” എന്താ മായൻ ഭയന്നോ.. ഹഹഹ…. ഒന്നുകൂടെ ശ്രമിച്ച് നോക്ക്… നിൻ്റെയി കഠാരയ്ക്ക് എന്നിലെ ദൈവശക്തിയെ ഇല്ലാതാകാൻ കഴിയുമായിരിക്കും…(പൈശാചികമായ ശബ്ദത്തിൽ) പക്ഷേ അവൻ്റെ ഉള്ളിലെ ദൈവാംശം പകുതിയേ ഉള്ളൂ.. ഹഹഹ… (കണ്ണുകളടച്ച് മുഷ്ടിച്ചുരിട്ടി കാശി തൻ്റെ ശക്തി പുറത്തെടുത്തു) മറുപാതി അസുരനാടാ അവൻ….. ഹ്രാ…… ”
അവൻ്റെ ശരീരത്തിൽ നിന്നും പുറപ്പെട്ട പ്രഹര തരംഗത്തിൽ ഇരുവരും തെറിച്ചുപോയി. വീണുകിടക്കുന്ന മായൻ്റെ മുന്നിൽ എത്തിയവൻ അയാളെ കഴുത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.
” (കാശിയുടെ ശബ്ദത്തിൽ) ഓർക്കുന്നില്ലേ താൻ, വർഷങ്ങൾക്ക് മുമ്പ് എൻ്റെ അമ്മയെ ഇവിടെ കൊണ്ടുവന്നത്. (പൈശാചികമായ ശബ്ദത്തിൽ) അന്ന് തൻ്റെ ഉദ്ദേശം പാതിവഴിയിൽ മുടങ്ങി. അത് നടന്നില്ലെന്ന തൻ്റെ വിശ്വാസം തെറ്റായിരുന്നു. എന്നെ തിരിച്ചറിയാൻ കഴിയുന്നുണ്ടോ മായൻ ..ഹഹഹ…ഇത്രയും കാലം അവൻ്റെ ഉള്ളിൽ ഉറങ്ങിക്കിടന്ന എൻ്റെ രാക്ഷസാംശത്തെ നീ ഇന്ന് തുറന്നു വിട്ടിരിക്കുന്നു…ഹഹഹ… (കാശി) പേടിക്കണ്ട മായൻ ഇത് ഇടയ്ക്ക് ഉണ്ടാവാറുള്ളതാണ്. ”
കാശിയുടെ കൈകരുത്തിൽ പിടയവേ മായൻ പഴയ കര്യങ്ങൾ ഓർത്തു. അവൻ്റെ സാന്നിദ്ധ്യം മനസ്സിലാകാത്തതിൻ്റെ കാരണവും അതായിരുന്നു. ഇത്രയധികം വ്യത്യസ്തമായ
ശക്തികൾ ഒരു ശരീരത്തിൽ നിലകൊള്ളുന്നത് അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഇനി തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ മായൻ പക്ഷേ തോൽക്കാൻ തയ്യാറായിരുന്നില്ല. അവശേഷിച്ച ശക്തി സ്വരൂപിച്ച് അയാൾ അവൻ്റെ കഴുത്തിൽ പിടിച്ചു.
അതിനെയും പുച്ഛിച്ചുകൊണ്ട് കാശി തൻ്റെ വലതുകൈ അയാളുടെ നെഞ്ചിലേക്ക് കുത്തിയിറക്കി. ചുട്ടെടുത്ത കത്തിപ്പോലെ അവൻ്റെ വിരലുകൾ മായൻ്റെ ഇറച്ചിയെ പഴുപ്പിച്ചുകൊണ്ട് അകത്തേക്ക് കയറി. അയാൾ വേദനയിൽ അലറി.
” ആ… ആ..ആ…”
ദൂരെ മാറി നിന്ന് ഇതെല്ലാം കാണുന്ന മൂവർസംഗം ആ അലർച്ച കേൾക്കാൻ കഴിയാതെ കാതടച്ചു നിന്നു.
മായൻ്റെ കണ്ണുകളിൽ നോക്കി ക്രൂരമായൊരു ചിരിയോടെ അവൻ അയാളുടെ ഹൃദയം പഠിച്ചെടുത്തു. അപ്പോഴും അയാളുടെ കണ്ണുകളിൽ ജീവഭയം തളംകെട്ടി കിടന്നു.
അടുത്ത ആക്രമണത്തിന് മുതിർന്ന മഹിരൻ കാണുന്നത് മായൻ്റെ ഹൃദയം പറിച്ചെടുത്ത് നിൽക്കുന്ന കാശിയെ. അവൻ്റെ കയ്യുടെ ചൂടിൽ അത് കരിഞ്ഞു തുടങ്ങിയിരുന്നു. മഹിരന് നേരെ തിരിഞ്ഞ കാശി പാതി കരിഞ്ഞ മാംസം കെടാറായ തീയിലേക്ക് എറിഞ്ഞ് അവനെ നോക്കി. അപ്പോഴും പൈശാചികമായ ചിരി അവൻ്റെ മുഖത്തുണ്ടായിരുന്നു.
നെഞ്ചിൽ തറച്ച കഠാരയൂരി മഹിരൻ്റെ മുന്നിലേക്ക് ഇട്ടുകൊണ്ട് കാശി അവന് നേരെ നടന്നു. പല സിദ്ധികളും നേടിയ മായൻ്റെ അവസ്ഥ അവനെ പിന്നിലേക്ക് വലിച്ചു. കാശിയുടെ ചുണ്ടുകൾ മന്ത്രിക്കുന്നത് അവൻ കണ്ടു. അവൻ്റെ കൈകളിൽ രൂപപ്പെട്ട സ്വർണ പ്രകാശം മഹിരന് നേരെ പ്രയോഗിച്ചു. ഉരുകിയൊലിക്കവെ അലറുന്ന ശരീരത്തിൻ്റെ വായിൽ നിന്നും മഹിരൻ്റെ ആത്മാവ് പുറത്തേക്ക് വന്നു.
” മതി മഹിരൻ ഇതോടെ നിൻ്റെ വശം തീരുകയാണ്. ഇനിയൊരിക്കലും നിനക്ക് ഭൂമിയിലേക്ക് മടക്കമില്ല.”
ശരീരം വെട്ട്
പുറത്തായ മഹിരൻ അപ്പോഴും കാശിയുടെ നിയന്ത്രണത്തിൽ ആയിരുന്നു.
പെട്ടെന്ന് , വായുവിൽ ചമ്രം പടിഞ്ഞിരുന്ന കാശി തൻ്റെ നെഞ്ചിൽ നിന്നും ആ കല്ല് പുറത്തെടുത്തു, വ്യത്യസ്തമായ മന്ത്രം അവൻ്റെ ശബ്ദത്തിൽ തുടങ്ങിയെങ്കിലും രൗദ്രസ്വരവും പൈശാചികമായ സ്വരവും ചേർന്ന് മൂന്ന് വ്യത്യസ്ത ശബ്ദത്തിൽ ആ മന്ത്രം മുറിക്കുള്ളിൽ മുഴങ്ങി. അത് താങ്ങാനാവാതെ മഹിരൻ അവിടെ അലഞ്ഞു കറങ്ങി കരഞ്ഞുകൊണ്ടിരുന്നു.
” ധൂം..”
അധികം വൈകാതെ ആ കല്ല് കഷണങ്ങളായി ചിതറി വെറും പാറപ്പൊടിയായി നിലത്ത് പതിച്ചു. അതിൻ്റെ ഫലമായി കാശി മനസിൽ വിചാരിച്ച കാര്യങ്ങൾ ഓരോന്നായി നടന്നു.
മഞ്ഞ പ്രകാശ വലയത്തിൽ പെട്ട് മഹിരൻ കരിഞ്ഞില്ലാതായി. ആ പ്രഭ വളയം വലുതാകും തോറും മായൻ്റെ ശരീരത്തെയും അവിടെ നിന്നിരുന്ന പത്മാവതിയെയും ശിവനിയെയും അംബികയെയും കടന്ന് പോയതോടെ അവരും പൊടികളായി കാറ്റിൽ അലിഞ്ഞു ചേർന്നു. പുറത്തേക്ക് കടന്ന വലയം മരിച്ചു കിടക്കുന്ന രാമശേഖരൻ്റെയും രഘുനാഥിൻ്റെയും ശവ ശരീരത്തെ കൂടെ ഇല്ലാതാക്കി അവസാനിച്ചു.
