“അത് സാരമില്ല. വേറെ നോക്കാം. എല്ലാം ശരിയാകും.”
അമ്മയുടെ വാക്കുകളിൽ പതിവുപോലെയുള്ള ആത്മവിശ്വാസമുണ്ടായിരുന്നു.
പക്ഷേ അഭിജിത്തിന് അറിയാമായിരുന്നു, ആ ആത്മവിശ്വാസത്തിന്റെ പിന്നിൽ എത്രയോ ആശങ്കകളുണ്ടെന്ന്.
“അമ്മേ, കടയിൽ ഇന്ന് തിരക്കുണ്ടാകുമോ?”
“രാവിലെ രണ്ട് ബ്ലൗസ് തയ്ക്കാനുണ്ട്. പിന്നെ ഒരു ചുരിദാറും കൊടുക്കാനുണ്ട്. ഉച്ചയാകുമ്പോഴേക്കും തീർക്കണം.”
അമ്മയുടെ ചെറിയ ടെയിലറിങ് കട ടൗണിലായിരുന്നു. ബസ് സ്റ്റാൻഡിനടുത്തുള്ള ഒരു പഴയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ. കടയെന്ന് പറയാൻ ഒരു ചെറിയ മുറി മാത്രം. ഒരു തയ്യൽ മെഷീൻ, ഒരു പഴയ മേശ, കുറച്ച് തുണിത്തരങ്ങൾ, ചുമരിൽ തൂക്കിയിട്ടിരിക്കുന്ന അളവുപട്ടികകൾ.
ആ കടയായിരുന്നു അവരുടെ കുടുംബത്തിന്റെ ഏക സ്ഥിരവരുമാനം.
മാസം കിട്ടുന്ന പണം വീട്ടുവാടകയില്ലാത്തതുകൊണ്ട് എങ്ങനെയൊക്കെയോ ചെലവുകൾക്കു തികയും. വൈദ്യുതി ബിൽ, ഭക്ഷണം, മരുന്ന്, മറ്റ് ചെറിയ ചെലവുകൾ.
എന്നാൽ എല്ലാ മാസവും അവസാനം കുറച്ച് കണക്കുകൾ ബാക്കിയുണ്ടാകും.
അനഘ അപ്പോഴേക്കും മുറിയിൽ നിന്ന് പുറത്തേക്ക് വന്നു.
ഇരുപത്തിയഞ്ച് വയസ്സ്. ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ശമ്പളം വളരെ വലുതൊന്നുമല്ലെങ്കിലും വീട്ടിലെ ചെലവുകളിൽ അവൾക്കും ഒരു പങ്കുണ്ട്.
“ഇന്ന് എത്ര കമ്പനിക്ക് അപേക്ഷ അയച്ചു?”
അഭിജിത്ത് ചിരിച്ചു.
“ചേച്ചിക്ക് രാവിലെ തന്നെ അതാണോ അറിയേണ്ടത്?”
“പിന്നെ അറിയണ്ടേ..? നീ ജോലിക്ക് പോകുന്ന ദിവസം എപ്പോഴാണെന്ന് അറിയണ്ടേ?”
“കിട്ടട്ടെ, എന്നിട്ട് പറയാം.”
“കിട്ടിയ മതി”
അവൾ ചായയുമായി അവന്റെ അടുത്തിരുന്നു.
“ഈ
ടൗണിലുള്ള കമ്പനികളിൽ മാത്രമല്ല, പുറത്തും നോക്ക്. ആവശ്യമെങ്കിൽ കുറച്ച് ദൂരെയാണെങ്കിലും പോകാം.”
“നോക്കുന്നുണ്ട് ചേച്ചീ. പക്ഷേ എല്ലായിടത്തും എക്സ്പീരിയൻസ് ചോദിക്കുന്നു. ഫ്രഷേഴ്സിന് ജോലി കൊടുക്കാൻ ആർക്കും താൽപര്യമില്ല. എക്സ്പീരിയൻസ് വേണമെങ്കിൽ ആദ്യം ആരെങ്കിലും ജോലി തരണ്ടേ?”
അനഘ ചിരിച്ചു.
“അത് ശരിയാ. എക്സ്പീരിയൻസ് കിട്ടാൻ ജോലി വേണം, ജോലി കിട്ടാൻ എക്സ്പീരിയൻസ് വേണം. നല്ല സിസ്റ്റം!”
മൂവരും ചിരിച്ചു.
ആ ചെറിയ ചിരിയിൽ പോലും ഒരുപാട് വിഷമങ്ങൾ മറഞ്ഞുകിടന്നിരുന്നു.
പത്തുമണിയോടെ അഭിജിത്ത് വീട്ടിൽ നിന്നിറങ്ങി.
ഒരു പഴയ നീല ഷർട്ടും കറുത്ത പാന്റ്സും. തോളിൽ ഒരു ബാഗ്. അതിനുള്ളിൽ കുറച്ച് CV-കളുടെ പ്രിന്റൗട്ടുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഒരു പേന.
അവൻ പോകുന്നത് ടൗണിലേക്കാണ്.
ആദ്യത്തെ കമ്പനി ഒരു ചെറിയ അക്കൗണ്ടിങ് സ്ഥാപനമായിരുന്നു.
“സാറിനെ ഒന്ന് കാണണം. ഒരു ജോലി ഒഴിവുണ്ടെന്ന് അറിഞ്ഞിരുന്നു.”
റിസപ്ഷനിലിരുന്ന സ്ത്രീ അവന്റെ CV വാങ്ങി.
“നിങ്ങൾക്ക് എക്സ്പീരിയൻസ് ഉണ്ടോ?”
“ഇല്ല മാഡം. ഞാൻ ഇപ്പോൾ ഗ്രാജുവേഷൻ കഴിഞ്ഞതാണ്.”
“ഓ… ഇപ്പോൾ ഒഴിവില്ല. ഉണ്ടാകുമ്പോൾ വിളിക്കാം.”
അവൻ നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി.
രണ്ടാമത്തെ സ്ഥാപനത്തിൽ നേരിട്ട് മാനേജറെ കണ്ടു.
“ശമ്പളം എത്ര പ്രതീക്ഷിക്കുന്നു?”
“തുടക്കത്തിൽ കൂടുതലൊന്നും വേണ്ട സാർ. പഠിക്കാനും ജോലി ചെയ്യാനും ഒരു അവസരം കിട്ടിയാൽ മതി.”
“ഞങ്ങൾക്ക് കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് വേണം. പിന്നെ നോക്കാം.”
മൂന്നാമത്തെ സ്ഥാപനത്തിൽ അവന്റെ സർട്ടിഫിക്കറ്റുകൾ പോലും പരിശോധിച്ചില്ല.
“ഇപ്പോൾ ഒഴിവില്ല.”
പിന്നീട് ഉള്ള മിക്ക സ്ഥാപനങ്ങളിലും ഇതുതന്നെ തുടർന്നു
പതിനഞ്ച് കോപ്പികൾ കൊണ്ടുവന്നതിൽ
ഇതിനകം എട്ടെണ്ണം കൊടുത്തു.
മറ്റുള്ളവ എവിടെയൊക്കെ കൊടുക്കണമെന്നറിയാതെ അവൻ
കുറച്ചുനേരം റോഡിലേക്ക് നോക്കിയിരുന്നു.
അപ്പോഴാണ് ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നത്.
ഒരു പുതിയ ജോബ് അലർട്ട്.
Freshers Wanted – Immediate Joining.
അവൻ വേഗത്തിൽ അത് തുറന്നു.
അക്കൗണ്ടന്റ് ട്രെയിനി.
സ്ഥലം: കണ്ണൂർ.
അവൻ ഉടനെ അപേക്ഷിച്ചു.
അതിനുശേഷം ഫോൺ പോക്കറ്റിലിട്ടു.
ചെറിയൊരു പ്രതീക്ഷ.
വൈകുന്നേരം വീട്ടിലെത്തുമ്പോൾ അമ്മ കടയിൽ നിന്ന് തിരിച്ചെത്തിയിരുന്നില്ല.
