പണിക്കരുടെ അടുക്കൽ നിന്നും തിരികെ വന്ന ഭവാനിയുടെ മുഖത്തെ ഭയം എല്ലാവരെയും ഹാളിൽ ഒന്നിപ്പിച്ചു. എന്താണ് കാര്യമെന്ന് അറിയാതെ ചർച്ചയ്ക്ക് കൂടിയവരുടെ ഇടയിലൂടെ കാശി മുത്തശ്ശിയുടെ മുറിയിലേക്ക് കയറി.
” ന്താ ഭവാനിയമ്മേ ? എന്നെ വിളിച്ചെന്ന് പറഞ്ഞല്ലോ ? അല്ല ഇതെന്താ വല്ലാണ്ടിരിക്കുന്ന? കണവൻ വന്ന് ചീത്തപ്പറഞ്ഞോ സ്വപ്നത്തിൽ?”
മുറിയിൽ ഉണ്ടായിരുന്ന മാധവനേയും നോക്കി ഭവാനിയോടവൻ ചോദിച്ചു. അവരുടെ മുഖത്തെ പേടി അവനും ശ്രദ്ധിച്ചു.
” മാധവാ തൽക്കാലം വാതിലടച്ചേക്ക്.”
വാതിലടച്ച് ചുവരുസൈഡിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നുകൊണ്ടായാൾ തല ചുവരിലേക്ക് ചേർത്ത് വച്ചു. കാര്യം അല്പം സീരിയസ് ആണെന്ന് മനസ്സിലാക്കിയ കാശി ഭാവിനിക്കരികിൽ ഇരുന്നുകൊണ്ട് കാര്യം തിരക്കി.
” എന്താ മുത്തശ്ശി ? എന്തിനാ നിങ്ങൾ ടെൻഷൻ അടിച്ചിരിക്കുന്നേ? വല്യച്ചാ… എന്താ കാര്യമെന്ന് പറ”
“അമ്മേ പണിക്കര് പറഞ്ഞതൊക്കെ അവനോട് പറ, എല്ലാം അവൻ അറിയേണ്ട സമയം ആയില്ലേ?”
” എന്താ വല്യച്ചാ പുതിയ പ്രശ്നം അതും ഞാൻ ഉൾപ്പെടാൻ മാത്രം ഉള്ളത്?”
” മോനെ ദേവാ.. ഇത് പുതിയ പ്രശ്നം അല്ല. വർഷങ്ങളുടെ കാത്തിരിപ്പാ, നൂറ്റാണ്ടുകളുടെ പക..
ൻ്റെ ദേവ്യ ൻ്റെ കുട്ടിയോളെ കാത്തോണേ”
ഭവാനി നെഞ്ചിൽ കൈവച്ചുകൊണ്ട് പറഞ്ഞു നിർത്തി.
” നൂറ്റാണ്ടിൻ്റെ പകയോ? കാര്യം പറ മുത്തശ്ശി”
” മോനെ ഇതൊന്നും കേട്ടിട്ട് നിനക്ക് വിശ്വാസം വരണം എന്നില്ല പക്ഷേ ഇതൊക്കെ നമ്മുടെ തറവാടുമായി ബന്ധം ഉള്ളതാണ്. എന്നോട് നിൻ്റെ മുത്തച്ഛനാണ് ഇതൊക്കെ പറഞ്ഞു തന്നത്.”
” മുത്തശ്ശി, ഇതിൻ്റെ ഗൗരവം എനിക്ക് മനസിലാവുന്നുണ്ട് പക്ഷേ ഞാൻ എന്താ ചെയ്യേണ്ടത്? മുഴുവനായിട്ട് പറ”
ഭവാനിയൊരു ദീർഘശ്വാസം എടുത്തുകൊണ്ട് തനിക്കറിയാവുന്ന സത്യങ്ങൾ പറയാൻ തുടങ്ങി.
” ദേവാ, നൂറ്റാണ്ടുകൾക്ക് മുമ്പ് സൂര്യമംഗലം ഇല്ലായിരുന്നു. നമ്മുടെ പൂർവികർ മാന്ത്രികതയിലും തന്ത്രികതയിലും മികവ് പുലർത്തിയ പ്രതാപ ശാലികൾ ആയിരുന്നു. മംഗലശ്ശേരി മനയിലെ പുരുഷന്മാർ കാലഭൈരവന് പൂജചെയ്യുന്നവരും സ്ത്രീകൾ കാളിക്ക് പൂജ ചെയ്യുന്നവരും ആയിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ കാവും അമ്പലവും എല്ലാം മംഗലശ്ശേരി മന ആയിരുന്നു. ജനങ്ങൾക്ക് ദൈവത്തോളം തന്നെ വിശ്വാസവും ബഹുമാനവും ആയിരുന്നു അക്കാലത്ത് മംഗലശ്ശേരി മനയോടും അതിലെ വീട്ടുകാരോടും. മന്ത്രാവാദത്തിലും ആയോധന കലയിലും അഗ്രകണ്ണ്യർ ആയിരുന്നവരിൽ ഒരാൾ മാത്രം ദുഷ്ടശക്തികളെ പ്രീതിപ്പെടുത്താൻ തുടങ്ങിയത് ആദ്യമൊന്നും ആരും അറിഞ്ഞില്ല. അയാൾക്ക് കൂട്ടിന് വർഷങ്ങളോളം ദുഷ്ദേവതകളെ ആരാധിക്കുന്ന മാടമ്പാട് കോട്ടയിലെ അംഗങ്ങളും. മനയിലെ മൂത്ത കർമി ആയ വർമ തമ്പുരാൻ ഇതറിഞ്ഞത് വളരെ വൈകിയാണ്. അന്ന് ദുഷ്ദേവതയെ ആവാഹിക്കാൻ തയ്യാറായ മാടമ്പാടിലെ മഹിരനെയും തൻ്റെ മകനായ ഉദയ വർമയെയും തമ്പുരാനും അനിയന്മാരും ചേർന്ന് കൊന്നുകളഞ്ഞു. മാടമ്പാടിലെ മറ്റ് അംഗങ്ങൾക്കെല്ലാം താക്കീത് കൊടുത്ത് വിട്ടയക്കുകയും ചെയ്തു. പക്ഷേ ദേവത പകുതി ആവാഹിക്കപ്പെട്ട മഹിരൻ പ്രേതമായി മാടമ്പാടിയിൽ അടഞ്ഞു കിടന്നു. രണ്ടു
തലമുറയ്ക്ക് ശേഷം കോട്ടയിലെ പിന്മുറക്കാർ പൂജകൾ ചെയ്ത് മഹിരനെ കൊടും വിഷമുള്ള പ്രേതമാക്കി മാറ്റി. ആദിത്യവർമ തമ്പുരാനോടുള്ള പകയിൽ മംഗലശ്ശേരി മന ഇല്ലാതാക്കാൻ മഹിരൻ ശക്തി ആർജിച്ചു. അന്ന് കാലഭൈരവൻ്റെ നക്ഷത്രത്തിൽ പിറന്ന കുഞ്ഞിന് അവർ ശിവശങ്കരൻ എന്ന വിളിച്ചു. കളരിയിലും മന്ത്രവാദത്തിലും ഏറ്റവും മികച്ച ആ കുഞ്ഞ് വളർന്ന് വന്നതോടെ മനയുടെ സ്ഥാനം കൈമാറാൻ തീരുമാനിച്ചു . പക്ഷേ ആ സമയത്താണ് മഹിരൻ മംഗലശ്ശേരിയെ ആക്രമിക്കുന്നത്. മനയിലെ പലരും അകലമായി മരണപ്പെട്ടപ്പോൾ പ്രശ്നം വച്ച പണിക്കർ മഹിരൻ്റെ സാമീപ്യം അറിയുകയും അതിനു വേണ്ട പ്രതിവിധികൾ കല്പിക്കുകയും ചെയ്തു. പക്ഷേ അതി ശക്തനായ മഹിരൻ ആ ചെറുത്തുനിൽപ്പുകളെ എല്ലാം ഇല്ലാതാക്കി തൻ്റെ ശക്തി കൊണ്ട് മന തകർക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. വർഷങ്ങളോളം കാലഭൈരവനെ ആരാധിച്ച മനയ്ക്ക് കാവലായി അന്ന് ഭൈരവൻ ശിവശങ്കരനിലൂടെ അവതരിച്ചു. അതോടെ മഹിരനെ കാലപാദത്തിലേക്ക് അയച്ച് ബന്ധിച്ചു. മാടമ്പാടിയിലെ മുഖ്യ കർമികളെ എല്ലാം ഇല്ലാതാക്കി. സ്ത്രീകളും കുട്ടികളും മാത്രം അവശേഷിച്ച കോട്ടയിലെ ജനങ്ങൾ ഈ നാടുവിട്ട് മടങ്ങി. അതോടെ ഇവിടെ സമാധാനം പടർന്നു. ദൈവം കൂടിയ ശിവശങ്കരൻ ദൈവകരുവായി കണ്ട് ജനങ്ങൾ ആരാധിച്ചു. തൻ്റെ നിയോഗം കഴിഞ്ഞ് മടങ്ങിയ ശങ്കരനെ കാവിൽ കുടിയിരുത്തി കാരണവർ എന്ന ദൈവമായി അവർ കെട്ടി ആരാധിച്ചു. പക്ഷേ മടങ്ങുന്നതിന് മുമ്പ് കാരണവർ ഒരു താക്കീത് തന്നിരുന്നു. അന്ന് മംഗലശ്ശേരി മനയെ അദ്ദേഹം സൂര്യമംഗലമെന്നും ചെമ്പകശ്ശേരിയെന്നും രണ്ടായി തിരിച്ചു. “ഇനിയുള്ള തലമുറകളിൽ ആയില്യം നാളിൽ ഒരു കുഞ്ഞു പിറന്നാൽ മഹിരൻ മടങ്ങി വരും അന്ന് ഭൈരവൻ മറ്റൊരു ജന്മം എടുക്കും വഴികാട്ടാൻ
