അവൻ – 1 9അടിപൊളി  

“ചേച്ചീ, ഞങ്ങൾ കുറച്ച് ദിവസം കഴിഞ്ഞേ വരൂ. വീടൊന്ന് ശ്രദ്ധിക്കണേ.”

“അതൊക്കെ ഞാൻ നോക്കിക്കോളാം മോളേ. നീ സമാധാനമായി പോയിട്ട് വാ.”

ശോഭ ചിരിച്ചു.മൂവരും കാറിനടുത്തേക്ക് നടന്നു.അവർ

പിന്നിലെ സീറ്റിൽ കയറി,

കൃഷ്ണദാസ് മുന്നിലെ സീറ്റിലിരുന്നു.

“പോകാം.”

ഡ്രൈവർ കാർ സ്റ്റാർട്ട് ചെയ്തു.

അവരുടെ ചെറിയ വീടിന്റെ മുറ്റത്തുനിന്ന് കാർ പതുക്കെ പുറത്തേക്ക് നീങ്ങി.

അഭിജിത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി.താൻ ജനിച്ചുവളർന്ന നാട്. പരിചിതമായ വഴികൾ. കടകൾ. ബസ് സ്റ്റാൻഡ്. സ്കൂളിലേക്ക് പോയിരുന്ന റോഡ്.

എല്ലാം പതുക്കെ പിന്നിലേക്ക് മറഞ്ഞു.

അവൻ അമ്മയെ നോക്കി.ശോഭ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.

അവളുടെ കണ്ണുകളിൽ സന്തോഷമാണോ സങ്കടമാണോ എന്ന് തിരിച്ചറിയാൻ അവന് കഴിഞ്ഞില്ല.

“അമ്മേ…”

“എന്താ മോനേ?”

“എന്താ നമ്മുടെ തറവാടിന്റെ പേര്?”

ശോഭ ഒന്ന് ചിരിച്ചു.

“മംഗലശേരി“

അവൾ അത്രയും മാത്രമേ പറഞ്ഞുള്ളൂ.

ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിലും അവന്റെ ഉള്ളിൽ ഒരു ഊർജ്ജം നിറഞ്ഞു, എന്തോ പരിചിതമായ ഒരു സ്ഥലം പോലെ അവന് തോന്നി

അനഘ അമ്മയുടെ കൈയിൽ പതുക്കെ പിടിച്ചു.

“അമ്മയ്ക്ക് പേടിയുണ്ടോ?”

ശോഭ അവളെ നോക്കി.

“പേടിയല്ല മോളേ. ഒരുപാട് വർഷങ്ങൾക്കുശേഷം തിരിച്ചു പോകുന്നതല്ലേ എല്ലാവരെയും എങ്ങനെ ഫേസ് ചെയ്യും എന്നുള്ള ഒരു ടെൻഷൻ.”

കാർ പ്രധാന റോഡിലേക്ക് പ്രവേശിച്ചു.

അഭിജിത്ത് വീണ്ടും പുറത്തേക്ക് നോക്കി.

തന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിക്കാൻ പോകുകയാണെന്ന് അവന് അപ്പോൾ അറിയില്ലായിരുന്നു.അവൻ കരുതിയത് കുറച്ച് ദിവസത്തെ ഒരു യാത്ര മാത്രമാണെന്നാണ്.എന്നാൽ ആ യാത്ര അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകാൻ പോകുകയാണെന്ന് അവന് അറിയില്ലായിരുന്നു.അവരുടെ കാർ പതുക്കെ ആ പഴയ തറവാടിനെ ലക്ഷ്യമാക്കി മുന്നോട്ടുപോയി…

യാത്ര തുടങ്ങിയിട്ട് ഏകദേശം എട്ടുമണിക്കൂറുകൾ പിന്നിട്ടിരുന്നു.

കാറിന്റെ ജനാലയ്ക്കരികിൽ തലചായ്ച്ച് പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു അഭിജിത്ത്. ഇടയ്ക്കിടെ ഫോണിൽ സമയം നോക്കുന്നതല്ലാതെ അവൻ

കാര്യമായി ഒന്നും സംസാരിച്ചിരുന്നില്ല.അനഘയാകട്ടെ വഴിയരികിലെ കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു.

“അഭീ…”

“എന്താ ചേച്ചീ?”

“നമ്മളിപ്പോൾ എവിടെയായിരിക്കും?”

“അറിയില്ല. ഏതോ ഗ്രാമപ്രദേശത്തേക്ക് കയറിയിട്ടുണ്ട്.”

ഇതുവരെ സഞ്ചരിച്ചുകൊണ്ടിരുന്ന വലിയ ഹൈവേയിൽനിന്ന് കാർ പതുക്കെ മറ്റൊരു ചെറിയ റോഡിലേക്ക് തിരിഞ്ഞിരുന്നു. ഇരുവശത്തും പച്ചപ്പുനിറഞ്ഞ വയലുകൾ. ഇടയ്ക്കിടെ തെങ്ങിൻതോപ്പുകളും കവുങ്ങിൻ തോട്ടങ്ങളും. വഴിയരികിൽ പഴയ ഓടിട്ട വീടുകൾ. ചിലയിടങ്ങളിൽ ചെറിയ ചായക്കടകൾ.നഗരത്തിന്റെ തിരക്കിൽനിന്ന് തികച്ചും വ്യത്യസ്തമായൊരു ലോകം.

“എന്തൊരു ഭംഗിയാ ഇവിടെ!” അനഘ പുറത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

അഭിജിത്തും അവളുടെ വാക്കുകളോട് യോജിച്ചു.

“അതെ. നല്ല ഗ്രാമം.”

ശോഭ ഇതെല്ലാം നിശ്ശബ്ദമായി നോക്കുകയായിരുന്നു.ഓരോ വളവുകളും അവൾക്ക് പരിചിതമായിരുന്നു.

ഒരിക്കൽ സൈക്കിളിൽ അച്ഛനോടൊപ്പം ഈ വഴികളിലൂടെ സഞ്ചരിച്ചിരുന്ന കാലം. സ്കൂൾ വിട്ടുവന്നാൽ കൂട്ടുകാരോടൊപ്പം ഓടിക്കളിച്ചിരുന്ന ഇടവഴികൾ. ഉത്സവകാലത്ത് ബന്ധുക്കളോടൊപ്പം അമ്പലത്തിലേക്ക് പോയിരുന്ന വഴികൾ.

വർഷങ്ങൾക്കുശേഷം എല്ലാം വീണ്ടും മുന്നിൽ തെളിയുകയാണ്.കുറച്ചുനേരം കൂടി സഞ്ചരിച്ചപ്പോൾ കാർ ഒരു ചെറിയ റോഡിലൂടെ മുന്നോട്ടുപോയി. റോഡിന്റെ ഇരുവശത്തും വലിയ മരങ്ങൾ തണൽ വിരിച്ചുനിന്നിരുന്നു. ഇടയ്ക്കിടെ പഴയ കൽമതിലുകൾ കാണാം.

അവസാനം കാർ ഒരു വലിയ ഗേറ്റിന് മുന്നിൽ വേഗം കുറച്ചു.ഇരുമ്പുകൊണ്ടുള്ള മനോഹരമായ ഗേറ്റ്.അതിന് മുകളിൽ കുടുംബപ്പേര് കൊത്തിവെച്ച ഒരു ചെറിയ ബോർഡ്.

*മംഗലശേരി*

കൃഷ്ണദാസ് ഡ്രൈവറോട് ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു.കാർ അകത്തേക്ക് പ്രവേശിച്ചു.അഭിജിത്ത് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു.മുന്നിൽ ഒരു വലിയ നാലുകെട്ട്.നാല് വശങ്ങളിലായി പണിതുയർത്തിയ വലിയ പരമ്പരാഗത വീട്. ചുവന്ന ഓടുകൾ പാകിയ മേൽക്കൂര. നീളമുള്ള വരാന്തകൾ. തൂണുകളുള്ള മരപ്പടികൾ. നടുവിൽ വിശാലമായ നടുമുറ്റം.

Updated: November 20, 2026 — 1:22 pm

Leave a Reply

Your email address will not be published. Required fields are marked *