ചന്ദ്ര വേദം – 9 Likeഅടിപൊളി  

പേടിച്ചുപോയ ഇരുവരും കാശിയുടെ അരികിലേക്ക് ചേർന്ന് നിന്നു. ജീവനറ്റ രഘുനാഥിൻ്റെ ശവത്തിലേക്ക് നോക്കി കാശി അമ്മ പറഞ്ഞത് വീണ്ടും ഓർത്തു.

###

പൂജയുടെ ഇടയിൽ എല്ലാവർക്കും കാണാൻ പറ്റുന്ന രീതിയിൽ ഭദ്രയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.

” എൻ്റെ കുട്ടി പേടിച്ചിരിക്കുവാ? ”

പെട്ടെന്നുള്ള ശബ്ദവും തലയിലെ കയ്യുടെ അനക്കവും അറിഞ്ഞവൾ ഒന്ന് ഞെട്ടി. ശ്രീദേവി ആണെന്ന് അറിഞ്ഞതോടെ അവൾക്ക് സമാധാനമായി. ശ്രീദേവിയുടെ അരയിൽ ചുറ്റിപ്പിടിച്ച്കൊണ്ട് അവൾ കരഞ്ഞു.

” അമ്മേ ൻ്റെ ദേവേട്ടൻ..”

” അവനൊന്നും പറ്റില്ല മോളെ. നിനക്ക് വേണ്ടി അവൻ തിരികെ വരും.”

” മോളെ ശ്രീദേവി ..നീ എങ്ങനെ”

” അമ്മേ.. ഒരുപാട് വർഷമായിട്ട് ഞാൻ നിങ്ങൾക്ക് ചുറ്റുമുണ്ട്, ആർക്കും എന്നെ കാണാൻ കഴിയഞ്ഞിട്ടാ.”

” ചേച്ചി ദേവൻ്റെ കാര്യം ഓർത്തിട്ട് എനിക്കും പേടിയുണ്ട്”

” ആഹാ

എൻ്റെ കിലുക്കാം പെട്ടിക്ക് ഒരു മാറ്റവും ഇല്ലല്ലോ. നിന്നെ പോലെ തന്നെയാല്ലേ ദേവൂട്ടിയും.”

“ഇതൊക്കെ ചേച്ചിക്ക് എങ്ങനെ അറിയാം”

” ഞാൻ പറഞ്ഞില്ലേ സൂര്യമംഗലത്തിൻ്റെ ഓരോ നിമിഷവും ഞാൻ അറിയുന്നുണ്ടായിരുന്നു. ദേവൻ മടങ്ങി വരുന്നത് വരെ. അവനെ പറ്റിയോർത്ത് ആരും പേടിക്കേണ്ടതില്ല. അവൻ എൻ്റെ വയറ്റിൽ പിറന്നവൻ ആണെങ്കിലും ദൈവാംശം നിറഞ്ഞവനാണ്. പണ്ട് രഘുനാഥ് എന്ന എൻ്റെ ഭർത്താവ് എന്നെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. മാടമ്പാടി ആയിരുന്നു അത്. അവിടെ വച്ച് എന്നെ ഏതോ നീച ശക്തിയെ കൊണ്ട് പ്രാപിക്കാൻ ആയിരുന്നു അയാളുടെ ഉദ്ദേശം. പക്ഷേ അവരുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് അവിടെയൊരു ദിവ്യ വെളിച്ചം പ്രത്യക്ഷപ്പെട്ടു. എന്നെ പ്രാപിച്ചുകൊണ്ടിരുന്ന ശക്തിയെ എതിർത്തുകൊണ്ട് അതെൻ്റെ വയറിൽ കയറി. പിന്നീട് ഞാൻ കണ്ണുതുറന്നപ്പോൾ നമ്മുടെ കുളപ്പടവിൽ ആയിരുന്നു ഞാൻ. അവനുണ്ടായ ശേഷമാണ് എനിക്കിതെല്ലാം ഓർമ വന്നത്. പക്ഷേ അവൻ്റെ ജീവന് യാതൊന്നും സംഭവിക്കാതിരിക്കാൻ ഞാൻ ആരോടും പറഞ്ഞില്ല. ഇതിനെ പറ്റി അയാളോട് ചോദിച്ച ശേഷം അയാളുടെ ഉദ്ദേശം എനിക്ക് മനസിലായി. അയാളും ചെറിയച്ചനും അദ്ദേഹത്തിൻ്റെ മകളായ അംബികയും എല്ലാം ഇതിനു പുറകിലുള്ളവർ ആണ്. ഭദ്രയുടെ അച്ചനും പത്മാവതിയും അവരുടെ മകനും മാടമ്പാടിയിലെ അംഗങ്ങളാണ്. പക്ഷേ ഇവളുടെ അച്ചൻ അതിൽ നിന്നും മാറി സുഭദ്രയേയും മകളെയും സംരക്ഷിച്ചു. അതുകൊണ്ട് തന്നെ അവർ അയാളെ ഇല്ലാതാക്കി. ഇതെല്ലാം അറിഞ്ഞ എന്നെയും അയാൾ വെറുതെ വിട്ടില്ല. ഇപ്പൊൾ എൻ്റെ മകൻ അതിനുള്ള പ്രതികാരം ചെയ്തിട്ടുണ്ടാകും. ”

അത് പറഞ്ഞപ്പോൾ ശ്രീദേവിയുടെ മുഖത്ത് സന്തോഷം മിന്നിത്തിളങ്ങി.

മണിക്കൂറുകൾക്കിടയിൽ പലപല രഹസ്യങ്ങൾ അറിഞ്ഞ പലരുടെയും തലച്ചോർ ഒരു

പരുവം ആയിട്ടുണ്ടായിരുന്നു. സത്യമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാൻ കഴിയാതെ അവർ പാടുപെട്ടു.

” ഞാൻ പറഞ്ഞില്ലേ, അവൻ്റെ ജന്മ രഹസ്യം നമുക്ക് മുകളിൽ ആണ്”

###

അലർച്ച കേട്ട് പുറത്തേക്ക് വന്ന പത്മാവതിയും അംബികയും രാമശേഖരനും രഘുനാഥിൻ്റെ ശവം നോക്കി നിൽക്കുന്ന മൂവരെയും കണ്ടെങ്കിലും തിരിഞ്ഞു നിൽക്കുന്നതിനാൽ ആരാണെന്ന് അവർക്ക് മനസിലായില്ല.

” ഡാ….. ആരാടാ നീ ഇവിടെ കേറി വരാൻ മാത്രം ധൈര്യമുള്ളത്. ”

ശബ്ദം കേട്ട ഭാഗത്തേക്ക് കാശി തല ചരിച്ച് നോക്കി. മൂവർക്കും ഇടയിൽ അകലം വന്നപ്പോളാണ് ഉഗ്രരൂപിയായി നിൽക്കുന്ന കാശിയെയും കാറിൻ്റെ ബോണറ്റിൽ മരിച്ചു കിടക്കുന്ന രഘുനാഥിനെ അവർ കണ്ടത്. അംബിക നെഞ്ചിൽ കൈവച്ച് കരയാൻ തുടങ്ങി. പത്മാവതിയുടെയും അവസ്ഥ അതുതന്നെ ആയിരുന്നു.

പക്ഷേ രാമശേഖരൻ മുണ്ട് മടക്കി കുത്തി അരയിലെ കത്തി എടുത്ത് പടികളിറങ്ങി കാശിക്ക് നേരെ പാഞ്ഞു. പ്രായം കൊണ്ട് വാർദ്ധക്യം ബാധിച്ചെങ്കിലും മായൻ്റെ കൂടെയുള്ള പ്രവൃത്തികൾ വഴി അയാൾ തൻ്റെ യൗവനം വീണ്ടെടുത്തിരുന്നു. ചില നുറുക്ക് വിദ്യകൾ വഴി ദുഷ്ട ദേവതകളെ പ്രീതിപ്പെടുത്തി അല്പം ശക്തികളും അയാൾ നേടിയിരുന്നു. ആരോഗ്യവാനായ ആയോധനകലകൾ പഠിച്ച ഒരാൾക്ക് പോലും അയാളുടെ മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *