” എന്താ മുത്തശ്ശി”
” അത് ദേവാ.. ”
” ദേവേട്ടാ അഞ്ജന ചേച്ചിയെയും
അച്ചുവിനെയും വിളിച്ചിട്ട് കിട്ടുന്നില്ല”
മറുപടി പറഞ്ഞത് കല്യാണി ആയിരുന്നു.
” ഒന്നിച്ചുവരാൻ അല്ലെ പറഞ്ഞത് പിന്നെന്തിനാ അവർ വേറെ പോയത്? ”
” അംബികമ്മയ്ക് സുഖമില്ലെന്ന് പറഞ്ഞ് അച്ചുവിനെ അങ്കിൾ വിളിച്ചിരുന്നു. അപ്പൊ കൂട്ടിന് പോയതാ അഞ്ജന ചേച്ചി. അവരെയും കൂട്ടി വേഗം വരാമെന്ന് പറഞ്ഞിരുന്നു പക്ഷേ ഇത്ര നേരമായിട്ടും വന്നില്ല വിളിച്ചിട്ട് കിട്ടുന്നുമില്ല”
ഒറ്റശ്വാസത്തിൽ കല്യാണി പറഞ്ഞു നിർത്തി. രഘുനാഥിൻ്റെ ഇടപെടൽ മനസിലായതോടെ കാശിക്ക് തൻ്റെ കോപം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൻ്റെ കണ്ണുകൾ വീണ്ടും ചുവക്കാൻ തുടങ്ങി. ഹോമകുണ്ടത്തിലെ കത്തിയെരിഞ്ഞ കനലുകൾ കയ്യിട്ടുവാരിയവൻ അത് പൊടിച്ച് ഒരു വെറ്റിലയിലേക്ക് ഇട്ടു. അല്പം വെള്ളം കൂടെ ചേർത്ത് അതിനെ മഷിപോലെയാക്കിയെടുത്തു. മന്ത്രാവാക്യങ്ങൾ ഉച്ചരിച്ചുകൊണ്ടവൻ അതിലേക്ക് നോക്കി. ഏതോ പഴയ വീടിൻ്റെ രൂപം അവനതിൽ കാണാൻ കഴിഞ്ഞു. കാശിക്ക് ആ സ്ഥലം മനസ്സിലായില്ലെങ്കിലും അവനിലെ പുതിയ ശക്തിക്ക് നിഷ്പ്രയാസം ആ സ്ഥലം മനസിലായി, കൂടെ അവിടെയുള്ള മഹിരൻ്റെ സാന്നിധ്യവും.
അവൻ്റെ പ്രവൃത്തികൾ കണ്ട് പണിക്കരടക്കം ഭയന്നു നിന്നു.
അവിടെനിന്നെഴുന്നേറ്റവൻ നേരെ ഭൈരവൻ പ്രതിഷ്ഠയുടെ മുന്നിൽ നിന്ന് മറ്റൊരു മന്ത്രം ചൊല്ലി. പ്രതിഷ്ഠയുടെ നെറ്റിയിലായി വരച്ചിരുന്ന കുറി വരയുടെ നടുക്ക് നിന്നും തീപോലെ ജ്വലിക്കുന്ന മഞ്ഞ കല്ല് തെളിഞ്ഞു വന്നു. അതവൻ കൈക്കലാക്കി തൻ്റെ നെഞ്ചിലേക്ക് ആഗിരണം ചെയ്തു. പക്ഷെ അതിൻ്റെ ശക്തിയിൽ അവൻ പുറകിലേക്ക് തെറിച്ചു. പടികളിൽ മുട്ടുകുത്തി നിന്നവൻ ആ കല്ലിൻ്റെ മുഴുവൻ ശക്തിയും അവൻ്റെ നിയന്ത്രണത്തിൽ ആക്കി. ഇത്രയും കാലം അനാഥമാക്കപ്പെട്ട പ്രതിഷ്ഠയുടെ രഹസ്യം കണ്ട് നിന്നവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കല്ലിൻ്റെ അപകടം വേദത്തിൽ നിന്നും
മനസ്സിലാക്കിയ പണിക്കർ കാശിയെ തടഞ്ഞു.
” വേണ്ട കാശി, ആ കല്ല് ആപത്താണ്, എവിടേക്കെന്ന് വച്ചാ ഈ പോക്ക്”
” പണിക്കരെ… നമ്മെ കാലഭൈരവനെന്ന് വിളിക്കുന്നത് നാം ഭീരുവായത് കൊണ്ടല്ല, സർവ്വം നശിപ്പിക്കാൻ കഴിയുന്നവനാണ് ഞാൻ. ഈ കല്ല് എൻ്റെ വജ്രായുധം, മഹിരനെ പൂർണമായും ഇല്ലാതാക്കാൻ എൻ്റെ പുത്രന് ഇതാവശ്യമാണ്. എന്നെ തടയാൻ നിൽക്കേണ്ട, ഞാൻ എൻ്റെ പുത്രൻ്റെ സഹോദരങ്ങളെ കൂട്ടി മടങ്ങി വരുന്നതുവരെ വിളക്ക് അണയാതെ നോക്കണം, പല എതിർപ്പുകളും ഉണ്ടാകും.”
ആ ശബ്ദം കാശിയുടേതല്ലെന്ന് പണിക്കർക്ക് ബോധ്യമുണ്ടായിരുന്നു, അതുകൊണ്ട് തന്നെ അയാൾ പിന്നീട് അവനെ തടഞ്ഞില്ല.
പേടിച്ചു നിൽക്കുന്ന ഭദ്രയെ ഒന്ന് നോക്കിയ കാശി അവിടെ നിന്നും കറുത്ത പുകയായി മാഞ്ഞു. ഒന്നും വിശ്വസിക്കാൻ ആർക്കും കഴിഞ്ഞില്ല. പരിഭ്രാന്തിയോടെ നിൽക്കുന്ന പണിക്കരോട് ഭവാനി കാര്യം തിരക്കി.
” പണ്ട് ദൈവകരുവായി മാറി സമാധിയാകാൻ നേരം ശിവശങ്കരൻ തനിക്ക് ലഭിച്ച എല്ലാ ശക്തികളും ഒരു ചെറിയ കല്ലിലേക്ക് ആവഹിച്ചിരുന്നു. ആ കല്ലാണ് ഇപ്പൊൾ കാശി തന്നിലേക്ക് ആവാഹിച്ചത്. ഈ കല്ലിൻ്റെ ശക്തി തേടിയാണ് ആ മായൻ വന്നത്. മനുഷ്യനപ്പുറം ഉള്ള ശക്തി അയാളിലേക്ക് എത്താൻ പാടില്ല. അതുപോലെ ആ കല്ല് പൊട്ടിക്കുന്നത് വഴി നമ്മൾ ആഗ്രഹിക്കുന്ന എന്തിനേയും ഇല്ലാതാക്കാൻ കഴിയും. പക്ഷേ… ”
” എന്താ പണിക്കരെ മുഴുവനും പറയൂ”
” വേദത്തിൽ പറഞ്ഞ പ്രകാരം കല്ല് ഇല്ലാതാവുന്നതോടെ ആ ശക്തി ആവാഹിച്ച ആളും മരണമടയും”
ഒട്ടും താല്പര്യം ഇല്ലാതെയാണ് അയാൾ അത് പറഞ്ഞത്. അതുകേട്ടതോടെ ഭവാനി നെഞ്ചിൽ കൈവച്ചിരുന്നുപോയി. എല്ലാവരുടെയും നോട്ടം ഭദ്രയിലേക്ക് നീണ്ടതോടെ
അവളിലെ ഭയം അണപൊട്ടിയൊഴുകി. പക്ഷേ മാലതി അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
” പണിക്കരെ ഇപ്പൊ കാശി എങ്ങോട്ടാണ് പോയത് ഞങ്ങൾ അവന് സഹായത്തിനു ചെല്ലാം”
ഒരു കാലത്ത് വെറുപ്പായിരുന്ന കാശിയോട് അതുമാറി മകനോടുള്ള കരുതൽ നിറഞ്ഞ മാധവൻ പറഞ്ഞു.
