അവൻ – 1 9അടിപൊളി  

“ഇതാണ് നിങ്ങളുടെ മൂന്നാമത്തെ വലിയച്ഛൻ അരവിന്ദൻ. ഇത് അമ്പിളി.”

അവരുടെ രണ്ട് പെൺമക്കളും അടുത്തേക്ക് വന്നു.

“ഇവർ അശ്വതിയും ആരതിയും. ഇരട്ടകളാണ്. രണ്ടുപേർക്കും( 21 വയസ് ).”

രണ്ടുപേരെയും കണ്ടപ്പോൾ അനഘയ്ക്ക് അത്ഭുതം തോന്നി.ഒരേ മുഖം, ഒരേ ഉയരം, ഒരേ ചിരി.

“നിങ്ങളെ കണ്ടാൽ തിരിച്ചറിയാൻ തന്നെ പാടാണല്ലോ.”

അനഘ ചിരിച്ചുകൊണ്ട് പറഞ്ഞു.

“സത്യം “ അഭിജിത്തും അത് ശെരി വച്ചു.

അശ്വതി മറുപടി പറഞ്ഞു.

“പക്ഷേ ഞങ്ങളെ തിരിച്ചറിയാൻ ഒരു വഴിയുണ്ട്.”

ആരതി കൂട്ടിച്ചേർത്തു.

“എന്താ?”

“ഞങ്ങളോട് തന്നെ ചോദിച്ചാൽ മതി 😌.”

അത് കേട്ട് എല്ലാവരും ചിരിച്ചു.

അങ്ങനെ വീട്ടിലെ ഓരോ അംഗങ്ങളെയും പരിചയപ്പെട്ടപ്പോൾ അഭിജിത്തിനും അനഘയ്ക്കും തങ്ങൾ ഒരു വലിയ കുടുംബത്തിന്റെ ഭാഗമായിരിക്കുന്നതുപോലെ തോന്നി.

എന്നാൽ എല്ലാവരുടെയും ചിരികൾക്കിടയിലും ചില മുഖങ്ങളിൽ അകൽച്ചയുടെ നിഴൽ അവർക്കു കാണാമായിരുന്നു.

“മോളേ, അമ്മ അകത്തുണ്ട്. നിന്നെ കാത്തിരിക്കുകയാണ്.”

രാമകൃഷ്ണൻ ശോഭയോട് പറഞ്ഞു.

അത് കേട്ടതും അവളുടെ മുഖഭാവം മാറി.

“അമ്മയ്ക്ക് സുഖമാണോ ചേട്ടാ?”

“പ്രായമായില്ലേ. പഴയതുപോലെ നടക്കാനൊന്നും പറ്റില്ല. പക്ഷേ നിന്നെ കാണണമെന്ന് എപ്പോഴും പറയാറുണ്ട്.”

ശോഭയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

അവൾ മക്കളെ നോക്കി.

“വാ മക്കളേ.”

മൂവരും വീടിന്റെ ഉള്ളിലേക്ക് നടന്നു.

നീളമുള്ള വരാന്ത കടന്ന് അവർ ഒരു വലിയ മുറിയിലെത്തി.അവിടെ ഒരു ചാരുകസേരയിൽ പ്രായമായ ഒരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു.വെള്ളമുടി പിന്നിലേക്ക് കെട്ടിവെച്ചിട്ടുണ്ട്. നെറ്റിയിൽ ചെറിയൊരു ചന്ദനക്കുറി. കഴുത്തിൽ ഒരു ചെറിയ സ്വർണമാല. പ്രായത്തിന്റെ ചുളിവുകൾ മുഖത്ത് വ്യക്തമായിരുന്നെങ്കിലും ആ കണ്ണുകളിൽ പഴയ

സ്നേഹത്തിന്റെ തിളക്കം ഇപ്പോഴും ഉണ്ടായിരുന്നു.ശോഭയെ കണ്ടതും ആ വൃദ്ധയുടെ കണ്ണുകൾ വിടർന്നു.

“മോളേ….”

വിറയാർന്ന ശബ്ദം.ശോഭയുടെ കാലുകൾ ഒരുനിമിഷം നിശ്ചലമായി.

“അമ്മേ…”

അവൾ വേഗത്തിൽ അടുത്തേക്ക് നടന്നു.

അമ്മ ചാരുകസേരയിൽനിന്ന്

എഴുന്നേൽക്കാൻ ശ്രമിച്ചു.

“അയ്യോ… പതുക്കെ അമ്മേ.”

ശോഭ ഓടിച്ചെന്ന് അവരെ താങ്ങിപ്പിടിച്ചു.

അടുത്ത നിമിഷം അമ്മയുടെ കൈകൾ അവളെ ചുറ്റിപ്പിടിച്ചു.

“എന്റെ കുട്ടീ…”

ആ ഒരു വിളിയിൽ ശോഭയുടെ ഇത്രയും വർഷത്തെ സങ്കടങ്ങളെല്ലാം അലിഞ്ഞുപോയതുപോലെ തോന്നി.

“എവിടെയായിരുന്നു മോളേ നീ ഇത്രയും കാലം?”

അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“ഞാൻ നിന്നെ എത്ര അന്വേഷിച്ചിട്ടുണ്ടെന്ന് അറിയാമോ?”

ശോഭയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല.

അവൾ അമ്മയുടെ നെഞ്ചിലേക്ക് മുഖം ചേർത്തു കരഞ്ഞു.

“അമ്മേ…”

“എന്റെ കുട്ടീ… ഇത്രയും വർഷം കഴിഞ്ഞിട്ടെങ്കിലും നീ വന്നല്ലോ.”

അമ്മ അവളുടെ തലയിൽ തലോടി.

“എനിക്ക് നിങ്ങളെയൊക്കെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു അമ്മേ.”

“പിന്നെന്താ വരാതിരുന്നത്?”

ശോഭ മുഖമുയർത്തി അമ്മയെ നോക്കി.

“ചില കാര്യങ്ങൾ മറക്കാൻ പറ്റിയില്ല അമ്മേ.”

അമ്മ അവളുടെ കവിളിൽ കൈവെച്ചു.

“എല്ലാം കഴിഞ്ഞുപോയില്ലേ മോളേ. നീ എന്റെ കുട്ടിയല്ലേ.”

ആ വാക്കുകൾ കേട്ടപ്പോൾ ശോഭ വീണ്ടും അമ്മയെ കെട്ടിപ്പിടിച്ചു.

കുറച്ചുനേരം ഇരുവരും ഒന്നും സംസാരിച്ചില്ല.

വർഷങ്ങളായി അടക്കിവെച്ച സ്നേഹവും സങ്കടവും കണ്ണീരിലൂടെ പുറത്തേക്ക് വന്നുകൊണ്ടിരുന്നു.

“അമ്മൂമ്മേ…”

അനഘ പതുക്കെ വിളിച്ചു.

മുത്തശ്ശി അവളെ നോക്കി.

“ഇത് എന്റെ മകൾ അനഘ.”

മുത്തശ്ശി അവളെ അടുത്തേക്ക് വിളിച്ചു.

അനഘ അടുത്തുചെന്ന് മുത്തശ്ശിയുടെ കൈയിൽ പിടിച്ചു.

“ഇത് അഭിജിത്ത്.”

അഭിജിത്തും അടുത്തേക്ക് ചെന്നു.

മുത്തശ്ശി അവന്റെ മുഖത്തേക്ക് കുറച്ചുനേരം നോക്കി.മുത്തശ്ശി ഇരുവരുടെയും തലയിൽ

കൈവെച്ച് അനുഗ്രഹിച്ചു.

“നന്നായി വരണം മക്കളേ. അമ്മയെ കഷ്ടപ്പെടുത്തരുത്.”

“ഇല്ല അമ്മൂമ്മേ.”

അഭിജിത്ത് ചിരിച്ചു.മുറിയിൽ വീണ്ടും ഒരു നിമിഷത്തെ നിശ്ശബ്ദത.മുത്തശ്ശി ശോഭയുടെ കൈയിൽ പിടിച്ചുകൊണ്ട് പറഞ്ഞു

“നീ ഇനി എവിടേക്കും പോകണ്ട മോളേ.. എനിക്ക് നിന്നെ ശിഷ്ടകാലം ഇവിടെ കാണണം. “

Updated: November 20, 2026 — 1:22 pm

Leave a Reply

Your email address will not be published. Required fields are marked *