അവൻ – 1 9അടിപൊളി  

വാതിൽ പൂർണമായും അടച്ചില്ല.

ശോഭ രണ്ടുപേരെയും നോക്കി.

“നിങ്ങൾക്ക് അവിടേക്ക് പോകാൻ താൽപര്യമുണ്ടോ?”

“അമ്മേടെ നാടും വീടും ഒക്കെ കാണണം എന്നൊരാഗ്രഹം എനിക്കുണ്ട് .” അനഘ പറഞ്ഞു.

അഭിജിത്തും അതിനെ പിന്തുണച്ചു.

“പോകാം അമ്മേ. കുറച്ച് ദിവസമല്ലേ. ഇത്രയും വർഷത്തിനുശേഷം മുത്തച്ഛൻ തന്നെ

വന്നതല്ലേ.”

ശോഭ അവനെ നോക്കി.

“അഭീ, അവിടെ ചെന്നിട്ട് പഴയ കാര്യങ്ങളൊക്കെ പറഞ്ഞ് നിങ്ങളെ ആരെങ്കിലും വിഷമിപ്പിച്ചാൽ…”

“അതൊന്നും സാരമില്ല അമ്മേ. എന്തെങ്കിലും പ്രശ്നമുണ്ടായാൽ നമുക്ക് തിരികെ വരാമല്ലോ.”

അവന്റെ വാക്കുകളിൽ ഒരു പക്വതയുണ്ടായിരുന്നു.

അനഘ അമ്മയുടെ കൈയിൽ പിടിച്ചു.

“അമ്മേ, ഒരുപക്ഷേ അമ്മയ്ക്കും കുറച്ച് സന്തോഷം കിട്ടിയേക്കാം. ഇത്രയും കാലം കഴിഞ്ഞില്ലേ.”

ശോഭ രണ്ടുപേരെയും നോക്കി.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് ഈ രണ്ട് മുഖങ്ങളായിരുന്നു.

അവർക്ക് താൽപര്യമുണ്ടെങ്കിൽ താൻ എന്തിന് വീണ്ടും ആ വാതിൽ അടയ്ക്കണം?

അവൾ പതുക്കെ തലയാട്ടി.

“ശരി. പോകാം.”

പുറത്തേക്ക് വന്ന ശോഭയെ കണ്ടപ്പോൾ രാമകൃഷ്ണൻ നായർ പ്രതീക്ഷയോടെ എഴുന്നേറ്റു.

” മോളേ?”

“അച്ഛാ, ഞങ്ങൾ വരാം.”

അയാളുടെ മുഖത്ത് ആശ്വാസം പ്രകടമായി.

“സന്തോഷമായി മോളേ.”

“പക്ഷേ ഒരു കാര്യമുണ്ട്.”

“എന്താ?”

“എനിക്ക് കടയിൽ കുറച്ച് ജോലികൾ ബാക്കിയുണ്ട്. ചില തുണികൾ കൊടുക്കാനുണ്ട്. അതൊക്കെ തീർക്കണം. അതിന് ഒരാഴ്ചയെങ്കിലും വേണം.”

“അതിനെന്താ മോളേ? നീ നിന്റെ കാര്യങ്ങൾ തീർത്തിട്ട് വിളിച്ചാൽ മതി.”

” ഞാൻ ആളെ അയക്കാം. നിങ്ങളെ കൊണ്ടുപോകാൻ.”

ശോഭ തലയാട്ടി.

പോകുന്നതിന് മുമ്പ് രാമകൃഷ്ണൻ നായർ അഭിജിത്തിന്റെയും അനഘയുടെയും അടുത്തെത്തി.രണ്ടുപേരുടെയും തലയിൽ ഒന്ന് തലോടി

“ഞങ്ങൾ എല്ലാവരും നിങ്ങളെയും കാത്തിരിക്കുകയാണ്, തീർച്ചയായും വരണുട്ടോ”

“ശരി മുത്തച്ഛാ.”

അനഘ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

അഭിജിത്തും തലയാട്ടി.

അയാൾ ശോഭയുടെ മുഖത്തേക്ക് ഒരിക്കൽ കൂടി നോക്കി.

അയാളും കൃഷ്ണദാസും തിരിഞ്ഞ് കാറിലേക്ക് നടന്നു.

കാർ മുറ്റത്തുനിന്ന് പുറത്തേക്ക് നീങ്ങുന്നതുവരെ ശോഭ വരാന്തയിൽത്തന്നെ നിന്നു.

അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

ആ

ഒരാഴ്ച വളരെ വേഗത്തിൽ കടന്നുപോയി.

ശോഭ തന്റെ തയ്യൽക്കടയിലെ ജോലികളെല്ലാം തീർത്തു. ബാക്കിയുണ്ടായിരുന്ന തുണികൾ പെട്ടന്ന് കൊടുത്തു. കടയിലെ സാധനങ്ങൾ അടുക്കിവെച്ചു.അനഘയും അഭിജിത്തും യാത്രയ്ക്കു റെഡിയായ്.അവിടെ എങ്ങനെയായിരിക്കും?അവിടെയുള്ള ആളുകൾ എങ്ങനെയായിരിക്കും?

അമ്മയെ അവർ എങ്ങനെ സ്വീകരിക്കും?

അഭിജിത്തിന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു.അനഘയ്ക്കും അതേ കൗതുകം തന്നെയായിരുന്നു.

എന്നാൽ ശോഭയുടെ മനസ്സ് മാത്രം ശാന്തമായിരുന്നില്ല.രാത്രികളിൽ ഉറങ്ങാൻ കിടക്കുമ്പോൾ പഴയ ഓർമ്മകൾ അവളെ തേടിയെത്തി.അവൾ ഒരിക്കൽ ഉപേക്ഷിച്ചുപോയ ആ വീടിന്റെ ഓരോ മുക്കും മൂലയും മനസ്സിൽ തെളിഞ്ഞുവന്നു.

അവിടെ ഇപ്പോൾ എന്തൊക്കെ മാറ്റങ്ങളുണ്ടായിരിക്കും?തന്റെ പഴയ മുറി ഇപ്പോഴും അവിടെ അതുപോലെ തന്നെ ഉണ്ടാകുമോ?അവൾക്കറിയില്ലായിരുന്നു.

ഒരാഴ്ച കഴിഞ്ഞു.

ഞായറാഴ്ച രാവിലെ.സമയം ഏകദേശം ഒമ്പതുമണി.വീടിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു.കാറിൽ നിന്ന് കൃഷ്ണദാസ് ഇറങ്ങി. പിന്നാലെ ഡ്രൈവറൂം.

“തയ്യാറായോ?”

അവൻ വരാന്തയിലേക്ക് നോക്കി ചോദിച്ചു.

“ഒരു മിനിറ്റ്,ദാ ഇറങ്ങി .”

അനഘ രണ്ട് ബാഗുകളുമായി പുറത്തേക്ക് വന്നു.

അഭിജിത്ത് തന്റെ സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളുമടങ്ങിയ ബാഗ് എടുത്തു.

ശോഭ അവസാനമായി വീടിനുള്ളിലേക്ക് ഒന്ന് നോക്കി.ചെറിയ അടുക്കള.താൻ വർഷങ്ങളോളം കഷ്ടപ്പെട്ട് ജോലി ചെയ്ത തയ്യൽ മെഷീൻ.ഭർത്താവിന്റെ പഴയ ഫോട്ടോ.ചുമരിലെ ഓരോ അടയാളവും അവളുടെ ജീവിതത്തിലെ ഓരോ അധ്യായങ്ങളായിരുന്നു.

അവൾ പതുക്കെ അച്ഛന്റെ ഫോട്ടോയ്ക്കരികിൽ ചെന്നു.

“ഞങ്ങൾ പോയിട്ട് വരാം.”

അത് ആരോടാണ് പറഞ്ഞതെന്ന് അവൾക്കുപോലും അറിയില്ലായിരുന്നു.

പിന്നീട് വാതിൽ അടച്ച് താക്കോൽ അയൽവീട്ടിലെ സ്ത്രീയെ ഏൽപ്പിച്ചു.

Updated: November 20, 2026 — 1:22 pm

Leave a Reply

Your email address will not be published. Required fields are marked *