അതിനിടയിൽ അമ്മയുടെ തയ്യൽക്കടയിലെ ജോലികൾ കൂടിയിരുന്നു. ഓണം കഴിഞ്ഞിട്ടും ചില ഓർഡറുകൾ ബാക്കിയുണ്ടായിരുന്നു. അതുകൊണ്ട് ശോഭ വീട്ടിലെത്താൻ പലപ്പോഴും വൈകി.
അനഘയാകട്ടെ പതിവുപോലെ ജോലിക്കും വീട്ടുജോലികൾക്കുമിടയിൽ ഓടിനടന്നു.
അങ്ങനെ അവരുടെ ചെറിയ ലോകം പഴയതുപോലെ മുന്നോട്ടുപോയി.
അങ്ങനെയിരിക്കെ ഒരു ഞായറാഴ്ച.
സമയം ഉച്ചയ്ക്ക് ഒരു മണിയോടടുത്തിരുന്നു.
അടുക്കളയിൽ നിന്ന് മീൻകറിയുടെ മണം വീടിന്റെ അകത്തളങ്ങളിലേക്ക് പടർന്നു.
“അഭീ… ഈ മീൻകറി ഒന്ന് ടേബിളിലോട്ട് എടക്ക് ”
അനഘ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.
“ദാ ചേച്ചീ.”
അഭിജിത്ത് പാത്രങ്ങൾ മേശപ്പുറത്ത് നിരത്തി.
ശോഭ അപ്പോഴേക്കും കുളി കഴിഞ്ഞ് വന്ന് മുടി തുവർത്തുകയായിരുന്നു.
“അമ്മേ, വേഗം വായോ.”
“വരുന്നു മോനേ.”
മൂവരും ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് വീടിന് മുന്നിൽ ഒരു കാറിന്റെ ശബ്ദം കേട്ടത്.
ആദ്യം ആരും ശ്രദ്ധിച്ചില്ല.
എന്നാൽ കുറച്ചുനിമിഷങ്ങൾക്കുള്ളിൽ മുറ്റത്ത് കാർ നിർത്തിയ ശബ്ദവും ഡോർ തുറക്കുന്നതും കേട്ടു.
“ആരാ ഈ സമയത്ത്?”
അനഘ ജനലിലൂടെ പുറത്തേക്ക് നോക്കി.
മുറ്റത്ത് ഒരു കറുത്ത ഇന്നോവ കാർ.
അതിൽ
നിന്ന് പ്രായമായ ഒരാൾ പതുക്കെ പുറത്തേക്കിറങ്ങി. വെള്ളമുണ്ട്, ഇളം ക്രീം നിറത്തിലുള്ള ഷർട്ട്. നരച്ച മുടിയും കട്ടിയുള്ള മീശയും. പ്രായത്തിന്റെ അവശതകൾ ശരീരത്തിൽ പ്രകടമായിരുന്നെങ്കിലും ആ മുഖത്ത് ഇപ്പോഴും ഒരു ഗൗരവം നിലനിന്നിരുന്നു.
അയാളുടെ പിന്നാലെ മറ്റൊരാളും ഇറങ്ങി.
“അമ്മേ… ആരോ വന്നിട്ടുണ്ട്.”
“ആരാ?”
“അറിയില്ല. ഒരാൾക്ക് നല്ല പ്രായമുണ്ട്.”
അപ്പോഴേക്കും പുറത്തുനിന്ന് ഒരു വിളി കേട്ടു.
“ഇവിടാരുമില്ലേ..”
ആ ഒരു വിളി.
വർഷങ്ങളായി കേൾക്കാതിരുന്ന, എന്നാൽ ഒരിക്കലും മറക്കാൻ കഴിയാത്ത ആ ശബ്ദം.
ശോഭയുടെ കൈയിലിരുന്ന സ്പൂൺ പതുക്കെ താഴെ വീണു.
അവൾ വാതിലിനടുത്തേക്ക് നടന്നു.
വരാന്തയിൽ എത്തിയപ്പോൾ കണ്ട കാഴ്ച അവളുടെ കാലുകളെ ഒരുനിമിഷം നിശ്ചലമാക്കി.
അച്ഛൻ.
അവളുടെ ചുണ്ടുകൾ മന്ദ്രിച്ചു.
രാമകൃഷ്ണൻ നായർ.
വർഷങ്ങൾക്കുശേഷം ആ മുഖം നേരിൽ കാണുകയായിരുന്നു അവൾ.
ഒരിക്കൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തണലായിരുന്ന മനുഷ്യൻ. പിന്നീട് തന്റെ പ്രണയത്തിന് മുന്നിൽ എതിർപ്പുമായി നിന്ന മനുഷ്യൻ. ഒടുവിൽ സ്വന്തം മകളെ ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ നിർബന്ധിതയാക്കിയ മനുഷ്യൻ.
എത്രയോ വർഷങ്ങൾ.
എത്രയോ ഓർമ്മകൾ.
അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.
“അച്ഛാ…”
ശബ്ദം പുറത്തേക്ക് വന്നപ്പോൾ അതിൽ സങ്കടവും അത്ഭുതവും ഒരുപോലെ കലർന്നിരുന്നു.
രാമകൃഷ്ണൻ നായരും മകളെ നോക്കി കുറച്ചുനേരം ഒന്നും മിണ്ടിയില്ല.
അയാളുടെ കണ്ണുകളിലും ചെറിയൊരു നനവ് പടർന്നിരുന്നു.
“ശോഭേ മോളേ…സുഖല്ലേ നിനക്ക് ?”
ആ ചോദ്യം കേട്ടതും ശോഭയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
എന്നാൽ അവൾ ഒന്നും മറുപടി പറഞ്ഞില്ല.
അവളുടെ മനസ്സിൽ ഒരേസമയം ഒരുപാട് ചോദ്യങ്ങൾ ഉയർന്നു.
ഇത്രയും വർഷങ്ങൾക്കുശേഷം ഇപ്പോൾ എന്തിനാണ്?
ഇത്രയും
കാലം അന്വേഷിക്കാതിരുന്നവർക്ക് ഇപ്പോൾ എന്താണ് ഓർമ്മ വന്നത്?
അവൾ പതുക്കെ കണ്ണുകൾ തുടച്ചു.
“അച്ഛൻ ഇവിടെ…?”
“അകത്തേക്ക് കയറട്ടേ മോളേ?”
അയാൾ ചോദിച്ചു
പെട്ടന്നാണ് ശോഭയ്ക്ക് താൻ അവരെ പുറത്തു തന്നെ നിർത്തിയിരിക്കുക ആണെന്ന ബോധം വന്നത്
പിന്നീട് വാതിലിനരികിൽ നിന്ന് മാറിക്കൊടുത്തു.
“വരൂ.”
അകത്തേക്ക് കയറിയ രാമകൃഷ്ണൻ നായർ ചുറ്റുമൊന്ന് നോക്കി.
ചെറിയൊരു വീട്.
പഴയ ഫർണിച്ചറുകൾ. ചുമരിൽ തൂക്കിയിട്ടിരിക്കുന്ന കുറച്ച് ചിത്രങ്ങൾ. ഒരു മൂലയിൽ തയ്യൽ മെഷീനിൽ തുന്നിവെച്ച തുണികൾ.
അയാൾ പതുക്കെ കസേരയിലിരുന്നു.
അയാളുടെ നോട്ടം മുറിയുടെ വാതിൽക്കൽ നിന്നിരുന്ന അഭിജിത്തിലേക്ക് നീണ്ടു.
അവനെ നോക്കി ഒന്ന് ചിരിച്ചിട്ട് ശോഭയുടെ മുഖത്തേക്ക് നോക്കി
“രണ്ടാമത്തെ ആളാ അഭിജിത്ത്”
അച്ഛന്റെ നോട്ടം മനസ്സിലായ ശോഭ പറഞ്ഞു
ഇവിടെ വാ അദ്ദേഹം അവനെ അടുത്തേക്ക് ക്ഷണിച്ചു,അവൻ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കീട്ട് അയാൾക്കരികിലേക്ക് നടന്നു.
