രാമകൃഷ്ണൻ നായർ അവന്റെ തോളിൽ കൈവെച്ചു.
“മോൾടെ പേരെന്താ“ രാമൻ അനഘയോടായ് ചോദിച്ചു
“അനഘ“
“രണ്ടുപേർക്കും ഞാൻ ആരാണെന്ന് മനസ്സിലായോ”
“മനസിലായി മുത്തച്ഛാ.”
ആ വിളി കേട്ടപ്പോൾ അയാളുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടർന്നു.
പിന്നീട് കൂടെ വന്നയാളെ പരിചയപ്പെടുത്തി.
“ഇത് വീട്ടിലെ കാര്യസ്ഥൻ കാളിദാസൻ, നമ്മടെ പഴയ കാര്യസ്ഥൻ സങ്കുണ്ണി ഇല്ലേ.. അവരുടെ മോൻ തന്നെ .”
അയാൾ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്തു.
അൽപ്പസമയം നിശ്ശബ്ദതയായിരുന്നു.
ഒടുവിൽ രാമകൃഷ്ണൻ നായർ തന്നെ സംസാരിച്ചുതുടങ്ങി.
“മോളേ, കുറേ വർഷങ്ങളായി. നിന്റെ വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല. അന്വേഷിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ…”
അയാൾ വാക്കുകൾ പൂർത്തിയാക്കിയില്ല.
ശോഭ
അയാളെ നോക്കി.
“പക്ഷേ എന്താ അച്ഛാ?”
അയാൾ തല താഴ്ത്തി.
“അന്ന് നടന്നതൊക്കെ കഴിഞ്ഞുപോയില്ലേ മോളേ.”
ശോഭയുടെ മുഖത്ത് ഒരു ചെറിയ മാറ്റം പ്രകടമായി.
“കഴിഞ്ഞുപോയി എന്ന് പറയാൻ എളുപ്പമാണ് അച്ഛാ. പക്ഷേ അന്ന് ആ പടിയിറങ്ങിയതിൽ പിന്നെ എനിക്ക് സ്വന്തമെന്ന് പറയാൻ ഈ നിമിഷം വരെ ഇവരും ഇവരുടെ അച്ഛനും മാത്രമേ ഉണ്ടാർന്നുള്ളു, ഒരാളെ സ്നേഹിച്ചു പോയതാണോ അച്ഛാ ഞാൻ ചെയ്ത തെറ്റ്, സ്നേഹിക്കുമ്പോ സമ്പത്തും ജാതിയും ഒന്നും നോക്കി സ്നേഹിക്കാൻ പറ്റില്ലല്ലോ അച്ഛാ.”
രാമകൃഷ്ണൻ നായർ ഒന്നും പറഞ്ഞില്ല.
അയാൾക്ക് മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ലെന്നു തോന്നി.
കുറച്ചുനേരത്തിനുശേഷം അയാൾ പറഞ്ഞു.
“ഞാൻ നിന്നെ കാണാൻ വന്നത് പഴയ കാര്യങ്ങൾ സംസാരിക്കാനല്ല മോളേ. ഒരു കാര്യം പറയാനാണ്.”
“എന്താ?”
“നീയും മക്കളും വീട്ടിലേക്ക് വരണം.”
ശോഭ അയാളെ അത്ഭുതത്തോടെ നോക്കി.
“വീട്ടിലേക്കോ?”
“അതെ. നമ്മുടെ വീട്ടിലേക്ക്.”
ആ വാക്കുകൾ അവളുടെ ഉള്ളിൽ എന്തോ ഒന്ന് തട്ടിയുണർത്തി.
ഒരിക്കൽ സ്വന്തം വീടായിരുന്ന സ്ഥലം.
പക്ഷേ ഇന്ന് അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ പോലും അവളുടെ മനസ്സിൽ ഒരു അന്യമായ വികാരമാണ്.
“നമ്മുടെ വീടോ, എന്റെ വീട് ഇതല്ലേ അച്ഛാ, ഇതല്ലാതെ എനിക്കൊരു വീടില്ല ?”
“ഇനി എനിക്ക് എത്ര കാലം ഉണ്ടെന്ന് അറിയില്ല, ഇനിയുള്ള കാലം എങ്കിലും മകളും കൊച്ചുമക്കളും എല്ലാം എന്റെ അടുത്ത് വേണമെന്നൊരു ആഗ്രഹം, നിന്നെ ഞാൻ നിർബന്ധിക്കില്ല പക്ഷെ…”
“അച്ഛാ, എനിക്ക് വരാൻ താൽപര്യമില്ല.”
ശോഭയുടെ മറുപടി പെട്ടെന്നായിരുന്നു.
രാമകൃഷ്ണൻ നായർ അവളെ നോക്കി.
“മോളേ…”
“മുഴുപട്ടിണിയിലും ഒന്ന് മര്യാദക്ക് ഉറങ്ങാൻ പോലും പറ്റാതെ
ഇരുന്നപ്പോൾ പോലും തിരിച്ചു വരണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല”
അവളുടെ ശബ്ദം ഇടറിയിരുന്നു.
“എനിക്ക് മനസ്സിലാകും മോളേ. നീ പറയുന്നതൊക്കെ ശരിയാണ്. പക്ഷേ ഒരു പ്രാവശ്യം എങ്കിലും വരണം. നിന്റെ അമ്മയെയും ഓർക്കണം. അവൾക്ക് അവസാനമായി നിന്നെ ഒന്ന് കാണണമെന്ന്.”
അത് കേട്ടപ്പോൾ ശോഭയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
അവളുടെ അമ്മ.
വർഷങ്ങൾക്കുമുമ്പ് നഷ്ടപ്പെട്ടുപോയ മറ്റൊരു മുഖം.
“അമ്മ…”
അവൾ വാക്കുകൾ പൂർത്തിയാക്കിയില്ല.
“കിടപ്പിലാണ്, ഒട്ടും വയ്യ .”
രാമകൃഷ്ണൻ നായരുടെ ശബ്ദത്തിൽ ഇത്തവണ അപേക്ഷയുണ്ടായിരുന്നു.
അയാൾ തുടർന്നു.
“നിന്നെ നിർബന്ധിക്കാനല്ല വന്നത്. പക്ഷേ ഇത്രയും കാലം കഴിഞ്ഞിട്ടും എന്റെ മകൾ എന്നെ പൂർണമായും മറന്നിട്ടില്ലെന്ന് എനിക്ക് അറിയാം.”
ശോഭ ഒന്നും പറഞ്ഞില്ല.
അവളുടെ മനസ്സിൽ പഴയ ഓർമ്മകൾ ഓരോന്നായി കടന്നുവന്നു.
ആ വലിയ വീടിന്റെ മുറ്റം.
അമ്മയുടെ മടിയിൽ തലവെച്ച് കിടന്നിരുന്ന രാത്രികൾ.
അച്ഛനോടൊപ്പം അമ്പലത്തിൽ പോയിരുന്ന ബാല്യം.
പിന്നീട് അതേ വീട്ടിൽ നിന്നുതന്നെ കേട്ട അപമാനങ്ങൾ.
എല്ലാം ഒരുപോലെ അവളെ വേട്ടയാടി.
“അമ്മേ…”
അഭിജിത്തിന്റെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.
അവൻ പതുക്കെ അമ്മയുടെ അടുത്തേക്ക് വന്നു.
ശോഭ അച്ഛനെ നോക്കി.
“അച്ഛൻ കുറച്ച് നേരം ഇരിക്കൂ. ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ.”
അവൾ മക്കളെയും കൂട്ടി അകത്തെ മുറിയിലേക്ക് പോയി.
