ചന്ദ്ര വേദം – 9 Likeഅടിപൊളി  

” മുത്തശ്ശി ഏട്ടനേയും കൂട്ടി പണിക്കരുടെ അടുത്തേക്ക് പോയി. വരാറായികാണും.”

” എന്നെ വിളിക്കായിരുന്നില്ലേ ഞാൻ കൂടെ പോകുമായിരുന്നല്ലോ.”

അഞ്ജനയുടെ ഉത്തരത്തിന് സാധാരണ രീതിയിൽ തന്നെ അവൾ മറു ചോദ്യം ചോദിച്ചു.

” ഏട്ടത്തി നല്ല ഉറക്കമായിരുന്നു. അവർ പോയിട്ട് കുറേ മണിക്കൂറായി.”

” ആണോ, എന്തെങ്കിലും പ്രശ്നം ഉണ്ടോ? എല്ലാവരും എന്താ ഇങ്ങനെ ഇരിക്കുന്നത്?”

” അതോ മുത്തശ്ശി പറഞ്ഞു അവർ വരുന്നവരെ ആരോടും പുറത്തിറങ്ങേണ്ടെന്ന് .”

പരസ്പരം സംസാരിച്ചിരുന്നവർകെല്ലമായി മാലതിയും സാവിത്രിയും ചായ കൊടുത്തു. തിരികെ വരുന്നവരെയും നോക്കി സൂര്യമംഗലം പ്രതീക്ഷയോടെ കാത്തിരുന്നു.

###

ഒറ്റയിരുപ്പിൽ മുഴുവൻ വായിച്ചുതീർന്നവൻ പണിക്കരെ നോക്കി. വേദം ഭദ്രമായി പണിക്കരെ തിരികെയെല്പിച്ച് കാശി എഴുന്നേറ്റു.

” അവിടെ മുറിയിൽ നിനക്കുവേണ്ട വസ്ത്രം തയാറാണ്. മാറിയിട്ട് വന്നിരിക്കുക പൂജ ആരംഭിക്കാം.”

മറുത്തൊന്നും പറയാതെ അവൻ മുറിയിലേക്ക് ചെന്ന് വസ്ത്രം മാറി.

” ഭവാനിയമ്മേ നിങ്ങൾ ഇവിടെ ഇരിക്കണം എന്നില്ല

മടങ്ങാം. പൂജകൾ കഴിയാൻ ഒരു ദിവസമാകും.”

വീട്ടിലേക്ക് മടങ്ങാൻ എഴുന്നേറ്റ ഇരുവർക്കും എതിരെ കാശി മുറിയിലേക്ക് കടന്നുവന്നു. കറുപ്പും ചുവപ്പും കലർന്ന കച്ചകെട്ടി രുദ്രാക്ഷമലയും ധരിച്ച് നെറ്റിയിൽ ചന്ദ്രക്കലയും വരച്ച് ഒരു യോദ്ധാവിനെ പോലെ വന്ന കാശിയെ ഭവാനി അറിയാതെ തൊഴുതു. മുത്തശ്ശിയുടെ മുന്നിൽ നിന്നവൻ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി അവരെ യാത്രയാക്കി. അവർ കാറിൽ കയറുന്നവരെ അവൻ അവിടെ നിന്നു. കാറിൽ കയറുമ്പോഴും ഇരുട്ടുവീണു തുടങ്ങിയ സന്ധ്യയിലും തനിക്ക് നേരെ വരുന്ന അവൻ്റെ ചുവന്ന കണ്ണുകൾ അവർക്ക് കാണാൻ കഴിഞ്ഞു.

തിരികെയെത്തിയ ഭവാനിയോടൊപ്പം കാശിയെ കാണാത്തതിൽ ഭദ്രയ്ക്ക് പേടിയായി.

” മുത്തശ്ശി ..ദേവേട്ടനെവിടെ?”

പേടിയും സങ്കടവും കാരണം അവളുടെ ശബ്ദം ഇടറിയിരുന്നു.

” അവിടെ കുറച്ച് പൂജ ചെയ്യാൻ ഉണ്ട് മോളെ അതുകഴിഞ്ഞ് അവൻ നാളെ ഇങ്ങ് വരും”

കരച്ചിലിൻ്റെ വക്കിലെത്തിയ ഭദ്രയെ ഭവാനി ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു. പക്ഷേ ഭദ്രയ്ക്ക് അതൊന്നും മതിയായിരുന്നില്ല.

” എങ്കിൽ ഞാൻ കൂടെ പോകാം അങ്ങോട്ട് ,എന്നെ ഒന്ന് അവിടെ ആക്കാൻ പറ മുത്തശ്ശി.”

കരഞ്ഞുകൊണ്ട് ഭദ്ര വാശിപിടിച്ചു. പക്ഷേ കാര്യഗൗരവമുള്ള ഭവാനി അവളെ തടഞ്ഞു.

” അവിടെ പോയിട്ട് കാര്യമില്ല മോളെ, നീ ഇവിടെ ഇരിക്ക് .അവൻ നാളെ തന്നെ വരും,എൻ്റെ കുട്ടി കരയാതിരിക്ക്. മാലതി..”

ഭദ്രയെ മാലതിയുടെ കയ്യിൽ ഏൽപ്പിച്ച് ഭവാനി അവിടെ ഇരുന്നു. അപ്പോഴും ഭദ്രയുടെ കരച്ചിലടങ്ങിയിരുന്നില്ല.

” എന്തായമ്മേ പോയ കാര്യം?”

” ഹ…ദേവൻ ഉള്ളിടത്തോളം അവൻ നമ്മളെ കാക്കും, അംബികയും രഘുനാഥും വന്നില്ലേ മക്കളെ?”

മറുപടി പറയവെ ചുറ്റും നോക്കി

എണ്ണം തികയ്ക്കുന്നതിനിടയിൽ ഭവാനി ചോദിച്ചു.

” ഇല്ല മുത്തശ്ശി, വിളിച്ചിട്ട് കിട്ടിയതുമില്ല.”

” അല്ലമ്മേ ഇതിനും മാത്രം എന്താ ഇത്ര പ്രശ്നം.”

കൂട്ടത്തിൽ നിന്നും മീനാക്ഷിയുടെ പുച്ഛത്തോടെയുള്ള ചോദ്യം വന്നതും മാധവൻ അവളെ തറപ്പിച്ചൊന്നു നോക്കി.

ഇനി ആരിൽ നിന്നും മറച്ചുവെക്കേണ്ട ആവശ്യം ഇല്ലാത്തതിനാൽ ഭവാനി തനിക്കറിയാവുന്നതും പണിക്കർ പറഞ്ഞതുമായ എല്ലാം അവരെ അറിയിച്ചു. ഇങ്ങനൊരു ചരിത്രം ഉണ്ടെന്നറിയാതെ കേട്ടവരൊക്കെ ഭയപ്പെട്ടു. കൂട്ടത്തിൽ ഭദ്രയ്ക്ക് ആയിരുന്നു കൂടുതൽ പേടി. എല്ലാം മനസ്സിലാക്കിയ അവരുടെ പ്രതീക്ഷ കാശിയിലേക്ക് നീണ്ടു.

###

പണിക്കരോടൊപ്പം പൂജ ചെയ്യുന്ന കാശിക്ക് തൻ്റെ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ അറിയാൻ കഴിഞ്ഞു. വേദത്തിൽ പറഞ്ഞിട്ടുള്ള പല പൂജകളും അവൻ അവിടെ ചെയ്തു , സഹായത്തിനു പണിക്കരും മകനും ഉണ്ടായിരുന്നു. പൂജകൾ പിറ്റേന്ന് വൈകുന്നേരം വരെ നീണ്ടു. കാലാത്മവേദം ചരടുകൾ മന്ത്രിച്ചുകെട്ടി തിരികെ വച്ചു . പൂജകൾ കഴിഞ്ഞതോടെ കണ്ണിലെ ചുവപ്പ് നിറവും മങ്ങിയിരുന്നു. വേഷം മാറി മൂവരും ആവശ്യമായ സാധനങ്ങൾ എടുത്തുകൊണ്ട് തറവാട്ടിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *