“എടാ… എഴുന്നേൽക്ക്. നേരം വെളുത്തു,”
അവൾ അവരുടെ തോളിൽ തട്ടി വിളിച്ചു.
ഹാങ്ങ് ഓവറിന്റെ കാഠിന്യത്തിൽ അവർ മൂവരും തല പൊക്കാൻ പാടുപെടുകയായിരുന്നു. കണ്ണുകൾ തിരുമ്മി, തലയ്ക്ക് കൈവെച്ച് അവർ ഓരോരുത്തരായി എഴുന്നേറ്റിരിക്കാൻ ശ്രമിക്കുന്നത് ലൈവ് ആയി ഞാൻ കണ്ടു. അച്ചു യാതൊരു ഭാവമാറ്റവുമില്ലാതെ അവർക്ക് കുടിക്കാനായി വെള്ളം എടുത്തു കൊടുക്കുന്നു.
ഇന്നലെ നടന്ന കാര്യങ്ങൾ അവൾക്ക് ഓർമ്മയുണ്ടോ? അതോ ഇതൊക്കെ അവർക്കിടയിൽ പതിവാണോ? എന്റെ ഉള്ളിലെ ചോദ്യങ്ങൾ ഇരട്ടിച്ചു കൊണ്ടിരുന്നു.
അടുത്ത നീക്കം എന്തായിരിക്കുമെന്ന് അറിയാൻ ഞാൻ ശ്വാസമടക്കിപ്പിടിച്ച് ആ സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു.
ഹാങ്ങ് ഓവറിന്റെ ആലസ്യത്തിൽ തല പുകഞ്ഞു കൊണ്ട് എഴുന്നേൽക്കുന്ന സിദ്ധാർത്ഥിനെ അച്ചു താങ്ങിപ്പിടിക്കുന്നത് ടിവി സ്ക്രീനിൽ തെളിഞ്ഞു കണ്ടു. അവൻ എഴുന്നേൽക്കാൻ പാടുപെടുന്നത് കണ്ടപ്പോൾ അവൾ അവനെ ചേർത്തുപിടിച്ച് ബാത്റൂമിലേക്ക് കൊണ്ടുപോയി.
അവന്റെ മുഖത്ത് വെള്ളം തളിച്ച് കഴുകിക്കൊടുക്കുമ്പോൾ അവളുടെ കൈകൾ അവന്റെ മുടിയിഴകളെ തലോടുന്നുണ്ടായിരുന്നു. ഇതൊക്കെ കാണുന്ന എന്റെ ഹൃദയമിടിപ്പ് എനിക്ക് തന്നെ കേൾക്കാമായിരുന്നു.
സ്വന്തം ഭർത്താവിനോടുള്ള കരുതലാണോ അതോ സിദ്ധാർത്ഥിനോടുള്ള പ്രത്യേക മമതയാണോ ഇതെന്നു എനിക്ക് തിരിച്ചറിയാനായില്ല.
അവർ തിരികെ ഹാളിലേക്ക് വന്നിരുന്നു. ഗൗരി തന്റെ ഫോണിൽ നോക്കി കൊണ്ട് ചോദിച്ചു,
“എന്താ പ്ലാൻ? രാത്രി ഫുഡ് ഉണ്ടാക്കണോ അതോ നമുക്ക് വല്ലതും വാങ്ങണോ?”
“പുറത്തുനിന്ന് വാങ്ങാം ഗൗരി… ഇപ്പോൾ ഒന്നും ഉണ്ടാക്കാൻ വയ്യ,”
തലയ്ക്കു കൈവെച്ച് കൊണ്ട് സിദ്ധാർത്ഥ് പറഞ്ഞു. സൽമാൻ സമ്മതം മൂളിക്കൊണ്ട് സോഫയിലേക്ക് വീണ്ടും ചാഞ്ഞു കിടന്നു.
സമയം കടന്നുപോയി. അവർ വീണ്ടും പഴയതുപോലെ ഓരോന്ന് സംസാരിച്ചു ചിരിക്കാൻ തുടങ്ങി. അച്ചു കുറച്ചു സമയം അവരെ നോക്കി നിന്നിട്ട് ചോദിച്ചു,
“അല്ല… നിങ്ങൾ എല്ലാവരും കൂടി ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കാനാണോ പ്ലാൻ? നിങ്ങൾ ഇന്ന് പോകുന്നില്ലേ?”
സിദ്ധാർത്ഥ് ഒരു കള്ളച്ചിരിയോടെ അവളെ നോക്കി കൊഞ്ചി.
“ഭർത്താവ് വീട്ടിൽ ഇല്ലാത്ത ഒരു പെണ്ണിനെ ഇങ്ങനെ ഒറ്റയ്ക്കാക്കി പോകാനോ? ഹരി വരുന്നത് വരെ ഞങ്ങളിവിടെ തന്നെ കാണും.”
അവൻ പറഞ്ഞത് കേട്ട് സൽമാൻ ഉറക്കെ ചിരിച്ചു. സിദ്ധാർത്ഥ് പതിയെ അച്ചുവിന്റെ തോളിലേക്ക് തല ചായ്ച്ചു കൊണ്ട് അവളുടെ തോളിൽ വിരലുകൾ കൊണ്ട് താളം പിടിച്ചു.
“അയ്യടാ… നിന്റെയൊക്കെ ഇരിപ്പ് കണ്ടാൽ എനിക്കറിയാം. എടാ… ഹരി ഇതറിഞ്ഞാൽ ആകെ പ്രശ്നമാവും. അല്ലെങ്കിൽ തന്നെ അവനെന്നെ സംശയമുള്ള പോലെയാ. പുറത്ത് കാണിക്കുന്നില്ല എന്നേയുള്ളൂ. അവന്റെ നോട്ടം കാണുമ്പോൾ എനിക്ക് വല്ലാത്തൊരു പേടി തോന്നും,”
അച്ചു പതുക്കെ പറഞ്ഞു.
സിദ്ധാർത്ഥ് പൊട്ടിച്ചിരിച്ചു കൊണ്ട് അവളെ നോക്കി.
“പിന്നെ… നീ കാട്ടിക്കൂട്ടുന്നതൊക്കെ കണ്ടാൽ പിന്നെ ആരാണ് സംശയിക്കാത്തത്?”
അവന്റെ ആ പരിഹാസം കേട്ട് സൽമാനും ഗൗരിയും കൂടെ ചേർന്നു ചിരിച്ചു. എനിക്ക് ടിവി തല്ലിപ്പൊളിക്കാൻ തോന്നി. അച്ചുവിന്റെ ഭയം സത്യമായിരുന്നു, പക്ഷേ അവൾ ഭയക്കുന്ന ഹരി അവളുടെ മുന്നിലല്ല, ഒരു ഒളിക്യാമറയ്ക്ക് പിന്നിൽ ഇരിക്കുകയാണെന്ന് അവൾ അറിഞ്ഞില്ല.
അച്ചു പിണക്കത്തോടെ സിദ്ധാർത്ഥിന്റെ നെഞ്ചിൽ കൈ കൊണ്ട് ഇടിച്ചു.
“നിങ്ങളോട് ഞാൻ ഒരു കാര്യം പറയാം… മേലാൽ ഇന്നലത്തെ പ്രോഗ്രാമിന് കളിച്ച പോലെയുള്ള ഡാൻസുമായി എന്റെ അടുത്ത് വരരുത്. ഇവിടുത്തെ ഈ ജീവിതത്തിനൊപ്പം കുടുംബ ജീവിതം തള്ളിനീക്കുന്ന കഷ്ടപ്പാട് എനിക്കേ അറിയൂ. അതിനു പുറമെയാ ഇവന്മാരുടെ ഈ കുന്തളിപ്പും.”

Waiting for the next…