മുറ്റത്ത് വന്ന് നിന്ന കാറിൽ നിന്നും ഇറങ്ങിയ കാശിയെ കണ്ടതും ഭദ്ര ഓടിച്ചെന്ന് അവൻ്റെ നെഞ്ചിലേക്ക് വീണു മുറുകെ കെട്ടിപിടിച്ചു. തൻ്റെ നെഞ്ചിലേക്ക് വീണ ജീവൻ്റെ പാതിയെ ചേർത്ത് പിടിച്ചുകൊണ്ടവൻ തലയിലൂടെ കൈയോടിച്ചു.
” ന്നേം കൂട്ടായിരുന്നില്ലേ”
കൊച്ചിനെ പോലെ കൊഞ്ചിയുള്ള കരച്ചിൽ കലർന്ന അവളുടെ ചോദ്യത്തിന് അവന് മറുപടി ഉണ്ടായിരുന്നില്ല. അവളെ ഇറുകെ പുണർന്നവൻ നെറുകിൽ ഉമ്മ നൽകി ക്ഷമ ചോദിച്ചു. ഭദ്രയ്ക്ക് പുറകെ ദേവുവും ഓടി അവൻ്റെ അടുത്ത് എത്തിയിരുന്നു. ഭദ്രയെ നെഞ്ചിൽ നിന്നുമകത്തി അവളുടെ കണ്ണുകൾ
തുടച്ചവൻ രണ്ടുപേരെയും കൂട്ടി അകത്തേക്ക് കയറി.
” ഭവാനിയമ്മേ ഇതുകൊണ്ടൊന്നും ആയിട്ടില്ല ഇനി ദേവഗിരിയിൽ ഭൈരവന് മുന്നിൽ ബാക്കിയുള്ള പൂജകൾ കൂടെ ചെയ്താൽ മാത്രമേ കാര്യമുള്ളൂ. നാളെ സൂര്യസ്തമയതോടെ പൂജകൾ തുടങ്ങണം എല്ലാവരും ഉണ്ടെങ്കിൽ അത്രയും നല്ലത്.”
” അങ്ങനെ ആവട്ടെ പണിക്കരെ. ഇന്ന് ഇവിടെ തങ്ങിക്കോളു നാളെ ഇവിടുന്ന് പോകാം”
കാശി വന്നതോടെ പകുതി സമാധാനം അവിടെ തിരിച്ചെത്തിയിരുന്നു. അവൻ്റെ കൈവിടാതെ അവളും കൂടെ തന്നെ നടന്നു. ഇരിക്കുമ്പോൾ അടുത്തിരുന്നു തോളിലേക്ക് ചാരിയും കൈകൾ ചേർത്ത് പിടിച്ചും അവൾ ഇന്നലത്തെ വിഷമം പതിയെ തീർത്തു.
കിടക്കാൻ നേരം പതിവ് പോലെ പരിഭവങ്ങളുടെ കെട്ടുപൊട്ടിച്ചു. നുള്ളലും കടിക്കലുമായി അവളത് പ്രകടിപ്പിച്ചു.
” ഞാൻ കുറേ കരഞ്ഞു ”
നെഞ്ചിലെ രോമങ്ങളിൽ വിരലോടിച്ചവൾ ആരോടെന്നില്ലാതെ പറഞ്ഞു. മറുഭാഗത്ത് ഒരു മൂളലിൽ ഒതുങ്ങിയപ്പോൾ വിരലിൽ കുടുങ്ങിയ റോമൻ വലിച്ചെടുത്തവൾ അവനെ നോവിച്ചു.
” അഹ്… എന്താ പെണ്ണെ അടങ്ങി കിടക്ക്”
” കുന്തം, ഞാൻ ഇന്നലെ കുറെ കരഞ്ഞു ന്ന്”
കാര്യം പരാതി ആണെങ്കിലും അവളുടെ സംസാരത്തിൽ അവൻ അല്പം ചിരിവന്നു. നെഞ്ചിൽ വച്ചിരുന്ന കൈ എടുത്ത് പതിയെ കടിച്ചുകൊണ്ട് തിരികെ ചോദിച്ചു.
” എന്തിനാ കരഞ്ഞേ? ഞാൻ എങ്ങും പോയില്ലലോ”
” അതേ പക്ഷേ എനിക്കെന്തോ സങ്കടമായി എന്നോട് പറയാതെ പോയപ്പോ, പിന്നെ മുത്തശ്ശിടെ കൂടെയും കണ്ടില്ല ഇവിടുത്തെ പ്രശ്നങ്ങളും കൂടെ കേട്ടപ്പോൾ ആകെ പേടിച്ചു ഞാൻ”
” നീ നല്ല ഉറക്കത്തിലായിരുന്നു അതോണ്ടല്ലേ പറയാതെ പോയത്, പിന്നെ അവിടുന്ന് എന്തൊക്കെയോ നടന്നു”
” ഹമ്മ്.. എനിക്ക് നല്ല
പേടിയുണ്ട് .. എന്നെ വിട്ട് പോവല്ലേ ദേവേട്ടാ.. നിക്ക് ആരുല്ല ഏട്ടനല്ലാതെ”
അത് പറയുമ്പോൾ അവളുടെ കണ്ണു നിറഞ്ഞൊഴുകിയിരുന്നു. സെക്കൻ്റുകൾ പാഴാക്കാതെ അവൻ അവൻ്റെ നിധിയെ വാരിപ്പുണർന്ന് ഉമ്മകൾ കൊണ്ട് മൂടി.
” എൻ്റെ ശ്രീക്കുട്ടനെ വിട്ട് ഞാൻ എവിടെ പോകാനാ? എനിക്ക് വേണ്ടി നീ പ്രാർത്ഥിക്കുന്നില്ലേ അപ്പൊ എനിക്കൊന്നും പറ്റില്ല.”
അൽപ നേരം ആരും ഒന്നും മിണ്ടിയില്ല. ഭദ്രയുടെ തേങ്ങൽ അടങ്ങിയപ്പോൾ പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ തല പൊക്കി.
” ഇന്നില്ലേ സ്വപ്നത്തിൽ ദേവേട്ടൻ്റെ അമ്മ വന്നു, ഞാൻ ആദ്യം പേടിച്ച് പോയി…..”
ശ്രീദേവിയുമായുള്ള സംസാരം നൂലിടവിടാതെ അവൾ അവനെ അറിയിച്ചു.
” ഞാൻ പലവട്ടം കണ്ടിട്ടുണ്ട് , അമ്മ പറഞ്ഞതൊക്കെ സത്യമാ. എനിക്ക് നിന്നെ കാണിച്ചു തന്നതും നിൻ്റമ്മയുടെ മരണവും എല്ലാം. അതൊക്കെ പോട്ടെ നമ്മക്ക് ഉറങ്ങാലോ നാളെ ഒരുപാട് പണിയുണ്ട്. ”
ഭദ്രയുടെ ചുണ്ടുകൾ നുകർന്നവൻ അവളെ ഉറക്കത്തിലേക്ക് വീഴ്ത്തി. ആ രാത്രി സൂര്യമംഗലത്ത് ഒരു തരി ഭയമില്ലാതെ അവൾ മാത്രം തൻ്റെ പ്രിയനെ കെട്ടിപ്പിടിച്ചുകൊണ്ട് ഉറങ്ങി. അന്നവസാനമായി ശ്രീദേവി അവൻ്റെ സ്വപ്നത്തിൽ വന്ന് അവൻ അറിയാൻ ബാക്കിയുണ്ടായിരുന്ന മറ്റാരും അറിയാത്ത രഹസ്യങ്ങളും അറിയിച്ചുകൊണ്ട് മടങ്ങി.
പിറ്റേന്ന് ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് ഉച്ചയോടെ പണിക്കരും കാശിയും ഭവാനിയും മാധവനും മാത്രം ദേവഗിരിക്ക് പുറപ്പെട്ടു. സന്ധ്യക്ക് മുമ്പുതന്നെ ബാക്കിയുള്ളവരും അവിടേക്ക് എത്തിച്ചേർന്നു. പൂജയ്ക്കിടയിലും പുറകിൽ നിന്ന് അടക്കി സംസാരിക്കുന്നതവൻ കേട്ടു. അല്പം ദേഷ്യത്തോടെ അവൻ കാര്യം തിരക്കി.
