അവൻ – 1 9അടിപൊളി  

കുളിച്ച് ഫ്രഷായി അഭിജിത്ത് മുറിയിൽനിന്ന് പുറത്തേക്കിറങ്ങി. യാത്രയുടെ ക്ഷീണം അപ്പോഴേക്കും കുറച്ചൊക്കെ മാറിയിരുന്നു. പുതിയ സ്ഥലവും പുതിയ ആളുകളും അവനിൽ ചെറിയൊരു കൗതുകം സൃഷ്ടിച്ചിരുന്നു.

ഇടനാഴിയിലൂടെ നടക്കുമ്പോൾ എതിർവശത്തുനിന്ന് അനഘ വരുന്നത് കണ്ടു.

“എന്താടാ, റൂം ഇഷ്ടമായോ?”

“നല്ല രസമുണ്ട്. നമ്മുടെ രണ്ട് മുറി വീടുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊരു കൊട്ടാരം തന്നെയാണ്.”

അനഘ ചിരിച്ചു.

“എനിക്കും ഇവിടെ ഇഷ്ടായി “

ഇരുവരും താഴേക്ക് ഇറങ്ങി.

നാലുകെട്ടിന്റെ നടുമുറ്റത്ത് അപ്പോഴും ആളുകൾ ഉണ്ടായിരുന്നു.

അഭിജിത്തും അനഘയും പതുക്കെ അവരുടെയടുത്തേക്ക് നടന്നു.

അപ്പോഴേക്കും ആരോമൽ തിരികെ വന്നിരുന്നു,സോഫയിൽ ഇരുന്ന് മൊബൈൽ നോക്കുകയായിരുന്ന ആരോമൽ ഒന്ന് മുഖമുയർത്തി. ഇവരെ കണ്ടിട്ടും ഒട്ടും മൈൻഡ് പോലും ചെയ്യാതെ വീണ്ടും ഫോണിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

അവരുടെ സാന്നിധ്യം തനിക്ക് ഒട്ടും താൽപര്യമില്ലെന്ന ഭാവമായിരുന്നു അവന്റെ മുഖത്ത്.നടുമുറ്റത്തിനടുത്തുള്ള മറ്റൊരു മുറിയിൽ അരുണിമയും ആര്യയും ഇരിക്കുന്നുണ്ടായിരുന്നു.

“അനഘ ചേച്ചിയെ കാണാൻ എന്ത് ഭംഗിയാ അല്ലെ, എന്തൊരു കളറാ ചേച്ചിക്ക്, ശോഭ ചെറിയമ്മേന്റെ നിറം അത്പോലെ തന്നെ കിട്ടീട്ടുണ്ട് “ ആര്യ പറഞ്ഞു

“അത്ര വല്യ ഭംഗി ഒന്നുമില്ല ഒരു ആവറേജ് “

അരുണിമ വല്യ താല്പര്യം ഇല്ലാത്ത മട്ടിൽ അതിനെ എതിർത്തു.

“അഭിചേട്ടനും സൂപ്പർ അല്ലെ,

ചേച്ചിടെ അത്ര കളർ ഇല്ലെന്നല്ലേ ഉള്ളു, ചേട്ടനും ലുക്ക്‌ അല്ലെ” ഒരു ചാൻസ് കിട്ടിയപ്പോ ആരതി കമെന്റ് അടിച്ചു.

പെട്ടന്ന് അനഘ ആ റൂമിലേക്കു കേറിച്ചെന്നു താൻ അഭിയെ പറ്റി പറഞ്ഞത് അനഘ കേട്ടോ എന്നാ ചമ്മലിൽ ആരതി പെട്ടന്ന് വിഷയം മാറ്റി

“അനഘ ചേച്ചിക്ക് വീടൊക്കെ ഇഷ്ടപ്പെട്ടോ”

“പിന്നെ ഇഷ്ടപെടാതെ, എന്ത് വലിയ വീടാ “

ആര്യ ചിരിച്ചുകൊണ്ട് അവളെ ഇരിക്കാൻ ക്ഷണിച്ചു.

“ഇനിയിപ്പോ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇത് പൊളിക്കാൻ ഒന്നും പറ്റില്ലല്ലോ” വീണ്ടും അരുണിമയുടെ ചൊറിയണ സ്വഭാവം പുറത്തു വന്നു.

അത് കേട്ടതും അനഘയുടെ മുഖം മാറി.

“യാത്രയൊക്കെ എങ്ങനെയുണ്ടായിരുന്നു?”

വിഷയം മാറ്റാൻ എന്നപോലെ ആര്യ ചോദിച്ചു.

“നന്നായിരുന്നു. കുറേ സമയമെടുത്തു.”

“അതെ, ദൂരമുണ്ടല്ലോ.”

ആര്യയുമായി അനഘ പതുക്കെ സംസാരിച്ചുതുടങ്ങി.എന്നാൽ അരുണിമ ആ സംഭാഷണത്തിൽ പങ്കെടുക്കാൻ തയ്യാറായിരുന്നില്ല.അവൾ ഇടയ്ക്കിടെ അനഘയെ നോക്കുന്നുണ്ടായിരുന്നു. പക്ഷേ ആ നോട്ടത്തിൽ സ്നേഹമോ കൗതുകമോ ഉണ്ടായിരുന്നില്ല.അത് ഒരു തരം അവഗണനയായിരുന്നു.കുറച്ചുനേരം കഴിഞ്ഞപ്പോൾ സുലോചന അങ്ങോട്ട് വന്നു.

“അരുണിമേ, നീ അമ്മയെ ഒന്ന് വിളിച്ചേ.”

“എന്തിനാ അമ്മേ?”

“എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.”

അപ്പോഴാണ് അവർക്കിടയിൽ ഇരിക്കുന്ന അനഘയെ സുലോചന ശ്രദ്ധിച്ചത്, പെട്ടന്ന് അവർ ഒന്ന് പതറി.

“നിങ്ങളൊക്കെ ഇവിടെ ഇരിക്കുകയാണോ?”

“അതെ വലിയമ്മേ.”

“മ്മ്.”

അത്രയും പറഞ്ഞ് അവർ അരുണിമയെയും കൂട്ടി അവിടെനിന്ന് പോയി.അനഘ ഒന്നും മിണ്ടിയില്ല.ആര്യ അവളുടെ മുഖത്തേക്ക് നോക്കി.

“അത് കാര്യമാക്കണ്ട. ചേച്ചിയുടെ സ്വഭാവം അങ്ങനെയാണ്.”

അനഘ വെറുതെ ചിരിച്ചു.

“സാരമില്ല.”

അതേസമയം മുകളിലെ മുറിയിൽ ശോഭ തന്റെ മുടി ചീകുകയായിരുന്നു.

അപ്പോഴാണ് വാതിലിൽ മുട്ടുകേട്ടത്.

“ആരാ?”

ഞാനാ

ചെറിയമ്മേ അശ്വതിയ, ചെറിയമ്മേനെ മുത്തശ്ശി തിരക്കി

“ആണോ ഞാൻ ഇപ്പൊ വരാം”

പെട്ടന്ന് തന്നെ ശോഭ അമ്മേടെ റൂമിലേക്ക് ചെന്നു.

“എന്താ അമ്മേ എന്തേ വിളിച്ചേ “

“നിന്നെ കാണാൻ തോന്നി.”

ശോഭ അവരുടെ അടുത്തിരുന്നു.

“മോളേ, നിനക്ക് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?”

“ഇല്ല അമ്മേ.”

“ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീ വിഷമിക്കരുത്. ഈ വീട് നിനക്കും കൂടി അവകാശപ്പെട്ടതാണ്.”

ശോഭ അമ്മയുടെ മുഖത്തേക്ക് നോക്കി.

ആ വാക്കുകൾ അവൾക്ക് വലിയൊരു ആശ്വാസമായിരുന്നു.

“എനിക്ക് ഒന്നും വേണ്ട അമ്മേ. നിങ്ങൾ എല്ലാവരും സ്നേഹത്തോടെ പെരുമാറിയാൽ മതി.”

Updated: November 20, 2026 — 1:22 pm

Leave a Reply

Your email address will not be published. Required fields are marked *