ആലോചിക്കുന്നത്. അതിൻ്റെ രഹസ്യം ആ പ്രതിഷ്ഠയിൽ തന്നെയാണ്. ആ ശക്തിയാണ് നിങ്ങളുടെ തറവാടിൻ്റെ അടിത്തറ കാത്തുസൂക്ഷിക്കുന്നത്. പക്ഷേ അതിനെ പറ്റി ആർക്കും തന്നെ അറിയില്ല. നൂറുവർഷങ്ങൾക്ക് ഇപ്പുറവും ജീവിക്കുന്ന മായൻ എന്നയാൾക്ക് ഇതിനെ പറ്റി എങ്ങനെയോ അറിവ് ലഭിച്ചിട്ടുണ്ട്. അയാൾ ആ ശക്തി സ്വന്തമാക്കിയാൽ മനുഷ്യന് അതീതമായി അയാൾ വളരും. അതും തടയണം മഹിരനെയും തടയണം അതിനു നിന്നെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ഈ പുസ്തകം നിനക്ക് ഉപകാരപ്പെടും.”
തൻ്റെ പുസ്തക ശേഖരണത്തിൽ നിന്നും നേരത്തെ എടുത്തുവച്ചിരുന്ന കട്ടിയുള്ള പുറംചട്ടയോടുകൂടിയ ഒരു ബുക്ക് അയാൾ കാശിക്കു നേരെ നീട്ടി. ഏലസ്സുകൊണ്ട് ബന്ധിപ്പിച്ചിരുന്ന ആ പുസ്തകത്തിൻ്റെ പുറം ചട്ടയിൽ ഏതോ ഭാഷയിലുള്ള മന്ത്രാവാക്യങ്ങൾ കൊത്തിവച്ചിരുന്നു. ഇതുവരെയും കാണാത്ത അക്ഷരങ്ങൾ അവൻ്റെ മനസ്സ് കൂട്ടിവായിക്കാൻ തുടങ്ങിയത് അവനെ അത്ഭുതപ്പെടുത്തി. മന്ത്രവാക്യങ്ങൾക്ക് നടുവിലായി എഴുതിയ അക്ഷരങ്ങൾ ചേർത്തവൻ വായിച്ചു.
” കാലാത്മവേദം”
സുഭദ്രയെ ആദ്യമായി കണ്ടപ്പോഴും അവർ പറഞ്ഞത് ഇതേ പുസ്തകം ആണെന്ന് അവൻ ഓർത്തു. തങ്ങൾക്ക് വായിച്ചെടുക്കാൻ കഴിയാത്ത അക്ഷരങ്ങൾ യാതൊരു പാടുമില്ലാതെ അവൻ വായിച്ചെടുത്തത് കേട്ട് ഭവാനിയും മാധവനും അത്ഭുതപ്പെട്ടു. പൂർണമായും മരത്തൊലിയിലായിരുന്നു ചട്ട ഉണ്ടാക്കിയിരുന്നത്. ഏറെ പഴക്കം തോന്നിക്കുന്നയാ പുസ്തകത്തിൻ്റെ കെട്ടുകളഴിച്ച് കാശി പേജുകൾ മറിച്ചു നോക്കിയെങ്കിലും യാതൊന്നും കാണാൻ കഴിഞ്ഞില്ല.
” ഇതിലൊന്നും കാണുന്നില്ലല്ലോ?”
” കാലങ്ങളായി കൈമാറി വരുന്ന ഈ വേദം പല മന്ത്രങ്ങൾ ചേർത്ത് സാക്ഷാൽ ശിവശങ്കരൻ ഉണ്ടാക്കിയതാണ് . ഇതിനായി നിയോഗിച്ചയാളുടെ രക്തം ഇതിൽ വീണാൽ മാത്രമാണ് ഇതിൻ്റെ പൂർണരൂപം അയാൾക്ക് അറിയാൻ കഴിയുക.”
” ഞാനാണ് ഇതിന് നിയോഗിക്കപ്പെട്ടതെന്ന് നിങ്ങൾക്ക്
എന്താ ഇത്ര ഉറപ്പ്?”
കാശിയുടെയാ ചോദ്യത്തിന് പണിക്കർ ചിരിച്ചുകൊണ്ടുതന്നെ മറുപടി കൊടുത്തു.
” നിൻ്റെ ജന്മ നക്ഷത്രവും സമയവും തന്നെ ധാരാളം. ഇപ്പൊൾ അഗ്നിയിൽ വന്ന മാറ്റവും നീ കണ്ടതല്ലേ. ”
” അത് കാറ്റുകൊണ്ട് ആയതാവാലോ?”
“ഹഹഹ…ശെരി. ഇതിൽ എഴുതിയ ഭാഷ നിനക്ക് അറിയാമോ? ഇതിന് മുമ്പ് നീ കണ്ടിട്ടുണ്ടോ ഈ അക്ഷരങ്ങൾ?”
” ഇല്ല”
” പിന്നെ നീ ഇതെങ്ങനെ വായിച്ചു? അതൊക്കെ വിട്, നിൻ്റെ ഒരു തുള്ളി രക്തം ഈ വേദത്തിൽ ചാർത്തി നോക്ക് അതിന് ശേഷം നിനക്ക് ഉത്തരം കിട്ടും”
ഇതെല്ലാം കാശിക്ക് ബോധ്യമായ കാര്യമാണെങ്കിലും ഉറപ്പുവരുത്താൻ വേണ്ടിയാണ് അവൻ ചോദ്യങ്ങൾ കൊണ്ട് സംശയങ്ങൾ തീർത്തത്.
അയാൾ നീട്ടിയ ചെറു ത്രിശൂലം കൊണ്ടവൻ തൻ്റെ ഇടതു മോതിര വിരലിൽ അമർത്തി വരച്ചു. കീറപ്പെട്ട കോശങ്ങൾക്ക് മീതെ അവൻ്റെ ചോര പരന്നു. വിരലിലൂടെ ഊർന്നിറങ്ങിയ രണ്ട് തുള്ളി രക്തം ആ വേദത്തിൻ്റെ മുകളിൽ പതിച്ചു. അതോടെ പുറംചട്ടയിലെ അക്ഷരങ്ങൾ കൂടുതൽ തെളിമയാർന്നു. ആകാംഷയോടെയവൻ താളുകൾ മറിച്ച് തുടങ്ങി. തികച്ചും ശൂന്യമായിരുന്ന താളുകളിൽ അക്ഷരങ്ങൾ തെളിഞ്ഞു വന്നു.
” ഇത് നിനക്ക് വായിക്കാൻ കഴിയുന്നുണ്ടെങ്കിൽ എൻ്റെ ശക്തികൾ നിന്നിൽ വന്നു ചേരും…add ”
ആദ്യ താളിലെ വാക്കുകൾ അവന് നൽകിയ അർഥം മനസ്സിലാക്കും മുമ്പ് അവൻ്റെ തലയിലൂടെ ഒരു മിന്നൽ പാഞ്ഞുപോയതവൻ അറിഞ്ഞു. ശക്തമായ വേദനയിൽ നിലത്ത് കൈകളൂനി കണ്ണുകൾ മുറുകെയടച്ചവൻ അലറി.
” ഹ്രാ.. ഹ്രാ…. ഹ്രാ..”
മുറിയിൽ ഉണ്ടായിരുന്നവർ കാര്യമറിയാതെ ഭയന്നു. തല കുനിച്ചിരുന്ന് വലിയ ശബ്ദത്തോടെ വേഗത്തിൽ ശ്വാസമെടുക്കുന്ന അവനുമേൽ
ഭവാനി കൈ വച്ചെങ്കിലും പൊള്ളുന്ന ചൂടുകാരണം അവർ കൈവലിച്ചു. അല്പനേരം കൊണ്ട് ശ്വാസഗതി വീണ്ടെടുത്തവൻ കണ്ണുകൾ തുറന്നു. ചുട്ടു പഴുത്ത കനൽ പോലെ എരിയുന്ന കൃഷ്ണമണി കണ്ട് മുന്നിൽ ഇരിക്കുന്ന പണിക്കർ പോലും ഒന്ന് പതറി. ചുറ്റുമുള്ളത് ഗൗനിക്കാതെ അവൻ ആ വേദം തുടർന്നുവായിക്കാൻ ആരംഭിച്ചു.
