനയെ ഉള്ളിലേക്ക് പൂട്ടി.
കാലുകൾ നിലത്തുറപ്പിച്ചു.
ചക്രവ്യൂഹത്തിന്റെ മധ്യത്തിൽ, ശരീരത്തിൽ കത്തിയുമായി, രക്തം വാർന്നുകൊണ്ടിരിക്കുമ്പോഴും അജു പോരാട്ടം അവസാനിപ്പിച്ചിരുന്നില്ല.
സത്യത്തിൽ—
അത് ഇപ്പോഴാണ് ആരംഭിച്ചത്.
[തുടർന്ന് വായിക്കുന്നതിനുമുൻപ്, ഈ കഥ ഇഷ്ടപ്പെട്ടാൽ ലൈക്കും കമന്റും ചെയ്യുക. എന്റെ പേരിൽ
തൊട്ട് പ്രൊഫൈലിൽ പോയി ഫോള്ളോയും ചെയ്യുക. നിങ്ങളുടെ സപ്പോർട്ട് ആണ് എഴുതാനുള്ള എന്റെ മാന്ദ്രികത്തിന്റെ ഊർജം. നന്ദി. സ്നേഹത്തോടെ കത്തനാർ. തുടർന്ന് വായിക്കുക…]
“നീ വളരെ വലിയൊരു തെറ്റാണ് ചെയ്തത്.”
അജുവിന്റെ ശബ്ദത്തിൽ വിറയലുണ്ടായിരുന്നില്ല.
പക്ഷേ ആ ഉറപ്പിനടിയിൽ ശരീരം അനുഭവിക്കുന്ന വേദനയുടെ കൊടുങ്കാറ്റുണ്ടായിരുന്നു.
ഓരോ ഹൃദയമിടിപ്പിനൊപ്പവും കത്തി പതിഞ്ഞ ഭാഗത്ത് തീ പടരുന്നതുപോലെ തോന്നി. രക്തം ഷർട്ടിലൂടെ താഴേക്ക് ഒഴുകി മുണ്ടിന്റെ അരികിനെ നനച്ചുകൊണ്ടിരുന്നു. ശരീരത്തിനുള്ളിൽ എന്തെല്ലാം തകർന്നിട്ടുണ്ടെന്ന് അവന് അറിയില്ല. എത്രനേരം ഇങ്ങനെ നിൽക്കാൻ കഴിയുമെന്നും അറിയില്ല.
അവന് അറിയാവുന്നത് ഒന്നു മാത്രം.
ലച്ചുവിനെ അവർ കൊണ്ടുപോകരുത്.
അഖിൽ അവനെ കുറച്ചുനേരം സൂക്ഷിച്ചുനോക്കി.
“അജൂ, വെറുതെ ഹീറോയാകാൻ ശ്രമിക്കരുത്.”
“അവളെ വിട്.”
“നിനക്ക് നിൽക്കാൻപോലും കഴിയുന്നില്ല.”
അജു മറുപടി പറഞ്ഞില്ല.
അവൻ ശരീരഭാരം വലതുകാലിലേക്ക് മാറ്റി. ഇടതുകാൽ അല്പം പിന്നിലേക്ക് വച്ചു. വയറിനടുത്ത് പിടിച്ചിരുന്ന ഇടതുകൈകൊണ്ട് കത്തിയുടെ പിടി അനങ്ങാതിരിക്കാൻ ശ്രദ്ധിച്ചു. വലതുകൈ മാത്രമാണ് സ്വതന്ത്രമായിരുന്നത്.
ഒരു കൈ.
ശരീരത്തിൽ തറഞ്ഞ കത്തി.
രക്തസ്രാവം.
ലച്ചുവിനെക്കുറിച്ചുള്ള ഭയം.
അതെല്ലാം ഉണ്ടായിട്ടും അവന്റെ നിൽപ്പ് അഖിലിന് പരിചിതമല്ലാത്തതായിരുന്നു.
അവിടെ നിന്നത് ക്ലാസിലെ പഠിപ്പി അജുവല്ല.
കളരിയിൽ വർഷങ്ങളോളം പരിശീലിച്ച ഒരു പോരാളിയായിരുന്നു.
അഖിൽ പതുക്കെ പിന്നോട്ടൊരു ചുവട് വച്ചു.
“ഞാൻ മുന്നറിയിപ്പ് തന്നതാണ്.”
അജു മുന്നോട്ട് നീങ്ങി.
“ഇപ്പോൾ മാറിനിന്നാൽ നിന്നെ തന്നെ രക്ഷിക്കാം,” അഖിൽ പറഞ്ഞു.
അജുവിന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി തെളിഞ്ഞു.
“എന്നെ കുത്തിയിട്ട് എന്നെ രക്ഷിക്കാമെന്നു പറയുന്ന നിന്റെ ആത്മവിശ്വാസം സമ്മതിക്കണം.”
അഖിലിന്റെ കണ്ണുകൾ ചുരുങ്ങി.
അടുത്ത നിമിഷം അജു ചാടി.
ഇത്രയും ഗുരുതരമായ മുറിവുമായി അവൻ അങ്ങനെ നീങ്ങുമെന്ന് അഖിൽ പ്രതീക്ഷിച്ചിരുന്നില്ല. അജുവിന്റെ വലതുകരം നേരെ അവന്റെ മുഖത്തേക്കുവന്നു.
അഖിൽ അവസാന നിമിഷം തല വെട്ടിച്ചു.
മുഷ്ടി കവിളിൽ തട്ടാതെ കടന്നുപോയി.
