“അതിനിപ്പോ എന്തിനാ കരയുന്നത്. അതൊക്കെ അങ്ങനെ തന്നെയല്ലേ. ജൂലിക്ക് ഇതുവരെ അത്തരം അനുഭവങ്ങൾ ജീവിതത്തിൽ ആരുടെ കൂടെയും ഉണ്ടായിട്ടില്ലേ? എങ്കിൽ ഞാനൊരു മോശം മനുഷ്യനാണെന്ന് സമ്മതിച്ചു ഇപ്പോ നിന്നോട് മാപ്പ് പറയാം.”
“അയ്യോ അരുത്. ആരോടും ഒരിക്കലും മാപ്പ് പറയരുത്. ആരുടെ മുന്നിലും ചെറുതാവരുത്. എനിക്കും ഉണ്ടായിട്ടുണ്ട്, കോളേജിൽ പഠിക്കുമ്പോ. റിലേഷൻ ഉണ്ടായിരുന്നു, പലപ്പോഴും നടന്നിട്ടുണ്ട്. പക്ഷെ നിങ്ങളെ ഓർക്കുമ്പോ, നിങ്ങടെ കൂടെ വേറെ പെണ്ണുങ്ങളെ സങ്കൽപ്പിക്കുമ്പോ എനിക്ക് വേദനിക്കുന്നു. എനിക്ക് എന്നെ മനസ്സിലാവുന്നില്ല. എനിക്ക് ഭയങ്കര ഇഷ്ടമാ..”
ജൂലിയെ പെട്ടന്നൊരു ദുഃഖം പൊതിഞ്ഞു. കണ്ണുകൾ നിറഞ്ഞു കവിളിലേക്ക് തൂവുകയും ചുവന്ന് തുടുത്ത നീണ്ട മൂക്കിന്റെ തുമ്പ് പിടയുകയും ചെയ്തു. ഇത്തവണ അവൾക്ക് കണ്ണുനീരിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. വലിയ ചാലുകളായി കണ്ണുകളിൽ നിന്ന് പനിനീരരുവികൾ പോലെ കവിളിലൂടെ നീരോഴുകി മേശയിൽ വീണു.
“ആഹാ..ഇത്രക്ക് ഇഷ്ടമൊക്കെ ഉണ്ടായിരുന്നോ.? എന്നിട്ടാണോ ഇത്രനാളും ജാഡകാട്ടി അവോയ്ഡ് ചെയ്തത്. കൊള്ളാല്ലോ പെണ്ണ്.”
അവൻ അവളുടെ മാനസികാവസ്ഥ മാറ്റിയെടുക്കാൻ വീണ്ടും മനപ്പൂർവ്വം ജാഡയെന്ന് വിളിച്ചു കളിയാക്കിക്കൊണ്ട് സംസാരിച്ചു. ആരും തിരിച്ചറിയാതിരിക്കാൻ മുഖം താഴ്ത്തിയിരുന്നു അവൾ ഒന്നും പറയാനില്ലെന്ന വിധത്തിൽ അവന് നേരെ കൈകൾ കൂപ്പിക്കൊണ്ട് ചെറുതായി തേങ്ങികരഞ്ഞു. വാഹിദ് ചുറ്റും കണ്ണോടിച്ചു. അനാമിക എല്ലാം ശ്രദ്ധിക്കുന്നുണ്ട്. വാഹിദ് ജൂലിയെ നോക്കി. അവൾ ശബ്ദം പുറത്തുകേൾക്കാതെ മൂക്ക് ചീറ്റിക്കൊണ്ട് നിശബ്ദയായി കരയുകയാണ്. ആർക്കും എളുപ്പം മനസ്സിലാവാതെ അവൾ ശ്രദ്ധിക്കുന്നുണ്ട്.
“എങ്ങോട്ട് പോകുമ്പോഴും ഞാനും കൂടെ വരും.
കൊണ്ടുപോയില്ലെങ്കിൽ ഞാനെന്റെ വീട്ടിൽ കയറില്ല, റോഡിലിരിക്കും.”
അവൾ കരച്ചിൽ നിർത്തി ഒന്നുരണ്ടു തവണ മൂക്ക് പിഴിഞ്ഞിട്ട് വീണ്ടും ആവർത്തിച്ചു. വാഹിദ് തമാശയോടെ അവളെ നോക്കി. കാണാൻ മാത്രമല്ല സ്വഭാവത്തിലും അവൾ കുഞ്ഞുതന്നെയാണെന്ന് അവന് തോന്നി.
“എവിടെ പോകുന്ന കാര്യമാ ഈ പറഞ്ഞോണ്ടിരിക്കുന്നെ. കുറേനേരമായല്ലോ പ്രാന്തി ഇതുതന്നെ പറയുന്നു.”
വാഹിദ് സ്വൈര്യംകേട്ടതുപോലെ പറഞ്ഞു. അവന് ദേഷ്യം വരുന്നത് കണ്ടപ്പോൾ അവൾക്ക് അല്പംകൂടി സ്വാതന്ത്ര്യം കൂടിയത്പോലെ വാഹിദിനു തോന്നി.
“എന്നെ പ്രാന്തിന്ന് വിളിച്ചാലുണ്ടല്ലോ. കണ്ണിൽ കണ്ട പെണ്ണുങ്ങടെ അടുത്തൊക്കെ പോയി അവരുടെ വേണ്ടാത്തതൊക്കെ കണ്ടച്ചു വന്നിട്ട്.. എനിക്ക് ഇഷ്ട്ടമാ. സമ്മതിക്കില്ല ഞാൻ. ഞാൻ ചാവും.. എനിക്ക് ഭ്രാന്ത് പിടിക്കുന്നുണ്ട്..”
അവൾ എങ്ങിനെ തന്റെ ഹൃദയം നിറഞ്ഞുകിടക്കുന്ന അഭിനിവേഷം അവനെ തുറന്നുകാണിക്കണം എന്നറിയാതെ ഭ്രാന്തിയെപ്പോലെ പല്ലുഞ്ഞെരിച്ചു കൊണ്ട് അമർത്തിയ സ്വരത്തിൽ അവന് നേരെ ചീറി. അവൾക്ക് തന്റെ ശരീരം വേണമെന്നും പക്ഷേ അത് തുറന്നുകാണിക്കാൻ അവളിലെ നന്മയോ അഭിമാനമോ അനുവദിക്കുന്നില്ലെന്നും വാഹിദിനു മനസ്സിലായി. ചിലർ അങ്ങിനെയാണ്, പഠിക്കുന്ന കാലത്തുള്ള കുറുമ്പും കുരുത്തക്കേടുകളും ആ കാലത്തോടെ അവസാനിക്കും. അതിൽ പിന്നെ ചെറിയൊരു പക്വതയും സ്വത്വബോധവും അവരെ നയിക്കാൻ തുടങ്ങും.
“നീ എന്തൊക്കെയാ ജൂലി പറയുന്നത്. ഞാനിവിടെ വന്നിട്ട് ഇതിനകം ഒരുമാസമല്ലേ ആയുള്ളൂ. അതിനിടയിൽ ഇത്രയൊക്കെ ഭ്രാന്ത് പിടിക്കാൻ മാത്രം എന്താ കാര്യം.?”
വാഹിദ് നിസ്സഹായമായ ശാന്തതയോടെ ചോദിച്ചു.
“എല്ലാരേയും പോലെ വന്നദിവസം മുതൽ ഞാനും ശ്രദ്ധിച്ചിരുന്നു, എനിക്കും ക്രഷ് തോന്നിയിരുന്നു. ദിവസങ്ങൾ കൊണ്ട് എല്ലാവരും ഇയാളെ ചുറ്റിയിരുന്നു കളിയും ചിരിയും തുടങ്ങിയപ്പോൾ ഞാൻ മാത്രം ആരുമല്ലാതെ എങ്ങിനെയോ അകന്നുപോയി. അന്നുമുതൽ മനസ്സ് നിറയെ നിങ്ങളല്ലാതെ മറ്റൊന്നും ഇല്ലാതായി തുടങ്ങി. അതിന്റെ കൂടെ കൂട്ടുകാരികൾക്ക് നിങ്ങടെ കാര്യങ്ങൾ അല്ലാതെ സംസാരം വിഷയവും ഇല്ല. മടുത്തു, ഇനി ഇങ്ങോട്ട് വരണ്ടന്ന് തോന്നി. എന്നാലും ഏറ്റവും സെക്സിയായ ഡ്രസ്സ് തിരഞ്ഞെടുത്തു ഓടിക്കിതച്ചു വരും. ബുള്ളറ്റിന്റെ സൗണ്ട് കേൾക്കുമ്പോൾ എഴുന്നേറ്റ് വന്നു ജാലകത്തിലൂടെ നോക്കിക്കൊണ്ട് നിൽക്കും. കാന്റീനിലേക്ക് നേരത്തെ ഓടിക്കിതച്ചു വരും, ഒറ്റക്ക് ഇവിടെ ഇരിപ്പുണ്ടെങ്കിൽ പോയി മിണ്ടണം എന്നൊക്കെ കരുതിക്കൊണ്ട്. എന്നിട്ടും അകൽച്ചയല്ലാതെ എനിക്കൊന്ന് ചിരിക്കാൻ പോലും കഴിഞ്ഞില്ല. സ്നേഹിച്ചു സ്നേഹിച്ചു മടുത്തുപോയി ഞാൻ.”
