അവൾ അവന്റെ മാറിലേക്ക് ചാരിയിരുന്നു…
ആശുപത്രിക്കിടക്കയുടെയും മരുന്നുകളുടെയും ഗന്ധം അവളിൽ നിന്ന് വമിക്കുന്നത് അവനറിഞ്ഞു…
“ കുറഞ്ഞാൽ നാളെ ഡിസ്ചാർജാകാമെന്നാ ഡോക്ടർ പറഞ്ഞത്.. വീട്ടിലിരുന്ന് റെസ്റ്റെടുത്താൽ മതിയെന്ന്……”
സഞ്ജു അവളെ ആശ്വസിപ്പിച്ചു…
“ മേലു വേദനയുണ്ട്…”
അവൾ ദീനതയോടെ പറഞ്ഞു…
“ഈ പനിക്ക് സാധാരണമാണെന്ന് ഡോക്ടർ പറഞ്ഞു… ഇവിടെ കിടക്കുന്നതും വീട്ടിൽ കിടക്കുന്നതും ഒരു പോലെ തന്നെ…”
സഞ്ജു അവൾക്ക് ഊർജ്ജം പകർന്നു…
“ ഞാൻ പറഞ്ഞത് അച്ചട്ടായി ല്ലേ ചഞ്ചൂ……… “
അവൾ അവന്റെ ചുമലിലേക്ക് തല ചായ്ച്ച് അവനെ നോക്കി…
“ എന്ത്…….?”
“പനി പിടിച്ചായാലും രണ്ടീസം റെസ്റ്റെടുക്കണമെന്ന് പറഞ്ഞത്… ….”
“ ഓ……. അതോ……. “
സഞ്ജു ചിരിച്ചു.
“പൊന്നാവ അത് പറഞ്ഞില്ലെങ്കിലും വരാനുള്ള പനി വരാതിരിക്കുമോ… ? “
അവൻ കയ്യെടുത്ത് അവളുടെ കവിളിൽ അരുമയോടെ തലോടി…
“ചഞ്ചു കുറേ , ബുദ്ധിമുട്ടി…ല്ലേ…….?”
അവൾ പിന്നിലിരുന്ന ഇടത്തേ കൈ കൊണ്ട് , അവന്റെ പുറത്തു കൂടി ചുറ്റി…
“പിന്നേ… ഒരുപാട്….”
അവനത് ചിരിച്ചു തള്ളി…
“ നിക്കറിയാലോ…………..”
അവളും മന്ദഹസിച്ചു…
“അതെന്റെ പൊന്നാവയ്ക്കു വേണ്ടിയല്ലേടാ , ചക്കരേ……..”
ഹൃദയം കുതിർന്ന വാത്സല്യാതിരേകത്താൽ അവനവളുടെ മൂക്കിൻ തുമ്പിൽ മൃദുവായി പിടിച്ചു വലിച്ചു കൊണ്ട് ഒരു പ്രത്യേക താളത്തിൽ പറഞ്ഞു…
അതു കേട്ടതും അഞ്ജു വിമ്മിപ്പോയി…….
അവന്റെ കവിളിൽ കവിളുരുമ്മിക്കൊണ്ടവൾ കണ്ണീർ വാർത്തു…
“ചഞ്ചൂ……..”
അഞ്ജുവിന്റെ വിളി ഹൃദയത്തിൽ നിന്നായിരുന്നു…
“ പൊന്നാവയ്ക്കും ചഞ്ചുവല്ലാതാരാള്ളെ……..”
വാക്കുകൾ പൂർണ്ണമാക്കാതെ അവൾ വിമ്മിക്കൊണ്ടിരുന്നു…
അനാഥത്വ ഭയം അവളെയും വേട്ടയാടുന്നുണ്ടെന്ന് ആ നിമിഷം സഞ്ജു തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു…
താനില്ലെങ്കിൽ അവൾക്കാരുമില്ല….
അതൊരു
സത്യമാണെങ്കിൽ തന്നെയും…
താവഴിയും താതൻ വഴിയും തലമുറകൾ തിരിഞ്ഞങ്ങനെ ബന്ധുജനങ്ങൾ ഒരുപാട് ഉണ്ടെന്നത് സത്യമാണ്…
പക്ഷേ, എപ്പോഴും ആശ്രയിക്കാനൊരാളേയുള്ളൂ…….
ഹൃദയത്തിനു മീതെ കല്ലു വന്നു വീണ ഭാരം അവനു തോന്നി…
എന്നാലും അവനിങ്ങനെയാണ് പറഞ്ഞത്…
“ ഹോസ്പിറ്റലല്ലേ മോളെ… ആളുകൾ ശ്രദ്ധിക്കും….”
അവൻ അവളെ അടർത്തിമാറ്റാനൊരുങ്ങിയതും അവൾ പിടിമുറുക്കി…
“ കുറച്ചു കഴിയട്ടെ ചഞ്ചൂ…….”
അവൾ അവന്റെ ചുമലിൽ തന്നെ തല ചാരി , നിശബ്ദമിരുന്നു…
തന്റെ സാമീപ്യം മാത്രം മതിയവൾക്ക്…
സഞ്ജു തിരിച്ചറിയുകയായിരുന്നു…
ആശ്വാസമായിരിക്കാം… ….
സ്വാന്ത്വനമായിരിക്കാം…….
മനസ്സും ശരീരവും ജീവിതവും തകർന്നിരിക്കുമ്പോൾ ആരാണിങ്ങനെയൊരു തണലും ചുമലും ആഗ്രഹിക്കാതിരിക്കുക…….?
കഴിഞ്ഞ ദിവസങ്ങളിൽ , ചെറുതാണെങ്കിലും അവൾ നൽകിയ സ്പർശനങ്ങളോരോന്നും തനിക്കും വിലപ്പെട്ടതായിരുന്നല്ലോയെന്ന് അവനോർത്തു…
ആലംബമില്ലാത്ത രണ്ടുപേർ…
ആശ്രയമറ്റ രണ്ടുപേർ….
രണ്ടു പേരും തുല്യ ദു:ഖിതർ… ….
രണ്ടു പേർക്കും രണ്ടു പേരെയും അറിയാം…….
അപ്പോൾ പിന്നെ…….?
പരസ്പരം ആശ്വസിപ്പിക്കുവാനും താങ്ങും തണലുമാകുവാനും അവർ തന്നെയേ , അവർക്കുള്ളൂ എന്ന് തിരിച്ചറിവു വന്നാൽ…….?
സഞ്ജു, അറിയാതെ തന്നെ അവന്റെ കൈകൾ അവളെ , അമർത്തിപ്പിടിച്ചു… ….
അതറിഞ്ഞെന്നവണ്ണം, അഞ്ജു, ചുമലിലിരുന്ന ശിരസ്സിളക്കി, കവിൾ അവന്റെ കവിളോടു ചേർത്തു…….
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഡിസ്ചാർജ്ജായിട്ടും അഞ്ജു വീട്ടിൽ കിടപ്പു തന്നെയായിരുന്നു…
ദേവി ചേച്ചി ഇതിനിടയിൽ പല തവണ വീട്ടിൽ പോയി …
അവർക്ക് വീട്ടിൽ പട്ടിയും പൂച്ചകളും ആടുകളുമൊക്കെയുണ്ട്…
രെച്ചുവായിരുന്നു പ്രശ്നക്കാരി…
അത്യാവശ്യം പിടിച്ചു നടക്കാൻ തുടങ്ങിയതോടെ അവളെ എല്ലായ്പ്പോഴും ശ്രദ്ധിക്കാൻ ഒരാൾ വേണമെന്നായി..
അത് മനസ്സിലാക്കി, സഞ്ജു ഹോസ്പിറ്റലിൽ നിന്ന് വരുന്ന വഴി തന്നെ ഒരു “ബേബി വാക്കർ” വാങ്ങിയിരുന്നു…
അതിലെ മുത്തുകളും അതിൽ തൊടുമ്പോഴുണ്ടാകുന്ന സംഗീതവും രെച്ചുമോളെ ഒരു പരിധി വരെ മര്യാദക്കാരിയാക്കി…
എന്നാലും അവളുടെ വസ്ത്രങ്ങളും പാംപേഴ്സും മാറ്റലും വൃത്തിയാക്കലും , അതിനിടയിൽ വീട്ടുജോലികളുമായി സഞ്ജു വശം കെട്ടിരുന്നു…
