“എന്താ ഇവിടുണ്ടായത്.? ഇതുവരെ ഇത്തരം മാർക്കറ്റ് നിലവാരമുള്ള അപശബ്ദങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല ല്ലൊ.’
രഞ്ജിനി വാഹിദിന്റെയും ജൂലിയുടെയും മുന്നിൽ നിന്ന് മുരണ്ടു. അവൾ കോപംകൊണ്ട് വിറക്കുന്നുണ്ടെങ്കിലും അത് വിദഗ്ദമായി അടക്കിനിർത്തി പക്വതയോടെയാണ് ചോദ്യം ചെയ്യുന്നത്. മാത്രമല്ല തന്നെ പ്രതിസ്ഥാനത്തു നിർത്താൻ ഇഷ്ടമില്ലാത്തത് പോലെ ജൂലിയെ മാത്രമാണ് നോക്കുന്നത്. ജൂലി ഇനിയും തിരിഞ്ഞു നിന്നിട്ടില്ല.
“രഞ്ജു. പ്ലീസ്. അത് കഴിഞ്ഞു. വരൂ, നമുക്ക് ഓഫീസിലേക്ക് പോകാം.”
വാഹിദ് അനുനയ സ്വരത്തിൽ പറഞ്ഞു. അവൻ അവളെ പേരെടുത്തു വിളിച്ചത് കേട്ടപ്പോൾ ജൂലിയിൽ ഒരു മാറ്റമുണ്ടായി. അവൾ അതിശയത്തോടെ ഇടങ്കണ്ണിലൂടെ വാഹിദിനെ ഒന്നുനോക്കിപ്പോയി. രഞ്ജു അവനെ നോക്കിയില്ല. ജൂലിയോട് എന്തോ ദേഷ്യമുള്ളത് പോലെ അവളെത്തന്നെ തുറിച്ചു നോക്കുകയാണ്.
“കഴിഞ്ഞിട്ടില്ല വാഹിദ്. കംപ്ലന്റ് എന്റെ മുന്നിൽ എത്തിയത് കൊണ്ടാണ് ഞാൻ ഇവിടെയെത്തിയത്. കുറേ നേരമായി ഇവളെ അന്വേഷിക്കുന്നു, ഇതുവരെ ഡെസ്കിൽ എത്തിയില്ലെന്ന് അറിഞ്ഞിട്ടാ ഇങ്ങോട്ട് വന്നത്.”
രഞ്ജു തണുത്ത സ്വരത്തിൽ പറഞ്ഞു. വാഹിദ് അവളുടെ അടുത്തേക്ക് ചെന്നു. രഞ്ജു മുഖമുയർത്തി അവനെയൊന്നു നോക്കി. വനജ പതുക്കെ അവിടെനിന്ന് പിൻവാങ്ങി.
“രഞ്ജു, അനാമിക അപ്പോഴത്തെ ദേഷ്യത്തിന്റെ പുറത്ത് പരാതിപ്പെട്ടിരിക്കാം. അതിപ്പോ ഒരു ഒഫീഷ്യൽ ഇഷ്യൂ
ആയി കാണാൻ നിക്കണ്ട. ഞാൻ ജൂലിയുമായി സംസാരിക്കുകയായിരുന്നു. കുഴപ്പമൊന്നും ഇല്ല. എല്ലാം സെറ്റ് ആണ്.”
വാഹിദ് രഞ്ജുവിനെ ഉന്തിത്തള്ളി പറഞ്ഞയക്കാൻ ശ്രമിച്ചു. അവൻ തന്റെ ശരീരത്തിൽ സ്വാതന്ത്ര്യത്തോടെ സ്പർശിച്ചപ്പോൾ അവൾക്കൊരു സന്തോഷം തോന്നി. തിളങ്ങുന്ന കണ്ണുകളുയർത്തി അവൾ അവനെ വശ്യമായി നോക്കി. അവൻ കണ്ണുകൊണ്ട് പൊയ്ക്കോ എന്ന് ആംഗ്യം കാണിച്ചു. രഞ്ജുവിന്റെ മുഖത്ത് ചെറിയൊരു നിഗൂഢ സ്മിതം വിരിഞ്ഞുവന്നു.
“ജൂലി ഇങ്ങോട്ട് നോക്കൂ. എന്താ ഉണ്ടായത്.?
രഞ്ജിനി ജൂലിയെ വിളിച്ചു. അവൾ മനസ്സിലാകാത്ത രീതിയിൽ കവിളിൽ കൈവച്ചിട്ട് രഞ്ജിനിയുടെ മുന്നിൽ തലകുനിച്ചു നിന്നു.
“ജൂലീ, ഇവിടെയുള്ള എല്ലാവരും ഇരുപത്തിന് മുകളിൽ പ്രായമുള്ളവരും നാട്ടിലും കോളേജിലും ഈ ഓഫീസിൽ പോലും കാമുകന്മാർ ഉള്ളവരുമാണ്. പഴയ കാലം പോലെ ദിവ്യ പ്രേമവും ദൈവഭയവും ചുമന്നോണ്ട് നടക്കുന്നവരും അല്ല. വീക്കെന്റിൽ കൂടെപ്പോയി രണ്ടുദിവസവും ബോധം കെട്ടു കളിച്ചുകൂതാടിയിട്ടാണ് മിക്കവരും ഈ സിറ്റിയിൽ ജീവിച്ചുപോകുന്നത്. ജൂലിക്ക് എന്താ പെട്ടന്നൊരു സദാചാരബോധം.?
രഞ്ജിനിയുടെ സംസാരം അല്പം പരുഷമായി. ജൂലിയുടെ കണ്ണുകൾ നനയാൻ തുടങ്ങി. വാഹിദ് രഞ്ജിനിയെ ശാസിക്കുന്ന ഒരു നോട്ടം നോക്കി. ജൂലിയുടെ മൂക്കുചീറ്റൽ ചെറുതായി കേൾക്കാൻ തുടങ്ങിയപ്പോൾ വാഹിദ് അവളുടെ അടുത്തേക്ക് വന്ന് ഒരു കൈകൊണ്ട് ജൂലിയെ തന്നിലേക്ക് അടുപ്പിച്ച് ചേർത്തുപിടിച്ചു. രഞ്ജിനി അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് വിളറിയ മുഖത്തോടെ നോക്കി. അവൻ തന്റെ മാഡത്തിന്റെ മുന്നിലൂടെ തന്നെ ചേർത്തുപിച്ചപ്പോൾ അതുവരെ അടക്കിനിർത്തിയ ദുഃഖം അണപ്പൊട്ടി ജൂലി കുറച്ചുറക്കെ കരഞ്ഞുപോയി.
“ഞാനൊരു മോശം കുട്ടിയായി. എല്ലാരുടെയും കണ്ണിൽ ഞാനൊരു അഹങ്കാരിയായി.”
അവൾ കരയുന്നതിന്റെ ഇടയിൽ പരിഭവം പറഞ്ഞുകൊണ്ടിരുന്നു. അവൻ അവളെ ആശ്വസിപ്പിച്ചു.
“അതൊക്കെ നീ നല്ലകുട്ടി ആയതിന്റെ കുറ്റബോധം കൊണ്ട് തോന്നുന്നതാ. നീയൊരു പെർഫെക്റ്റ് കുട്ടിയാണ്. അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് തന്നെ.”
വാഹിദ് അവളെ ആശ്വസിപ്പിച്ചു ചേർത്ത് നടത്തി സ്റ്റൈർകേസ് വരെ കൊണ്ടുപോയി. എന്നിട്ട് പൊയ്ക്കോ എന്ന് ആംഗ്യം കാണിച്ചു. അവൾ മൂക്കുചീറ്റിക്കൊണ്ട് താഴേക്ക് പോയി. വാഹിദ് തിരിച്ചു രഞ്ജുവിന്റെ അടുത്തേക്ക് വന്നു. അവളുടെ മുഖത്തെ നീരസഭാവം വാഹിദ് കണ്ടു.
“അവളൊരു പാവം കുട്ടിയാണ്, അതുകൊണ്ട് ഒന്നും ഉള്ളിൽ പൊതിഞ്ഞുകൊണ്ട് നടക്കാൻ അവൾക്കറിയില്ല. ഞാനും അനാമികയും തമാശ പറഞ്ഞു ചെറിയൊരു ഉന്തും തള്ളും കാണിച്ചപ്പോൾ അവൾക്ക് അത് ഇഷ്ടമായില്ല, പ്രതികരിച്ചു. അത്രേയുള്ളൂ സംഭവം.”
