ഫോണിന്റെ ചാർജർ, എന്റെ സെർട്ടിഫിക്കറ്റ്സ് ഒക്കെ അടങ്ങിയ ഫയലും ഞാൻ ബാഗിന്റെ ഉള്ളിലുള്ള സൈഡ് പോക്കറ്റിലേയ്ക്ക് വച്ചു. ബാഗിന്റെ സിബ് ഇട്ട് സെറ്റാക്കി സൈഡിലോട്ട് ഒതുക്കി വച്ചു തിരിഞ്ഞപ്പോഴാണ് മേശമേൽ ചാർജിൽ ഇട്ടിരുന്ന എന്റെ ലാപ്ടോപ് ഞാൻ കണ്ടത്. അച്ഛൻ എന്റെതായിട്ട് എന്താ ഉള്ളത് അതൊക്കെ എടുത്തോളാൻ പറഞ്ഞ ധൈര്യത്തിൽ ഞാൻ ലാപ് ടോപ്പും ചാർജറും എടുത്ത് അതിനുള്ള സെപ്റേറ്റ് ബാഗിൽ എടുത്ത് വച്ചു. ഡ്രസ്സ് കൊണ്ട് പോകാൻ വച്ചിരിക്കുന്ന ട്രോളി ബാഗിന്റെ മുകളിൽ ലാപ് ടോപ് അടങ്ങിയ ബാഗും എടുത്ത് വച്ചു. അവസാനം ഷെൽഫിൽ നിന്ന് പോകുമ്പോൾ ഇടാനായി ഞാനൊരു ബ്ലൂ കളർ ടീ-ഷർട്ടും ജീൻസും എടുത്തിട്ടു മുടിയൊക്കെ ചീകി ഒന്ന് സെറ്റാക്കി. കണ്ണാടിയുടെ മുൻപിൽ നിന്ന് സ്വന്തം രൂപം ഒന്ന് നോക്കി വിലയിരുത്തി. പിന്നെ താഴെയ്ക്ക് ഇറങ്ങാനായി ഞാൻ ലാപ് ടോപ് ബാഗ് എടുത്ത് തോളിലും ട്രോളി ബാഗ് ചെരിച്ചും പിടിച്ച് സ്റ്റെയറിലൂടെ സ്റ്റെപ് ഇറങ്ങി താഴെ എത്തി. താഴെ എത്തിയപ്പോൾ ആരുടെയും ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നുമില്ല. എന്തായോ എന്തോ അങ്ങനെ ഓരോന്ന് ആലോചിച്ച് സ്വീകരണ മുറിയിലെത്തിയപ്പോൾ അച്ഛനും നിയാസും കാര്യമായി സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതോടെ അവർ സംസാരം നിർത്തി. നിയാസ് എന്നെ നോക്കി ചിരിച്ചു. അച്ഛൻ എന്നെ കണ്ടതോടെ പതിയെ ഒന്ന് ചിരിച്ചിട്ട്: “ബാഗ് നീ ഇവിടെ താഴെ വയ്ക്ക് അതിവൻ എടുത്ത് കാറിൽ വച്ചോളും” നിയാസിനെ നോക്കിയാണ് അച്ഛൻ അത് പറഞ്ഞത്. എനിയ്ക്ക് സത്യം പറഞ്ഞാൽ എന്താ അവിടെ നടക്കുന്നതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. കുറച്ചു മുൻപേ എന്നോട് വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞ മനുഷ്യനാ ഇപ്പോ എന്നെ നോക്കി ചിരിച്ചിട്ട് എന്റെ കൈയ്യിലുള്ള ബാഗുകൾ നിയാസ് കാറിൽ വച്ച് തരുമെന്ന് പറയുന്നു. അനുവിനെ നോക്കി ഡൈനിംഗ് റൂമിലെത്തിയപ്പോൾ അവളുടെ അപ്പുറവും ഇപ്പുറവും ആയി കസേരയിൽ ഇരുന്ന് ചിരിച്ച് കൊണ്ട് സംസാരിചു കൊണ്ടിരിക്കുന്ന അമ്മയെയും അഞ്ജുവിനെയും ആണ് കണ്ടത്. അനു കുട്ടി രാവിലെ ഇട്ടിരുന്ന ഫ്രോക്ക് ഒക്കെ മാറ്റി വേറെ ഒരു ചുരിദാറിട്ട് നല്ല സുന്ദരി ആയിട്ട് ഇരുപ്പുണ്ട്. എന്നെ കണ്ട പാടേ അമ്മ “വാടാ കഴിക്കാം എല്ലാരും നിന്നെ നോക്കി കൊണ്ടിരിക്കുയായിരുന്നൂന്ന്” പറഞ്ഞ് കസേരയിൽ നിന്ന് എഴുന്നേറ്റു . അനുവിനെ നോക്കിയപ്പോൾ കക്ഷിയുടെ മുഖത്ത് നേരത്തെ ഉണ്ടായ ടെൻഷൻ ഒക്കെ മാറി മുഖം നന്നായി തെളിഞ്ഞ് ഇരുപ്പുണ്ട്. പെണ്ണ് എന്നെ നോക്കി ചിരിക്കുന്നൊക്കെ ഉണ്ട്. കുറച്ച് നേരം ഞാനിവിടെ നിന്ന് മാറി നിന്നപ്പോഴെയ്ക്കും എന്താ ഇവിടെ സംഭവിച്ചതെന്ന് എനിയ്ക്കൊരെത്തും പിടിയും കിട്ടിയില്ല. എന്നോട് വീട്ടിൽ നിന്നും പോയ്ക്കൊളാൻ പറഞ്ഞ അച്ഛൻ എന്നെ നോക്കി
ചിരിച്ചിട്ട് കൊണ്ടുപോവാനുള്ള സാധനങ്ങൾ നിയാസ് കാറിൽ വെച്ചു തരുമെന്ന് പറയുന്നു. കുറച്ച് നേരം മുൻപ് കരഞ്ഞ് കലങ്ങിയ കണ്ണുമായി നിന്നിരുന്ന അനുവും, അഞ്ജുവും, അമ്മയുമൊക്കെ ചിരിച്ച് കളിച്ച് സംസാരിച്ചു കൊണ്ടിരിക്കുന്നു. ഇങ്ങനെ ഓരോന്ന് ചിന്തിച്ച് നിന്നപ്പോൾ അമ്മ
“ഡാ ആദി വന്ന് ഇരിക്കെന്ന്” പറഞ്ഞ് കൈയ്യിൽ പിടിച്ച് കുലുക്കിയപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. അങ്ങനെ ഡൈനിംഗ് ടേബിളിൽ ഞാനിരിക്കാറുള്ള കസേരയിൽ തന്നെ ഞാൻ ഇരിപ്പുറപ്പിച്ചു. എന്റെ തൊട്ടടുത്തുള്ള കസേരയിൽ തന്നെ അനുവിനെ അമ്മ കൊണ്ടു വന്ന് ഇരുത്തി. എന്റെ അടുത്തിരുന്ന ഉടനെ പെണ്ണ് ആരും കാണാതെ എന്റെ മേലെ മുട്ടിയുരുമാനും പതിയെ സ്വകാര്യം പറയാനും ഒക്കെ തുടങ്ങി. എനിക്കാണേൽ എന്താ ഇവിടെ സംഭവിച്ചതെന്ന ഒരെത്തും പിടിയും കിട്ടുന്നുമില്ല അത് കൊണ്ട് അവൾ അങ്ങനെ മുട്ടിയുരുമുമ്പോൾ എനിക്കെന്തോ അസ്വസ്ഥതയാണ് അപ്പോ തോന്നിയത്. കുറച്ച് സമയത്തിനകം അച്ഛനും നിയാസും കൂടി വന്ന് ഡൈനിംഗ് ടേബിളിനടുത്തുള്ള കസേരയിൽ ഇരുന്നു. വലിയ ടേബിൾ ആയത് കൊണ്ട് എട്ട് പേർക്ക് ഇരിക്കാവുന്ന വിധത്തിലാണ് കസേരകൾ ഇട്ടിരിക്കുന്നത്. ഞങ്ങൾ 5 പേരും കസേരയിൽ ഇരുന്ന് കഴിഞ്ഞപ്പോൾ അമ്മ ഓരോരുത്തരുടെയും പാത്രത്തിൽ ചോറ് വിളമ്പി. രാവിലെ ഉണ്ടായ പ്രശ്നങ്ങൾ കാരണം അമ്മയ്ക്ക് കറികൾ ഒന്നും ഉണ്ടാക്കാൻ സമയം കിട്ടിയിട്ടില്ലാന്ന് കറികൾ നോക്കിയാൽ പിടി കിട്ടും. ആകെ സാമ്പാർ മാത്രമേ ഉള്ളൂ കറിയായിട്ട്. അല്ലെങ്കിൽ എപ്പോഴും അഞ്ച് കൂട്ടം കറികൾ ഉള്ള സ്ഥാനത്താണ് ഇതെന്ന് ഓർക്കണം. കഴിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ അച്ഛൻ: “ആദി, കുറച്ച് നാൾ നീ അനുവിനെയും കൊണ്ട് ഒന്ന് മാറി നിൽക്ക്. സംഗീത് പ്രശ്നം ഉണ്ടാക്കാൻ വരുമെന്ന കാര്യം ഓർത്ത് പേടിച്ചിട്ട് പറയുന്നതല്ല. ഗോപാലന്റെ ഇപ്പോഴത്തെ ദേഷ്യം ഒന്ന് അടങ്ങുന്നത് വരെ നിങ്ങൾ രണ്ടാളും ഇവിടെ നിന്ന് മാറി നിൽക്കുന്നതാണ് നല്ലതെന്ന് എന്റ മനസ്സ് പറയുന്നു. നിയാസിന്റെ പരിചയക്കാരന്റെ ഒരു റിസോർട്ട് പാലക്കാടുണ്ട് തൽക്കാലം അവിടേയ്ക്ക് പോയ്ക്കൊ ആ കക്ഷി തന്നെ കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് താമസിക്കാനുള്ള വീട് ശരിയാക്കി തരും. അതിനുള്ള കാര്യങ്ങളൊക്കെ ഇവൻ വിളിച്ച് ശരിയാക്കിയിട്ടുണ്ട്” നിയാസിനെ ചൂണ്ടിയാണ് അച്ഛൻ അത് പറഞ്ഞത്. ഇപ്പോഴല്ലെ എല്ലാരുടെയും മാറ്റത്തിന്റെ കാര്യം പിടി കിട്ടിയത്. സംഗീത് കുറച്ച് പിള്ളേരെ കൂട്ടി വീണ്ടും ഇങ്ങോട്ടെയ്ക്ക് വരുമെന്ന കാര്യം കേട്ടതോടെ പേടിച്ച അമ്മ അച്ഛനെ കൂടി പറഞ്ഞ് പേടിപ്പിച്ച് ഞങ്ങളോടുണ്ടായ ദേഷ്യം വരെ കക്ഷി ഇപ്പോ മറന്നിരിക്കുന്നു. ഞാൻ മുകളിലത്തെ മുറിയിൽ കുളിക്കാൻ പോയ സമയം നിയാസ് സംഗീത് വീണ്ടും വരുമെന്ന കാര്യം പൊലിപ്പിച്ച് പറഞ്ഞതോടെ അമ്മയും അച്ഛനും ഫ്ലാറ്റ്. നിയാസ് എന്റെ അടുത്ത നൻമ്പനായത് കൊണ്ട് പറയുന്നതല്ല അവനോളം പൊലിപ്പിച്ച് പറയാനുള്ള മിടുക്ക് എനിക്കും അമൃതിനും ഇല്ല. അച്ഛന്റെയും അമ്മയുടെയും മാറ്റത്തിന്റെ കാര്യം പിടി കിട്ടിയപ്പോൾ എനിക്ക് പകുതി സമാധാനമായി ഇനി ഇപ്പോ ഇവിടെ നിന്ന് പോകുമ്പോൾ മനസ്സമാധാനമായി ഇറങ്ങാലോ അങ്ങനെ ഓരോന്ന് ആലോച്ചിരുന്ന് ഭക്ഷണം കഴിച്ച് തീർത്ത ഞാൻ ആദ്യം എഴുന്നേറ്റ് ഡൈനിംഗ് ഹാളിന്റെ അറ്റത്തുള്ള വാഷ് ബേസിനിൽ കൈ കഴുകാനായി പോയി
