ആത്മഗതം ചെയ്തു കൊണ്ട് അഞ്ജു ഹാളിലൂടെ അടുക്കളയിലേക്കും പിന്നീട് മുറിയിലേക്കും ധൃതിയിൽ നടന്നു…
സഞ്ജു, അതൊന്നും ശ്രദ്ധിക്കാത്ത മട്ടിൽ സെറ്റിയിൽ രെച്ചുമോളെ കളിപ്പിച്ചു കൊണ്ടിരുന്നു…
“ എനിക്ക് വയ്യാതിരുന്നപ്പോൾ ഇവിടെ കിടന്ന് അനുഭവിച്ചതല്ലേ… അതൊക്കെ കണ്ടപ്പോൾ സഹിക്കാൻ പറ്റാഞ്ഞിട്ടാ… ….”
അഞ്ജുവിന്റെ സംസാരത്തിലെ ഏറ്റക്കുറച്ചിൽ അവനളക്കുന്നുണ്ടായിരുന്നു…
സൂത്രത്തിൽ അഞ്ജു നടത്തിയത് ഒരു “ആണു കാണൽ “ ചടങ്ങായിരുന്നു…
ധ്വനിയും ഡിവോഴ്സാണ്…
ബാംഗ്ലൂർ ഏതോ കമ്പനിയിലെ സോഫ്റ്റ് വെയർ ടെക്ക് ആയിരുന്നു കക്ഷി…
ഡ്രഗ് അഡിക്ട്…….
അറിഞ്ഞു വന്നതേ ഡിവോഴ്സായി…
അതാണ് ധനു പറഞ്ഞ വിവരം…
അതാണ് അവർ പറഞ്ഞ വിവരം…
അതിലൊക്കെ തന്റേതല്ലാത്ത കാരണത്താൽ എന്നേ എല്ലാവരും എഴുതിച്ചേർക്കൂ…
സത്യം പതിൻമടങ്ങ് അകലെയായിരിക്കും…
ഇനി അഥവാ അവർ പറഞ്ഞത് സത്യമാണെങ്കിൽ തന്നെ തനിക്ക് ധ്വനിയെ ഇഷ്ടപ്പെടണ്ടേ… ?
ഒന്നാമത് ചൂടുവെള്ളത്തിൽ ചാടിയ പൂച്ച…
ആദ്യ ബന്ധത്തിന്റെ വേദനയും നീറ്റലും മാനഹാനിയും ഇനിയും കെട്ടടങ്ങിയിട്ടില്ല…
മാത്രമല്ല…
അതൊന്നും ഉടനെ ശരിയാവില്ല…
അഞ്ജുവിനൊരു ജീവിതം ആയിത്തീരാതെ അതൊന്നും ശരിയാകുന്നതല്ല…
അത് പറഞ്ഞിട്ട്, അവൾക്കു മാത്രം മനസ്സിലാകുന്നില്ല…
കുറച്ചു കഴിയുമ്പോൾ അവൾ
കീഴടങ്ങുമെന്ന് അവനറിയാമായിരുന്നു…
ഇപ്പോൾ താൻ കീഴടങ്ങിക്കൂടാ…….
അങ്ങനെ സഞ്ജു മനസ്സാ പ്രതിജ്ഞയെടുത്തു…
അത്താഴത്തിന് സമയമായതും ടേബിളിൽ പാത്രങ്ങൾ ഇടിച്ചു വെക്കുന്ന ശബ്ദം കേട്ടു തുടങ്ങി…
മടിയിലിരുന്ന് മയങ്ങിയ രെച്ചുമോളെ അവൻ തന്റെ കിടക്കയിൽ കൊണ്ടു കിടത്തി…
ഭക്ഷണം കഴിച്ചു കഴിഞ്ഞതും പതിവു ടി.വി കാണൽ ഒഴിവാക്കി അവൻ മുറിയിൽ കയറി വാതിൽ ചാരി…
കുറച്ചു നേരത്തേക്ക് പുറത്തു നിന്നും ബഹളമൊന്നും കേട്ടില്ല…
അഞ്ജുവും കിടന്നു കാണുമെന്ന് അവൻ കരുതി…
രെച്ചുമോളെ കെട്ടിപ്പിടിച്ച് അവൻ കിടന്നതും വാതിൽക്കൽ നിഴലനങ്ങി…
അഞ്ജുവല്ലാതെ മറ്റാര്……. ?
കട്ടിലിൽ ബാക്കിയുള്ള സ്ഥലത്ത് അഞ്ജു കേറിക്കിടന്നു…
“ചഞ്ചൂ……… “
സ്വല്പം കലിപ്പിലാണ് വിളി…
“ ഉം…….’’
അവൻ വെറുതെ മൂളി…
“ധ്വനിക്കെന്താ കുഴപ്പം… ?”
“ അവൾക്കെന്തു കുഴപ്പം… ?”
“പിന്നെ താല്പര്യമില്ലെന്ന് പറഞ്ഞതോ……?”
“ താല്പര്യമില്ലാഞ്ഞിട്ട്…….”
അഞ്ജു മൗനം….
“ മറ്റവളുടെയത്രയും ഭംഗിയില്ലാഞ്ഞിട്ടാ… ?”
“ നീ വേറെ വല്ലതും പറ… ….”
അവൻ മുഷിഞ്ഞു പറഞ്ഞു…
അഞ്ജു കൈ കുത്തി എഴുന്നേറ്റ് അവന്റെ മുഖം പിടിച്ചു തിരിച്ചു…
“എന്നാൽ കാരണം പറ…….?”
“എന്റെ പൊന്നാവേ……. ഉള്ളത് പറയാലോ… നിനക്കൊരു ജീവിതമാകാതെ ഞാനതൊന്നും ആലോചിച്ചിട്ടില്ല… അത് ഒന്നാമത്… രണ്ടാമത് ഞാനൊരു വിവാഹം ചിന്തിക്കാൻ പോലും പറ്റിയ അവസ്ഥയിലല്ല… “
അഞ്ജു ഒരു നിമിഷം അവനെ നോക്കിയിരുന്നു…
“ ഞാനും മോളുമാണോ പ്രശ്നം… ?”
അവളുടെ സ്വരം ചിലമ്പി…….
“ ഒരടി വെച്ചു തന്നാലുണ്ടല്ലോ…”
പറഞ്ഞതല്ലാതെ സഞ്ജു കൈ ഓങ്ങിയിരുന്നില്ല…
ഇനി അവളോട് അത് പറയാതിരിക്കുന്നതിൽ അർത്ഥമില്ലെന്ന് അവന് തോന്നിത്തുടങ്ങിയിരുന്നു…
അല്ലെങ്കിൽ നാളെ അടുത്ത ആലോചനയുമായി വന്നേക്കാം….
“ നീയറിയാത്ത ചില കാര്യങ്ങൾ കൂടിയുണ്ട്…”
സഞ്ജു അവളുടെ ശിരസ്സെടുത്ത് തന്റെ നെഞ്ചിലേക്കു വെച്ചു…
“ ഉടനെയൊന്നും ഒരാളെ ആക്സപ്റ്റ് ചെയ്യാൻ പറ്റിയ അവസ്ഥയിലല്ല ഞാൻ… അതായത്…….”
സഞ്ജു അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ട് പറഞ്ഞു തുടങ്ങി…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പിന്നീടുള്ള രണ്ടു ദിവസങ്ങൾ ശാന്തമായിരുന്നു…
പത്മാവതിയമ്മയുടെ കാര്യത്തിലൊഴിച്ച്…
ഇപ്പോൾ ഓർമ്മക്കുറവുണ്ട്…
അതുപോലെ തന്നെ ഇടയ്ക്കിടയ്ക്കുണ്ടാകുന്ന ശ്വാസം മുട്ടലും…
ഒരു തവണ ഡോക്ടർ വീട്ടിൽ വന്നു…
മരുന്നുകൾ കുറിച്ചു കൊടുത്ത
ശേഷം അടുത്ത തവണ അസുഖമുണ്ടായാൽ നിർബന്ധമായും ആശുപത്രിയിലെത്തിക്കേണ്ടതാണെന്ന് ഓർമ്മിപ്പിച്ചു…
ദിവസങ്ങൾ പഴയതുപോലെയായി…….
അന്നൊരു പകലായിരുന്നു…
പൂമുഖത്തെ ചെറിയ സോഫയിലിരുന്ന് കമ്പനിയുടെ മെയിലുകൾ നോക്കുകയായിരുന്നു സഞ്ജു..
